Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിൽ നിന്നും സാക്കിർ നായിക്കിന്റെ അക്കൗണ്ടുകളിലേക്ക് ഒഴുകി എത്തിയത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം; യുഎഇയിലും സൗദിയിലും കുവൈറ്റിൽ നിന്നും മറ്റുമായി 65 കോടിയോളം അയച്ചത് 'അഭ്യുദയകാംക്ഷികൾ'; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് കള്ളപ്പണം സ്വീകരിക്കാൻ മാത്രം വിവിധ ബാങ്കുകളിൽ അക്കൗണ്ട്; കറൻസിയായി എത്തിയ പണത്തിന് കാട്ടിയത് അഡ്രസില്ലാത്ത രസീതുകൾ; പണം ഉപയോഗിച്ചത് തീവ്രാശയങ്ങൾ പങ്കുവച്ച സാക്കിർ നായിക്കിന്റെ പീസ് കോൺഫറൻസിനും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഫോഴ്‌സ്‌മെന്റ്

ഗൾഫിൽ നിന്നും സാക്കിർ നായിക്കിന്റെ അക്കൗണ്ടുകളിലേക്ക് ഒഴുകി എത്തിയത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം; യുഎഇയിലും സൗദിയിലും കുവൈറ്റിൽ നിന്നും മറ്റുമായി 65 കോടിയോളം അയച്ചത് 'അഭ്യുദയകാംക്ഷികൾ'; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് കള്ളപ്പണം സ്വീകരിക്കാൻ മാത്രം വിവിധ ബാങ്കുകളിൽ അക്കൗണ്ട്; കറൻസിയായി എത്തിയ പണത്തിന് കാട്ടിയത് അഡ്രസില്ലാത്ത രസീതുകൾ; പണം ഉപയോഗിച്ചത്  തീവ്രാശയങ്ങൾ പങ്കുവച്ച സാക്കിർ നായിക്കിന്റെ പീസ് കോൺഫറൻസിനും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഫോഴ്‌സ്‌മെന്റ്

മറുനാടൻ ഡെസ്‌ക്‌

 മുംബൈ: വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ ഗൾഫിലെ അജ്ഞാതരിൽ നിന്ന് കോടിക്കണക്കിന് ഫണ്ട് ദുരൂഹസാഹചര്യത്തിൽ സ്വീകരിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യൻ എക്സ്‌പ്രസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധി ഗൾഫ് രാജ്യങ്ങളിലെ 'അഭ്യുദയകാംക്ഷി'കളിൽ നിന്നാണ് ഇത്തരത്തിൽ ഫണ്ട് സാക്കിർ നായിക്കിന്റെ സ്ഥാപനത്തിലേക്ക് ഒഴുകിയത്.

മുംബൈ കേന്ദ്രമാക്കിയാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. സംഭാവനകളായും സക്കാത്തായും യുഎഇ, സൗദി അറേബ്യ, ബഹറൈൻ, കുവൈറ്റ്, ഒമാൻ, കുവൈറ്റ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഫണ്ട് വർഷങ്ങളായി എത്തിക്കൊണ്ടിരുന്നത്. ഇത് കൂടാതെ രാജ്യത്തിന് അകത്തുനിന്നും സാക്കിർ നായിക്കിന് ഫണ്ടി കിട്ടിയിട്ടുണ്ട്. 2016 ൽ സാക്കിർ നായിക്കിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്്‌സ്‌മെന്റും കേസ് എടുത്തിരുന്നു. കേസും കൂട്ടവുമായതോടെയാണ് സാക്കിർ നായിക്ക് മലേഷ്യയിൽ രാഷ്ട്രീയാഭയം തേടിയത്.

സംഭാവനകൾ സ്വീകരിക്കാൻ വേണ്ടി മാത്രം നിരവധി ബാങ്ക് അക്കൗണ്ടുകളാണ് ഇസ്ലാമിക റിസർച്ച് ഫൗണ്ടേഷന് ഉണ്ടായിരുന്നത്. സിറ്റി ബാങ്ക്, ഡിസിബി ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിലേ അക്കൗണ്ടുകളിലേക്കാണ് പണം ഒഴുകിയത്. 2003-04 മുതൽ 2016-17 വരെ ഇത്തരത്തിൽ ഫണ്ട് എത്തിയത് 64.86 കോടിയാണെന്ന് എൻഫോഴ്‌സമെന്റിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. സംഭാവന നൽകിയവരുടെ പേരുകൾ ഉണ്ടായിരുന്നില്ല. എല്ലാവരും അഭ്യുദയകാംക്ഷികൾ മാത്രം. കറൻസിയായിട്ടായിരുന്നു ഡൊണേഷൻ. രസീതികളിൽ ഡോണർമാരുടെ പേരുണ്ടായിരുന്നെങ്കിലും മേൽവിലാസം ഉണ്ടായിരുന്നില്ല. ഇതാണ് കള്ളപ്പണത്തിന്റെ സൂചന നൽകിയത്.

കിട്ടിയ ഫണ്ടിൽ ഭൂരിഭാഗവും 'പീസ്'സമ്മേളനങ്ങൾ, മൂലധന നിക്ഷേപം, ശമ്പളം, അങ്ങനെയുള്ള കാര്യങ്ങൾക്കാണ് ചെലവഴിച്ചത്. വർഷന്തോറും സാക്കിർ നായിക്കിന്റെ നേതൃത്വത്തിൽ പീസ് കോൺഫറൻസ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. 2007 നും 2011 നും മധ്യേ ഇത്തരത്തിൽ സംഘടിപ്പിച്ച പീസ് കോൺഫറൻസുകളിലാണ് സാക്കിർ നായിക്കിന്റെ വിവാദ പ്രസംഗങ്ങൾ പലതും ഉണ്ടായത്. ഇസ്ലാമിലേക്കുള്ള മതപരിവർത്തനത്തിനും, യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനുമാണ് ഈ പ്രസംഗങ്ങൾ ലക്ഷ്യം വച്ചിരുന്നതെന്നാണ് എൻഫോഴ്‌മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നത്.

സാക്കിർ നായിക് അനധികൃതമായി സമ്പാദിച്ച 50.46 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. 2016 ലാണ് അനധികൃത പണമിടപാടിന് സാക്കിർ നായിക്കിനെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും മതപ്രസംഗങ്ങളിലൂടെയും സമ്പാദിച്ച പണം വകമാറ്റാനായി ഇന്ത്യയിലും വിദേശത്തും കടലാസ് കമ്പനികളുണ്ടാക്കിയെന്നാണ് സാക്കിർ നായികിനെതിരായ കേസ്. 193.06 കോടി രൂപ സാക്കിർ നായിക് കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സാക്കിർ നായിക്കിന്റെ 16.16 കോടി രൂപയുടെ സ്വത്തുക്കൾ ഈ വർഷം ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. മുംബൈയിലും പുണെയിലുമായി നായിക്കിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 16.40 കോടി രൂപയുടെ സ്വത്തുക്കളാണ് അന്ന്കണ്ടുകെട്ടിയത്.

മുംബൈയിലെ ഫാത്തിമ ഹൈറ്റ്സ്, ആഫിയ ഹൈറ്റ്സ്, ബാൻഡൂപ്പിലെ പേരിടാത്ത പദ്ധതി, പുണെയിലെ എൻഗ്രാസിയ എന്നീ പദ്ധതികളാണിവ. ഉടമസ്ഥതയും പണത്തിന്റെ ഉറവിടവും മറച്ചുവയ്ക്കുന്നതിനായി ഈ പദ്ധതികൾക്കുള്ള ആദ്യ മുതൽമുടക്ക് നായിക്കിന്റെ അക്കൗണ്ടിൽ നിന്നു നൽകിയശേഷം അവ തിരിച്ചടച്ച് ഭാര്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയതായി കണ്ടെത്തിയിരുന്നു.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദേശവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തി (യുഎപിഎ) സാക്കിറിനും മറ്റുമെതിരെ കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ എന്ന സംഘടനയെ കേന്ദ്രസർക്കാർ 5 വർഷത്തേക്ക് നിരോധിച്ചിട്ടുണ്ട്.നിയമവിരുദ്ധ പ്രവർത്തനം തടയാനുള്ള യു.എ.പി.എ പ്രകാരമാണ് നിരോധനം.

ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ ഭീകരത പ്രചരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന രാജ്യാന്തര ചാനലായ പീസ് ടിവിയുമായി മുംബെയിലെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് സംശയാസ്പദമായ ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. സംഘടനയുടെ ചെയർമാനാണ് സാക്കിർ നായിക്ക്. യുവാക്കളെ തീവ്രമായ ആശയങ്ങളിലേക്ക് നയിച്ചു എന്നാരോപിച്ച് സാക്കിർ നായിക്കിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസുകൾ രജിസ്റ്റർചെയ്തിരുന്നു.ഇതിനു പുറമേ സാക്കിർ നായിക്കിന്റെ രണ്ടു വിദ്യാഭ്യാസ ട്രസ്റ്റുകളുടെ പ്രവർത്തനങ്ങൾ കൂടി നിരീക്ഷണത്തിലാണ്.

എൻഐഎയുടെ പരാതിയെ തുടർന്ന് 2016 ഡിസംബറിലാണ് ഇഡി നായിക്കിനും മറ്റുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരം (പിഎംഎൽഎ) കേസെടുത്തത്. മറ്റു മതവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചതിന് നായിക്കിനെതിരെ മറ്റൊരു കുറ്റപത്രവും ഇഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ധാക്ക ഭീകരാക്രമണങ്ങൾക്കു പ്രചോദനമായെന്ന ആരോപണം മൂലം സാക്കിർ നായിക് വിദേശത്താണ്.മലേഷ്യയിലുള്ള സാക്കിർ നായിക്ക് ഏറെക്കാലമായി ഇന്ത്യയിലേക്കു മടങ്ങിയിട്ടില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP