Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യം മുൻ പ്രധാനമന്ത്രിയുടെ ഓർമ്മയിൽ; ഡിജിറ്റൽ ഇന്ത്യയ്ക്ക് അടിത്തറപാകിയ ഭരണാധികാരി രക്തസാക്ഷിയായിട്ട് 28 വർഷം; രാജീവ് ഗാന്ധിക്ക് ശ്രാദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനും ഉൾപ്പെടെയുള്ള പ്രമുഖർ

രാജ്യം മുൻ പ്രധാനമന്ത്രിയുടെ ഓർമ്മയിൽ; ഡിജിറ്റൽ ഇന്ത്യയ്ക്ക് അടിത്തറപാകിയ ഭരണാധികാരി രക്തസാക്ഷിയായിട്ട് 28 വർഷം; രാജീവ് ഗാന്ധിക്ക് ശ്രാദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനും ഉൾപ്പെടെയുള്ള പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രി പദവിയിലിരിക്കെ വംശീയ ഭീകരവാദത്തിന്റെ ഇരയായി രക്തസാക്ഷിയായ രാജീവ് ഗാന്ധിയുടെ സ്മരണയിൽ രാജ്യം. മുൻ പ്രധാനമന്ത്രിയുടെ 28-ാം രക്തസാക്ഷിത്വ ദിനത്തിൽ യമുന നദിക്കരയിലെ സമാധി സ്ഥലമായ വീർ ഭൂമിയിൽ അദ്ദേഹത്തിന്റെ ഭാര്യ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും മക്കളായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര ഗാന്ധി, മരുമകൻ റോബർട്ട് വാദ്ര എന്നിവർ പുഷ്പാർച്ചന നടത്തി.

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അടക്കമുള്ളവ വീർ ഭൂമിയിൽ പുഷ്പാർച്ചന നടത്തുകയും പ്രാർത്ഥനയിൽ പങ്കെടുകയും ചെയ്തു. രക്തസാക്ഷിത്വ ദിനത്തിൽ രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

1984ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്നാണ് രാജീവ് ഗാന്ധി രാജ്യത്തിന്റെ ആറാമത് പ്രധാനമന്ത്രിയായത്. രാജീവിന്റെ നേതൃത്വത്തിലുള്ള സർക്കാർ 1984 മുതൽ 89 ഭരണം നടത്തി. 1991 മെയ് 21ന് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ വെച്ച് തമിഴ് പുലികളുടെ ചാവേർ ആക്രമണത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്.

രാഷ്ട്രീയത്തിൽ തല്പരനല്ലാത്ത രാജീവ്

1944 ഓഗസ്റ്റ് 20ന് ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും മൂത്ത മകനായാണ് രാജീവിന്റെ ജനനം. നഴ്‌സറി ക്ലാസ്സുകൾക്കായി രാജീവിനെ  ശിവനികേതൻ എന്ന സ്‌കൂളിലാണ് ചേർത്തത്. പിന്നീട് ഡെറാഡൂണിലുള്ള വെൽഹാം ബോയ് സ്‌കൂളിലും, ഡൂൺ സ്‌കൂളിലും ആയാണ് രാജീവ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയൻ വംശജയായ അന്റോണിയ അൽബിനാ മൈനോ എന്ന പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. പിന്നീട് രാജീവ് ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി ഉദ്യോഗത്തിൽ ചേർന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല എങ്കിലും സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയാണുണ്ടായത്.

ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടമായിരുന്നു അന്ന് രാജീവ് കൈവരിച്ചത്. 1984ൽ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സഹാനുഭൂതി തരംഗത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽവന്ന രാജീവ് ഗാന്ധി അക്കാലത്ത് ദിശ നഷ്ടപ്പെട്ട ഇന്ത്യൻ ജനതയുടെ ഏക പ്രത്യാശയായിരുന്നു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ്സ് വിജയിച്ചത് 'മിസ്റ്റർ ക്ലീൻ' എന്നും ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു നയിക്കുന്ന നവയുഗ പ്രതിഭാസമെന്നും ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചു.

രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ അടിത്തറയിട്ട ഭരണാധികാരി

സാങ്കേതിക രംഗങ്ങളിൽ രാജീവ് ഗാന്ധി നടപ്പിലാക്കിയ വിപ്ലകരമായ മാറ്റങ്ങലാണ് ഡിജിറ്റൽ ഇന്ത്യയുടെ അടിത്തറയിട്ടത്. രാജ്യത്തെ അടിമുടി മാറ്റിയ ടെലികോം വിപ്ലവം (സിഡോട്ട്, MTNL, PCO തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭവനകളായിരുന്നു), അടിസ്ഥാന മേഖലകളിൽ അദ്ദേഹം ആരംഭിച്ച ആറ്് ടെക്നോളജി മിഷനുകൾ, വ്യാപകമായി നടപ്പാക്കിയ കംപ്യൂട്ടർവത്കരണം, യന്ത്രവത്കരണം, വ്യവസായനവീകരണം, സാങ്കേതിക മേഖലകൾക്ക് നൽകിയ ഊന്നൽ എന്നിവ ഇന്ത്യയുടെ രൂപംതന്നെ മാറ്റിമറിച്ചു. സാങ്കേതിക രംഗത്ത് ഇന്ത്യ പുത്തൻ അനുഭവങ്ങൾ ശീലിച്ച കാലമായിരുന്നു അത്. സാമ്പത്തിക രംഗത്തും പല മാറ്റങ്ങൾക്കും അദ്ദേഹം തുടക്കമിട്ടിരുന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനും ഉയർന്ന സാമ്പത്തിക, വ്യാവസായിക വളർച്ച നേടുന്നതിനും 'ലൈസൻസ് രാജ്' രീതി പൊളിച്ചുമാറ്റുകയും നിയന്ത്രണങ്ങൾ എടുത്തുകളയുകയും ചെയ്യുന്ന നയങ്ങൾ തുടങ്ങിയത് അക്കാലത്താണ്. മധ്യവർഗത്തിനാണ് ഇത് ഏറെ പ്രിയമായതെങ്കിലും ഇന്ത്യൻ സാമ്പത്തികരംഗം മൊത്തത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി.

വംശീയ തീവ്രവാദത്തിന്റെ ഇര

ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ ബോംബ് സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്‌നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

എന്നാൽ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടയുകയായിരുന്നു. സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു, തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തുകയായിരുന്നു എന്നു പറയപ്പെടുന്നു. ശക്തമായ സ്‌ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP