Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തികളുടെ അഭിമാനമായ പട്ടേൽ പ്രതിമയിൽ ഹാരാർപ്പണം; സൂറത്തിൽ മരിച്ചവരോടുള്ള സഹാനുഭൂതി; വീട്ടിലെത്തി അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് ആശിർവാദം തേടി മകനായി; ഇനി കാശി വിശ്വനാഥന്റെ അനുഗ്രഹം; വാരണാസിക്ക് മുമ്പേ സ്വന്തം തട്ടകത്തിലെത്തി ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; നമോ 2.0യും തുടങ്ങുന്നത് ഗുജറാത്തിൽ നിന്ന് തന്നെ; ഇനി മോദി മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക്

ഗുജറാത്തികളുടെ അഭിമാനമായ പട്ടേൽ പ്രതിമയിൽ ഹാരാർപ്പണം; സൂറത്തിൽ മരിച്ചവരോടുള്ള സഹാനുഭൂതി; വീട്ടിലെത്തി അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് ആശിർവാദം തേടി മകനായി; ഇനി കാശി വിശ്വനാഥന്റെ അനുഗ്രഹം; വാരണാസിക്ക് മുമ്പേ സ്വന്തം തട്ടകത്തിലെത്തി ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; നമോ 2.0യും തുടങ്ങുന്നത് ഗുജറാത്തിൽ നിന്ന് തന്നെ; ഇനി മോദി മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് ശേഷം നരേന്ദ്ര മോദി ഗുജറാത്തിലെ വസതിയിലെത്തി അമ്മയെ കണ്ട് അനുഗ്രഹം വാ്ങ്ങി. ഞായറാഴ്ച വൈകിട്ട് അഹമ്മദാബാദിലെ ബിജെപി. റാലിയിൽ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാവിനെ കാണാനെത്തിയത്. ഇനിയുള്ള അഞ്ചു വർഷം സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിനിയോഗിക്കുമെന്നാണ് സ്വന്തം തട്ടകമായ ഗുജറാത്തിലെ ജനങ്ങളോട് മോദി പറഞ്ഞത്. ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തവും അവബോധവും ഉറപ്പാക്കും. പൊതുതിരഞ്ഞെടുപ്പിലെ വൻവിജയത്തിനുശേഷം ജന്മനാടായ ഗുജറാത്തിലെത്തിയ മോദിക്ക് വൻ വരവേൽപ്പാണ് കിട്ടിയത്.

'ഗുജറാത്തിലെ ജനങ്ങളെ ദർശിക്കാനാണ് ഞാനിവിടെ വന്നത്. ഗുജറാത്തുകാരുടെ അനുഗ്രഹം എപ്പോഴും എനിക്കു വിശേഷപ്പെട്ടതാണ്. ഭരണവിരുദ്ധതയ്ക്കു പകരം ഭരണാനുകൂല വികാരമാണ് ഇത്തവണയുണ്ടായത്. ജനങ്ങളുടെ പോസിറ്റീവ് വോട്ടുകൾ. മുന്നൂറിലധികം സീറ്റ് കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും കളിയാക്കി. ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നു. ശക്തമായ സർക്കാർ തുടരണമെന്നു ജനം ആഗ്രഹിച്ചു. വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തമാണ്' മോദി പറഞ്ഞു. സൂറത്തിലെ കോച്ചിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ച സംഭവത്തിലും മോദി ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു സൂറത്തിലെ ദുരന്തം. താനൊരു ഗുജറാത്തുകാരനാണെന്ന സന്ദേശം നൽകുന്നതായിരുന്നു മോദിയുടെ ഇടപെടുലകൾ. ഗുജറാത്തിലെ എല്ലാ സീറ്റിലും ജയിച്ചത് മോദിയുടെ എൻഡിഎയായിരുന്നു.

'അടുത്ത പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കാൻ കഴിഞ്ഞ രാത്രി എന്നെ രാഷ്ട്രപതി ക്ഷണിച്ചു. അതിനു മുൻപു നിങ്ങളുടെ അനുഗ്രഹം തേടാനായി ഇവിടെ വന്നതാണ്. ഇന്നലെ വരെ ഈ ചടങ്ങിനു വരണമോ എന്ന കാര്യത്തിൽ എനിക്ക് ആശയക്കുഴപ്പമായിരുന്നു. ഒരു വശത്ത് ജനങ്ങളോടു നന്ദി പറയുകയും അമ്മയുടെ അനുഗ്രഹം തേടുകയും ചെയ്യുകയെന്ന കർത്തവ്യം, മറുവശത്ത് സൂറത്തിൽ മരിച്ചവരോടുള്ള സഹാനുഭൂതി. മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖം എത്ര ആശ്വാസവാക്കുകൾ കൊണ്ടും കുറയ്ക്കാനാവുന്നതല്ല മോദി പറഞ്ഞു. സൂറത്ത് ദുരന്തം കണക്കിലെടുത്ത് ലളിതമായിരുന്നു ചടങ്ങ്. അങ്ങനെ ഗുജറാത്തിന്റെ ദുഃഖത്തിനൊപ്പം മോദിയും നിലയുറപ്പിച്ചു.

സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമയിൽ മോദി പൂക്കളർപ്പിച്ചു. അഹമ്മദാബാദിൽ പാർട്ടി ഓഫിസിനു പുറത്ത് പ്രധാനമന്ത്രിയെ കാണാൻ വലിയ ജനക്കൂട്ടം കാത്തുനിന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി ഉൾപ്പെടെയുള്ള നേതാക്കൾ മോദിക്കൊപ്പം ഉണ്ടായിരുന്നു. റാലിക്കു ശേഷം ഗാന്ധിനഗറിലെ വസതിയിലെൽ മോദി എത്തിയത്. അമ്മ ഹീരാബെൻ മോദിയെ കണ്ട അദ്ദേഹം അവരുടെ കാൽതൊട്ട് വന്ദിച്ചു. രണ്ടാംതവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന മകനെ ഹീരാബെൻ മോദി ശിരസിൽ കൈവെച്ച് അനുഗ്രഹിച്ചു. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് നരേന്ദ്ര മോദി ഗാന്ധിനഗറിലേക്ക് യാത്രതിരിച്ചത്. ഗാന്ധിനഗറിൽ ഹീരാബെൻ മോദിയുടെ വസതിക്ക് പുറത്തും ഒട്ടേറെപേർ നരേന്ദ്ര മോദിക്ക് ആശംസകൾ അർപ്പിക്കാൻ തടിച്ചുകൂടിയിരുന്നു. ഇവർക്കെല്ലാം പ്രത്യഭിവാദ്യം നൽകിയശേഷമാണ് അദ്ദേഹം വീട്ടിലേക്ക് കയറിയത്.

ഇന്നു വാരാണസിയിലെത്തുന്ന മോദി വോട്ടർമാരോടു നന്ദിപറയും. തുടർന്നു കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. വലിയ ഒരുക്കങ്ങളാണ് മോദിയുടെ വരവ് ആഘോഷമാക്കാൻ വാരണാസിയിൽ ബിജെപി നടത്തിയിരിക്കുന്നത്. മോദി മന്ത്രിസഭ 30നു വൈകിട്ട് 7 നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതിന് മുന്നോടിയായാണ് ഗുജറാത്ത് സന്ദർശനവും വാരണാസിയിലെ വോട്ടർമാരെ കാണലും. രണ്ടും തനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കുകയാണ് വീണ്ടും മോദി. കഴിഞ്ഞ തവണ വഡോദ്രയിലും വാരണാസിയിലും മോദി മത്സരിച്ചു. ഇത്തവണ ക്ഷേത്ര നഗമായ വാരണാസിയിൽ മാത്രമായിരുന്നു സ്ഥാനാർത്ഥിയായത്. അപ്പോഴും ഗുജറാത്തിനോടാണ് തന്റെ പ്രഥമ പരിഗണനയെന്ന സന്ദേശം നൽകാനാണ് അമ്മയുടെ അനുഗ്രഹം തേടലിലൂടെ മോദി നടത്തുന്നത്. താൻ എന്നും ഗുജറാത്തിന്റെ സന്തതിയാണെന്നാണ് ഇതിലൂടെ മോദി മുന്നോട്ട് വയ്ക്കുന്ന സന്ദേശം.

മെയ്‌ 30ന് മോദിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചിട്ടുണ്ട്. മന്ത്രിമാരായി അമിത് ഷാ അടക്കമുള്ളവരുടെ പേരു ചർച്ച ചെയ്യപ്പെടുന്നുണ്ട്. അരുൺ ജയ്റ്റ്‌ലി ഉണ്ടാവില്ലെന്ന് ഏതാണ്ടുറപ്പാണ്. രോഗ ബാധിതനായ അദ്ദേഹം ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു പോവുകയാണ്. ലോക്‌സഭയിലേക്കു മത്സരിക്കാതിരുന്ന സുഷമ സ്വരാജിന് രാജ്യസഭാംഗത്വം നൽകി മന്ത്രിയാക്കുമെന്നും സൂചനയുണ്ട്.

ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന പ്രതിഛായ മാറ്റിയെടുക്കാനാണ് മോദിയുടെ ശ്രമം. പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു പിന്നാലെ ഇതിനായി പ്രത്യേക പദ്ധതികൾക്കും നയരൂപീകരണത്തിനും സർക്കാർ തയാറായേക്കുമെന്നാണു സൂചന. രാജ്യത്തു ന്യൂനപക്ഷങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നു പറയാൻ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' എന്ന മുദ്രാവാക്യം ഉപയോഗിച്ച മോദി, സർക്കാർ എല്ലാവരുടേതുമാണെന്ന പ്രതിഛായ മാറ്റമാണ് ആഗ്രഹിക്കുന്നതെന്നു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അടുത്ത 5 വർഷം കൊണ്ട് ഇന്ത്യയുടെ പ്രതാപം വീണ്ടെടുക്കുമെന്നാണ് മോദി പറയുന്നത്. 1942-47 കാലം പോലെ രാജ്യത്തിനു വളരെ പ്രധാനപ്പെട്ടതായിരിക്കും വരുന്ന 5 വർഷങ്ങളെന്നും തിരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യാന്തരരംഗത്ത് ഇന്ത്യക്ക് അർഹമായ സ്ഥാനം തിരിച്ചുപിടിക്കുന്ന വർഷങ്ങളാണു വരുന്നത്. മുൻപു രാജ്യത്തിന് ആ സ്ഥാനം ഉണ്ടായിരുന്നു. ലോകരാജ്യങ്ങളിൽ മുൻനിര സ്ഥാനം ഇന്ത്യയ്ക്ക് വീണ്ടെടുക്കാനാവുമെന്ന് ഉറപ്പാണ്.- അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP