Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായിയുടെ ധർമ്മടത്തും ഇപിയുടെ മട്ടന്നൂരിലും കടന്നുകയറി വിള്ളലുണ്ടാക്കി; പി.കെ.ശ്രീമതിയുടെ പ്രചാരണത്തിൽ പിഴവുവന്നപ്പോൾ മുതലെടുക്കാനുമായി; ശബരിമല വിഷയത്തിൽ പാർട്ടിക്ക് മീതേ നിലപാടെടുത്ത് വിശ്വാസികളുടെ പിന്തുണയും നേടി; അക്രമരാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തിയതും രാഹുലിന്റെ വരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും കണ്ണൂരിൽ സുധാകരന് നേടിക്കൊടുത്തത് ചരിത്രവിജയം

പിണറായിയുടെ ധർമ്മടത്തും ഇപിയുടെ മട്ടന്നൂരിലും കടന്നുകയറി വിള്ളലുണ്ടാക്കി; പി.കെ.ശ്രീമതിയുടെ പ്രചാരണത്തിൽ പിഴവുവന്നപ്പോൾ മുതലെടുക്കാനുമായി; ശബരിമല വിഷയത്തിൽ പാർട്ടിക്ക് മീതേ നിലപാടെടുത്ത് വിശ്വാസികളുടെ പിന്തുണയും നേടി; അക്രമരാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തിയതും രാഹുലിന്റെ വരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും കണ്ണൂരിൽ സുധാകരന് നേടിക്കൊടുത്തത് ചരിത്രവിജയം

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളിൽ വിള്ളലുണ്ടാക്കിയാണ് കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ടു കൂടിയായ കെ.സുധാകരന്റെ വിജയം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിലും കടന്നു കയറിയാണ് സുധാകരൻ ചരിത്ര വിജയം നേടിയത്. കണ്ണൂർ ലോകസഭാ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇത്രയും ഭൂരിപക്ഷത്തിന് മറ്റൊരാളും ഇതുവരേയും വിജയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ ലീഡ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 30,000 ലേറെയായിരുന്നു. എന്നാൽ ഇത്തവണ അത് നാലായിരത്തി അഞ്ഞൂറിൽ താഴെയായി. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ കഴിഞ്ഞ തവണ 40,000 ന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. ഈ മണ്ഡലത്തിലും ലീഡ് 9,000 ൽ താഴെയാവുകയായിരുന്നു. രണ്ടിടത്തും യു.ഡി.എഫ് സിപിഎം. അനുകൂലികളുടെ വോട്ട് വാങ്ങിയെന്ന് വ്യക്തമാണ്.

സുധാകരൻ നേരത്തെ പ്രഖ്യാപിച്ചതു പോലെ തന്നെ സിപിഎം. കുത്തക മണ്ഡലങ്ങളിൽ അതുല്യ നേട്ടമുണ്ടാക്കുക തന്നെ ചെയ്തു. സിപിഎം. ന്റെ സംഘടനാ സംവിധാനത്തിലെ പോരായ്മയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. നേതാക്കളുടെ ഇഷ്ട തോഴന്മാർക്ക് പാർട്ടി പണി എന്നത് ഒരു അലങ്കാരം മാത്രമായി മാറി. കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട പാറപ്രത്ത് പോലും കെ. സുധാകരന് ചരിത്രത്തിലില്ലാത്ത വണ്ണം സ്വീകരണമാണ് ലഭിച്ചത്. അതു പോലെ തന്നെ മട്ടന്നൂരിൽ സംഘടനാ പിഴവും ആദ്യം മുതൽ തന്നെ വ്യക്തമായിരുന്നു. പി.കെ. ശ്രീമതിയുടെ ക്യാമ്പയിനിൽ പോലും സംഘടനക്കകത്തെ ദൗർബല്യം പുറത്തായിരുന്നു. എന്നാൽ ഇതൊന്നും യഥാ സമയം പരിഹരിക്കാൻ ഏറിയാ നേതാക്കൾക്കോ കീഴ്ഘടകങ്ങൾക്കോ കഴിഞ്ഞില്ല. ഗുരുതരമായ അഭിപ്രായ ഭിന്നതയും ഈ രണ്ട് മണ്ഡലങ്ങളിലേയും നേതാക്കൾക്കിടയിലുണ്ട്. അത് അണികളിലും പ്രകടമായിരുന്നു. അതിലൂടെ കടന്ന് കയറി മുതലെടുക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. അതാണ് സുധാകരന് അവർ പോലും പ്രതീക്ഷിക്കാത്ത വിജയം കൈവരിക്കാൻ കഴിഞ്ഞത്.

ശബരിമല വിശ്വാസ സംരക്ഷണത്തിൽ പാർട്ടിക്ക് മീതെ നിലപാടെടുത്ത് രംഗത്തിറങ്ങിയ കെ. സുധാകരന് വിശ്വാസികളായ എല്ലാ പാർട്ടികളിലേയും പ്രത്യേകിച്ച് സ്ത്രീകളുടെ പിൻതുണ ആർജ്ജിക്കാൻ കഴിഞ്ഞു. ബിജെപി. ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിച്ചു വെന്നതാണ് പൊതുവേ വിശ്വാസികൾ കരുതിയത്. പ്രചാരണ രംഗത്ത് അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രസംഗമാണ് സുധാകരൻ നടത്തിയത്. പെരിയയിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകവും മട്ടന്നൂരിലെ ഷുഹൈബ് വധവും അരിയിൽ ഷുക്കൂർ വധവും എല്ലാം സുധാകരന്റെ പ്രസംഗത്തിൽ വിഷയമായി. അതിലൂടെ നിഷ്പക്ഷമതികളുടെ വോട്ടുകൾ അനുകൂലമാക്കാൻ കഴിഞ്ഞു. കൃത്യമായ കണക്കു കൂട്ടലോടെ പ്രചാരണ രംഗത്ത് നിലയുറപ്പിച്ച യു.ഡി.എഫ് സ്വന്തം നിയമസഭാ മണ്ഡലങ്ങൾ ഭദ്രമാക്കുകയും സിപിഎം. കോട്ടകളിൽ ഇരച്ച് കയറുകയും ചെയ്തു. മാത്രമല്ല പേരാവൂർ നിയമസഭാ മണ്ഡലത്തിൽ എം. എൽ.എ ആയ സണ്ണി ജോസഫും ഇരിക്കൂർ നിയമസഭാ മണ്ഡലത്തിലെ എം. എൽ.എ യായ കെ. സി. ജോസഫും ഈ രണ്ട് മലയോര മണ്ഡലങ്ങളിലും എൽ.ഡി.എഫിനെതിരെ ശക്തമായ പ്രതിരോധം തീർത്തു. ഇതെല്ലാം കെ.സുധാകരന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുക്കാനായി.

വൈകിയാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയതെങ്കിലും കണ്ണൂർ തനിക്ക് അനുകൂലമാക്കാൻ പഴുതടച്ചുള്ള പ്രവർത്തനമാണ് കെ. സുധാകരൻ നടത്തിയത്. 2014 ൽ സുധാകരൻ മത്സരിക്കുമ്പോൾ കോൺഗ്രസ്സിലെ ഗ്രൂപ്പ് അതി ശക്തമായിരുന്നു. അതിലൂടെ കുറേ വോട്ടുകൾ ഒഴുകി പോവുകയും ചെയ്തു. യു.ഡി.എഫിൽ ഘടക കക്ഷികളുമായി കോൺഗ്രസ്സ് നല്ല ബന്ധത്തിലുമായിരുന്നില്ല. അതെല്ലാം പരിഹരിക്കപ്പെടുകയും കോൺഗ്രസ്സും യു.ഡി.എഫിലെ ഘടകകക്ഷികളും കെ. സുധാകരനെന്ന ഒരൊറ്റ സ്ഥാനാർത്ഥി എന്ന നിലപാടിലേക്ക് കണ്ണൂർ മണ്ഡലത്തിൽ എത്തിച്ചേരുകയായിരുന്നു. അതുകൊണ്ടു തന്നെ സ്ഥാനാർത്ഥിക്കെതിരെ ഒരു ചെറുവിരൽ പോലും അനങ്ങിയില്ല. നേരിയ അഭിപ്രായ ഭിന്നത പോലും ഒരു ഭാഗത്തു നിന്നും ഉണ്ടായുമില്ല. കഴിഞ്ഞ തവണ പി.കെ. ശ്രീമതി ജാതിക്കാർഡ് കാണിച്ച് വോട്ട് നേടിയെന്ന് പ്രചരണ രംഗത്ത് പരസ്യമായി കെ. സുധാകരൻ പ്രതികരിച്ചിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ എൽ.ഡി.എഫിന് കാര്യമായി കഴിഞ്ഞിരുന്നില്ല. ഇതിനെല്ലാം പുറമേ വയനാട്ടിൽ മത്സരിക്കാൻ രാഹുൽഗാന്ധി തീരുമാനമെടുത്തതിന്റെ തരംഗവും ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിച്ചതും സുധാകരന് അനുഗ്രഹമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP