Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായിയെ പേടിച്ച് ആരും ശബരിമല എന്നൊരു വാക്ക് മിണ്ടിയില്ല; ചർച്ചകൾ പോലും വിശ്വാസികൾ എന്ന വാക്കിൽ ഒതുക്കി; വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിധരിപ്പിക്കാൻ എതിരാളികൾക്ക് സാധിച്ചു എന്ന താത്വിക ലൈൻ സ്വീകരിച്ച് ഇലക്കും മുള്ളിനും കേടില്ലാത്ത വിശദീകരണം; നവോത്ഥാനത്തിന്റെ പേരിൽ മുസ്ലിം വോട്ട് പിടിക്കാൻ ഇറങ്ങി കയ്യിലിരുന്നത് കൂടി പോയതിന്റെ ക്ഷീണം തീർക്കാൻ ചേർന്ന സെക്രട്ടറിയേറ്റിൽ പിണറായിയുടെ നയം തെറ്റെന്ന് പറയാൻ ധൈര്യം ഉള്ള ഒരു നേതാവ് പോലും ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട്

പിണറായിയെ പേടിച്ച് ആരും ശബരിമല എന്നൊരു വാക്ക് മിണ്ടിയില്ല; ചർച്ചകൾ പോലും വിശ്വാസികൾ എന്ന വാക്കിൽ ഒതുക്കി; വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിധരിപ്പിക്കാൻ എതിരാളികൾക്ക് സാധിച്ചു എന്ന താത്വിക ലൈൻ സ്വീകരിച്ച് ഇലക്കും മുള്ളിനും കേടില്ലാത്ത വിശദീകരണം; നവോത്ഥാനത്തിന്റെ പേരിൽ മുസ്ലിം വോട്ട് പിടിക്കാൻ ഇറങ്ങി കയ്യിലിരുന്നത് കൂടി പോയതിന്റെ ക്ഷീണം തീർക്കാൻ ചേർന്ന സെക്രട്ടറിയേറ്റിൽ പിണറായിയുടെ നയം തെറ്റെന്ന് പറയാൻ ധൈര്യം ഉള്ള ഒരു നേതാവ് പോലും ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി പേടിയിലാണ് സിപിഎം ഇപ്പോഴും. കേഡർ സ്വഭാവമുള്ള പാർട്ടി വോട്ടുകളിൽ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് നഷ്ടമായി. വോട്ട് ശതമാനത്തിലെ വൻ ഇടിവ് ഇതിന് തെളിവാണ്. പരമ്പരാഗതമായി കേരളത്തിൽ ഹിന്ദു വോട്ടുകളായിരുന്നു സിപിഎമ്മിനെ എക്കാലത്തും തുണച്ചത്. ഇത് മനസ്സിലാക്കാതെ ശബരിമലിയിൽ നടത്തിയ നവോത്ഥാനമാണ് കേഡർ വോട്ടുകളെ മറുപക്ഷത്ത് എത്തിച്ചതെന്ന് ഏവർക്കും അറിയാം. എന്നാൽ ഈ വിഷയം അതിന്റെ കരുത്തിൽ സിപിഎം സെക്രട്ടറിയേറ്റിൽ പറയാൻ പോലും നേതാക്കൾക്ക് പിടിയാണ്. ശബരിമലയെന്ന് പറഞ്ഞാൽ പിണറായി വിജയന് പിടിക്കില്ല. മുഖ്യമന്ത്രിയുടെ അതൃപ്തി ഒഴിവാക്കാൻ ശബരിമലയെ കുറിച്ച് നേതാക്കളാരും സെക്രട്ടറിയേറ്റിൽ മിണ്ടിയില്ല. പകരം വിശ്വാസികളുടെ വോട്ട് നഷ്ടമായതാണ് 20ൽ 19ഉം കോൺഗ്രസിന് നൽകിയതെന്ന വിലയിരുത്തലിലാണ് സിപിഎം എത്തുന്നത്. വിശ്വാസികളെ പിണക്കിയത് തിരിച്ചടിയായോ എന്നും പരിശോധിക്കും.

ഹിന്ദുവോട്ട് ഏകീകരണത്തിന്റെ കാരണംതേടുമ്പോഴാണ് 'ശബരിമല' പ്രശ്‌നമാകുന്നത്്. ശബരിമല വിഷയത്തിൽ സ്ത്രീസമത്വമെന്ന നിലപാടാണ് പാർട്ടിയും മുന്നണിയും സ്വീകരിച്ചത്. ഇതിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്ക് എതിർപ്പുണ്ടായിരുന്നില്ല. സുപ്രീംകോടതിവിധി അനുസരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നതും മുന്നണിയുടെ പൂർണപിന്തുണയ്ക്ക് കാരണമായി. പക്ഷേ, രണ്ടുയുവതികളെ അർധരാത്രി മലചവിട്ടിച്ചതോടെ ഈ ഐക്യം പാളി. അതുവേണ്ടിയിരുന്നില്ലെന്ന് ഘടകകക്ഷിനേതാക്കൾ മിക്കവരും ഇപ്പോൾ സമ്മതിക്കുന്നുണ്ട്. സിപിഎം. നേതാക്കളും ഇതേ നിലപാടിലാണ്. എന്നാൽ ഇത് പിണറായിയുടെ മുഖത്ത് നോക്കി പറയാൻ സിപിഎം നേതാക്കൾക്ക് ആർക്കും ധൈര്യമില്ല. മത്സരിച്ച് തോറ്റ സെക്രട്ടറിയേറ്റിലെ സഖാക്കൾക്കും പിണറായി പേടിയാണ്.

'ശബരിമല'യിൽ തെറ്റുപറ്റിയെന്ന് ഒരിക്കലും പാർട്ടിക്ക് സമ്മതിക്കാനാവില്ല. കാരണം, അത് രാഷ്ട്രീയമായി ഇടതുപക്ഷ നിലപാടാണ്. ശബരിമലവിഷയം കൈകാര്യംചെയ്യുന്നതിലാണ് വീഴ്ച സംഭവിച്ചതെന്ന് സമ്മതിക്കേണ്ടിവരും. അത് മുഖ്യമന്ത്രിക്കെതിരായ കുറ്റപ്പെടുത്തലാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇതുസൂചിപ്പിച്ചപ്പോഴേ മുഖ്യമന്ത്രി പരസ്യമായി തള്ളുകയുംചെയ്തു. ഈ ഭയമാണ് സിപിഎം നേതാക്കളെ ശബരിമലയെന്ന വാക്ക് പറയുന്നതിൽ നിന്ന് പോലും പിന്തിരിപ്പിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻതോൽവി വിലയിരുത്തിയ സിപിഎം തിരുത്തൽ നടപടി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ ശബരിമല ലൈനിന് അടിയുറച്ച പിന്തുണ നൽകിവന്ന സിപിഎം ആദ്യമായാണ് ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. 'ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിൽ നഷ്ടമുണ്ടായിട്ടുണ്ടെന്നാണു പ്രാഥമിക വിലയിരുത്തൽ. വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചിട്ടുണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചു പാർട്ടി പ്രത്യേകം പരിശോധിക്കും-സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പിണറായിയെ പേടിച്ചാണ് ശബരിമലയെന്ന വാക്കും പ്രസ്താവനയിൽ നിന്ന് മാറ്റിയത്. ശബരിമല തിരിച്ചടിയായെന്ന് ആരോടും പറയരുതെന്ന നിർദ്ദേശവും നേതാക്കൾക്ക് സെക്രട്ടറിയേറ്റ് നൽകിയിട്ടുണ്ട്. അതിനിടെ പിണറായി രാജിവയ്ക്കാത്തതിൽ അണികൾക്കിടയിൽ പ്രതിഷേധവും ശക്തമാണ്.

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ തന്നെ ഇടതുവോട്ടുകളിലടക്കം ചോർച്ചയുണ്ടായെന്ന നിഗമനമാണു മുഖ്യമന്ത്രി പിണറായി വിജയന്റ സാന്നിധ്യത്തിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായത്. വിശ്വാസ സമൂഹത്തിന്റെ വികാരം ഇക്കാര്യത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന യോഗത്തിലുയർന്ന പൊതുവികാരത്തെ മുഖ്യമന്ത്രിയും എതിർത്തില്ല. അതേസമയം പ്രസ്താവനയിൽ 'ശബരിമല' എന്നു പരാമർശിച്ചിട്ടില്ല. യോഗത്തിൽ സംസാരിച്ചവരും ശബരിമലയെന്ന് പറഞ്ഞില്ല. ന്യൂനപക്ഷ കേന്ദ്രീകരണവും തോൽവിക്കു കാരണമായി വിലയിരുത്തിയെങ്കിലും പ്രസ്താവനയിൽ അക്കാര്യമില്ല. ന്യൂനപക്ഷങ്ങൾ എതിരായെന്നു ഫലം പുറത്തുവന്നതിനെത്തുടർന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചിരുന്നു. അത് ആവർത്തിച്ചു ന്യൂനപക്ഷങ്ങളെ പിണക്കേണ്ടെന്ന നിലപാടാണ് പിണറായി എടുത്തത്.

കേന്ദ്രത്തിൽ ബിജെപി. ഇതര സർക്കാർ വരണമെന്നതും മോദിവിരുദ്ധതയും കേരളത്തിൽ പ്രതിഫലിച്ചുവെന്ന് ഫലം വ്യക്തമാക്കുന്നുണ്ട്. ഇതിനുകാരണമായത് ഇടതുമുന്നണിയുടെ പ്രചാരണമാണെന്നാണ് അവകാശവാദം. ഈ പ്രചാരണം ഉൾക്കൊണ്ട ന്യൂനപക്ഷവിഭാഗങ്ങൾ യു.ഡി.എഫിനെ വിശ്വാസത്തിലെടുത്തു. ഇടതുപക്ഷത്തേക്കാൾ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതാണ് നല്ലതെന്ന ചിന്ത അവരിലുണ്ടായി. ഇതാണ്, ന്യൂനപക്ഷവോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി മാറിയതിന് സിപിഎം. കണ്ടെത്തുന്ന കാരണം. ന്യൂനപക്ഷവോട്ടുകൾമാത്രം കേന്ദ്രീകരിക്കപ്പെട്ടാൽ യു.ഡി.എഫിന് ഏകപക്ഷീയ വിജയമുണ്ടാവില്ലെന്ന് നേതാക്കൾതന്നെ സമ്മതിക്കുന്നു. പാർട്ടികോട്ടകളായ മണ്ഡലങ്ങൾ കൈവിടില്ലെന്നായിരുന്നു വിശ്വാസം. കാസർകോട്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ, ആലപ്പുഴ, തൃശ്ശൂർ, കൊല്ലം മണ്ഡലങ്ങൾ ഉറപ്പായും ജയിക്കുമെന്ന് സിപിഎം. കണക്കാക്കി. ആ പ്രതീക്ഷയാണ് തെറ്റിയത്.

അതിനുകാരണം, പാർട്ടിക്ക് കിട്ടിയിരുന്ന ഹിന്ദുവോട്ടുകളും കൂട്ടത്തോടെ ഒഴുകിപ്പോയതാണ്. യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ വൻഭൂരിപക്ഷം ഇതിനുതെളിവാണ്. മലബാറിലെ ഉറച്ച ഇടതുമണ്ഡലങ്ങളിൽ യു.ഡി.എഫ്. മുന്നിലെത്തിയെന്നതും വോട്ടുമറിഞ്ഞതിന്റെ ആധിക്യം പ്രകടമാക്കുന്നു. പാർട്ടിയിൽനിന്നകന്ന ന്യൂനപക്ഷവിഭാഗങ്ങൾക്ക് സംസ്ഥാനസർക്കാരിനോട് പ്രകടമായ അതൃപ്തിയില്ലാത്തത് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും തിരിച്ചുവരവ് എളുപ്പമാക്കുമെന്ന് നേതാക്കൾ കരുതുന്നു. പക്ഷേ, ശബരിമലയുടെ പേരിൽ ഭൂരിപക്ഷവിഭാഗത്തിലുള്ളവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ അകൽച്ച മറികടക്കാനുള്ള സമീപനമാണ് രാഷ്ട്രീയപ്രതിസന്ധിയുണ്ടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP