Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ടു സീസൺ നീണ്ടു നിന്ന എച്ച്ബിഒയുടെ മഹാപരമ്പരയ്ക്ക് ഒടുവിൽ തിരശ്ശീല വീണു; ഗെയിം ഓഫ് ത്രോൺസിന്റെ അവസാന എപ്പിസോഡും സംപ്രേഷണം ചെയ്തു; ജോൺ സ്‌നോയെയും ഡനേരിസ് ടാർഗേറിയനെയും ആര്യ സ്റ്റാർക്കിനെയും വൈകാരികമായി നെഞ്ചിലേറ്റിയ പ്രേക്ഷകർ ഇഷ്ട കഥാപാത്രങ്ങളോട് വിടപറഞ്ഞത് നിറകണ്ണുകളോടെ; അവസാന എപ്പിസോഡിനെ ചൊല്ലി സൈബർ ലോകത്ത് കണ്ണീർ വാർത്തും തർക്കിച്ചും ആരാധകർ

എട്ടു സീസൺ നീണ്ടു നിന്ന എച്ച്ബിഒയുടെ മഹാപരമ്പരയ്ക്ക് ഒടുവിൽ തിരശ്ശീല വീണു; ഗെയിം ഓഫ് ത്രോൺസിന്റെ അവസാന എപ്പിസോഡും സംപ്രേഷണം ചെയ്തു; ജോൺ സ്‌നോയെയും ഡനേരിസ് ടാർഗേറിയനെയും ആര്യ സ്റ്റാർക്കിനെയും വൈകാരികമായി നെഞ്ചിലേറ്റിയ പ്രേക്ഷകർ ഇഷ്ട കഥാപാത്രങ്ങളോട് വിടപറഞ്ഞത് നിറകണ്ണുകളോടെ; അവസാന എപ്പിസോഡിനെ ചൊല്ലി സൈബർ ലോകത്ത് കണ്ണീർ വാർത്തും തർക്കിച്ചും ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോക ടെലിവിഷൻ ചരിത്രത്തിൽ ഇത്രത്തോളം തരംഗം തീർത്ത മറ്റൊരു പരമ്പര ഉണ്ടാകില്ല. അതാണ് എച്ച്ബിഒയിലെ ഗെയിം ഓഫ് ത്രോൺസ്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് സംപ്രേഷണം തുടങ്ങിയ ത്രോൺസ് ഇന്നത്തെ അവസാന എപ്പിസോഡോടു കൂടി സമാപിച്ചു. ആരാധകർ നെഞ്ചിലേറ്റിയ പരമ്പരയ്ക്ക് വൈകാരികമായ വിടവാങ്ങലാണ് പ്രേക്ഷകരും ഒരുക്കിയത്. എട്ടു സീസൺ നീണ്ടു നിന്ന പരമ്പരയുടെ അവസാന എപ്പിസോഡ് അമേരിക്കൻ സമയം രാത്രി 9നാണ് സംപ്രേഷണം ചെയ്തത്. 79 മിനിറ്റായിരുന്നു അവസാന എപ്പിസോഡിന് ദൈർഘ്യം.

ലോകമെമ്പാടും ആരാധകരുടെ ഗെയിം ഓഫ് ത്രോൺസിന്റെ അവസാന എപ്പിസോഡിന് ഇന്ത്യയിലും വലിയ പ്രേക്ഷകരാണ് ഉണ്ടായിരുന്നത്. ത്രോൺസിന്റെ അവസാന എപ്പിസോഡിൽ അതിവൈകാരികമായ രംഗങ്ങളും ഇഷ്ടകഥാപാത്രങ്ങൾ കൊല്ലപ്പെടുന്ന രംഗവും അണിയറക്കാർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്ലൈമാക്‌സിനെ ചൊല്ലി തർക്കങ്ങൾ ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. എങ്കിലും ഒമ്പതു വർഷമായി ഓരോ എപ്പിസോഡിനുമായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. അതുകൊണ്ട് തന്നെ അവസാന എപ്പിസോഡും കടന്നു പോയതോടെ സൈബർ ലോകത്ത് ആരാധകർ കൂട്ടക്കരച്ചിലിൽ ആണ്.

ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസൺ സംബന്ധിച്ച് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അവസാന എപ്പിസോഡ് പ്രക്ഷേപണം ചെയ്തത്. ഷോയ്ക്ക് നിലവാരം പോരെന്ന ആക്ഷേപം എട്ടാം സീസനെ ചുറ്റി ഉയർന്നെങ്കിലും അതൊന്നും ത്രോൺസിനോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തെ അവസാനിപ്പിച്ചില്ല. ഗെയിം ഓഫ് ത്രോൺസ് അവസാനിച്ചതോടെ സൈബർ ലോകത്തെങ്ങും ആരാധകരുടെ നിലവിളികളാണ്. ജോൺ സ്‌നോയോടും ഡനേരിസ് ടാർഗേറിയനോടും ആര്യ സ്റ്റാർക്കിനോടും വൈകാരികമായാണ് ആരാധകർ വിടചൊല്ലുന്നത്. ട്വിറ്ററിൽ അടക്കം അവസാന എപ്പിസോഡ് കണ്ടതിന് ശേഷം പ്രേക്ഷകർ കണ്ണീരൊഴുക്കുകയാണ്.

നേരത്തെ അവസാന സീസൺ വീണ്ടും റീമേക്ക് ചെയ്യണം എന്ന ആവശ്യം ശക്തമായി ഓൺപ്രതിഷേധം നടന്നിരുന്നു. ഇത് സംബന്ധിച്ച ഓൺലൈൻ പെറ്റീഷനിൽ ഇതുവരെ ലക്ഷക്കണക്കിന് പേരാണ് ഒപ്പിട്ടത്. അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' എന്ന പുസ്തക പരമ്പരയുടെ ടെലിവിഷൻ ആവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോൺസ്. 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' എന്ന പുസ്തക പരമ്പരയിലെ ആദ്യത്തെ നോവലിന്റെ പേര് ഗെയിം ഓഫ് ത്രോൺസ് എന്നായിരുന്നു ഇതാണ് ടെലിവിഷൻ സിരീസ് പേരായി സ്വീകരിച്ചിരിക്കുന്നത്. ഡേവിഡ് ബെനിയോഫ്, ഡി. ബി. വെയ്സ് എന്നിവരാണ് ഷോ ക്രിയേറ്റ് ചെയ്തത്. 2011 ഏപ്രിൽ 17 നാണ് ആദ്യ സീസണിന്റെ ആദ്യപ്രദർശനം നടന്നത്.

സിംഹാസനത്തിന് വേണ്ടിയുള്ള വെസ്റ്ററോസ് എന്ന ഭൂഖണ്ഡത്തിലെ നാട്ടുരാജ്യങ്ങളുടെ പോരാട്ടമാണ് ഗെയിം ഓഫ് ത്രോൺസ്. ടാർഗെറിയൻ, സ്റ്റാർക്, ലാനിസ്റ്റർ, ബാരാതീയൻ, ഗ്രെജോയ്, ടൈറിൽ, മാർട്ടൽ എന്നീ ഏഴു കുടുംബങ്ങളാണ് ഈ അധികാര വടംവലിയിൽ പങ്കാളികളായത്. ഏറ്റവും ഒടുവിൽ പ്രതീക്ഷിക്കാത്ത വിധത്തിൽ കഥയുടെ ട്വിസ്റ്റ് സംഭവിച്ചിട്ടുണ്ട്. വെസ്റ്റെറോസിലെ അധികാരത്തിന്റെ അടയാളമായ 'അയൺ ത്രോൺ' അഥവാ 'ലോഹസിംഹാസന'ത്തിനായി ഇവർ നടത്തുന്ന ധാർമികവും അധാർമികവുമായ പോരാട്ടങ്ങളും അതിനോട് അനുബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങളുമാണ് കഥയെ ആവേശോജ്വലമാക്കിയത്.

ഒന്നിലധികം കഥകൾ ഇഴപിരിയുന്ന പരമ്പര, ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുകയും എക്കാലത്തെയും വലിയ ടെലിവിഷൻ, സ്ട്രീമിങ് പരമ്പരയായി മാറുകയും ചെയ്തു. ഇരുട്ടും പരിധിയില്ലാത്ത ക്രൂരതകളും ആഘോഷിക്കുന്നു എന്ന പേരുദോഷം കൂടിയുണ്ട് ഗെയിം ഓഫ് ത്രോൺസിന്. ലൈംഗികതയുടെ അതിപ്രസരവും എപ്പോഴും ചർച്ചയായി. പക്ഷേ, എച്ച്ബിഒ നിർമ്മിക്കുന്ന പരമ്പര എല്ലായിപ്പോഴും അവാർഡ് ഷോകളിൽ മുന്നിലുമായിരുന്നു.

ടെലിവിഷൻ രംഗത്തെ മികവിന് സമ്മാനിക്കുന്ന എമ്മി പുരസ്‌കാരങ്ങളിൽ 47 തവണയാണ് ഗെയിം ഓഫ് ത്രോൺസ് സീരിസും കഥാപാത്രങ്ങളും മുത്തമിട്ടത്. ശൈത്യം വരുന്നു (Winter is Coming) എന്ന ലോകപ്രശസ്തമായ ടാഗ്‌ലൈനിൽ 170 രാജ്യങ്ങളിലാണ് ഗെയിം ഓഫ് ത്രോൺസ് സംപ്രേഷണം ഈ സീസണിൽ തുടങ്ങിയത്. എക്കാലത്തെയും ഏറ്റവും ചെലവേറിയ ടെലിവിഷൻ പരമ്പര എന്ന പേരും എപ്പിസോഡിന് 15 ദശലക്ഷം ഡോളർ ചെലവ് വരുന്ന ജി.ഒ.ട്ടി നേടിയിട്ടുണ്ട്. 2011ലാണ് 'വെസ്റ്ററോസ്' എന്ന സാങ്കല്പിക ലോകത്തിന്റെ കഥ പറയുന്ന 'ഗെയിം ഓഫ് ത്രോൺസ്' എന്ന ബ്രഹ്മാണ്ഡ ടെലിവിഷൻ പരമ്പര എച്ച്.ബി.ഒ. നിർമ്മിച്ചുതുടങ്ങുന്നത്. ഒരു ടെലിവിഷൻ പരമ്പരയും മുൻപൊരിക്കലും കണ്ടിട്ടില്ലാത്തത്ര ആരാധക പിന്തുണയാണ് പരമ്പരയ്ക്ക് ലഭിച്ചത്. 2019 ഏപ്രിലിൽ ഗെയിം ഓഫ് ത്രോൺസിന്റെ എട്ടാം സീസൺ പുറത്തിറങ്ങിയതോടെ പരമ്പരയ്ക്ക് അവസാനമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP