Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചോളാ ബാറിന് ഗണപതിയെ കാവൽ നിർത്തിയ ബന്ധുബലം! തുണയായി; രണ്ടര പതിറ്റാണ്ട് ചുവന്ന് തുടിച്ച സിപിഎം കോട്ടയിൽ പുറത്തെടുത്തത് ജയിക്കാനായി എതിരാളികൾ പയറ്റുന്ന അതേ തന്ത്രങ്ങൾ; വോട്ടർ പട്ടികയിലെ കള്ളക്കളി കണ്ടെത്തി കള്ളവോട്ടും ഇരട്ട വോട്ടും തടഞ്ഞു; മസിലു പിടിക്കാതെ സൗമ്യമായ ചിരിയുമായെത്തി ആറ്റിങ്ങലുകാരുടെ 'ഞാൻ പ്രകാശനായത്' അതിവേഗത്തിൽ; ഏഴിൽ ആറിടത്തും ലീഡുമായി കോന്നിയുടെ എംഎൽഎ ഇനി ലോക്‌സഭയിലേക്ക്; സിപിഎം കോട്ട അടൂർ പ്രകാശ് തല്ലി തകർക്കുമ്പോൾ

ചോളാ ബാറിന് ഗണപതിയെ കാവൽ നിർത്തിയ ബന്ധുബലം! തുണയായി; രണ്ടര പതിറ്റാണ്ട് ചുവന്ന് തുടിച്ച സിപിഎം കോട്ടയിൽ പുറത്തെടുത്തത് ജയിക്കാനായി എതിരാളികൾ പയറ്റുന്ന അതേ തന്ത്രങ്ങൾ; വോട്ടർ പട്ടികയിലെ കള്ളക്കളി കണ്ടെത്തി കള്ളവോട്ടും ഇരട്ട വോട്ടും തടഞ്ഞു; മസിലു പിടിക്കാതെ സൗമ്യമായ ചിരിയുമായെത്തി ആറ്റിങ്ങലുകാരുടെ 'ഞാൻ പ്രകാശനായത്' അതിവേഗത്തിൽ; ഏഴിൽ ആറിടത്തും ലീഡുമായി കോന്നിയുടെ എംഎൽഎ ഇനി ലോക്‌സഭയിലേക്ക്; സിപിഎം കോട്ട അടൂർ പ്രകാശ് തല്ലി തകർക്കുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമാർന്ന ജയം ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെതാണെന്നു സംശയലേശമന്യേ പറയാൻ കഴിയും. 27 വർഷമായി എൽഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് അടൂർ പ്രകാശ് കോൺഗ്രസിനായി തിരിച്ചുപിടിച്ചത്. കേരളത്തിൽ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലംകൂടിയാണ് ആറ്റിങ്ങൽ. ഹാട്രിക് ജയത്തിനായി എത്തിയ സിപിഎമ്മിന്റെ എ.സമ്പത്തിനെയാണ് അടൂർ പ്രകാശ് ശക്തമായ പോരാട്ടത്തിലൂടെ പരാജയം രുചിപ്പിച്ചത്.

തിരഞ്ഞെടുപ്പുകളിൽ ജയിക്കാനുള്ള മാന്ത്രികത കയ്യിലുള്ള നേതാവ് എന്ന രീതിയിലാണ് കോൺഗ്രസുകാർ അടൂർ പ്രകാശിനെ കാണുന്നത്. ഈ ധാരണ അടൂർ പ്രകാശ് ആറ്റിങ്ങലിലും തെറ്റിച്ചുമില്ല. തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഇടതുമുന്നണിയ്‌ക്കൊപ്പം നടന്ന മണ്ഡലമാണ് മാന്ത്രിക സ്പർശം വഴി അടൂർ പ്രകാശ് യുഡിഎഫിന്റെതാക്കി മാറ്റിയത്. ശബരിമല പ്രശ്‌നത്തിൽ കേരളത്തിൽ സിപിഎമ്മിനെതിരെയുള്ള വികാരം വോട്ടാക്കി മാറ്റാനായി അടൂർ പ്രകാശിനെ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കുമ്പോൾ കോൺഗ്രസിന്റെ ഒരു രാഷ്ട്രീയ കണക്കുകൂട്ടൽ കൂടി ശരിയായി വരുകയാണ്. ആറ്റിങ്ങലിലെ ഏഴ് മണ്ഡലങ്ങളിൽ ആറിടത്തും അടൂർ പ്രകാശിനായിരുന്നു ലീഡ്.

ആറ്റിങ്ങൽ, ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങൾ ഇടതിന്റെ ഉറച്ച കോട്ടയാണ്. ഇതും അടൂർ പ്രകാശ് തകർത്തു. നെടുമങ്ങാട് മാത്രമാണ് പിന്നിൽ പോയത്. അരുവിക്കരയും കാട്ടാക്കടയും വർക്കലയും വാമനപുരവും അടൂർ പ്രകാശിനെ തുണച്ചു. നെടുമങ്ങാടും സമ്പത്ത് നേടിയത് ചെറിയ ഭൂരിപക്ഷമാണ്. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ രണ്ട് ലക്ഷത്തി നാൽപ്പതിനായിരത്തിൽ പരം വോട്ട് നേടിയതിനിടെയാണ് അടൂർ പ്രകാശിന്റെ മിന്നും വിജയം. ബാർ ഹോട്ടൽ മുതലാളിയായ ബിജു രമേശിന്റെ മകളുടെ ഭർത്താവിന്റെ അച്ഛനാണ് അടൂർ പ്രകാശ്. ചോളാ ബാർ സംരക്ഷിക്കാൻ ഗണപതി അമ്പലം കെട്ടിയ തിരുവനന്തപുരത്തെ ബിസിനസ് മുതലാളിയുടെ ബന്ധബലും അടൂർ പ്രകാശിന് തുണയായി. അങ്ങനെ എല്ലാ സാധ്യതകളും ഉപയോഗിച്ചാണ് സിപിഎം കോട്ട അടൂർ പ്രകാശ് തകർത്തത്

കേരളത്തിലെ കോൺഗ്രസിന്റെ സൗമ്യമായ മുഖമാണ് അടൂർ പ്രകാശ്. അനുയായികൾക്ക് ആവേശം പകരുന്ന വ്യക്തി പ്രഭാവമുള്ള നേതാവാണ് അടൂർ പ്രകാശ്. രണ്ടു തവണ മന്ത്രിയായിരുന്നപ്പോഴും മികച്ച ഭരണാധികാരിയെന്ന നിലയിൽ തന്റെ പ്രാഗത്ഭ്യം തെളിയിക്കാൻ അടൂർ പ്രകാശിന് കഴിയുകയും ചെയ്തു. അഞ്ചാം തവണയാണ് അടൂർ പ്രകാശ് കോന്നി ജനറൽ സീറ്റിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇടത് കോട്ടയായ ആറ്റിങ്ങലിൽ കോന്നി എംഎൽഎയായ അടൂർ പ്രകാശിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുമ്പോൾ ഒരു ഭാഗ്യപരീക്ഷണം എന്ന രീതിയിലാണ് ഈ മത്സരത്തെ കോൺഗ്രസ് കണ്ടത്.

അതേസമയം ശബരിമല പ്രശ്‌നത്തിലും അടൂർ പ്രകാശിലുമുള്ള വിശ്വാസം കോൺഗ്രസ് നിലനിർത്തുകയും ചെയ്തു. മണ്ഡലം പിടിക്കാൻ കഴിയുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ടായിരുന്നില്ല. കാരണം രണ്ടര പതിറ്റാണ്ടിലേറെയായി ഇടത് മണ്ഡലമാണ് ആറ്റിങ്ങൽ. 1989ൽ തലേക്കുന്നിൽ ബഷീറാണു മണ്ഡലത്തിൽനിന്ന് ജയിച്ച ഏറ്റവും ഒടുവിലത്തെ യുഡിഎഫ് സ്ഥാനാർത്ഥി. ആറ്റിങ്ങലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ മണ്ഡലത്തിന്റെ ജാതകം തിരുത്തികുറിക്കുന്ന പ്രചാരണത്തിനാണ് അടൂർ പ്രകാശ് തുടക്കമിട്ടത്. ജയിക്കാനാണ് ആറ്റിങ്ങലിൽ വന്നിറങ്ങിയത്. ജയിച്ചിട്ടേ തിരിച്ചു പോവൂ. ഈ രീതിയിലാണ് അടൂർ പ്രകാശ് ആറ്റിങ്ങലിലെ മത്സരത്തെ കണ്ടത്.

കോന്നിയിൽ അഞ്ചു തവണയും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച പാരമ്പര്യമുള്ള അടൂർ പ്രകാശ് ഈ രീതികൾ തന്നെ ആറ്റിങ്ങലിലും പരീക്ഷിച്ചപ്പോൾ വിജയം അദ്ദേഹത്തിന് ഒപ്പംനിന്നു. സിപിഎം ജയിക്കുന്ന രീതികൾ നന്നായറിയാവുന്ന അടൂർ പ്രകാശ് തോൽവിയുടെ ലൂപ്പ് ഹോളുകൾ ആദ്യം തന്നെ അടച്ചു. സിപിഎം ജയിക്കുന്ന രീതികൾ തന്നെ കടമെടുത്ത് സിപിഎമ്മിനെതിരെ തിരിച്ചു പയറ്റി. സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാഷയിൽ എ.സമ്പത്തിന് പ്രതീക്ഷിക്കാത്ത പരാജയം വന്നത് ഈ വഴിയേയാണ്.

തിരഞ്ഞെടുപ്പ് ജോലികളും ജയിക്കാനും നന്നായി അറിയാവുന്ന അടൂർ പ്രകാശ് ആദ്യം ചെയ്തത് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. എ. സമ്പത്ത് ജയിക്കുന്ന എഴുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം എങ്ങിനെ വരുന്നു എന്നതിലായിരുന്നു അടൂർ പ്രകാശിന്റെ കണ്ണ് പതിഞ്ഞത്. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ എ.സമ്പത്ത് ജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി യുഡിഎഫിന്റെ ബിന്ദു കൃഷ്ണയായിരുന്നു.

ബിന്ദു കൃഷ്ണ കഴിഞ്ഞ തവണ സമ്പത്തിനോട് പരാജയമടഞ്ഞത് 70000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. ഈ വോട്ടുകളുടെ ഭൂരിപക്ഷം അന്വേഷിച്ചപ്പോഴാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ടവോട്ടുകൾ അടൂർ പ്രകാശിന്റെ കണ്ണിൽപ്പെട്ടത്. അമ്പതിനായിരത്തിലേറെ ആളുകൾ ഇരട്ടവോട്ടുകളുമായി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്നു അടൂർ പ്രകാശിന് മനസിലായി. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേർ കള്ളവോട്ടിന്റെ നിഴലിലാണെന്നും അടൂർ പ്രകാശ് കണ്ടെത്തി. ഇതോടെയാണ് ഇരട്ടവോട്ടുകളുടെ സമഗ്ര പട്ടികയായി തിരഞ്ഞെടുപ്പ് കമ്മീഷനെയും മാധ്യമങ്ങളെയും സമീപിക്കാൻ അടൂർ പ്രകാശ് ഒരുങ്ങിയത്. തന്ത്ര പരമായ ഈ നീക്കം വഴിയാണ് ഇക്കുറി ആറ്റിങ്ങലിൽ വിജയിക്കാനും മണ്ഡലം കോൺഗ്രസിന്റെതാക്കി മാറ്റാനും അടൂർ പ്രകാശിന് കഴിഞ്ഞത്.

കള്ളവോട്ടിന്റെ കണക്കുകളുടെ പട്ടികയെടുത്ത് പരാതി നൽകിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടറും പ്രശ്‌നത്തിൽ ഇടപെട്ടു. ആറ്റിങ്ങലിൽ കള്ളവോട്ടുകൾ ചെയ്യാൻ ശ്രമിച്ചാൽ ഉടനടി റിമാൻഡ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ പ്രഖ്യാപനവും വന്നു. ജില്ലാ കളക്ടറും ശക്തമായ നിലപാട് തന്നെ സ്വീകരിച്ചു. വോട്ടെടുപ്പിന്റെ തലേദിവസം വരെ ആറ്റിങ്ങൽ കള്ളവോട്ട് പ്രശ്‌നത്തിൽ നിരന്തരം വാർത്തകൾ വന്നതോടെ ഇരട്ട വോട്ടുകൾ ഉണ്ടായിരുന്നവർ വോട്ടുകൾ ചെയ്യാൻ മടിച്ചു. ഇരട്ട വോട്ടുകളുടെ പട്ടിക സഹിതമാണ് അന്ന് പോളിങ് ഏജന്റുമാർ ആയി കോൺഗ്രസ് പ്രവർത്തകർ പോളിങ് സ്റ്റേഷനുകളിൽ എത്തിയത്. ഇതോടെ ആശയക്കുഴപ്പത്തിലായവർ ഒരൊറ്റ വോട്ടു മാത്രം രേഖപ്പെടുത്തി മിണ്ടാതിരുന്നു. കള്ളവോട്ടിന് ശ്രമിച്ചവർ ഇക്കുറി ആറ്റിങ്ങലിൽ ആ ശ്രമത്തിനു മുതിർന്നുമില്ല. അടൂർ പ്രകാശിന്റെ ഈ നീക്കം ഈ തിരഞ്ഞടുപ്പ് ജയത്തിനു പരമ പ്രധാനവുമായി മാറി.

കെഎസ് യുവിലൂടെയാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ അടൂർ പ്രകാശ് ചുവടുറപ്പിക്കുന്നത്. കെഎസ് യുവിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. രമേശ് ചെന്നിത്തല, പന്തളം സുധാകരൻ, ജി.കാർത്തികേയൻ തുടങ്ങിയ നേതാക്കൾക്കൊപ്പമായിരുന്നു അടൂർ പ്രകാശിന്റെയും കടന്നുവരവ്. കെഎസ് യുവിൽ നിന്ന് പിന്നെ യൂത്ത് കോൺഗ്രസിലുമെത്തി. പത്തനംതിട്ട രാഷ്ട്രീയത്തിലാണ് അടൂർ പ്രകാശ് നിറഞ്ഞു നിന്നത്. അതോടെ കോന്നി എംഎൽഎയുമായി. 1996 മുതൽ തുടർച്ചയായി കോന്നി കോന്നി മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎകൂടിയാണ് അടൂർ പ്രകാശ്. അടൂർ പ്രകാശിന്റെ ഈ ജനപ്രിയത തന്നെയാണ് ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ഇപ്പോൾ തെളിഞ്ഞു വരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP