Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്

സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മീ ടൂ ആരോപണമുന്നയിച്ച രേവതി സമ്പത്തിനെ അറിയാമെന്ന് നടൻ സിദ്ദിഖ്. സിനിമയിലെ സുഹൃത്തുക്കളോടാണ് രേവതി സമ്പത്തിനെ അറിയാമെന്ന കാര്യം നടൻ സമ്മതിക്കുന്നത്. എന്നാൽ പോസ്റ്റിൽ പറയുന്നത് പോലെ ദുരുദ്ദേശത്തോടെ ഒന്നും നടന്നില്ലെന്നാണ് സിദ്ദിഖിന്റെ നിലപാട്. രേവതി സമ്പത്തിന്റെ മീ ടൂ ആരോപണം ചർച്ചയായതോടെയാണ് സിനിമയിലെ സുഹൃത്തുക്കൾ കാര്യത്തിന്റെ നിജസ്ഥിതി തേടി സിദ്ദിഖിനെ ബന്ധപ്പെട്ടത്. ഇവരോടാണ് രേവതി സമ്പത്തിനെ അറിയാമെന്ന പ്രതികരണം സിദ്ദിഖ് നടത്തിയത്.

നവാഗത സംവിധായകനായ റെജി പ്രഭാകറിന്റെ ആദ്യ സിനിമയായിരുന്നു സുഖമായിരിക്കെട്ട. കാലിക പ്രധാന്യമുള്ള വിഷയം ചർച്ച ചെയ്ത സിനിമയുടെ തിരക്കഥാകൃത്ത് ടി.എ.റസാഖും. മലയാള സിനിമയിൽ വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച തന്റെ അഭിനയ തികവ് പ്രകടിപ്പിച്ചിട്ടുള്ള സിദ്ദിഖ് സിനിമയിലെ രാവുണ്ണി മാഷ് എന്ന കഥാപാത്രത്തെ ഏവരുടേയും മനസിനെ സ്പർശിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്. വിനീതും ടിനി ടോമും അടക്കമുള്ളവർ ഈ സിനിമയുടെ ഭാഗമായിരുന്നു. വി എം സുധീരൻ അടക്കമുള്ള പ്രമുഖർ സിനിമയുടെ പ്രിവ്യൂവിനും എത്തിയിരുന്നു. ഇത്തരമൊരു വേദിയിൽ വച്ചാണ് ലൈംഗിക ചുവയോടെ സിദ്ദിഖ് സംസാരിച്ചെന്ന തരത്തിൽ രേവതി സിദ്ദിഖ് പോസ്റ്റിട്ടത്.

രേവതിയുടെ താമസം ഓസ്‌ട്രേലിയയിൽ ആയിരുന്നു. അവിടെ നിന്ന് തന്നെ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. മലയാള സിനിമയിലെ അതുല്യ നടൻ എന്ന രീതിയിലായിരുന്നു പരിചയപ്പെടാൻ യുവതി എത്തിയത്. ഫോൺ വിളികളിലൂടെ സൗഹൃദമെത്തിയപ്പോൾ ഈ കുട്ടിയുടെ അമ്മയും അച്ഛനുമായും ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടെ ഒരു ദിവസം ഫോൺവിളിച്ച് പെൺകുട്ടി തിരുവനന്തപുരത്ത് എത്തിയതായി പറഞ്ഞു. അപ്പോൾ രണ്ട് ദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് സിനിമയുടെ പ്രിവ്യൂവുണ്ടെന്നും അവിടെ വന്നാൽ കാണാമെന്നും പറഞ്ഞു. സിനിമ കാണാൻ അച്ഛനും അമ്മയക്കുമൊപ്പമാണ് രേവതി എത്തിയത്. അവിടെ കുട്ടിയുടെ വസ്ത്രധാരണ രീതിയിൽ ചില കമന്റുകൾ നടത്തിയിരുന്നു. ഇത് ഓസ്‌ട്രേലിയ അല്ലെന്നും അതുകൊണ്ട് വസ്ത്രധാരണത്തിൽ കുറച്ചു കൂടി ശ്രദ്ധവേണമെന്നുമായിരുന്നു ഉപദേശം.-ഇതാണ് സിദ്ദിഖ് സുഹൃത്തുക്കളോട് പറയുന്നത്.

മകളെ പോലെ കണ്ടാണ് ഇത്തരത്തിലൊരു ഉപദേശം നൽകിയത്. അന്ന് സിനിമ കണ്ടതും ഈ കുട്ടിയുമായി ഒരുമിച്ചിരുന്നില്ല. ആ കുട്ടി അച്ഛനും അമ്മയ്ക്കുമൊപ്പം മറ്റൊരിടത്താണ് സിനമ കണ്ടതെന്നും സിദ്ദിഖ് പറയുന്നു. അതിന് അപ്പുറം ഒന്നും ഉണ്ടായിട്ടില്ല. ഫോൺ കോളുകൾ പരിശോധിച്ചാൽ തന്നെ കൂടുതലും ഇങ്ങോട്ടാണ് വിളി വന്നിട്ടുള്ളതെന്ന് മനസ്സിലാകുമെന്നും സിദ്ദിഖ് പറയുന്നു. വെറുമൊരു തെറ്റിധാരണയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്നാണ് സിദ്ദിഖിന്റെ വിശദീകരണം. രണ്ട് വർഷം മുമ്പുള്ള കാര്യം ഇപ്പോൾ കുത്തിപ്പൊക്കുന്നതിന് പിന്നിൽ സിനിമയിലെ സിദ്ദിഖിന്റെ സുഹൃത്തുക്കൾ ഗൂഢാലോചനയും കാണുന്നുണ്ട്. ഏതായാലും വിഷയത്തിൽ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. താരസംഘടനയ്ക്ക് പരാതിയായി ഇത്തരമൊരു വിഷയം കിട്ടിയിട്ടില്ല. അതിനാൽ തന്നെ പ്രതികരിക്കേണ്ടതില്ലെന്നാണ് അമ്മയുടെ പക്ഷം.

ഈ വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് ഡബ്ല്യുസിസിയുടേയും നീക്കം. തെളിവുകളുണ്ടോ എന്ന് നോക്കി മാത്രമേ പ്രതികരിക്കൂവെന്നാണ് സൂചന. ഏതായാലും നടന്മാർക്കെതിരെ പ്രതികരിക്കുന്നവർക്ക് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വരും. രാജേഷ് ടച്ച് റിവറിനെതിരെ ആരോപണമുന്നയിച്ച് സിനിമയിൽ രേവതി സമ്പത്ത് ഒറ്റപ്പെട്ടിരുന്നു. ഇതിന് പരിഹാരം കാണാൻ സംഘടന അവർക്കൊപ്പമുണ്ടാകുമെന്നാണ് സൂചന. ഡബ്ല്യുസിസിയിലെ പ്രമുഖയായ പാർവ്വതിയുടെ അവസാന സിനിമയിലും സിദ്ദിഖ് നിർണ്ണായക വേഷം ചെയ്തിരുന്നു. ഉയരെ എന്ന സിനിമയിൽ നായികയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന അച്ഛന്റെ റോളിൽ തിളങ്ങിയത് സിദ്ദിഖായിരുന്നു.

നിള തിയെറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടെന്നും രേവതി ഫേസ്‌ബുക്കിൽ കുറിച്ചു. ഡബ്ല്യൂസിസിയെക്കെതിരെ കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്താണ് രേവതി കുറിപ്പ് എഴുതിയിരിക്കുന്നത്. തിരുവനന്തപുരം നിള തിയേറ്ററിലെ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ 2016 ലെ പ്രിവ്യു നടക്കുമ്പോൾ നടൻ സിദ്ദിഖ് എന്നോട് അപമര്യാദയായി പെരുമാറി. അയാളുടെ ലൈംഗിക ചുവയുള്ള വർത്തമാനം 21-ാം വയസ്സിൽ എന്നെ തളർത്തി. അയാൾ എനിക്ക് സമ്മാനിച്ച ആഘാതം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. അയാൾക്കൊരു മകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഇയാളുടെ കയ്യിൽ അവൾ സുരക്ഷിതയാണോ എന്ന് ഞാൻ സംശയിക്കുന്നു. നിങ്ങളുടെ മകൾക്കാണിത് സംഭവിച്ചതെങ്കിൽ എന്ത് ചെയ്യുമായിരുന്നു മിസ്റ്റർ സിദ്ദിഖ്? ഇദ്ദേഹത്തെ പോലൊരു വ്യക്തിക്ക് എങ്ങനെ WCC പോലൊരു സംഘടനക്കെതിരെ വിരൽ ചൂണ്ടാൻ കഴിയും? ഉളുപ്പുണ്ടോ? ചിന്തിച്ചു നോക്കൂ. ജന്റിൽമാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ മുഖംമൂടികളോട് ലജ്ജ തോന്നുന്നു.-ഇതായിരുന്നു രേവതിയുടെ പോസ്റ്റ്.

മുൻപ് സംവിധായകൻ രാജേഷ് ടച്ച്‌റിവറിനുമെതിരെ മീ ടൂ പരാമർശവുമായി രേവതി എത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകനായ രാജേഷ് ടച്ച്റിവറിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായിരുന്നു. പ്രതികരിക്കുമ്പോൾ 'നീ ഒരു പുതുമുഖമാണ്, ഒന്നും പറയേണ്ട' എന്ന തരത്തിൽ ആയിരുന്നു പ്രതികരണം എന്ന് ആരോപിച്ചിരുന്നു. തെലുങ്കിലും, ഒറിയയിലുമായി തയ്യാറായി വന്നിരുന്ന ചിത്രത്തിന്റെ സെറ്റിൽ ആയിരുന്നു സംഭവം. മാനസികമായ പീഡനം, അപമാനം, ലിംഗ വിവേചനം, ലൈംഗികച്ചുവയുള്ള സംഭാഷണം, ബ്ലാക്ക്മെയിൽ ആരോപണങ്ങളാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ രേവതി ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP