Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തീ പിടിക്കും..ഉടൻ എന്തെങ്കിലും ചെയ്യണമെന്ന് ഫയർഫോഴ്സ് പറഞ്ഞപ്പോൾ പോടാ പുല്ലേയെന്ന് നഗരസഭ; തിരുവനന്തപുരത്ത് ചെല്ലം അമ്പ്രല്ല മാർട്ടിന് തീപിടിച്ച സംഭവം ഓർത്തെങ്കിലും എന്തെങ്കിലും ചെയ്യണേയെന്ന് അപേക്ഷ; രണ്ടുസെന്റുകാരനെയും അഞ്ചുസെന്റുകാരനെയും പത്രാസ് കാട്ടി നിയമം പഠിപ്പിക്കുന്ന കാസർകോഡ് നഗരസഭയ്ക്ക് കാർണിവൽ തിയേറ്റർ സമുച്ചയത്തോട് ദീനാനുകമ്പ; മെഹബൂബ് സമുച്ചയം പ്രവർത്തിക്കുന്നത് അഗ്‌നിസുരക്ഷാ ചട്ടങ്ങളെല്ലാം പൂട്ടിവച്ച്

തീ പിടിക്കും..ഉടൻ എന്തെങ്കിലും ചെയ്യണമെന്ന് ഫയർഫോഴ്സ് പറഞ്ഞപ്പോൾ പോടാ പുല്ലേയെന്ന് നഗരസഭ; തിരുവനന്തപുരത്ത് ചെല്ലം അമ്പ്രല്ല മാർട്ടിന് തീപിടിച്ച സംഭവം ഓർത്തെങ്കിലും എന്തെങ്കിലും ചെയ്യണേയെന്ന് അപേക്ഷ; രണ്ടുസെന്റുകാരനെയും അഞ്ചുസെന്റുകാരനെയും പത്രാസ് കാട്ടി നിയമം പഠിപ്പിക്കുന്ന കാസർകോഡ് നഗരസഭയ്ക്ക് കാർണിവൽ തിയേറ്റർ സമുച്ചയത്തോട് ദീനാനുകമ്പ; മെഹബൂബ് സമുച്ചയം പ്രവർത്തിക്കുന്നത് അഗ്‌നിസുരക്ഷാ ചട്ടങ്ങളെല്ലാം പൂട്ടിവച്ച്

ആർ പീയൂഷ്

കാസർകോട്: രണ്ട് സെന്റിൽ വീടുനിർമ്മിച്ച് അതിൽ നിയമവിരുദ്ധമായി 40 സ്‌ക്വയർഫീറ്റ് അധികമായെന്ന് പറഞ്ഞ് പൊളിച്ചു മാറ്റാൻ തളങ്കരയിലെ സുബൈദയോട് ആവശ്യപ്പെട്ടവരാണ് കാസർകോട് നഗരസഭ. 40 സ്‌ക്വയർഫീറ്റ് താമസിക്കുന്ന കൂരയ്ക്ക് അധികമായതിന്റെ പേരിൽ ഭവനനിർമ്മാണ സഹായമായ ഒന്നരലക്ഷം രൂപ നൽകാത്തവരാണ് കാസർകോട് നഗരസഭാ ഉദ്യോഗസ്ഥർ. നിയമത്തിന്റെ കാര്യത്തിൽ ഒരുവിട്ടുവിഴ്ചയും നഗരസഭ കാണിക്കില്ല അത്രയ്ക്കും സൂക്ഷ്മതയാണ് നിയമപരിപാലനത്തിൽ കാസർകോട് നഗരസഭ പാലിച്ചുപോരുന്നത്. പക്ഷേ ഈ സൂക്ഷ്മത രണ്ട് സെന്റുകാരനോടും അഞ്ച്‌സെന്റുകാരനോടും പത്ത് സെന്റുകാരനോടും മാത്രമാണ്, വലിയ മുതലാളിമാർ പോക്കറ്റിൽ ചുവന്ന ഗാന്ധി തലയുമായിട്ട് വരുമ്പോൾ നിയമമൊന്നും ഒരു വിഷയമല്ല.

സാധാരണക്കാരനും പണക്കാരുമെന്ന രണ്ട് പൗരസമൂഹത്തെ സൃഷ്ടിച്ച് വ്യത്യസ്ത ഭരണഘടനകൾ നടപ്പിലാക്കി വരുകയാണ് കാസർകോട് നഗരസഭ. എല്ലാം ഗാന്ധിതലയുള്ള ചുവന്ന പേപ്പറുകൾ തീരുമാനിക്കും നിയമം എങ്ങനെ വേണമെന്ന്. ഏറ്റവും പരിതാപകരമെന്ന് പറഞ്ഞാൽ ഇത്തവണ ചുവന്ന നോട്ടുകൾ വിലയിട്ടിരിക്കുന്നത് മനുഷ്യജീവനുകൾക്കാണ്. തീപിടിക്കാൻ സാധ്യതയുണ്ടെന്നും ഉടനടി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഫയർഫോഴ്‌സ് കേഴുമ്പോൾ പോടാ പുല്ലേ എന്ന നിലപാടാണ് കാസർകോട് നഗരസഭയ്ക്ക്.

കാസർകോട് നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മെഹബൂബ് തീയേറ്റർ സമുച്ചയം (കാർണിവൽ ) ഉൾപ്പെടെ നഗരപരിധിയിലെ നൂറിലേറെ ബഹുനിലകെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ ലൈസൻസ് ഇല്ലെന്ന് ഫയർഫോഴ്‌സ്. ഇതിൽ ആശുപത്രികളും ലോഡ്ജുകളും വാണിജ്യസ്ഥാപനങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ ദുരന്തഭീഷണി നിലനിൽക്കുന്നത് 5 തീയേറ്ററുകൾ പ്രവർത്തിക്കുന്ന മെഹബൂബ് തീയേറ്റർ കോംപ്ലക്‌സിലാണ്. കോംംപ്ലക്‌സിൽ കെട്ടിടനിർമ്മാണച്ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ച നിലയിലാണ്. അഗ്നിസുരക്ഷാക്രമീകരണങ്ങൾ യഥാവിധം തിയേറ്ററിലില്ല. ഇതിനെതിരെ റീജണൽ ഫയർ ഓഫീസറുടെ കാര്യലയത്തിൽ നിന്നടക്കം മുന്നറിയിപ്പ് ഉണ്ടായിട്ടും ഫലപ്രദമായ നടപടികൾ എടുക്കാൻ നഗരസഭ തയ്യറായിട്ടില്ല. നഗരസഭ നേരിട്ട് അടച്ചുപൂട്ടാൻ നാലുതവണ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഇത് ജനങ്ങളുടെയും നിയമത്തിന്റെയും കണ്ണിൽ പൊടിയിട്ട് തീയേറ്റർ മുതലാളിയെ സംരക്ഷിക്കാനുള്ള സൂത്രവിദ്യകൾ മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ തെളിയുന്നത്.

ഭൂനിരപ്പിൽ നർത്തകിയും, ബാക്കിയുള്ള നാലുനിലകളിൽ കന്യക, മുഗൾ, മെഹബൂബ്, സമ്രാട്ട്, എന്നീ തിയേറ്ററുകളുമാണ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്‌സ് റീജണൽ ഓഫീസിൽ നിന്ന് ജില്ലാകളക്ടർക്ക് 2019 മാർച്ച് 27ന് നൽകിയ കത്തിൽ പറയുന്നത് മെഹബൂബ് തീയേറ്റർ അഗ്നിശമന വകുപ്പിന്റെ എൻ ഒ സി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ്. ഇങ്ങനെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കെട്ടിടം പൂർണ്ണതോതിൽ അഗ്നിരക്ഷാ- അഗ്നിശമന വീക്ഷണകോണിൽ സുരക്ഷിതമല്ല. ആയതിനാൽ ദുരന്തനിവാരണ നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് രേഖമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ ആർ എഫ് ഒ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഹബൂബിലെത്തി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് നൽകിയത്.

ഈ റിപ്പോർട്ടിനെ തുടർന്നാണ് കണ്ണൂരിലെ റീജണൽ ഫയർഓഫീസർ സുജിത്ത് കുമാർ ജില്ലാകളക്ടർക്ക് ദുരന്തമുന്നറിയിപ്പ് നൽകിയത്. 2003ലാണ് അവസാനമായി ഇതിന് ഫയർ എൻ ഒ സി ലഭിക്കുന്നത്. അത് 7 മീറ്ററിൽ ഉയരത്തിൽ പ്രവർത്തിക്കുന്ന ഒന്നും രണ്ടും നിലകൾക്ക് മാത്രമായിരുന്നു. 22-09-2016ൽ ഫയർഫോഴ്സിന്റെ (633/16 ) നോട്ടീസ് പ്രകാരം കാസർകോട് നഗരസഭ 24-09-2016ൽ (ആർ 23743/16) എന്ന നോട്ടീസിലുടെ അടച്ചുപൂട്ടാതിരിക്കാൻ കാരണമുണ്ടൊയെന്ന് അന്വേഷിച്ചു. തുടർന്ന് തീയേറ്റർ ഉടമ മറുപടി നൽകാത്തതിനെ തുടർന്ന് 26-09-2016ൽ (ആർ 23743/16) എന്ന നോട്ടീസിലൂടെ അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. തുടർന്ന് 04-10-2016ൽ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ സ്വാധീനിച്ച് നടപടികൾ റദ്ദ് ചെയ്യാനുള്ള ഉത്തരവ് സ്വന്തമാക്കി. ശേഷം 06-10-2016ന് റീജണൽ ജോയിന്റ് ഡയറക്ടർ പരിശോധന നടത്തിയെങ്കിലും തുടർ നിർദ്ദേശങ്ങളോ ഉത്തരവുകളോ ലഭിച്ചില്ല.

28-04-2017ന് അടച്ചുപൂട്ടി സീൽ ചെയ്യുന്നതാണെന്ന് അറിയിച്ച് നഗരസഭ വീണ്ടും തീയേറ്ററിന് നോട്ടീസും നൽകി. ഇതിന് മറുപടി ലഭിക്കാതായപ്പോൾ 04-05-2017ന് തിയേറ്ററിന്റെ പ്രവർത്തനാനുമതി ദീർഘിപ്പിച്ച് നൽകാനാവില്ലെന്ന് പ്രവർത്തനം ഉടനെ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നഗരസഭ തീയേറ്റർ ഉടമയ്ക്ക് നോട്ടീസ് നൽകി. ഇതിനു ശേഷം വീണ്ടും 22-05-2017ന് സമാന നോട്ടീസ് വീണ്ടും നൽകി. ഇതിനു ശേഷം കോഴിക്കോട് ഫയർ ആൻഡ് റസ്‌ക്യു റീ ജണൽഓഫീസിൽ നിന്നും അഗ്‌നിശമന ഉപകരണങ്ങൾ സ്ഥാപിച്ചതായും ഫൈനൽ എൻ ഒ സിക്കുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്ന് അറിയിച്ച്കൊണ്ടുള്ള നോട്ടീസ് കരസ്ഥമാക്കി. പക്ഷേ നാളിതുവരെ എൻ ഒ സി ലഭിക്കുകയോ നഗരസഭയുടെ ഉത്തരവ് പ്രകാരം തീയേറ്റർ സമുച്ചയം അടച്ചിടുകയോ ചെയ്തിട്ടില്ല.

അതിനിടെ നഗരസഭാ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച തീയേറ്റർ കോംപ്ലക്‌സിൽ മുമ്പ് ഒന്നിലേറെ തവണ തീപിടുത്തമുണ്ടായത് ഉടമ മൂടി വെയ്ക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ഇതിലൊരു തീപിടുത്തത്തിൽ ഇലക്്ട്രിക്ക് ഉപകരണങ്ങൾ കത്തിനശിച്ചിരുന്നു.പ്രേക്ഷകരുടെ ജീവന് പുല്ലുവില കൽപ്പിച്ചാണ് തീയേറ്ററിലെ നടപടിക്രമങ്ങളെന്നും പരാതിയുണ്ട്. റിലീസ് പടങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഹൈട്ടെക്ക് തീയേറ്റർ സമുച്ചയങ്ങൾ നല്ലനിലയിൽ ഉയരുന്നതിനിടയിലാണ് പ്രദർശനയോഗ്യമല്ലാത്ത തീയേറ്റർ കാസർകോട്ട് നഗരസഭാധികൃതരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും വഴിവിട്ട ഒത്താശകളിലൂടെ പ്രവർത്തിക്കുന്നത്.

അതേസമയം തീയേറ്ററിന് അനധികൃതമായി നഗരസഭ ലൈസൻസ് നൽകിയതിനെതിരെ കെ ബി അബ്ദുൾ നസീറെന്ന യുവാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലുണ്ടായ ഉത്തരവിനെ തുടർന്ന് തീയേറ്റർ കുറച്ച് ദിവസം അടച്ചുപൂട്ടിയെങ്കിലും തിയേറ്റർ ഉടമ ഹൈക്കോടതിയിലെത്തി തീയേറ്റർ പ്രവർത്തിക്കുന്നത് നഗരസഭ നൽകിയ കൃത്യമായ ലൈസൻസിന്റെ അടിസ്ഥാനത്തിലാണെന്നും മറ്റ് ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും വാദിക്കുകയായിരുന്നു. തീയേറ്ററുടമയുടെ വാദംകേട്ട കോടതി ഫയർ സുരക്ഷയടക്കമുള്ള ക്രമീകരണങ്ങളും എൻ ഒ സിയും ലൈസൻസും കൃത്യമാണെങ്കിൽ തീയേറ്റർ പ്രവർത്തിക്കാമെന്നും ഉത്തരവ് നൽകി.ഈ ഉത്തരവിന്റെ മറവിൽ വീണ്ടും തീയേറ്റർ പ്രവർത്തിക്കുകയായിരുന്നു. ഇത് നഗരസഭയും തീയേറ്റർ ഉടമയും ചേർന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഒരിക്കൽപോലും നഗരസഭ തീയേറ്റർ അടച്ചുപൂട്ടാത്തത് വാങ്ങീയ പണത്തോടുള്ള കൂറ് തന്നെയാണ്.

കഴിഞ്ഞദിവസം തിരുവനന്തപുരത്തുണ്ടായ വൻ അഗ്നിബാധ ഇത് പോലെ എല്ലാനിയമങ്ങളും തെറ്റിച്ച് പ്രവർത്തിച്ച കെട്ടിടത്തിലായിരുന്നു. ഇതുപോലെ കാസർകോട് തീയേറ്ററിലും സംഭവിച്ചാൽ നിരവധി ജീവനുകൾ അഗ്നിയിൽ ഇല്ലാതെയാവും. തീ പിടിച്ചാൽ അടിയന്തിരമായി പ്രവർത്തിക്കേണ്ട ഓട്ടോമാറ്റിക് സ്പ്രിങ്ലെർ സിസ്റ്റം പോലും സ്ഥാപിച്ചിരിക്കുന്നത് കോറിഡോറിലാണ്. ഇതുപോലെ ആറോളം ഗുരുതരമായ അപാകതകളാണ് ഫയർഫോഴ്‌സ് കണ്ടെത്തിയത്. മുഖ്യമന്ത്രി പിണറായിയുടെ കീഴിലാണ് അഗ്നിസുരക്ഷാ വകുപ്പ്. നേരത്തെ ഈ വകുപ്പിൽ തീയേറ്റർ ഉടമ പണമെറിഞ്ഞ് സമ്പാധിച്ച ഉത്തരവുകൾ കണ്ണൂർ റീജണൽ ഫയർ ഓഫീസിന് മുന്നിൽ വിലപോയില്ല. എറണാകുളം എം ജി റോഡിൽ സെന്റർ മാളിൽ പ്രവർത്തന സജ്ജമായ പതിനൊന്ന് സ്‌ക്രീനുള്ള സിനി പൊലീസിന് 30 മീറ്റർ ഉയരത്തിൽ പ്രവർത്തിക്കുന്നുവെന്ന ഒറ്റകാരണത്താൽ അന്നത്തെ എറണാകുളം ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരം കോർപ്പറേഷൻ തീയേറ്റർ സമുച്ചയം അടച്ചുപൂട്ടിയിരുന്നു. ഈ അവസരത്തിലാണ് അഗ്‌നിസുരക്ഷാവകുപ്പിന്റെയും കളക്ടറുടെയും നിർദ്ദേശം കാറ്റിൽപ്പറത്തിയ നഗരസഭ ഉദ്യോഗസ്ഥർ അഴിമതിയുടെ സംശയദൃശ്ഠിയിലാകുന്നത്.

ഇരുകക്ഷിയിലും പെട്ട നേതാക്കളെയും വേണ്ടരീതിയിൽ കണ്ടതുകൊണ്ട് ഇനി തീപിടിച്ച് ജീവനുകൾ ഇല്ലാതായാലും ഇത്തരക്കാരെ രക്ഷിക്കാൻ ഇവർ മുൻപന്തിയിൽ തന്നെയുണ്ടാകും. തീയേറ്റർ എത്രയും പെട്ടന്ന് നവീകരണത്തിനായി അടച്ചുപൂട്ടണമെന്നും സുരക്ഷിതത്വം ഉറപ്പാക്കി പ്രവർത്തിച്ചാൽ സന്തോഷമുള്ള കാര്യമെന്നാണ് പരാതിക്കാരാനായ നിസാർ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP