Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

87ൽ മാണിയുടെ ചോര കൊതിച്ച കരുണാകരന് ഒപ്പം നിന്ന ഭീകരൻ! ആൻണി ഗ്രൂപ്പിന് ആഭ്യന്തരം പോയതും വയലാർ രവിക്ക് രാജിവയ്‌ക്കേണ്ടി വന്നതും അന്ന് ധനമന്ത്രിയോട് റവന്യു മന്ത്രിക്കുണ്ടായ പക; മാണി ഗ്രൂപ്പിലെ നേതാക്കളെ തട്ടിക്കൊണ്ടു പോയി ഒന്നും അല്ലാതാക്കുന്ന വൈഭവം കാട്ടുന്ന നേതാവ്; ഇപ്പോൾ ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഉണ്ടാക്കുന്നത് ആ കരുനീക്കത്തിന്റെ പുതിയമുഖം; ആദർശ രാഷ്ട്രിയത്തിന്റെ ആൾരൂപമെന്നത് പിജെ ജോസഫിന്റെ പൊയ് മുഖമോ? കേരളാ കോൺഗ്രസിൽ സംഭവിക്കുന്നത്

87ൽ മാണിയുടെ ചോര കൊതിച്ച കരുണാകരന് ഒപ്പം നിന്ന ഭീകരൻ! ആൻണി ഗ്രൂപ്പിന് ആഭ്യന്തരം പോയതും വയലാർ രവിക്ക് രാജിവയ്‌ക്കേണ്ടി വന്നതും അന്ന്  ധനമന്ത്രിയോട് റവന്യു മന്ത്രിക്കുണ്ടായ പക; മാണി ഗ്രൂപ്പിലെ നേതാക്കളെ തട്ടിക്കൊണ്ടു പോയി ഒന്നും അല്ലാതാക്കുന്ന വൈഭവം കാട്ടുന്ന നേതാവ്; ഇപ്പോൾ ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഉണ്ടാക്കുന്നത് ആ കരുനീക്കത്തിന്റെ പുതിയമുഖം; ആദർശ രാഷ്ട്രിയത്തിന്റെ ആൾരൂപമെന്നത് പിജെ ജോസഫിന്റെ പൊയ് മുഖമോ? കേരളാ കോൺഗ്രസിൽ സംഭവിക്കുന്നത്

ജെയിംസ് വടക്കൻ

കോട്ടയം: കേരളാ കോൺഗ്രസ് രാഷ്ട്രീയം പ്രതിസന്ധിയിലാണ്. കെ എം മാണിയുടെ മരണത്തിന് ശേഷം പാർട്ടി പിടിച്ചെടുക്കാൻ പിജെ ജോസഫ് നടത്തുന്ന നീക്കങ്ങളാണ് ഇതിന് കാരണം. പാർട്ടിയിൽ ജോസ് കെ മാണിക്കാണ് കൂടുതൽ പിന്തുണ. എന്നാൽ എങ്ങനേയും ചെയർമാനാവുകയാണ് ജോസഫിന്റെ ലക്ഷ്യം. മുമ്പ് പലപ്പോഴും അധികാരത്തിനായി കാണിച്ച കള്ളക്കളികൾ വീണ്ടും ജോസഫ് പുറത്തെടുക്കുന്നു. മാണിയെ എന്നും പിന്നിൽ നിന്ന് കുത്തിയ നേതാവാണ് പിജെ ജോസഫ്. എന്നും ജോസഫിനെ കേരളാ കോൺഗ്രസിൽ മാണി ലയിപ്പിച്ചു. അന്ന് ചില കരുതലുകൾ എടുത്തിരുന്നു.

പാർട്ടി പദവികളിലും കമ്മറ്റികളിലും മാണി ബഹുഭൂരിപക്ഷവും തനിക്കൊപ്പം നിൽക്കുന്നവരെയാക്കി. ഭാവിയിലെ ജോസഫിന്റെ ചരടു വലികൾ തിരിച്ചറിഞ്ഞ് മാണി നടത്തിയ നീക്കം. അതുകൊണ്ട് തന്നെ ജോസ് കെ മാണിക്കാണ് കേരളാ കോൺഗ്രസിന്റെ ഭാവി നായക പരിവേഷം കിട്ടുന്നത്. ഇത് സംഭവിക്കുമ്പോൾ വീണ്ടുമൊരു പിളർപ്പിലേക്ക് കേരളാ കോൺഗ്രസ് നീങ്ങാനും സാധ്യതയുണ്ട്. ഇടുക്കിയിൽ മാത്രമുള്ള പാർട്ടിയായി വീണ്ടും ജോസഫ് വിഭാഗം ചുരുങ്ങും.

പി.ജെ. ജോസഫിന്റെ കരുക്കളും കിനാക്കളും

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. പൊടുന്നനെ കേരളാകോൺഗ്രസ് എമ്മിന്റെ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് ഒരു മോഹം. മാണിവിഭാഗം വർഷങ്ങളായി കാത്തു സൂക്ഷിക്കുന്ന കോട്ടയം സീറ്റിൽ അദ്ദേഹത്തിന് മത്സരിക്കണം. പാർട്ടിയുടെ വർക്കിങ് ചെയർമാനും എംഎ‍ൽഎയും ആയ അദ്ദേഹത്തിന്റെത് അതിമോഹമാണെന്ന് പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും കരുതി. എന്തേ അദ്ദേഹം ആ സീറ്റ് മറ്റാർക്കും വേണ്ടി ചോദിച്ചില്ല.

അങ്ങനെ ചിന്തിച്ചവർക്ക് ഒര കാര്യം തിരിച്ചറിയായനായി 1979 ൽ പാർട്ടി പിളർത്തി സ്വന്തം വിഭാഗം ഉണ്ടാക്കിയ കാലം മുതൽ അതാണ് അദ്ദേഹത്തിന്റെ രീതി തനിക്കു പദവികൾ വേണം.അതിന് ആരെയും വെട്ടാനും നിഗ്രഹിക്കാനും തിരസ്‌ക്കരിക്കാനും അദ്ദേഹത്തിന് മടിയില്ല. എന്നിട്ടും അദ്ദേഹത്തെ ആദർശ രാഷ്ട്രിയത്തിന്റെ ആൾരൂപമായി പലരെക്കൊണ്ടും ചിത്രികരിപ്പിക്കുന്നു. പലരെയും കൂടെ നിർത്തി ഇല്ലാതാക്കുകയും ചെയ്യുന്നു.

പദവികൾക്കു വേണ്ടി സമ്മർദം

അദ്ദേഹം ഓടി നടന്ന് പലരെയും കണ്ടു. കേരളാ കോൺഗ്രസ് ആദരവോടെ കരുതുന്നവർ. മാണി സാറിൽ സ്വാധിനം ചൊലുത്താൻ സാധിക്കുന്നവർ. പാർട്ടി സമിതികൾ കൂടി. തീരുമാനം ചെയർമാൻ കെ.എം. മാണിക്കു വിട്ടു. അദ്ദേഹം പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചു തോമസ് ചാഴികാടനെ കോട്ടയത്തെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മാണിഗ്രൂപ്പിന്റെ കൈവശമുള്ള പദവികളൊന്നു ജോസഫിനു കൊടുക്കരുത് എന്ന് അണികൾക്കു വ്യക്തമായ സന്ദേശം കൊടുത്തു.. അതായിരുന്നു മാണി സാർ തന്ന അവസാനത്തെ രാഷ്ട്രിയ മാതൃക. പി.ജെ. ജോസഫും മോൻസ് ജോസഫും ഉടക്കി. നോക്കി.

മാണി സാർ ഉറച്ചു നിന്നു. പാർട്ടിയിൽ സമ്മർദം ചെലുത്താവുന്നവരെ ചെന്നു കണ്ടു. ഒന്നും നടക്കില്ലെന്നു കണ്ടപ്പോൾ പത്തി മടക്കി. അവസരത്തിനായി കാത്തിരിക്കുന്നു. ഇപ്പോൾ ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഉണ്ടാക്കുന്നത് ആ കരുനീക്കത്തിന്റെ പുതിയമുഖമാണ്.

മാണി വിഭാഗത്തിന്റെ പദവി

അപ്രതീക്ഷിതമായി മാണി സാർ മരിച്ചു. പാർട്ടി ചെയർമാന്റെ പദവി ഒഴിവായി. ഈ പദവി ലയന ധാരണ അനുസരിച്ച് മാണി വിഭാഗത്തിനുള്ള പാർട്ടി പദവിയാണ്. അതു തനിക്കു കിട്ടണം എന്ന മട്ടിൽ ജോസഫ് കരുക്കൾ നീക്കുകയായി.ജോസഫ് കേരളാ കോൺഗ്രസിലേക്കു വന്നപ്പോൾ കൂടെ വന്ന നേതാക്കളിൽ 80 ശതമാനവും അണികൾ ഭൂരിഭാഗവും പാർട്ടി വിട്ട് പുതിയ പാർട്ടി ഉണ്ടാക്കി ഇടതു കൂടാരത്തിൽ ചേർന്ന് സാഹചര്യം കൂടി ഓർക്കണം. ഇടത്തേക്ക് ചെന്നവരെ അവർ വല്ലാതെ ഒതുക്കിയതുകൊണ്ട് അങ്ങോട്ട് പോകാൻ ജോസഫിന് ഇപ്പോൾ ഭയമാണ്. പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് ഒഴിവു വന്നാൽ പാർട്ടിയുടെ കേരളാകോൺഗ്രസിനെ ക്ഷയിപ്പിക്കുവാൻ നോക്കിയിരുന്നവർക്ക് ഈ നീക്കം അവസരമായി.

ജോസഫ് കുറെപ്പേരെ കോട്ടയത്തു വിളിച്ചു ചേർത്തു പാർട്ടിയുടെ ചെയർമാൻ താനാണെന്ന് പ്രഖ്യാപിച്ചു. പാർട്ടിയുടെ അന്നത്തെ സംസ്ഥാന കമ്മറ്റിയിലെ നാലിലൊന്നു പേർ പോലും കോട്ടയത്ത് ജോസഫിന്റെ സമ്മേളനത്തിന് ഉണ്ടായില്ല. എന്നിട്ടും തങ്ങളാണ് യഥാർത്ഥ കേരളാ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് അദ്ദേഹം കളികൾ തുടങ്ങി. പാർട്ടി അച്ചടക്കം ലംഘിച്ച ജോസഫിനും കൂട്ടർക്കും എതിരെ നടപടി എടുക്കുവാൻ പാർട്ടി സംസ്ഥാന കമ്മറ്റി ചെയർമാൻ വി.ടി. സെബാസ്റ്റ്യൻ 1979 ജൂലൈ 16 ന് തിരുവനന്തപുരം ബാങ്ക് എംപ്ലോയിസ് ഹാളിൽ വിളിച്ചു കൂട്ടി. സംസ്ഥാനക്കമ്മറ്റിയിലെയും നിയമസഭാ കക്ഷിയിലേയും ബഹുഭുരിപക്ഷം അംഗങ്ങളും പങ്കെടുത്ത യോഗം ജോസഫിനെതിരെ അച്ചടക്ക നടപടി എടുക്കാൻ തീരുമാനിച്ചു. ജോസഫിനെ പുറത്താക്കി.

ജോസഫിന്റെ പാർട്ടി

1979 ൽ ജോസഫ് ഒരു പാർട്ടി ഉണ്ടാക്കി. കുറെ നേതാക്കളെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്തി. കുറെ പ്രവർത്തകരും ഒപ്പം നിന്നു. എന്നാൽ ആ പാർട്ടി പടവലങ്ങ പോലെ താഴോട്ടാണ് വളർന്നത്. ഒരു മുന്നണിക്കും വേണ്ടാതെ കുറെക്കാലം അലസിഭാഗപ്പെട്ടു കഴിഞ്ഞു. അവസാനം പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറഞ്ഞു വന്നാൽ ഒപ്പം കൂട്ടാം എന്ന ഇ.എം.എസിന്റെ ഉപാധി അംഗികരിച്ച് കേരളാ കോൺഗ്രസിനെ ഇടതു പാളയത്തിൽ മൈനർ പാർട്ടണറായി എത്തിച്ചു. ഏഴു സീറ്റാണ് അവർക്ക് മത്സരിക്കാൻ കിട്ടിയത്. ജോസഫിനൊപ്പം എത്രപേരുണ്ടെന്ന് എല്ലാവർക്കും മനസിലായി. ഇടതു മുന്നണിക്കു കൃത്യമായും മനസിലായി. 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിച്ച ജോസഫിന് കിട്ടിയത് 80,000 വോട്ട്!

അങ്ങനെ ദയനിയമായി കഴിഞ്ഞപ്പോഴാണ് 2008 ൽ ചില ആളഹിയ പിതാക്കന്മാരുടെ മധ്യസ്ഥതയിൽ മാണിക്കൊപ്പം വന്നതും മാണി സാറിന്റെ അവസാനദിനങ്ങളെ വല്ലാതെ കലുഷിതമാക്കിയതും. ജോസഫ്, ജോസഫിനെ മാത്രമാണ് സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ ജോസഫ് വിഭാഗത്തിന്റെ സ്ഥാപകനേതാക്കളെല്ലാം അദ്ദേഹത്തെ വിട്ടുപോയി. തുടക്കം മുതൽ ഉണ്ടായിരുന്ന ഡോ. കെ.സി ജോസഫ്, ടി.എസ് ജോൺ. പി.സി ജോർജ് എല്ലാവരും പോയി. അവസാനം ഫ്രാൻസിസ് ജോർജും ആന്റണി രാജുവും വരെ ജീവനും കൊണ്ട് രക്ഷപ്പെട്ടു.

മാണി സാറിന്റെ കരുണ

1979 പുറത്താക്കപ്പെട്ട ജോസഫ് 1987 ൽ വീണ്ടും ലയിച്ച് ഒന്നായെങ്കിലും കൂടുതൽ വലിയ മുറിവുണ്ടാക്കി പുറത്തു പോയി. അവസാനം 2008 ൽ ചില പിതാക്കന്മാരുടെ സ്വാധിനം ഉപയോഗിച്ച് മാണി സാറിൽ സമ്മർദം ചെലുത്തി. മാണി സാർ മുന്നോട്ടു വച്ച ഉപാധികളെല്ലാം അംഗികരിച്ചു മാണി ഗ്രുപ്പിലെത്തി. അന്ന് പുതിയ ക്രമത്തിൽ മാണി ഗ്രൂപ്പിന് കേരളാ കോൺഗ്രസിൽ ഉണ്ടായിരിക്കേണ്ട പദവികളെക്കുറിച്ച് മാണിസാർ കൃത്യമായ മാതൃക കാണിച്ചു തന്നിട്ടുണ്ട്.

സിനിയോറിട്ടിക്കഥ

ലയനകാലത്ത് മാണി സാറിന്റെ സീനിയോറിട്ടി അംഗികരിച്ചു താൻ ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കുകയായിരുന്നു എന്ന മട്ടിൽ തിരുവനന്തപുരത്ത് ജോസഫ് സംസാരിച്ചു.അതല്ല സത്യം. രണ്ടു പദവിയും മാണി ഗ്രൂപ്പിന് എന്ന് മാണിസാർ തീരുമാനിച്ചതാണ്. ശേഷിയുണ്ടെങ്കിൽ അങ്ങനെ സീനിയോറിട്ടു നോക്കി എല്ലാം ചെയ്യുന്ന ആളല്ല ജോസഫ് എന്നതാണ് ചരിത്രം. 1987 ൽ മാണി ജോസഫ് ഗ്രൂപ്പുകൾ ലയിച്ചതാണ്. അന്ന് ജോസഫിന് കുറക്കൂട് ജനപിന്തുണ ഉണ്ടായിരുന്നു. അദ്ദേഹം ചെയർമാൻ സ്ഥാനം നിർബന്ധപൂർവം സ്വന്തമാക്കി. 2008 ൽ അതു നടക്കില്ലെന്നു കണ്ടപ്പോൾ എങ്ങനെയും തിരിച്ചു കയറിയതാണ് അദ്ദേഹം. ആ പദവി പോലും മാണി സാറിന്റെ ഔദാര്യമായിരുന്നു.

ഇടതു മുന്നണി ഭരണത്തിൽ പലതരത്തിലുള്ള അപവാദങ്ങളിൽ പെട്ട് മന്ത്രി സ്ഥാനം പോലും രാജി വയ്ക്കേണ്ടി വന്ന ജോസഫിനെ തിരിച്ചു കൊണ്ടു വന്നതിന് മാണി സാറിന് വലിയ വില അന്നും കൊടുക്കേണ്ടി വന്നു. കോൺഗ്രസ് ജോസഫിന് വേണ്ടി മാണിക്കു ഒരു സീറ്റു പോലും കൂടുതൽ തന്നില്ല. മനസ്തപിതച്ചു വന്ന ധൂർത്ത പുത്രനെ എല്ലാം സഹിച്ചു മാണിസാർ കൂടെ കൂട്ടുകയായിരുന്നു. അതിന് അദ്ദേഹം വലിയ വിലയും കൊടുക്കേണ്ടി വന്നു. ഏറെ മാനസികവേദന സഹിച്ചു. തയ്യറാക്കിയ ആളഹകതപോലും പ്രസിദ്ധികരിച്ചില്ല.

ചതിക്കപ്പെട്ടവർ

മാണി ഗ്രൂപ്പിൽ നിന്നും നേതാക്കളെ തട്ടിക്കൊണ്ടു പോയി ഒന്നും അല്ലാതാക്കുവാൻ ജോസഫ് എന്നും വലിയ വൈഭവം കാണിച്ചിട്ടുണ്ട്. 1987 ൽ പാർട്ടി പിളർത്തിയപ്പോൾ മാണി വിഭാഗത്തിന്റെ ചെയർമാനായിരുന്ന ഒ.ലൂക്കോസ്, ജനറൽ സെക്രട്ടറിയായിരുന്ന പി.സി ജോസഫ,് കാഞ്ഞിരപ്പള്ളി എം. എൽ.എ ആയിരുന്നു തോമസ് കല്ലമ്പള്ളി തുടങ്ങി നിരവധി പേരെ ചതിച്ച് കൂടെ നിർത്തി. ഇവരിലാരും പിന്നീട് കേരള രാഷ്ട്രിയത്തിൽ ഒന്നുമായിട്ടില്ല. ഒ. ലൂക്കോസ് മാണി ഗ്രൂപ്പിൽ മടങ്ങി എത്തുകയും ചെയ്തു. അതാണ് ജോസഫിന്റെ തന്ത്രം.

മാണിക്കെതിരെ കള്ളച്ചുരിക പ്രയോഗിച്ച ജോസഫ്

1987 ൽ മാണിയുടെ ചോര കൊതിച്ച കരുണാകരനോട് ഒപ്പം നിന്ന് മാണിയിൽ നിന്നും ധനകാര്യവകുപ്പു പിടിച്ചെടുക്കുവാൻ കൂട്ടു നിന്ന ഭീകരനാണ് ജോസഫ്. ജോസഫിന്റെയും മറ്റും ആ നിലപാടുകൊണ്ടാണ് ആന്റണി ഗ്രൂപ്പിന്റെ കൈയിൽ നിന്നും കരുണാകരൻ ആഭ്യന്തരം പിടിച്ചെടുക്കുന്നതിനും വയലാർ രവിക്കു മന്ത്രിസഭയിൽ നിന്നും രാജി വയക്കേണ്ടി വന്നതും. അക്കാലത്ത് റവന്യു മന്ത്രിയായിരുന്ന ജോസഫ് മാണിയോടുള്ള പകയുടെ പേരിൽ മാണിയുടെ മരുമകനെ വരെ ഔദ്യോഗിക രംഗത്ത് വല്ലാതെ ബുദ്ധിമുട്ടിച്ചു. എന്നിട്ടു പറയുന്നു മാണി സാറിനെ ഞാൻ വേദനിപ്പിച്ചിട്ടില്ലെന്ന്

ബാർ ക്കോഴക്കേസിലും ജോസഫ് മാണി സാറിനെ കൃത്യമായി പിന്നിൽ നിന്നും കുത്തി. ഹൈക്കോടതി വിധിയുടെ പേരിൽ രാജി വയ്ക്കേണ്ടി വന്നപ്പോൾ പാർട്ടി മന്ത്രിമാർ എല്ലാം രാജി വച്ചു പുറത്തു നിന്ന് മുന്നണിക്കു പിന്തുണ കൊടുക്കാം എന്നായിരുന്നു മാണിയുടെ പക്ഷം. പക്ഷേ ജോസഫ് കൂട്ടാക്കിയില്ല. മാണിക്കൊപ്പം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ രാജി വച്ചത് അതുകൊണ്ടാണ്. എന്നാൽ ജോസഫ് ഗ്രൂപ്പുകാർ കൂട്ടാക്കിയില്ല. മാണിക്ക് ഒറ്റയക്ക് രാജി വയ്ക്കേണ്ടി വന്നു.

രാജി വച്ചാൽ മുന്നണി വിടുക എന്നാണ് അർത്ഥമെന്ന് ഇന്ന് ജോസഫ് പറയുന്നു. പക്ഷേ പുറത്തു നിന്നു പിന്തുണ നൽകിയാൽ എങ്ങനെ മുന്നണി വിടലാകും. മാണി സാറിനോട് കൂടെ നിന്ന് ജോസഫു മോൻസും കാണിച്ച ചതിയുടെ വേദന മാണിയെ സ്നേഹിക്കുന്നവരുടെ മനസിലുണ്ട്.

ജോസഫ് എന്നും ചെയർമാൻ

1979 മുതൽ 2008 ൽ പാർട്ടിയിൽ തിരിച്ചെത്തുന്നതുവരെ ജോസഫായിരുന്നു ആ പാർട്ടിയുടെ ചെയർമാനും നിയമസഭാകക്ഷി നേതാവും ഒരാൾ രണ്ടു പദവികൾ വഹിക്കരുത് എന്ന് പ്രഖ്യാപിച്ച് പാർട്ടിയുടെ സ്ഥാപക ചെയർമാൻ കെ.എം. ജോർജിനെ പുറത്താക്കുവാൻ കരുക്കൾ നീക്കിയവനാണ് ജോസഫ്. ഇപ്പോഴും പാർട്ടിയിൽ ഒരാൾക്കു ഒരു പദവി എന്ന് ജേസഫ് പറയുന്നത് വലിയ കള്ള ലാക്കോടെയാണെന്ന് സംശയിക്കണം.
ആരെയോ വെട്ടാനോ ഇല്ലാതാക്കനോ അദ്ദേഹം ആഗ്രഹിക്കുന്നു.

അതു കഴിയുമ്പോൾ എല്ലാ പദവികളും അദ്ദേഹം വഹിക്കുകയും ചെയ്യും. വർക്കിംഗം ചെയർമാനും എംഎ‍ൽഎയും ആയ ആൾ ലോക്സഭയിലേക്ക് പോകണം എന്ന് പറഞ്ഞു ബഹളം വച്ചെതങ്കിലും എല്ലാവർക്കും ഓർക്കുമല്ലോ അതാണ് ജോസഫ്. പാർട്ടിയിലെ മറ്റാർക്കു വേണ്ടി അദ്ദേഹം അതു ചെയ്തിട്ടില്ല. 2014 ൽ അങ്ങനെ സമ്മർദം ഉപയോഗിച്ച് ഇടുക്കി സീറ്റ് സ്വന്തമാക്കിയിരുന്നെങ്കിൽ ഫ്രാൻസിസ് ജോർജ് ഇന്ന് ഇടതു പക്ഷത്താകില്ലായിരുന്നു. ജോസഫ് ആവേശം കാണിക്കാതിരുന്നതുകൊണ്ടാണ് ആ സീറ്റിനു വേണ്ടി അന്ന് പാർട്ടി വാശി പിടിക്കാതിരുന്നതും.

മാണിസാറിന്റെ മാതൃക

മാണി സാറകട്ടെ ഇക്കാര്യത്തിൽ വലിയ മാതൃക കാണിച്ചു തന്നു. പാർട്ടി ചെയർമാൻ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും ഒന്നിച്ചു വഹിക്കാതെ മറ്റുള്ളവരുമായി പങ്കു വച്ചു. വി.ടി സെബസ്റ്റ്യൻ, ജോർജ് ജെ.മാത്യു. ഒ.ലൂക്കോസ്, സി.എഫ് തോമസ് എന്നിവരെല്ലാം പാർട്ടിയുടെ മുൻചെയർമന്മാരായി. ജോസഫ് വിഭഗത്തിൽ ഇങ്ങനെ ഒരാളെ കാണിക്കാനാവുമോ?അവസാനകാലത്ത് പാർട്ടി വല്ലാതെ നിർബന്ധിച്ചപ്പോഴാണ് രണ്ടു പദവിയും അദ്ദേഹം ഒന്നിച്ചു വഹിച്ചത്.

ചെയർമാൻ പദവി

ചെയർമാനു വിപുലമായ അധികാരമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ്ചെയർമാനാണ് പാർട്ടി ചിഹ്നത്തിന്റെയും കസ്റ്റോഡിയൻ. 1979 ൽ സംസ്ഥാനകമ്മറ്റി കൂടി പുറത്താക്കിയതു കൊണ്ട് ജോസഫിന് പുതിയ പാർട്ടി ഉണ്ടാക്കേണ്ടി വന്നു. അതുകൊണ്ട് അന്ന് 1964 മുതലുള്ള പാർട്ടി ചിഹ്നമായ കുതിര മാണിക്കായിരുന്നു. എന്നാൽ 1987 ൽ ജോസഫിന് ചെയർമാൻ സ്ഥാനം കിട്ടിയതുകൊണ്ട് കുതിര ജോസഫിന് കിട്ടി. രണ്ടില മാണി ഗ്രൂപ്പിന്റെ ചിഹ്നമായത് അങ്ങനെയാണ്.

എന്റെ വീട്ടിൽ നിന്നു ജോസഫ് കട്ടുകൊണ്ടു പോയ കുതിരയെ മടക്കിത്തരണം എന്ന് അന്ന് മാണി സാർ ചങ്കു പൊട്ടി ജോസഫിനോട് പറഞ്ഞതാണ്. പക്ഷേ കേട്ടില്ല.അതാണ് ജോസഫിന്റെ മാണി സ്നേഹം.1964 മുതൽ കേരളാകോൺഗ്രസുകാർ അഭിമാനത്തോടെ കൊണ്ടുനടന്ന കുതിരയെയും ജോസഫ് പെരിവഴിയിലാക്കി .മാണി സാർ ഹൃദയത്തോട് ചേർത്തു കൊണ്ടുനടന്നു വളർത്തിയ പാർട്ടിയെയും അങ്ങനെയാക്കണം അതിനാണ് കള്ളച്ചുരികകളുമായി പുത്തൻ അരിങ്ങോടർ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP