Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പത്തനംതിട്ടയിൽ ബിജെപിയെ കളിയാക്കാൻ വരട്ടെ: വോട്ടിങ് ശതമാനത്തിൽ വർധനവുണ്ടായത് ബിജെപിക്ക് മാത്രം; യുഡിഎഫിന് അഞ്ചും എൽഡിഎഫിന് മൂന്നും ശതമാനം വോട്ട് ചോർന്നു; ബിജെപിക്ക് അധികമായി ലഭിച്ചത് 13 ശതമാനം വോട്ട്; കൂടുതൽ ചോർന്നത് എൽഡിഎഫ് വോട്ട്: ശബരിമല ഏറ്റവും നന്നായി പ്രതിഫലിച്ചത് അയ്യപ്പന്റെ സ്വന്തം നാട്ടിൽ തന്നെ

പത്തനംതിട്ടയിൽ ബിജെപിയെ കളിയാക്കാൻ വരട്ടെ: വോട്ടിങ് ശതമാനത്തിൽ വർധനവുണ്ടായത് ബിജെപിക്ക് മാത്രം; യുഡിഎഫിന് അഞ്ചും എൽഡിഎഫിന് മൂന്നും ശതമാനം വോട്ട് ചോർന്നു; ബിജെപിക്ക് അധികമായി ലഭിച്ചത് 13 ശതമാനം വോട്ട്; കൂടുതൽ ചോർന്നത് എൽഡിഎഫ് വോട്ട്: ശബരിമല ഏറ്റവും നന്നായി പ്രതിഫലിച്ചത് അയ്യപ്പന്റെ സ്വന്തം നാട്ടിൽ തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോകസഭാ മണ്ഡലത്തിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ സന്തോഷം പങ്കു വയ്ക്കുകയാാണ് എൽഡിഎഫും യുഡിഎഫും. എന്നാൽ, വരാൻ പോകുന്ന ഒരു വലിയ അപകടം അവർ കാണുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടു പ്രധാന മുന്നണികൾക്കും വോട്ട് ചോർന്നു. നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ്.

പൂഞ്ഞാറിലെ വോട്ടുകൾ കൊണ്ട് മാത്രമാണ് ആന്റോ ആന്റണിക്ക് ഇത്രയും ഭൂരിപക്ഷം ലഭിച്ചത്. മറ്റു മണ്ഡലങ്ങളിലെല്ലാം മൂന്നാം സ്ഥാനത്തുള്ള ബിജെപിയുമായി 3000 മുതൽ 4000 വരെ വോട്ടിന്റെ വ്യത്യാസം മാത്രമാണ് യുഡിഎഫിനുള്ളത്. എൽഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം 1000 മുതൽ 2500 വരെ മാത്രമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്ന് ഒത്തു പിടിച്ചാൽ ലോക്സഭാ മണ്ഡലത്തിൽ നാലു മണ്ഡലങ്ങളിലെങ്കിലും ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വരാൻ കഴിയും.

അടൂർ, കോന്നി, ആറന്മുള പോലെയുള്ള മണ്ഡലങ്ങൾ എ പ്ലസ് ആയി ബിജെപിക്ക് കാണുകയും ചെയ്യാം. ബിജെപിയുടെ വൻ മുന്നേറ്റത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. വിജയാടിസ്ഥാനത്തിലല്ല, വോട്ട് വിഹിതത്തിന്റെ വർധനവാണ് ഇതിന്റെ അടിസ്ഥാനം. ബിജെപി വോട്ടുകളിൽ 13 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. യുഡിഎഫിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെയും എൽഡിഎഫിന് മൂന്നു ശതമാനത്തിന്റെയും കുറവാണുള്ളത്. മണ്ഡലത്തിലെ പോളിങ് ശതമാനത്തിലുണ്ടായ വർധനയ്ക്ക് ആനുപാതികമായി വോട്ട് വർധിപ്പിക്കാൻ രണ്ട് മുന്നണികൾക്കും കഴിയാതെ വന്നതോടെയാണ് ശതമാനം കുറഞ്ഞത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേടിയ വോട്ടിൽ നേരിയ വർധന മുന്നണികൾക്ക് ലഭിക്കുകയും ചെയ്തു.

ഇത്തവണ 13,78,587 വോട്ടുകളിൽ 10,22,763 വോട്ടുകൾ പോൾ ചെയ്തു. ഇതിൽ യുഡിഎഫിലെ ആന്റോ ആന്റണിക്കു ലഭിച്ചത് 3,80,927 വോട്ടാണ്. 37.24 ശതമാനം. വീണാ ജോർജ് 3,36,684 വോട്ട് നേടി- 32.91 ശതമാനം. ബിജെപി 2,97,396 വോട്ടു നേടി. ശതമാനം 29.07.
2014 ൽ 8,52,914 വോട്ട് പോൾ ചെയ്തപ്പോൾ യുഡിഎഫ് നേടിയത് 3,58,842 വോട്ടാണ്. ശതമാനം 42.07. എൽഡിഎഫിന് 3,02,651 വോട്ട് ലഭിച്ചു. ശതമാനം 35.48. ബിജെപിക്ക് 1,38,954 വോട്ട് ലഭിച്ചപ്പോൾ ശതമാനം 16.29.

വോട്ടിങ് ശതമാനത്തിൽ ഏറ്റവുമധികം നഷ്ടം യുഡിഎഫിനു തന്നെയാണ്. ബിജെപി വോട്ടിൽ ഇരട്ടിയോളം വർധനവാണുള്ളത്. പോളിങ് ശതമാനത്തിലെ വർധന ഗുണകരമായത് ബിജെപിക്കാണ്. 2014ൽ 66.02 ശതമാനം മാത്രമായിരുന്നു മണ്ഡലത്തിലെ പോളിങ് എങ്കിൽ ഇത്തവണ ഇത് 74.19 ആയി വർധിച്ചു. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ വോട്ടുകളിൽ വർധന പ്രകടമാണെങ്കിലും പോളിങ് ശതമാനത്തിന് ആനുപാതികമായ വർധനയുണ്ടായില്ല.

2016 നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ നിന്നായി യുഡിഎഫ് 3,64,728 വോട്ടും എൽഡിഎഫ് 3,67,928 വോട്ടും നേടിയിരുന്നു. എൻഡിഎ നേടിയത് 1,91,656 വോട്ടാണ്. പൂഞ്ഞാർ മണ്ഡലത്തിൽ സ്വന്തം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. പിസി ജോർജിന്റെ വോട്ട് കാര്യമായി ലഭിച്ചിട്ടില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 16,000 ഓളം വോട്ടാണ് പൂഞ്ഞാറിൽ നിന്ന് എംടി രമേശിന് ലഭിച്ചത്. ഇക്കുറി അത് 30990 ആയി വർധിച്ചു. പിസി ജോർജിന്റെ സ്വാധീനം മണ്ഡലത്തിൽ പ്രകടമായിരുന്നുവെങ്കിൽ ചുരുങ്ങിയത് ഒരു 5000 വോട്ട് കൂടി സുരേന്ദ്രന് കിട്ടണമായിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിലെ ഉല്ലാസിന് ഇവിടെ ലഭിച്ചത് 19,990 വോട്ടായിരുന്നു. ആ കണക്ക് വച്ച് നോക്കിയാൽ ഇപ്പോഴത്തെ എൻഡിഎ വോട്ട് വർധനവ് വെറും 11,000 മാത്രമാണ്. പിസി ജോർജില്ലാത്ത എൻഡിഎയായിരുന്നു മൽസരിച്ചിരുന്നതെങ്കിൽ ഇത് ആശ്വാസം നൽകുന്ന കണക്കായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ടാണ് സ്വതന്ത്രനായി മൽസരിച്ച പിസി നേടിയത്. അതിന്റെ അഞ്ചു ശതമാനം വോട്ട് പോലും ഇക്കുറി കിട്ടിയിട്ടില്ല എന്നു വേണം കരുതാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP