Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അധികാരക്കസേരയിൽ തൽക്കാലം പിടിച്ചിരിക്കാമെങ്കിലും പളനിസാമിക്കും കൂട്ടർക്കും സുഖമായി ഉറങ്ങാനാവില്ല; ഉപതിരഞ്ഞെടുപ്പിൽ 22 ൽ ഒമ്പതിടത്ത് ജയിച്ച് കയറിയതോടെ സർക്കാരിന് താൽക്കാലികാശ്വാസം; ഭരണം തകിടം മറിയാൻ മൂന്നുസ്വതന്ത്രന്മാരുടെ കസൃതി മതി; ഫലമറിവായിട്ടും തമിഴ്‌നാട് രാഷ്ട്രീയത്തിൽ അശാന്തി ഒഴിയുന്നില്ല

അധികാരക്കസേരയിൽ തൽക്കാലം പിടിച്ചിരിക്കാമെങ്കിലും പളനിസാമിക്കും കൂട്ടർക്കും സുഖമായി ഉറങ്ങാനാവില്ല; ഉപതിരഞ്ഞെടുപ്പിൽ 22 ൽ ഒമ്പതിടത്ത് ജയിച്ച് കയറിയതോടെ സർക്കാരിന് താൽക്കാലികാശ്വാസം; ഭരണം തകിടം മറിയാൻ മൂന്നുസ്വതന്ത്രന്മാരുടെ കസൃതി മതി; ഫലമറിവായിട്ടും തമിഴ്‌നാട് രാഷ്ട്രീയത്തിൽ അശാന്തി ഒഴിയുന്നില്ല

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ പളനിസാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് താൽക്കാലികമായി രാഷ്ട്രീയ പ്രതിസന്ധിയൊഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടന്ന ഇരുപത്തിരണ്ട് നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതിടത്താണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെ മുന്നിലെത്തിയത്. ഭരണം സുസ്ഥിരമാകാൻ പത്ത് സീറ്റെങ്കിലും വേണമെങ്കിലും, തൽക്കാലികമായി സർക്കാരിന് ആശ്വസിക്കാം. പക്ഷേ കൂടെയുണ്ടെന്ന് വിശ്വസിക്കുന്ന മൂന്ന് സ്വതന്ത്രരിൽ ആരെങ്കിലും കാല് മാറിയാൽ സർക്കാർ പ്രതിസന്ധിയിലാകും.

അണ്ണാ ഡിഎംകെയും പളനിസ്വാമിയും കാത്തിരുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തേക്കാളേറെ ഉപതിരഞ്ഞെടുപ്പ് ഫലമായിരുന്നു. 234 അംഗ നിയമസഭയാണ് തമിഴ്‌നാട്ടിലേത്. 118 പേർ വേണം കേവല ഭൂരിപക്ഷത്തിന്. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചുവന്ന 114 പേരാണ് ഇപ്പോൾ സഭയിലുള്ളത്. ഇതിൽ മൂന്ന് പേർ ദിനകരപക്ഷത്താണ്. തമീമുൻ അൻസാരി ഉൾപ്പെടെ മൂന്ന് പേർ മറ്റ് പാർട്ടിക്കാരാണ്. മുൻപ് ജയലളിതയുമായി ധാരണയുണ്ടാക്കി രണ്ടില ചിഹ്നത്തിൽ മത്സരിക്കുകയായിരുന്നു. ഇവരെ പൂർണ വിശ്വാസത്തിലെടുക്കാൻ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഈ കണക്കുകൾ പരിശോധിച്ചാൽ 108 ആണ് സഭയിൽ അണ്ണാ ഡിഎംകെയ്ക്ക് ഉറപ്പിക്കാവുന്ന അംഗ സംഖ്യ. അതായത് 22 മണ്ഡലങ്ങളിലെ ഫലം വരുമ്പോൾ 10 ഇടത്തെങ്കിലും ജയിക്കണം. ഒമ്പതിടത്ത് ജയിച്ചതോടെ, മൂന്നു സ്വതന്ത്രരെ ആശ്രയിച്ചായി ഭരണം.

ഈ സാഹചര്യം മുതലെടുക്കാൻ രണ്ട് പേരാണ് തക്കം പാർത്തിരിക്കുന്നത്. ഒന്ന് ഡിഎംകെ, മറ്റേത് ടിടിവി ദിനകരൻ. ഡിഎംകെയ്ക്ക് സർക്കാരിനെ മറിച്ചിട്ട് നിലവിലെ കണക്കുകൾ അനുകൂലമാക്കി സർക്കാരുണ്ടാക്കാൻ താൽപര്യമില്ല. പുതുതായി തിരഞ്ഞെടുപ്പ് നടത്തി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറലാണ് സ്റ്റാലിന്റെ സ്വപ്നം. പളനി സ്വാമിയും പനീർസെൽവവുമായി ഒത്തുതീർപ്പിന് ഇനി ദിനകരൻ ശ്രമിക്കും. പകരമായി ദിനകരൻ പളനിസ്വാമിയോട് മുഖ്യമന്ത്രിപദവും പനീർസെൽവത്തോട് പാർട്ടി നേതൃസ്ഥാനവും ആവശ്യപ്പെടും. അണ്ണാ ഡിഎംകെയിൽ വീണ്ടും മാന്നാർഗുഡി ഭരണം നിലവിൽവരുമെന്നാണ് സൂചന.

21 സീറ്റുകൾ വിജയിച്ചാൽ മാത്രമേ ഡിഎംകെയ്ക്ക് ഭരിക്കാൻ പറ്റൂമായിരുന്നുള്ളു. അതിനുള്ള സാധ്യത കുറവുമായിരുന്നു. ജയലളിത മരിച്ച ദിവസം മുതൽ അണ്ണാ ഡിഎംകെ നേരിടുന്ന അധികാര വടംവലിയും തർക്കങ്ങളും ഇനിയും നീളുമെന്ന് തന്നെയാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം മുപ്പത്തിയെട്ടിൽ മുപ്പത്തിയേഴിടത്തും വിജയിച്ചു. പുതുച്ചേരിയിലെ ഏക സീറ്റ് കോൺഗ്രസ് തിരിച്ചുപിടിച്ചു. ലോക്‌സഭാ സീറ്റുകളിലെ പരാജയത്തിനിടയിലും, ഉപതിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനം അണ്ണാ ഡിഎംകെ സർക്കാരിന് താൽക്കാലിക ആശ്വാസമായി. ഡിഎംകെ അധ്യക്ഷനായ ശേഷമുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എം.കെ.സ്റ്റാലിനെ തേടിയെത്തിയത്. ജയിച്ച സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും വമ്പിച്ച ഭൂരിപക്ഷം നേടി. കരുണാനിധിയുടെ മകൾ കനിമൊഴി തൂത്തുക്കുടിയിൽ രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദർരാജനെ പരാജയപ്പെടുത്തുന്നത്. മുൻ കേന്ദ്രമന്ത്രിമാരായ എ.രാജ നീലഗിരിയിൽ നിന്നും ടി.ആർ.ബാലു ശ്രീപെരുംപുത്തൂരിൽ നിന്നും ദയാനിധി മാരൻ ചെന്നൈ സെൻട്രലിൽ നിന്നും ജയിച്ചുകയറി. പുതുച്ചേരിയടക്കം കോൺഗ്രസിന്റെ ഒമ്പത് സ്ഥാനാരഥികളും വിജയക്കൊടി പാറിച്ചു. മുതിർന്ന അണ്ണാ ഡിഎംകെ നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈക്കെതിരെ കരൂരിൽ നിന്നും അട്ടിമറി വിജയം നേടിയ രാഹുൽ ബ്രിഗേഡിലെ യുവ നേതാവ് ജോതിമണിയാണ് തിളങ്ങിയവരിൽ പ്രമുഖർ.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ ദയനീയമായി പരാജയപ്പെട്ടു. മത്സരിച്ച രണ്ട് വീതം സീറ്റുകളിൽ സിപിഎമ്മും സിപിഐയും മികച്ച വിജയം നേടി. ശിവഗംഗയിൽ കാർത്തി ചിദംബരവും രാമനാഥപുരത്ത് മുസ്്‌ലിം ലീഗ് സ്ഥാനാർത്ഥി നവാസ് കനിയും വിജയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP