Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെജ്‌രിവാളിന്റെ രാജി നിർവാഹക സമിതി തള്ളി; രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുള്ള യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും രാജി സ്വീകരിച്ചു; ഇരുവർക്കും പുതിയ ചുമതല; ആം ആദ്മി വിപ്ലവം കെട്ടുപോകാതിരിക്കാൻ താൽക്കാലിക വെടിനിർത്തൽ

കെജ്‌രിവാളിന്റെ രാജി നിർവാഹക സമിതി തള്ളി; രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുള്ള യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും രാജി സ്വീകരിച്ചു; ഇരുവർക്കും പുതിയ ചുമതല; ആം ആദ്മി വിപ്ലവം കെട്ടുപോകാതിരിക്കാൻ താൽക്കാലിക വെടിനിർത്തൽ

ന്യൂഡൽഹി: ഡൽഹിയിൽ വിപ്ലവം വിതച്ച ആം ആദ്മി പാർട്ടിയിലെ കൂട്ടരാജിക്ക് നിർവാഹക സമിതി തടയിട്ടു. പാർട്ടിയിലെ നേതാക്കൾ തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെ ആം ആദ്മി പാർട്ടി കൺവീനർ സ്ഥാനം രാജിവച്ച അരവിന്ദ് കെജ്‌രിവാളിന്റെ നടപടി ആപ്പ് നിർവാഹക സമിതി തള്ളി.

പാർട്ടിയിൽ വിമത സ്വരമുയർത്തിയ പ്രശാന്ത് ഭൂഷന്റെയും യോഗേന്ദ്ര യാദവിന്റെയും രാജി രാഷ്ട്രീയ കാര്യ സമിതി സ്വീകരിച്ചു. ഇരുവരും രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് ഒഴിവായതോടെ പുതിയ ചുമതലകൾ നൽകി പുനഃസംഘടിപ്പിക്കാനുള്ള നീക്കമാണ് ആം ആദ്മിയിൽ നടക്കുന്നത്.

പ്രശാന്ത് ഭൂഷനെ എഎപിയുടെ ലോക്പാൽ കമ്മിറ്റി അധ്യക്ഷനാക്കും. യോഗേന്ദ്ര യാദവിന് പാർട്ടിയുടെ കർഷക ഘടകത്തിന്റെ ചുമതല നൽകും. പാർട്ടിയുടെ മുഖ്യ വക്താവ് സ്ഥാനത്ത് നിന്നും യാദവിനെ നീക്കാനും നിർവാഹക സമിതിയിൽ ധാരണയായതായാണ് സൂചന.

കെജ്‌രിവാൾ രാജി സമർപ്പിച്ചതിനു പിന്നാലെ പാർട്ടിയിലെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നം യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും രാജി സമർപ്പിച്ചിരുന്നു. തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത വിധം യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമായുള്ള അകൽച്ച രൂക്ഷമായതോടെയാണ് കെജ്‌രിവാൾ കൺവീനർ സ്ഥാനം രാജിവച്ചത്. രാജിക്കത്ത് പാർട്ടിയുടെ ദേശീയ നിർവാഹക സമിതിക്ക് കൈമാറുകയും ചെയ്തു. ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും കെജ്രിവാൾ അറിയിച്ചിരുന്നു.

ഡൽഹി ഭരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് രാജിവെക്കുന്നതെന്നാണ് അദ്ദേഹം രാജിക്കത്തിൽ പറഞ്ഞത്. പാർട്ടിയെയും ഭരണത്തെയും നയിക്കുന്നത് അമിത ഭാരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലും കേജ്‌രിവാൾ രാജികാര്യം പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാജിക്കത്ത് നിർവാഹക സമിതി തള്ളുകയാണുണ്ടായത്.

കോൺഗ്രസിനെയും ബിജെപിയെയും കടപുഴക്കി ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിലെത്തി ഒരു മാസം പോലും തികയും മുമ്പാണ് പാർട്ടിയിൽ പൊട്ടിത്തറിയുണ്ടായത്. നിർണ്ണായകമായ നാഷണൽ എക്‌സിക്യൂട്ടീവ് യോഗം നടക്കാനിരിക്കേയാണ് പാർട്ടിയുടെ തലമുതിർന്ന നേതാക്കൾ രാജിവച്ചത്. നാഷണൽ എക്‌സിക്യൂട്ടീവിൽ കെജ്രിവാൾ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ കാരണങ്ങളാൽ ബാംഗ്ലൂരിൽ ചികിത്സക്ക് പോയിരിക്കുകയാണ് അദ്ദേഹം.

പാർട്ടി സ്ഥാപിക്കുന്നതിലും തെരഞ്ഞെടുപ്പ് കാലത്തും കെജ്രിവാളിന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് ആം ആദ്മിയിലെ മുൻനിര നേതാക്കൾ പരസ്പരം പോരടിക്കുന്നതിനിടയിലാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) നിർണായക ദേശീയ പ്രവർത്തകസമിതി യോഗം ഇന്ന് ചേർന്നത്. കെജ്രിവാളിനെതിരെ രംഗത്തെത്തിയ പാർട്ടിയുടെ സ്ഥാപകരമായ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെ രാഷ്ട്രീയ ഉപദേശക സമിതിയിൽ നിന്ന് ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുറത്താക്കപ്പെടും മുമ്പ് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും രാജിവച്ചത്.

ഇരുവരെയും പുറത്താക്കാനുള്ള നീക്കങ്ങൾ കെജ്രിവാൾ ക്യാമ്പ് നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു ദേശീയ ദിനപത്രത്തിൽ വന്ന വാർത്തയ്ക്കു പുറകിൽ യോഗേന്ദ്ര യാദവാണെന്ന് ഇന്നലെ തെളിഞ്ഞിരുന്നു. തുടർന്ന് യാദവിനെ നിശിതമായി വിമർശിച്ച് കൊണ്ട് മറ്റു നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ആം ആദ്മി പാർട്ടിക്കായുള്ള കത്തിൽ യാദവും ഭൂഷണും കേജ്‌രിവാളിനെ നിശിതമായി വിമർശിച്ചു കൊണ്ട് എഴുതിയിരുന്നു. പ്രസ്തുത കത്തിന്റെ ഭാഗങ്ങളും ഇന്നലെ വെളിച്ചത്തായതോടെ സ്ഥിതിഗതികൾ പരിഹരിക്കാൻ സാധിക്കാത്ത വിധം വഷളാവുകായിരുന്നു.

മാസങ്ങളോളമായി കെജ്രിവാളുമായി നല്ല ബന്ധമല്ല ഉള്ളതെന്ന് മുതിർന്ന അഭിഭാഷകൻ കൂടിയായ പ്രശാന്ത് ഭൂഷൺ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പാർട്ടി ഒരു കൂട്ടായ്മയാണെന്നിരിക്കെ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തോട് യോജിക്കാൻ സാധിക്കില്ലെന്നാണ് ഭൂഷണും യാദവും അഭിപ്രായപ്പെട്ടത്. എന്നാൽ ഇത്തരം കാര്യങ്ങൾ പരസ്യമായല്ല മറിച്ച് പാർട്ടിയോഗത്തിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്ന് പറഞ്ഞാണ് മറുപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

ആം ആദ്മിയുടെ സ്ഥാപകനേതാവായ ശാന്തി ഭൂഷൺ എല്ലാവരും കേജ്‌രിവാളിന് പിന്തുണയേകണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തുകയുമുണ്ടായി. ഇക്കഴിഞ്ഞ ഡൽഹി തെരഞ്ഞെടുപ്പ് സമയത്ത് എഎപിയെ വിമർശിക്കുകയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയെ പിന്തുണയ്ക്കുകയും ചെയ്ത ശാന്തി ഭൂഷന്റെ ഈ മനംമാറ്റം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ഘടകങ്ങളെ തങ്ങളുടെ വരുതിയിലാക്കാനാണ് ശാന്തി ഭൂഷണും മക്കളായ പ്രശാന്ത്, ശാലിനി എന്നിവരും ശ്രമിക്കുന്നതെന്നാണ് കേജ്‌രിവാൾ പക്ഷക്കാരനായ ആശിഷ് ഖേതൻ ഇതിനോട് പ്രതികരിക്കുന്നത്.

ഇപ്പോൾ കെജ്രിവാളിന്റെ മുഖ്യവിമർശകനായിത്തീർന്ന യാഗേന്ദ്ര യാദവ് ആം ആദ്മിയുടെ ബുദ്ധികേന്ദ്രവും സ്ഥാപകാംഗവുമാണ്. പാർട്ടിയിൽ രണ്ടാംസ്ഥാനമുള്ള നേതാവുമാണ്. ഇപ്പോൾ വിമത വിഭാഗത്തിന് ചുക്കാൻ പിടിക്കുന്നതും ഇദ്ദേഹമാണ്. പാർട്ടിയിലെ വൺമാൻഷോയ്‌ക്കെതിരെ രംഗത്തെത്തിയ സ്ഥാപകാംഗമാണ് പ്രശാന്ത് ഭൂഷൺ. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഇദ്ദേഹം വിട്ട് നിന്നിരുന്നു. കെജ്രിവാൾ വിരുദ്ധരിൽ പ്രധാനിയാണ് ഏറ്റവും മുതിർന്ന സ്ഥാപകാംഗമായ ശാന്തി ഭൂഷൺ. എന്നാൽ കെജ്രിവാളിനെ പിന്തുണയ്ക്കണമെന്നും പാർട്ടിയിൽ ഭിന്നത പാടില്ലെന്നുമാവശ്യപ്പെട്ടു കൊണ്ടുള്ള കത്തുമായി ഇപ്പോൾ ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

എന്നാൽ കെജ്രിവാളിന്റെ ക്യാമ്പും ശക്തമാണ്. ശാന്തിഭൂഷണും മക്കൾക്കുമെതിരെ തിരിച്ചടിച്ച് കെജ്രിവാളിന് ബലമേകുന്ന പ്രമുഖനാണ് ആശിഖ് ഖേതൻ. സംസ്ഥാനഭരണത്തിൽ നിർണായകസ്വാധീനം ഇദ്ദേഹത്തിനുണ്ട്. ആം ആദ്മിയുടെ ഡൽഹി ഘടകം കൺവീനറായ അശുതോഷും കെജ്രിവാളിന്റെ വലംകൈയാണ്. പാർട്ടി പിളർപ്പ് ഭീഷണി നേരിടുന്നുവെന്ന് ഇദ്ദേഹം അടുത്തിടെ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. കെജ്രിവാളിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന നേതാവാണ് മനീഷ് സിസോദിയ. അക്കാരണത്താലാണ് മനീഷിന് കെജ്രിവാൾ ഉപമുഖ്യമന്ത്രി സ്ഥാനം കൊടുത്തിരിക്കുന്നത്. ഇതിന് പുറമെ വൈഭവ് കുമാറും കെജ്രിവാളിനെ പിന്തുണയ്ക്കുന്നവരിൽ പ്രമുഖനാണ്. കെജ്രിവാളിനെ കുറ്റംപറഞ്ഞു കൊണ്ടുള്ള വാർത്തയുടെ സൂത്രധാരൻ യോഗേന്ദ്ര യാദവാണെന്ന തെളിവ് കണ്ടെത്തിയത് വൈഭവാണ്. ഇതിനു പുറമെ ഇരുപക്ഷത്തിനും പ്രിയപ്പെട്ട ഒരു നേതാവും ആം ആദ്മിയിലുണ്ട്. സഞ്ജയ് സിംഗാണത്. പാർട്ടി വക്താവായ ഇദ്ദേഹത്തിന് കെജ്രിവാളുമായി കൂടുതൽ ബന്ധമുണ്ട്. രാജി സ്വീകരിച്ചാൽ ഇദ്ദേഹം പാർട്ടി കൺവീനറാകാനും സാധ്യതയുണ്ട്.

ആം ആദ്മിയിൽ ഭിന്നതയുണ്ടാകുന്നത് ഇതാദ്യമായല്ല. പാർട്ടി രൂപീകരണ സമയത്തുണ്ടായിരുന്ന പലരും സ്ഥാനമോഹികളായി മറ്റ് പാർട്ടികളിലേക്ക് കാലു മാറിയിട്ടുണ്ട്. മറ്റ് ചിലരാകട്ടെ ആം ആദ്മിയുടെ രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറഞ്ഞ് മിണ്ടാതിരിക്കുകയാണ്. എന്നാൽ കോൺഗ്രസ് പോലുള്ള പാർട്ടികളിൽ പതിവുണ്ടാകുന്നത് പോലെ വ്യക്തമായ രണ്ട് ഗ്രൂപ്പുകളായി വേർതിരിഞ്ഞുള്ള ഭിന്നത പാർട്ടി ഇതാദ്യമായാണ് അഭിമുഖീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP