Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരാജയ കാരണം ശബരിമല ആചാരലംഘന പ്രശ്‌നമാണോ എന്ന് ചർച്ച ചെയ്തിട്ടില്ല; തോൽവിയെക്കുറിച്ച് പഠിക്കാതെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുക സിപിഐയുടെ പരിപാടിയല്ല; നാല് സീറ്റിലേയും തിരിച്ചടിയെ കുറിച്ച് പ്രതികരിക്കണമെങ്കിൽ ജില്ലാ തല റിപ്പോർട്ടുകൾ ലഭിക്കണം; തിരുവനന്തപുരത്ത് തുടർ പരാജയമെങ്കിലും ഈ സീറ്റ് സിപിഎമ്മുമായി വെച്ച് മാറില്ല; ഇടതുമുന്നണിയുടെ തോൽവിയിൽ മറുനാടനോട് മനസ് തുറന്ന് കാനം രാജേന്ദ്രൻ

പരാജയ കാരണം ശബരിമല ആചാരലംഘന പ്രശ്‌നമാണോ എന്ന് ചർച്ച ചെയ്തിട്ടില്ല; തോൽവിയെക്കുറിച്ച് പഠിക്കാതെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുക സിപിഐയുടെ പരിപാടിയല്ല; നാല് സീറ്റിലേയും തിരിച്ചടിയെ കുറിച്ച് പ്രതികരിക്കണമെങ്കിൽ ജില്ലാ തല റിപ്പോർട്ടുകൾ ലഭിക്കണം; തിരുവനന്തപുരത്ത് തുടർ പരാജയമെങ്കിലും ഈ സീറ്റ് സിപിഎമ്മുമായി വെച്ച് മാറില്ല; ഇടതുമുന്നണിയുടെ തോൽവിയിൽ മറുനാടനോട് മനസ് തുറന്ന് കാനം രാജേന്ദ്രൻ

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് സംഭവിച്ച വൻ തോൽവിക്ക് പിന്നിൽ ശബരിമല പ്രശ്‌നമാണോ എന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാധ്യമങ്ങൾ ഇങ്ങിനെ പലതും എഴുതുന്നുണ്ടെങ്കിലും ഞങ്ങൾ ഇതുവരെ അത് ചർച്ചയ്ക്ക് വിഷയമാക്കിയിട്ടില്ലെന്നും കാനം മറുനാടനോട് പ്രതികരിച്ചു. ശബരിമല ആചാരലംഘന പ്രശ്‌നമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായതെന്ന ആർ.ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തോടാണ് കാനം ഇങ്ങിനെ പ്രതികരിച്ചത്.

മത്സരിച്ച നാല് സീറ്റും ഒറ്റയടിക്ക് നഷ്ടമായ കാര്യത്തിലും പ്രതികരിക്കാൻ കാനം തയ്യറായില്ല. ഈ തോൽവിയും ഞങ്ങൾക്ക് പഠിക്കേണ്ടതുണ്ട്. എല്ലാം പരിശോധിച്ച് മാത്രമേ പറയാൻ കഴിയൂ. തൃശൂരും തിരുവനന്തപുരവും അടക്കമുള്ള നാല് സീറ്റും ജയിക്കാൻ വേണ്ടിയാണ് മത്സരിച്ചത്. ഇരുപതും സീറ്റിലും എൽഡിഎഫ് ജയിക്കാൻ വേണ്ടിയാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ഇറങ്ങും മുൻപ് തന്നെ പരാജയം സമ്മതിക്കുകയാണെങ്കിൽ പിന്നെ എന്തിനാണ് മത്സരിക്കുന്നത്. എന്തെങ്കിലും യുക്തിവേണ്ടേ-കാനം ചോദിക്കുന്നു.

എൽഡിഎഫ് കുറച്ച് സീറ്റ് തോൽക്കാൻ വേണ്ടി മത്സരിക്കുക, കുറച്ച് സീറ്റ് ജയിക്കാൻ വേണ്ടി മത്സരിക്കുക അങ്ങിനെയൊന്നും ഇല്ലല്ലോ. ഇപ്പോൾ സിപിഐ മത്സരിച്ച് തോറ്റ തിരുവനന്തപുരം സീറ്റ് സിപിഎമ്മിന് വെച്ചുമാറാനുള്ള സാധ്യതകൾ കാനം തള്ളിക്കളഞ്ഞു. അങ്ങിനെയൊരാവശ്യം സിപിഎമ്മിൽ നിന്നും ഇതുവരെ വന്നിട്ടില്ലെന്നും കാനം പറഞ്ഞു. സിപിഐ ജയിച്ചിരുന്ന ഒരു സീറ്റാണിത്. എല്ലാ തെരഞ്ഞെടുപ്പുകളും ഒരുപോലെ ആയിക്കൊള്ളണമെന്നില്ല-കാനം പറയുന്നു. കഴിഞ്ഞ തവണയും ഈ തവണയും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും തമ്മിലുള്ള വ്യത്യാസം നോക്കണം. അത് തന്നെയാണ് ഇക്കുറിയും വന്നത്-കാനം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും താഴെ തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ സമാഹരിച്ച് വിലയിരുത്തിയ ശേഷമേ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ച് ഞങ്ങൾ നിഗമനങ്ങളിലേക്ക് എത്തുകയുള്ളൂ. മാധ്യമ പ്രവർത്തകരെപോലെയല്ല രാഷ്ട്രീയ പ്രവർത്തകർ. വളരെപെട്ടെന്ന് നിഗമനങ്ങളിൽ എത്താൻ മാധ്യമപ്രവർത്തകർക്ക് സാധിക്കും. ഞങ്ങൾക്ക് തോൽവിയുടെ വസ്തുനിഷ്ഠ സാഹചര്യങ്ങൾ പരിശോധിക്കണം. അതൊന്നും പരിശോധിച്ചിട്ടില്ല. ഞങ്ങൾ റിപ്പോർട്ടിന് വേണ്ടി കാത്തുനിൽക്കുകയാണ്.

വിവിധ ജില്ലകളിലെ പാർലമെന്ററി കമ്മറ്റികൾ, അവരാണല്ലോ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. അവരുടെ റിപ്പോർട്ട് വേണം. മെയ് ആറിന് സിപിഐ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് ചേരുന്നുണ്ട്. ആറാം തീയതി ഞങ്ങൾ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കും. മെയ് 12 നും 13 നും സ്റ്റേറ്റ് കൗൺസിലുമുണ്ടാകും. അത് കഴിഞ്ഞിട്ട് മാത്രമേ പാർട്ടിയുടെ നിഗമനങ്ങളെക്കുറിച്ച് പറയുകയുള്ളൂ. അല്ലാതെ പറയുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് അതിൽ പങ്കു ചേരുന്നില്ല-കാനം പറയുന്നു.

കാനം ഇങ്ങിനെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ഇടതുമുന്നണിയിൽ അസ്വാരസ്യം പുകയുന്നുണ്ട്. ഇന്നു സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി ഇടതുമുന്നണി ഘടകക്ഷിയായ കേരളാ കോൺഗ്രസ് (ബി) രംഗത്ത് വന്നിരുന്നു. ശബരിമല ആചാര ലംഘന പ്രശ്‌നം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കാര്യമായി ദോഷം ചെയ്‌തെന്നാണ് പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള ആരോപിച്ചത്. സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഇതരമതസ്ഥരെയും ശബരിമല പ്രശ്‌നം സ്വാധീനിച്ചുവെന്ന് പിള്ള പറഞ്ഞിരുന്നു.

വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരി മല പ്രശ്‌നം പരിഹരിക്കാനാകില്ല. സർക്കാർ എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാൻ സാധിക്കില്ല. ശബരിമല വിഷയത്തിൽ എൻഎസ്എസിനെ പൂർണ്ണമായും പിള്ള പിന്തുണയ്ക്കുകയും ചെയ്തു. എൻഎസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നു. വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എൻഎസ്എസിന്റേത് എന്ന് പറഞ്ഞു എൻഎസ്എസിനെ ശക്തമായി ന്യായീകരിക്കാനും പിള്ള തയ്യാറായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP