Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് കെ മാണിയെ പിന്തുണച്ച് ഉമ്മൻ ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും; മധ്യസ്ഥനാവാനുള്ള ജോസഫിന്റെ ആവശ്യം തള്ളി ഇരുവരും; പ്രതിസന്ധി ഘട്ടങ്ങളിൽ അധികാര മോഹികളായി തള്ളിപ്പറഞ്ഞ ജോയി എബ്രഹാമും മഞ്ഞക്കടമ്പനുമായി ഇനി ഒത്തു തീർപ്പ് വേണ്ടെന്നും തീരുമാനം; മുൻ മുൻസിപ്പൽ ചെയർമാനായ പടവനും ഇടതുപക്ഷത്തേക്ക് തന്നെ; മാണിയുടെ വഴിയെ കരുത്ത് കാട്ടി പാർട്ടിയെ കൈപ്പടിയിൽ ഒതുക്കി മകന്റെ മുന്നേറ്റം

ജോസ് കെ മാണിയെ പിന്തുണച്ച് ഉമ്മൻ ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും; മധ്യസ്ഥനാവാനുള്ള ജോസഫിന്റെ ആവശ്യം തള്ളി ഇരുവരും; പ്രതിസന്ധി ഘട്ടങ്ങളിൽ അധികാര മോഹികളായി തള്ളിപ്പറഞ്ഞ ജോയി എബ്രഹാമും മഞ്ഞക്കടമ്പനുമായി ഇനി ഒത്തു തീർപ്പ് വേണ്ടെന്നും തീരുമാനം; മുൻ മുൻസിപ്പൽ ചെയർമാനായ പടവനും ഇടതുപക്ഷത്തേക്ക് തന്നെ; മാണിയുടെ വഴിയെ കരുത്ത് കാട്ടി പാർട്ടിയെ കൈപ്പടിയിൽ ഒതുക്കി മകന്റെ മുന്നേറ്റം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസിൽ പിടിമുറുക്കാനുള്ള പിജെ ജോസഫിന്റെ അവസാന ശ്രമവും പാളി. പാർട്ടിയിൽ സീനിയോറിട്ടി മാനദണ്ഡമാക്കി ചെയർമാൻ സ്ഥാനത്ത് തുടരാനുള്ള പിജെ ജോസഫിന്റെ നീക്കം വീണ്ടും പൊളിയുകയാണ്. മധ്യശ്രമത്തിന് ഉമ്മൻ ചാണ്ടിയേയും പികെ കുഞ്ഞാലിക്കുട്ടിയേയും ഇറക്കാനായിരുന്നു പദ്ധതി. പാർട്ടിയിലെ മുതിർന്ന നേതാവായ തനിക്ക് ചെയർമാൻ സ്ഥാനം കൊടുക്കണമെന്ന് ഉമ്മൻ ചാണ്ടിയെ കൊണ്ട് ജോസ് കെ മാണിയെ ഉപദേശിക്കാനായിരുന്നു നീക്കം. എന്നാൽ കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ താനിടപെടില്ലെന്ന് ഉമ്മൻ ചാണ്ടി നിലപാട് എടുത്തു. മാണിയുടെ വിയോഗത്തിലൂടെ ഒഴിവു വന്ന സ്ഥാനങ്ങളിൽ പാർട്ടിയിലെ ജനാധിപത്യം അനുസരിച്ച് തീരുമാനം എടുക്കുമെന്ന ജോസ് കെ മാണിയുടെ നിലപാടിനെ അംഗീകരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു. ഇതേ നിലപാടാണ് മധ്യസ്ഥ ആവശ്യത്തിൽ പികെ കുഞ്ഞാലിക്കുട്ടിയും ജോസഫിനെ അറിയിച്ചത്. ഇതോടെ പാർട്ടിയിൽ മാണിയുടെ മകൻ ജോസ് കെ മാണി പിടിമുറുക്കുകയാണെന്നാണ് വിലയിരുത്തൽ.

യുഡിഎഫുമായി പിണങ്ങി നിന്ന മാണിയെ വീണ്ടും ഐക്യമുന്നണിയിൽ എത്തിച്ചത് മുസ്ലിം ലീഗിന്റെ തന്ത്രപരമായ നീക്കമായിരുന്നു. ജോസ് കെ മാണിയെ രാജ്യസഭാ അംഗമാക്കുന്ന ഫോർമുലയ്ക്ക് പിന്നിലും കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതിനെ ഉമ്മൻ ചാണ്ടിയും പിന്തുണച്ചു. അതുകൊണ്ട് തന്നെ മാണിക്കും ജോസ് കെ മാണിക്കും ഉമ്മൻ ചാണ്ടിയോടും കുഞ്ഞാലിക്കുട്ടിയോടും ഏറെ അടുപ്പം ഉണ്ടായിരുന്നു. മാണിയുടെ മരണത്തിന് ശേഷവും ജോസ് കെ മാണിയിൽ സ്വാധീനം ചെലുത്താനുള്ള ബന്ധം കുഞ്ഞാലിക്കുട്ടിക്കും ഉമ്മൻ ചാണ്ടിക്കുമുണ്ട്. ഇത് മനസ്സിലാക്കിയാണ് പിജെ ജോസഫ് ഉമ്മൻ ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും സമീപിച്ചത്. എന്നാൽ മാണിയുടെ വിയോഗത്തെ കേരളാ കോൺഗ്രസുകാർ വികാരപരമായാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ജോസ് കെ മാണിയെ ഉപദേശിക്കാനില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. ഇത് തന്നെയാണ് കുഞ്ഞാലിക്കുട്ടിയും ജോസഫിനോട് പറഞ്ഞത്.

എത്രയും വേഗം സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ കണ്ടെത്തണമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഇതാണ് പാർട്ടി ഭരണഘടനയും. സമവായത്തിന് അപ്പുറം ജനാധിപത്യത്തിനാണ് ജോസ് കെ മാണി മുൻതൂക്കം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ജോസഫിന് വേണ്ടി വാദിക്കാനില്ലെന്നാണ് കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കളുടെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിന് വേണ്ടി പിജെ ജോസഫ് നീക്കം നടത്തിയിരുന്നു. അന്ന് ജോസഫിന് വേണ്ടി ഉമ്മൻ ചാണ്ടിയും മറ്റു രംഗത്ത് എത്തി. ജോസഫിനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ മാണി പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് അതുകൊണ്ടാണ്. എന്തായാലും പാർട്ടിയുടെ അടുത്ത ചെയർമാൻ ജോസ് കെ മാണിയാകണമെന്ന അണികളുടെ വികാരം ജോസഫിനോടും ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പങ്കുവച്ചിട്ടുണ്ട്. ചെന്നിത്തലയും പ്രശ്‌നത്തിൽ ഇടപെടാൻ വിസമ്മതം അറിയിച്ചതാണെന്നാണ് സൂചന.

കേരള കോൺഗ്രസ് എമ്മിൽ പ്രതിസന്ധി അതിരൂക്ഷമാണ് എന്ന് യുഡിഫിലെ ഘടകക്ഷികൾക്കെല്ലാം അറിയാം. എന്നാൽ അതിന് കാരണം ജോസഫിന്റെ അതിമോഹമാണെന്നാണ് മാണി ഗ്രൂപ്പിന്റെ വാദം. തിരുവനന്തപുരത്തു ചേർന്ന കെ എം മാണി അനുസ്മരണ യോഗത്തിൽ ചെയർമാനെ തിരഞ്ഞെടുക്കരുതെന്ന കോടതിയുത്തരവ് ഇതിന് തെളിവാണ്. മാണി അനുസ്മരണം അദ്ദേഹത്തിന്റെ 41-ാം ചരമദിനത്തിനുശേഷം കോട്ടയത്ത് ചേരാനായിരുന്നു ജോസ് കെ. മാണിയുടെയും മറ്റും താത്പര്യം. ഇത് അട്ടിമറിച്ച് തിരുവനന്തപുരത്ത് തിരക്കിട്ട് യോഗം വിളിച്ചുചേർത്തത് പിജെ ജോസഫിന്റെ കുതന്ത്രമായിരുന്നു. ഈ സമ്മേളനത്തിന് ശേഷം ചെയർമാനായി മാറാനുള്ള ജോസഫിന്റെ തന്ത്രം. പി.ജെ. ജോസഫിനെ ചെയർമാൻസ്ഥാനത്തേക്ക് കൊണ്ടുവരാൻ, മുമ്പ് മാണി ഗ്രൂപ്പിലുണ്ടായിരുന്ന ഒരു വിഭാഗംകൂടി ശ്രമിക്കുന്നുവെന്ന സംശയം സജീവമണ്. സംസ്ഥാന കമ്മറ്റിയിലെ ബഹുഭൂരിഭാഗവും ജോസ് കെ മാണിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞാണ് ജോസഫിന്റെ കള്ളക്കളികൾ. ഈ സാഹചര്യത്തിൽ കരുത്ത് കാട്ടാൻ കൂടിയാണ് മാണി അനുസ്മരണം ഇന്ന് കോട്ടയത്ത് സംഘടിപ്പിക്കുന്നത്.

മാണിഗ്രൂപ്പിലെ ചിലരുമായി ചേർന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കൾ ജോസ് കെ മാണിക്കെതിരെ കരുക്കൾ നീക്കുകയാണ്. പാർട്ടി ചെയർമാൻസ്ഥാനം, നിയമസഭാകക്ഷി നേതൃസ്ഥാനം എന്നിവ വിട്ടുനൽകാൻ മാണിഗ്രൂപ്പിന് താത്പര്യമില്ല. ജോസ് കെ. മാണി ചെയർമാനും സി. എഫ്. തോമസ് നിയമസഭാകക്ഷി നേതാവുമാകട്ടെയെന്നാണ് മാണിഗ്രൂപ്പിന്റെ താത്പര്യം. എന്നാൽ, വർക്കിങ് ചെയർമാനായ പി.ജെ. ജോസഫ് ചെയർമാനാകണമെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നു. സി എഫ് തോമസിന് പാർട്ടി ലീഡർ സ്ഥാനവും. അങ്ങനെ രണ്ടിടത്തും സി എഫ് തോമസിന് സ്ഥാനമുണ്ട്. സി എഫിനും ക്യാൻസർ രോഗമാണ്. അസുഖം നേതാവിനെ നന്നായി ബാധിച്ചിട്ടുമുണ്ട്. അപ്പോഴും അധികാരത്തിന് വേണ്ടി തന്ത്രപരമായ നീക്കമാണ് സിഎഫ് നടത്തുന്നത്. രണ്ടിടത്തും നിൽക്കാതെയുള്ള കളി. ഇതും കേരളാ കോൺഗ്രസിന് ബാധിക്കുന്നുണ്ട്. ജോസ് കെ മാണിക്കൊപ്പമാണെന്നാണ് അണികളോട് സിഎഫ് പറയുന്നത്. എന്നാൽ പാർട്ടിയിലെ പ്രതിസന്ധി തീർക്കും വിധം ഇടപെടലുകൾ സിഎഫ് നടത്തുന്നുമില്ല. പരോക്ഷമായി ജോസഫിനൊപ്പമാണ് സിഎഫ് എന്ന സംശയം പാർട്ടിക്കാർക്കുണ്ട്. ഈ സാഹചര്യവും കേരളാ കോൺഗ്രസിൽ വലിയ ചർച്ചയായിട്ടുണ്ട്.

പി.ജെ. ജോസഫ് ചെയർമാനും ജോസ് കെ. മാണി വർക്കിങ് ചെയർമാനുമായി സമവായ ഫോർമുല അംഗീകരിപ്പിച്ചെടുക്കാനാണ് ഉമ്മൻ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും സഹായം ജോസഫ് അഭ്യർത്ഥിച്ചത്. ചെയർമാനെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കണമെന്ന ജോസ് കെ. മാണിയുടെ നിലപാട് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്ന സന്ദേശം നൽകുന്ന എതിർചേരി. അതിനിടെ കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനത്തേക്ക് സംസ്ഥാന കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ ജോസ് കെ. മാണി മത്സരിക്കുമെന്നുറപ്പാവുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പിന്റെ വികാരം നിലനിർത്താൻ ജോസ് മത്സരിക്കണമെന്നാണ് അണികളുടെ പൊതുവായ നിലപാട്. ലയനസമയത്ത് ഇരുഗ്രൂപ്പുകൾ തമ്മിൽ രേഖാമൂലമുണ്ടാക്കിയ ഉടമ്പടിപ്രകാരം നിയമസഭാകക്ഷി നേതൃസ്ഥാനവും പാർട്ടി ചെയർമാൻ പദവിയും മാണി പക്ഷത്തിനാണ്. ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണു നേതാക്കൾ ചർച്ചചെയ്തുണ്ടാക്കിയ ധാരണ. സി.എഫ്. തോമസിനെ പാർട്ടി ലീഡറും ജോസ് കെ. മാണിയെ ചെയർമാനുമാക്കിയെ പറ്റൂവെന്നു മാണി ഗ്രൂപ്പ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച ഒപ്പുശേഖരണം അവസാനഘട്ടത്തിലാണ്.

മാണിയുടെ പിൻഗാമിയായി മകനാണ് ചെയർമാൻ സ്ഥാനത്ത് വരേണ്ടതെന്ന് പത്ത് ജില്ലാ പ്രസിഡന്റുമാരെക്കൊണ്ടും ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളെക്കൊണ്ടും പറയിപ്പിക്കാൻ ജോസ് കെ മാണിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. അതിനിടെ, മാണിയുടെ മരണ ശേഷം തന്നെ ചെയർമാനായി തിരഞ്ഞെടുത്ത് ജോയ് എബ്രഹാം ഇറക്കിയ സർക്കുലർ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഭൂരിപക്ഷ പിന്തുണയോടെ ജോസ് കെ. മാണി ചെയർമാനായാലും ഇത് നിയമക്കുരുക്കിന് വഴിയൊരുക്കുമെന്നും വിലയിരുത്തലുണ്ട്. ഈ സർക്കുലർ വന്നതോടെയാണ് ജോയ് എബ്രഹാം ജോസ് കെ. മാണി വിഭാഗത്തിന് അനഭിമതനായത്. പാർട്ടിയിലെ ഭിന്നത യൂത്ത് ഫ്രണ്ടിലുമെത്തി. ജോയ് എബ്രഹാമിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട യൂത്ത് ഫ്രണ്ട് പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോനോട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ വിശദീകരണം ആവശ്യപ്പെട്ടു. ഇത് ജോസഫിന്റെ നിർദ്ദേശപ്രകാരമാണ്. ഇതോടെ ജോയി എബ്രഹാമിനൊപ്പം സജി മഞ്ഞകടമ്പനും മാണി ഗ്രൂപ്പ് വിട്ടെന്ന് വ്യക്തമായി.

ലോക്സഭാ സീറ്റിന് വേണ്ടി ജോസഫ് പല നീക്കവും നടത്തി. അന്നും ഇതേ സമീപനമായിരുന്നു സിഎഫ് എടുത്തത്. എന്നാൽ മാണിയുടെ ചടുലമായ നീക്കങ്ങൾ ജോസഫിനെ തകർത്തു. അന്ന് തന്നെ മാണിക്ക് രോഗമുണ്ടെന്ന് ജോസഫ് തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ പതിയെ പിന്നോട്ട് വലിഞ്ഞു. എന്നാൽ മാണി മരിച്ചതോടെ കളികളും തുടങ്ങി. ഇതിന് വേണ്ടി മാണിയുടെ വിശ്വസ്തനായ ജോയി എബ്രഹാമിനെ കൂടെ കൂട്ടി. പാലാ സീറ്റിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനമാണ് ജോയി എബ്രഹാമിന് നൽകിയത്. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ജോയി എബ്രഹാം. തീരുമാനങ്ങൾ എടുക്കുന്നതിലെ നിർണ്ണായക ഘടകം. ഈ പദവി ഉപയോഗിച്ചാണ് മാണിയുടെ മരണത്തെ തുടർന്ന് വർക്കിങ് ചെയർമാനായ ജോസഫ് പാർട്ടിയുടെ താൽകാലിക ചെയർമാനായത്. അതിന് ശേഷം മാണി അനുസ്മരണം തിരുവനന്തപുരത്ത് ചേർന്നു. എങ്ങനേയും ചെയർമാൻ പദവിയിൽ എത്തി ജോസ് കെ മാണിയെ വെട്ടുകയാണ് ജോസഫ് ലക്ഷ്യമിട്ടത്. കോടതി ഉത്തരവിലൂടെ ഇത് മാണി ഗ്രൂപ്പ് തടഞ്ഞു.

ഇനി സംസ്ഥാന സമിതി വിളിച്ചേ ചെയർമാനെ കണ്ടെത്താനാകൂ. എന്നാൽ യോഗം വിളിക്കേണ്ടത് ജോയി എബ്രഹാമാണ്. ഇതിനിടെ സി.എഫ്. തോമസ് ചെയർമാനും ജോസ് കെ. മാണി വർക്കിങ് ചെയർമാനും പി.ജെ. ജോസഫ് നിയമസഭാകക്ഷി നേതാവുമെന്ന ഒത്തുതീർപ്പ് ഫോർമുല ഉയർന്നുവന്നു. ഇതിന് പിന്നിലും ജോയി എബ്രഹാമായിരുന്നു. എന്നാൽ ജോസ് കെ മാണി ഇത് അംഗീകരിക്കുന്നില്ല. മാണി പാർട്ടിയുടെ നേതാവിനെ അണികൾ തീരുമാനിക്കുമെന്നാണ് ജോസ് കെ മാണി പറയുന്നത്. ലീഡറേയും ചെയർമാനേയും നിശ്ചയിക്കാനുള്ള അംഗ ബലം പാർട്ടിയിൽ ജോസ് കെ മാണിക്കുണ്ട്. അതിനാൽ സമവായം വേണ്ടെന്നാണ് അവരുടെ പക്ഷം. കെ.എം. മാണിയെ അനുസ്മരിക്കാനായി യോഗം സംഘടിപ്പിച്ചതിനെക്കുറിച്ചുപോലും തർക്കം രൂക്ഷമാകുന്നത് ഈ അധികാര തർക്കം കാരണമാണ്. അനുസ്മരണയോഗമാണെങ്കിലും ജോസഫിനെ ഭാവിനായകനായി യോഗത്തിൽ പ്രഖ്യാപിക്കുമെന്ന സംശയത്തിലാണ് മാണിവിഭാഗം കോടതിയെ സമീപിച്ചത്. ജോസഫിന് ചെയർമാന്റെ താത്കാലിക ചുമതല നൽകിയതിലും മാണിവിഭാഗത്തിന് എതിർപ്പുണ്ട്. ജോയി എബ്രഹാമും മഞ്ഞകടമ്പനുമായി ഇനി ഒത്തുതീർപ്പിന് ജോസ് കെ മാണി തയ്യാറാകില്ല.

കേരളാകോൺഗ്രസ് നേതാവ് കെ. എം. മാണിയുടെ നിര്യാണത്തോടെ പാലായിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ കുരിയാക്കോസ് പടവൻ ഇടതുസ്ഥാനാർത്ഥിയായേക്കും എന്നും റിപ്പോർട്ടുണ്ട്. ഈ സീറ്റിനായി അവകാശം ഉന്നയിച്ചു കൊണ്ടിരിക്കുന്ന എൻസിപിയെ വെട്ടി പാലാ നഗരസഭയുടെ മുൻ അദ്ധ്യക്ഷൻ കൂടിയായ കുരിയാക്കോസ് പടവന് ഇടതുപക്ഷം പിന്തുണ കൊടുത്തേക്കാനുള്ള സാധ്യതകളാണ് പുറത്തുവരുന്നത്. പാലായിൽ കുരിയാക്കോസ് പടവനെ ഇടതുപക്ഷ സ്വതന്ത്രനായോ ജനാധിപത്യ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായോ മത്സരിപ്പിക്കാനാണ് അണിയറയിൽ ശ്രമം. കെ.എം. മാണി അരങ്ങൊഴിഞ്ഞ ഈ തെരഞ്ഞെടുപ്പിൽ എൻ.സി.പി.യിൽനിന്നു സീറ്റ് ഏറ്റെടുത്ത് ഇടതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും എൽ.ഡി.എഫിൽ ഉയരുന്നുണ്ട്.

കെഎം മാണിയുടെ ഏറ്റവും അടുത്ത ആളെന്ന നിലയിൽ കേരളാകോൺഗ്രസിൽ വലിയ സ്വാധീനമുള്ള നേതാവാണെങ്കിലും നേതൃത്വമായുള്ള കുരിയാക്കോസ് പടവന്റെ അഭിപ്രായ വ്യത്യാസവും അപശ്രുതികളും അണികൾക്കിടയിൽ പരസ്യമായ രഹസ്യമാണ്. അതിനാൽ അദ്ദേഹത്തെ ഇടതുസ്വതന്ത്രനായി രംഗത്തിറക്കണമെന്ന നിർദ്ദേശമാണ് ചില കേന്ദ്രങ്ങൾ മുമ്പോട്ട് വെയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP