Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർഷകരോഷവും പെട്രോൾ വിലവർധനയും റാഫേൽ അഴിമതിയും നോട്ട് നിരോധനത്തിലെ തിരിച്ചടിയുമൊക്കെ തള്ളിക്കളഞ്ഞ് ജനങ്ങൾ; 17ാം ലോക്‌സഭയിലേക്ക് നടന്നത് വിഷയങ്ങളേക്കാൾ തന്ത്രങ്ങൾക്ക് നേട്ടം ഉണ്ടായ തെരഞ്ഞെടുപ്പ്; കരുത്തനായ പ്രധാനമന്ത്രിയെന്ന സന്ദേശവും ഹിന്ദുത്വത്തിലേക്കുള്ള മടക്കവും ബിജെപിയെ തുണച്ചു; കണക്കുകൾ ശരിയായാൽ കൂടുതൽ കരുത്തോടെ ഭരണ സംവിധാനങ്ങൾ പൊളിച്ചെഴുതി മോദി മുൻപോട്ട് കുതിക്കും; എക്‌സിറ്റ് പോളുകൾ നൽകുന്ന സൂചനകൾ ഇങ്ങനെ

കർഷകരോഷവും പെട്രോൾ വിലവർധനയും റാഫേൽ അഴിമതിയും നോട്ട് നിരോധനത്തിലെ തിരിച്ചടിയുമൊക്കെ തള്ളിക്കളഞ്ഞ് ജനങ്ങൾ; 17ാം ലോക്‌സഭയിലേക്ക് നടന്നത് വിഷയങ്ങളേക്കാൾ തന്ത്രങ്ങൾക്ക് നേട്ടം ഉണ്ടായ തെരഞ്ഞെടുപ്പ്; കരുത്തനായ പ്രധാനമന്ത്രിയെന്ന സന്ദേശവും ഹിന്ദുത്വത്തിലേക്കുള്ള മടക്കവും ബിജെപിയെ തുണച്ചു; കണക്കുകൾ ശരിയായാൽ കൂടുതൽ കരുത്തോടെ ഭരണ സംവിധാനങ്ങൾ പൊളിച്ചെഴുതി മോദി മുൻപോട്ട് കുതിക്കും; എക്‌സിറ്റ് പോളുകൾ നൽകുന്ന സൂചനകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കൃത്യം ആറ് മാസം മുൻപ് ഹിന്ദി ഹൃദയ ഭൂമിയിൽ നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയെ അധികാരത്തിൽ നിന്നുമിറക്കിയതും കഴിഞ്ഞ വർഷം കർണാടക നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ജെഡിഎസിനെ ഒപ്പം നിർത്തി ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയതുമൊക്കെയാണ് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെയും നരേന്ദ്ര മോദിയേയും താഴെയിറക്കുക എന്ന കോൺഗ്രസ് സ്വപ്‌നത്തിന് പുതു ചിറക് മുളച്ചത്. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമ്പോൾ മോദി 2014ന് സമാനമായ മുന്നേറ്റം നടത്തുമെന്നാണ് എല്ലാ ഫലങ്ങളും ഒരുപോലെ പറയുന്നത്. കഴിഞ്ഞ തവണ 274 സീറ്റുമായി ബിജെപി ഒറ്റയ്ക്ക് ഭരിക്കാൻ പ്രാപ്തരായിരുന്നു എന്നാൽ ഇത്തവണ എൻഡിഎ എന്ന നിലയ്ക്ക് ആയിരിക്കും കേവല ഭൂരിപക്ഷം

കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇത്രയധികം പ്രതീക്ഷകൾ ഉണ്ടായിട്ടും നിരവധി വിഷയങ്ങൾ നിരന്തരം ഉയർത്തിയിട്ടും ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ കോൺഗ്രസിന് കഴിയുന്നില്ലേ എന്നത് പുതിയ ചർച്ചകൾക്ക് വഴി വെക്കും. ബിജെപിക്ക് എതിരായ നിരവധി വിഷയങ്ങളാണ് സജീവ ചർച്ചയാക്കിയത്. സമാനതകളില്ലാത്ത കർഷക രോഷമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് കണ്ടത്. നിരവധി കിസാൻ റാലികളും മറ്റും അരങ്ങേറുകയും ചെയ്തു. രാജസ്ഥാനിലും മധ്യപ്രദേശിലും വലിയ കർഷക രോഷവും കടത്തിനെ തുടർന്നുള്ള ആത്മഹത്യകളും പെരുകുന്ന സമയത്താണ് ഈ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. കർഷക കടം എഴുതി തള്ളി കോൺഗ്രസ് പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്തു.

കോൺഗ്രസ് പറഞ്ഞ വാക്ക് പാലിച്ചിട്ടും ലോക്‌സഭയിൽ ഈ സംസ്ഥാനങ്ങൾ കോൺഗ്രസിനെ കൈവിടുന്നു എന്ന ചിത്രമാണ് പുറത്ത് വരുന്നത്. നോട്ട നിരോധനം ഇന്ത്യയിൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്നും കർഷകർക്ക് വലിയ തിരിച്ചടിയുണ്ടാക്കുകയും ചെയ്യുന്നുെവന്ന് സാമ്പത്തിക വിദഗ്ധരുടെ പഠനങ്ങൾ വന്നിട്ടും അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് തന്നെയാണ് വലിയ ഭരണ നേട്ടങ്ങൾ ഒന്നും ഇല്ലെങ്കിലും ബിജെപിക്ക് തുണയാകുന്നത്. പുൽവാമ ഭീകരാക്രമവും പിന്നീട് ബാലാകോട്ടിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണവും എല്ലാം തന്നെ മോദിയുടെ മൈലേജ് വർധിപ്പിച്ചു.

ഇപ്പോൾ പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയാണെങ്കിൽ മോദി കൂടുതൽ കരുത്തനായി തിരിച്ച് വരും എന്ന് തന്നെ വേണം മനസ്സിലാക്കാൻ. ഭരണസംവിധാനങ്ങൾ പോലും പൊളിച്ചെഴുതി മോദി കുതിക്കും എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.ബിജെപി.യുടെ സീറ്റെണ്ണത്തിൽ 2014-നെക്കാൾ കുറവുണ്ടായേക്കുമെന്നാണ് സർവേകൾ പറയുന്നത്. 2014-ൽ ബിജെപി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എൻ.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതൽ 336 വരെ സീറ്റാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. പുറത്തുവന്ന സർവേയിൽ ഒന്നുപോലും കോൺഗ്രസിന്റെയോ യു.പി.എ.യുടെയോ മുന്നേറ്റം പ്രവചിക്കുന്നില്ല. യുപിയിൽ ഒരു സീറ്റിൽ മാത്രമേ കോൺഗ്രസ് ജയിക്കൂവെന്ന് പോലും പ്രചനമുണ്ട്. അതായത് രാഹുൽ അമേഠിയിൽ തോൽക്കുമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. യുപിയിലെ മായാവതി-അഖിലേഷ് യാദവ് സഖ്യത്തിനും തിരിച്ചടിയാണ് ഫലങ്ങൾ. യുപിയിൽ ബിജെപിക്ക് മുൻതൂക്കം കിട്ടുമെന്നാണ് മിക്ക സർവ്വേ ഫലങ്ങളും. 70 സീറ്റുവരെ പ്രചവിക്കുന്നവരമുണ്ട്. യുപിയിലും കർണ്ണാടകയിലും മോദി തരംഗം ആഞ്ഞു വീശുമ്പോൾ രാജസ്ഥാനും മധ്യപ്രദേശും ബിജെപി തിരിച്ചു പിടിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ഇവിടെ ആർത്തിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതായത് മോദിയാണ് ബിജെപിക്ക് വിജയം സമ്മാനിക്കുന്നത്.

പ്രമുഖ മാധ്യമപ്രവർത്തകനായ മാർക് ടുളിയും രാഷ്ട്രീയനീരീക്ഷകൻ യോഗേന്ദ്ര യാദവും തിരഞ്ഞെടുപ്പിനുമുമ്പ് ബിജെപി മുന്നേറ്റം പ്രവചിച്ചിരുന്നു. ബിജെപി.ക്ക് സീറ്റു കുറയുമെങ്കിലും എൻ.ഡി.എ. സർക്കാരുണ്ടാക്കുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്നുമായിരുന്നു ഇരുവരുടെയും നിരീക്ഷണം. 2014-ൽ കൈയയച്ച് പിന്തുണച്ച ചില സംസ്ഥാനങ്ങളിലെങ്കിലും ഇത്തവണ ബിജെപി.ക്കു ക്ഷീണമുണ്ടാകും. എന്നാൽ, ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തവണയുണ്ടാക്കുന്ന നേട്ടത്തിലൂടെ ബിജെപി. ഇതിനെ മറികടക്കും. ഉത്തർപ്രദേശിൽ മഹാസഖ്യവും പഞ്ചാബിൽ കോൺഗ്രസും ബിജെപി.യുടെ മുന്നേറ്റത്തെ പ്രതിരോധിക്കുമെന്ന് ചില സർവ്വേകൾ പറയുന്നുണ്ട്. എന്നാൽ നോർത്തി ഈസ്റ്റിലും നേട്ടമുണ്ടാക്കും. ഇങ്ങനെ ഉത്തരേന്ത്യയിൽ കുറയുമെന്ന് മനസ്സിലുറപ്പിച്ച് മറ്റിടങ്ങളിലേക്ക് കാലുവച്ച ബിജെപി നീക്കങ്ങൾ വിജയിച്ചുവെന്നുവേണം എക്സിറ്റ് പോൾ ഫല സൂചനകൾ നൽകുന്ന സൂചന. എന്നാൽ ബംഗാളിൽ ബിജെപിക്ക് കാലിടറുമെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തേയും പ്രതീക്ഷ.

ഉത്തർപ്രദേശായിരുന്നു 2014-ൽ ബിജെപി.യെ അധികാരത്തിലേറ്റിയത്. 80-ൽ 71 സീറ്റ് ബിജെപി. അന്നു നേടി. ഇതിനുപുറമെ സഖ്യകക്ഷിയായ അപ്നാദൾ രണ്ടു സീറ്റു സ്വന്തമാക്കി. എന്നാൽ, യു.പി.യിൽ ഇക്കുറി എസ്‌പി-ബി.എസ്‌പി. സഖ്യം 56 സീറ്റു നേടുമെന്നാണ് എ.ബി.പി. സർവേ പറയുന്നത്. ബിജെപി. 22 സീറ്റിൽ ഒതുങ്ങും. അതേസമയം, ഉത്തർപ്രദേശിൽ 65 സീറ്റും ബിജെപി.ക്കു ലഭിക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. ഇന്ത്യാ ടുഡേ സർവ്വേ ബിജെപിക്ക് വൻ മുൻതൂക്കം നൽകുന്നു. ബിഹാറിൽ കഴിഞ്ഞതവണ നേടിയ സീറ്റെണ്ണം ബിജെപി.-ജെ.ഡി.യു. സഖ്യം വർധിപ്പിക്കാനാണ് സാധ്യതയെന്നാണു വിലയിരുത്തൽ. നിതീഷ് കുമാറിനെ എൻഡിഎയിൽ കൊണ്ടു വന്ന നീക്കം വിജയിക്കുകയാണ്. 2014-ൽ എൻ.ഡി.എ. 33 സീറ്റാണ് നേടിയതെങ്കിൽ ഇത്തവണ 34 നേടുമെന്നാണു പ്രവചനം. മഹാസഖ്യം ആറുസീറ്റിൽ ഒതുങ്ങും. അതേസമയം, കനത്ത രാഷ്ട്രീയയുദ്ധം അരങ്ങേറിയ ബംഗാളിൽ ബിജെപി. നേട്ടമുണ്ടാക്കുമെന്നാണു പ്രവചനം. ഒഡിഷയിലും ബിജെപി. കടന്നുകയറും.

കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറിയും ബിജെപി.ക്കു സ്വാധീനമുണ്ടാക്കാനായിട്ടില്ലെന്നു സർവേഫലങ്ങൾ പറയുന്നു. ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസോ പ്രാദേശികപാർട്ടികളോ മേധാവിത്വം തുടരും. കേരളത്തിൽ ഒരു സീറ്റ് ബിജെപി. നേടുമെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴ്‌നാട്ടിൽ ഡി.എം.കെ.-കോൺഗ്രസ് സഖ്യം മികച്ചനേട്ടം കൈവരിക്കുമെന്ന് സർവേഫലങ്ങൾ പറയുന്നു. നരേന്ദ്ര മോദി മെയ് 23 വരെ മാത്രമേ പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകൂ എന്ന് പ്രതീക്ഷിച്ചവരുണ്ട്. പ്രവചിച്ചവരും നിരവധിയാണ്. അവർക്കെല്ലാം കനത്ത ദുഃഖം നൽകുന്നതാണ് എക്‌സിറ്റ് പോൾ പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP