Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നവോത്ഥാനവും ഭരണ നേട്ടങ്ങളും മറികടന്ന സിപിഎം വിരുദ്ധ ധ്രുവീകരണം; രണ്ട് എക്‌സിറ്റ് പോളുകളിലും സിപിഎം നിലം തൊടില്ല; രാജ്യത്ത് മുഴുവൻ തിരിച്ചടി ഉണ്ടായാലും കേരളത്തിൽ പിടിച്ചു നിൽക്കാനാവുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; കുമ്മനത്തിലൂടെ ബിജെപി അക്കൗണ്ട് തുറക്കുന്നതിനൊപ്പം സുരേന്ദ്രന്റെ വമ്പൻ മുന്നേറ്റവും ബിജെപിക്ക് ആശ്വാസം നൽകുന്നു; ഇനി പിണറായിക്ക് പലതിനും കണക്കു പറയേണ്ടി വരും; പ്രതീക്ഷ നിലനിർത്തി രമ്യാ ഹരിദാസും മുരളീധരനും ഉണ്ണിത്താനും

നവോത്ഥാനവും ഭരണ നേട്ടങ്ങളും മറികടന്ന സിപിഎം വിരുദ്ധ ധ്രുവീകരണം; രണ്ട് എക്‌സിറ്റ് പോളുകളിലും സിപിഎം നിലം തൊടില്ല; രാജ്യത്ത് മുഴുവൻ തിരിച്ചടി ഉണ്ടായാലും കേരളത്തിൽ പിടിച്ചു നിൽക്കാനാവുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; കുമ്മനത്തിലൂടെ ബിജെപി അക്കൗണ്ട് തുറക്കുന്നതിനൊപ്പം സുരേന്ദ്രന്റെ വമ്പൻ മുന്നേറ്റവും ബിജെപിക്ക് ആശ്വാസം നൽകുന്നു; ഇനി പിണറായിക്ക് പലതിനും കണക്കു പറയേണ്ടി വരും; പ്രതീക്ഷ നിലനിർത്തി രമ്യാ ഹരിദാസും മുരളീധരനും ഉണ്ണിത്താനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ ചാനലുകളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ കേരളത്തിൽ യുഡിഎഫ് തരംഗമാണ് പ്രവചിക്കുന്നത്. ന്യൂസ് 18ന്റെ പ്രവനത്തിൽ സിപിഎമ്മിന് മുൻതൂക്കവും. മിക്കവാറും ചാനലുകൾ ബിജെപിക്ക് സീറ്റും നൽകുന്നു. ഇതാണ് കേരളത്തിലെ എക്‌സിറ്റ് പോൾ ഫലങ്ങളുടെ പൊതു ചിത്രം. ദേശീയ ചാനലുകൾ കേരളത്തെ മാത്രം വിലയിരുത്തി ഫലങ്ങൾ വിശദമായി നൽകുന്നില്ല. എന്നാൽ മാതൃഭൂമിയും മനോരമയും കേരളത്തിൽ മാത്രമായി എക്‌സിറ്റ് പോളുകൾ നടത്തി. ഇതിൽ തെളിയുന്നത് ശബരിമല കേരളത്തിൽ ആളിക്കത്തിയെന്നത് തന്നെയാണ്. ഇതിന്റെ നേട്ടം വടക്കൻ കേരളത്തിൽ കോൺഗ്രസിന് ഏകപക്ഷീയ വിജയം നൽകുന്നുവെന്നാണ് സൂചന. മധ്യ കേരളത്തിൽ യുഡിഎഫ് കോട്ടകൾ നിലനിർത്തുന്നു. തേക്കേ അറ്റത്ത് ബിജെപിയുടെ വോട്ട് വിഹിതം കൂടുമ്പോഴും നേട്ടം കോൺഗ്രസിന് തന്നെ. അങ്ങനെ ഉറച്ച പാർട്ടി കോട്ടകൾ ഒഴികെ മിക്കതും സിപിഎമ്മിന് നഷ്ടമാകുന്ന അവസ്ഥ.

രണ്ട് സർവ്വേകളും തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്ന് പറയുന്നു. അതായത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേരളത്തിലെ രണ്ട് പ്രധാന മാധ്യമങ്ങളും വലിയിരുത്തുന്നു. ഇത് ബിജെപിക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇതിനൊപ്പം ആലത്തൂരിൽ രമ്യാ ഹരിദാസ് ജയിക്കുമെന്നും രണ്ട കൂട്ടരും പറയുന്നു. കാസർഗോഡും വടകരയും കോൺഗ്രസിനാണ് നൽകുന്നത്. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. കൊല്ലത്തും എറണാകുളത്തും വയനാട്ടിലും കരുത്തരെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കിയത്. വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ഇത്. ബാലഗോപാലും രാജീവും ജയരാജനും തോൽക്കുന്നത് സിപിഎം കണക്കുകൂട്ടലുകൾക്ക് ഏറ്റ തിരിച്ചടിയാണ്. ആലത്തൂരിലെ തോൽവി ഇരുട്ടടി പോലെയാകും. സിപിഎമ്മിന്റെ കോട്ടയായാണ് ആലത്തൂരിനെ വിശേഷിപ്പിച്ചിരുന്നത്. ഇവിടെ രമ്യാ ഹരിദാസ് വിജയിച്ചാൽ അത് സിപിഎമ്മിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കും.

സിപിഎമ്മിലെ അവസാന വാക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ നവോത്ഥാനം ഉൾപ്പെടെയുള്ള നിലപാടുകൾ സിപിഎമ്മിന്റെ തോൽവിക്ക് കാരണമാണ്. വികസന നേട്ടങ്ങളൊന്നും ഇതിന് മുന്നിൽ കേരളം ചർച്ചയാക്കിയില്ല. ഇത്തരം വിഷയങ്ങളിൽ ഇനി പിണറായി മറുപടി പറയേണ്ടി വരും. അങ്ങനെ സിപിഎമ്മിലെ സർവ്വ സൈനാധിപനായി മാറിയ പിണറായിക്ക് കടുത്ത തിരിച്ചടിയാകും എക്‌സിറ്റ് പോൾ ഫല സൂചനകളിലുള്ളത്. സിപിഎം വിരുദ്ധ ധ്രൂവീകരണത്തിന് തെളിവാണ് ആലത്തൂരിലേയും വടകരയിലേകും കാസർഗോട്ടേയും കോൺഗ്രസ് വിജയ പ്രതീക്ഷ. സിപിഎമ്മിന്റെ ഉരുക്ക് കോട്ടകൾ പോലും മികച്ച സ്ഥാനാർത്ഥികളിലൂടെ കോൺഗ്രസ് തകർത്തു.

ഇടതിന് പ്രതീക്ഷയായി ന്യൂസ് 18 സർവ്വേ ഫലം

15 മുതൽ 16 സീറ്റ് വരെ കേരളത്തിൽ യുഡിഎഫ് നേടുമെന്നാണ് ഇന്ത്യാടുഡേ പറയുന്നത്. ഇടത് മുന്നണിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ ബിജെപിക്ക് പരമാവധി പ്രതീക്ഷിക്കാവുന്നത് ഒരു സീറ്റ് മാത്രമാണെന്നും ഇന്ത്യാ ടുഡേ പറയുന്നുണ്ട്. പൂജ്യം മുതൽ ഒന്ന് വരെ എന്നാണ് ഇന്ത്യാ ടുഡേ കേരളത്തിലെ ബിജെപിക്ക് പറയുന്ന സാധ്യത. ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും ചാണക്യ 16 സീറ്റുമാണ് യുഡിഎഫിന് പ്രവചിക്കുന്നത്. ഇടത് മുന്നണി നാല് സീറ്റ് വരെ നേടുമെന്നാണ് ടൈംസ് നൗ പ്രവചനം. ബിജെപിക്ക് കിട്ടാവുന്നത് ഒരു സീറ്റാണെന്നാണ് ടൈംസ് നൗ കണക്ക് കൂട്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ച് സിഎൻഎൻ ന്യൂസ് 18. കേരളത്തിൽ ഇടത് മുന്നണി 11 മുതൽ 13 സീറ്റ് വരെ നേടിയേക്കാമെന്നാണ് ന്യൂസ് 18 സർവെയുടെ കണക്ക് കൂട്ടൽ. യുഡിഎഫ് വിജയിക്കുന്നത് 3 മുതൽ 5 സീറ്റിൽ വരെയാണ് എന്നും പ്രവചിക്കുന്നുണ്ട്. എൻഡിഎ അക്കൗണ്ട് തുറക്കുന്നെങ്കിൽ അത് ഒരു സീറ്റിൽ മാത്രമായി ഒതുങ്ങുമെന്ന വിലയിരുത്തലും സിഎൻഎൻ ന്യൂസ് 18 പങ്കുവയ്ക്കുന്നു.

ഭൂരിപക്ഷം സർവെകളും കേരളത്തിൽ യുഡിഎഫ് മുന്നേറ്റം പ്രവചിക്കുമ്പോഴാണ് തീർത്തും വ്യത്യസ്ഥമായ ഫല സൂചനയുമായി സിഎൻഎൻ ന്യൂസ് 18 എത്തുന്നത്. ന്യൂസ് നേഷനാകട്ടെ ഇടതുപക്ഷത്തിന് 5 മുതൽ 7 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് സർവ്വെകളെല്ലാം ഇടതുപക്ഷത്തിന് 4 സീറ്റുവരെയാണ് നേടാനാകുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തോ അല്ലെങ്കിൽ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളിൽ നടന്ന എക്‌സിറ്റ് പോൾ ചർച്ചകളിൽ വിദഗ്ദ്ധർ മുന്നോട്ട് വയ്കക്കുന്നത്. എന്നാൽ ബിജെപി ജയിക്കുന്ന സീറ്റ് ഏതെന്ന കൃത്യമായ പ്രവചനം ആരും നടത്തിയിട്ടില്ല. നേരത്തെ പ്രദേശിക ചാനലുകൾ നടത്തിയ സർവ്വേകളിലും ബിജെപി സീറ്റ് തുറക്കാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു.

15 സീറ്റുകൾ യുഡിഎഫ് നേടുമെന്നും നാല് സീറ്റുകൾ എൽഡിഎഫ് നേടുമെന്നും ഒരു സീറ്റിൽ ബിജെപി ജയിക്കുമെന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നു. സിഎൻഎൻ-ന്യൂസ് 18 പുറത്തു വിട്ട സർവ്വേ എൽഡിഎഫ് അനുകൂല തരംഗമാണ് കേരളത്തിൽ പ്രവചിക്കുന്നത്. 11 മുതൽ 13 വരെ എൽഡിഎഫ് നേടും. 7 മുതൽ 9 സീറ്റ് വരെ യുഡിഎഫ് ഒരു സീറ്റ് വരെ എൻഡിഎ ഇതാണ് ന്യൂസ് 18-ന്റെ പ്രവചനം. ന്യൂസ് നേഷൻ ചാനൽ 11- 13 സീറ്റ് വരെ യുഡിഎഫിനും 5-7 സീറ്റ് വരെ എൽഡിഎഫിനും 1 മുതൽ 3 സീറ്റ് വരെ ബിജെപിക്കും പ്രവചിക്കുന്നു. ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും എൽഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റ് പ്രവചിക്കുന്നു.

മനോരമയുടെ സർവ്വേ ഫലം ഇങ്ങനെ

തെക്കൻ കേരളത്തിൽ നാലു മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടു മണ്ഡലത്തിൽ ഫോട്ടോ ഫിനിഷുമാണ് മനോരമ ന്യൂസ് - കാർവി ഇൻസൈറ്റ്‌സ് എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നത്. ഇവിടെ ഒരു മണ്ഡലത്തിൽ എൻഡിഎ നേരിയ മുൻതൂക്കം നേടുമെന്നും സർവേ വ്യക്തമാക്കുന്നു. എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്ന പത്തനംതിട്ടയിൽ അതിനു സാധ്യതയില്ലെന്നാണു പ്രവചനം. തുടക്കം മുതൽ എൽഡിഎഫ് മുന്നിട്ടുനിന്ന ആലപ്പുഴയിൽ എ.എം.ആരിഫിനായിരിക്കും മുൻതൂക്കമെന്നും വിലയിരുത്തുന്നു. ആലപ്പുഴയിൽ സിപിഎമ്മിനാണ് വിജയം. എൽഡിഎഫിന്റെ എ.എം.ആരിഫ് എഎൽഎ, യുഡിഎഫിന്റെ കരുത്തുറ്റ വനിതാ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ, പിഎസ്‌സി മുൻ ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ എന്നിവരുടെ സ്ഥാനാർത്ഥിത്വങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് ആലപ്പുഴ. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ച ആലപ്പുഴയിൽ ഇത്തവണ ഫോട്ടോഫിനിഷായിരിക്കുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലം. മണ്ഡലത്തിൽ ആരിഫിനായിരിക്കും നേരിയ മുൻതൂക്കം.

മാവേലിക്കരയിൽ കോൺഗ്രസിന്റെ ദേശീയ നേതാവ് കൊടിക്കുന്നിൽ സുരേഷിന് വിജയമെന്നു മനോരമയുടെ എക്‌സിറ്റ്‌പോൾ ഫലം. എൽഡിഎഫിന്റെ ചിറ്റയം ഗോപകുമാറും എൻഡിഎയുടെ തഴവ സഹദേവനുമാണ് എതിർ സ്ഥാനാർത്ഥികൾ. മറ്റ് അത്ഭുതങ്ങളൊന്നും മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നില്ല എന്നാണു വിലയിരുശബരിമല വിഷയം മുതൽ കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വരെ ചർച്ചയായ മണ്ഡലമാണു പത്തനംതിട്ട. ശബരിമല വിഷയം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തവണയും യുഡിഎഫിന്റെ ആന്റോ ആന്റണി വിജയിക്കുമെന്നാണ് സർവേ ഫലം. എൽഡിഎഫിന്റെ വീണാ ജോർജ് എംഎൽഎയ്ക്ക് വിജയം സ്വന്തമാക്കാനാവില്ല എന്നാണു വ്യക്തമാകുന്നത്. കൊല്ലത്ത് പ്രേമചന്ദ്രൻ വീണ്ടും ജയിക്കുമെന്നാണ് മനോരമ പറയുന്നത്. സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ പഴയ എൽഡിഎഫ് പ്രമുഖൻ എൻ.കെ.പ്രേമചന്ദ്രനോട് ഏറ്റുമുട്ടുമ്പോൾ പ്രേമചന്ദ്രൻ തന്നെ മണ്ഡലം നിലനിർത്തുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലം വ്യക്തമാകുന്നത്. കെ.വി.സാബുവാണ് എൻഡിഎ സ്ഥാനാർത്ഥി.

ആറ്റിങ്ങലിൽ സമ്പത്ത് . എൽഡിഎഫിന്റെ ഉറച്ച മണ്ഡലമായി വിലയിരുത്തുന്ന ആറ്റിങ്ങൽ ഇത്തവണയും എ.സമ്പത്ത് നിലനിർത്തുമെന്ന് എക്‌സിറ്റ്‌പോൾ ഫലം. യുഡിഎഫിന്റെ മൂന്നു മുന്നണികളും ശക്തരായ സ്ഥാനാർത്ഥികളെ കളത്തിലിറക്കിയ മണ്ഡലമാണ് തിരുവനന്തപുരം. യുഡിഎഫിനായി ശശി തരൂർ വീണ്ടും മൽസരിക്കുമ്പോൾ എൽഡിഎഫിന്റെ സി ദിവാകരനും എൻഡിഎയുടെ കുമ്മനം രാജശേഖരനുമായിരുന്നു എതിരാളികൾ. ഇത്തവണ ഫോട്ടോഫിനിഷ് ആയിരിക്കുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലം വ്യക്തമാക്കുന്നത്. നേരിയ മുൻതൂക്കം ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനായിരിക്കും. യുഡിഎഫ് സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്തെത്തുമെന്നും മനോരമയുടെ എക്‌സിറ്റ് പോൾ വിലയിരുത്തുന്നു.

വടക്കൻ കേരളത്തിൽ 5 മണ്ഡലങ്ങളിൽ യുഡിഎഫും ഒരെണ്ണത്തിൽ എൽഡിഎഫും ജയിക്കും. രണ്ടിടത്തു ഫോട്ടോഫിനിഷ് ആയിരിക്കുമെന്നും സർവേ ഫലം പറയുന്നു. കാസർകോട്ട് യുഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്നാണു സർവേഫലം. കോൺഗ്രസിന്റെ രാജ്‌മോഹൻ ഉണ്ണിത്താൻ ഇടതു സ്ഥാനാർത്ഥി കെ.പി.സതീഷ് ചന്ദ്രനെ തോൽപിക്കുമെന്നാണ് സർവേയിൽ വ്യക്തമാകുന്നത്. കണ്ണൂരിൽ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷാകുമെന്നാണു പ്രവചനം. നേരിയ മുൻതൂക്കം കോൺഗ്രസിനായിരിക്കുമെന്നും പറയുന്നു. വടകരയിൽ കോൺഗ്രസിന്റെ കെ.മുരളീധരന് ആധികാരിക ജയം ലഭിക്കും. കടുത്ത പോരാട്ടത്തിനൊടുവിൽ സിപിഎമ്മിന്റെ പി.ജയരാജനെ തോൽപിക്കുമെന്നാണ് പ്രവചനം. ഏറ്റവും ശക്തമായ പോരാട്ടം നടന്നുവെന്നു പ്രതീക്ഷിക്കുന്ന വടകരയിൽ ഇഞ്ചോടിഞ്ചുന മത്സരമായിരുന്നു. രാഹുൽഗാന്ധി മൽസരിക്കാനെത്തിയതോടെ പോരാട്ടം ഇല്ലാതായ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണു സർവേ ഫലം.

കോഴിക്കോട്ട് ഫോട്ടോഫിനിഷാണ് പ്രവചിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോൾ മികച്ച മേൽക്കൈയുണ്ടായിരുന്ന കോൺഗ്രസിന്റെ എം.കെ.രാഘവന് പ്രചാരണ സമയത്തുയർന്ന അഴിമതിയാരോപണം വിനയായി. എന്നാൽ സിപിഎമ്മിന്റെ എ.പ്രദീപ് കുമാറിന് ഈ സാഹചര്യം വേണ്ടത്ര ഉപയോഗപ്പെടുത്താനായിട്ടില്ലെന്നും വിലയിരുത്തലുണ്ട്. യുവ ഇടതു സ്ഥാനാർത്ഥി വി.പി. സാനുവിനെ പിന്നിലാക്കി മുസ്ലിം ലീഗിന്റെ അതികായൻ പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തു വീണ്ടും ജയിക്കുമെന്നാണു സർവേ പറയുന്നത്. മുസ്ലിം ലീഗിന് മികച്ച സ്വാധീനമുള്ള പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ വിജയിക്കുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലം. നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഇവിടെ കാര്യമായി നേട്ടമുണ്ടാക്കില്ല എന്നും വിലയിരുത്തലുണ്ട്. യുഡിഎഫിന്റെ വി.കെ.ശ്രീകണ്ഠൻ ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് പാലക്കാട് സിറ്റിങ് എംപി എം.ബി.രാജേഷ് വിജയിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു.

മധ്യകേരളത്തിൽ ആറിൽ അഞ്ചു മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന് സർവേ ഫലം പറയുന്നു. ഒരു സീറ്റിൽ ഫോട്ടോഫിനിഷ് ആയിരിക്കുമെന്നും വിലയിരുത്തുന്നു. മധ്യകേരളത്തിൽ യുഡിഎഫിന് 42 ശതമാനം വോട്ടുവിഹിതം ലഭിക്കുമ്പോൾ എൽഡിഎഫിന് 36ഉം എൻഡിഎയ്ക്ക് 16ഉം മറ്റുള്ളവർക്ക് ആറു ശതമാനവും വോട്ടുലഭിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു. യുഡിഎഫിലെ രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വം കൊണ്ടും എൽഡിഎഫിലെ പി.കെ.ബിജു തുടർച്ചയായി മൂന്നാം തവണയും മൽസരിക്കാനെത്തുന്നു എന്നതുകൊണ്ടും ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് ആലത്തൂർ. ഇവിടെ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നാണു സർവേ ഫലം. നടൻ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ എൻഡിഎ മറ്റു സ്ഥാനാർത്ഥികളുടെ വോട്ടുവിഹിതത്തിൽ കാര്യമായ ഇടിവുണ്ടാക്കുന്ന മണ്ഡലമാണു തൃശൂർ. ഇവിടെ എൽഡിഎഫിന്റെ രാജാജി മാത്യു തോമസും യുഡിഎഫിന്റെ ടി.എൻ.പ്രതാപനും തമ്മിലുള്ള പോരാട്ടം ഫോട്ടോഫിനിഷിൽ അവസാനിക്കും. നേരിയ മുൻതൂക്കം രാജാജി മാത്യു തോമസിനാണെന്നും സർവേ വ്യക്തമാക്കുന്നു.

സിറ്റിങ് എംപി എൽഡിഎഫിന്റെ ഇന്നസന്റ് വീണ്ടും മൽസരിക്കാനെത്തിയ ചാലക്കുടിയിൽ ഇത്തവണ വിജയിക്കില്ലെന്നാണ് സർവേ ഫലം. യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ലോക്‌സഭയിലേയ്ക്കു പോകും. പ്രചാരണത്തിനിടെ ബെന്നിക്കു ഹൃദയാഘാതം മൂലം പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നെങ്കിലും അതൊന്നും ഫലത്തെ ബാധിച്ചിട്ടില്ലെന്നാണു വ്യക്തമാകുന്നത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫ് അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല എന്നു വ്യക്തമാക്കുന്നതാണ് എക്‌സിറ്റ്‌പോൾ ഫലം. സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥികളിൽ ഒരാളായിരുന്ന പി.രാജീവിനെ വീഴ്‌ത്തി യുഡിഎഫിന്റെ ഹൈബി ഈഡൻ വിജയിക്കും. മുൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സാഹസികമായി കൈപ്പിടിയിലൊതുക്കിയ ഇടുക്കി മണ്ഡലം ഇത്തവണ ജോയ്‌സ് ജോർജിനെ കൈവിടുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലം നൽകുന്ന സൂചന. കഴിഞ്ഞ തവണയും ജോയ്‌സ് ജോർജിനെതിരെ മൽസരിച്ച യുഡിഎഫിന്റെ ഡീൻ കുര്യാക്കോസ് ഇത്തവണ വിജയിക്കുമെന്നാണു സർവേ വ്യക്തമാക്കുന്നത്.

എൽഡിഎഫിന്റെ കരുത്തനായ സ്ഥാനാർത്ഥി വി.എൻ.വാസവനും യുഡിഎഫിന്റ തോമസ് ചാഴികാടനും ഏറ്റുമുട്ടിയ കോട്ടയം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലം. തോമസ് ചാഴികാടൻ ഇവിടെ കാര്യമായ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ.

മാതൃഭൂമി യുഡിഎഫിന് നൽകുന്നത് 15 സീറ്റ്, കുമ്മനം ജയിക്കും

തിരുവനന്തപുരത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോൾ ഫലം. 15 സീറ്റുമായി യു.ഡി.എഫ് മികച്ച വിജയം നേടും. എൽ.ഡി.എഫ് 4 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എക്സിറ്റ്പോൾ ഫലം പ്രവചിക്കുന്നു. കടുത്ത മത്സരം നടന്ന ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ എൽ ഡി എഫിന്റെ എ സമ്പത്ത് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോൾ ഫലം. 42ശതമാനം വോട്ടുകൾ സമ്പത്ത് നേടിയേക്കും. യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 39 ശതമാനം വോട്ടുകൾ നേടി രണ്ടാംസ്ഥാനത്തെത്തും. എൻ ഡി എയുടെ ശോഭാ സുരേന്ദ്രൻ 16 ശതമാനം വോട്ടുകൾ നേടിയേക്കുമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു.

കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രനെ പിടിച്ചുകെട്ടാൻ സിപിഎമ്മിന് കഴിയില്ലെന്ന് മാതൃഭൂമി എക്സിറ്റ്പോൾ. 48 ശതമാനം വോട്ട് നേടി വ്യക്തമായ വിജയമാണ് പ്രേമചന്ദ്രൻ വിജയിക്കുമെന്നാണ് പ്രവചനം. കെ.എൻ ബാലഗോപാൽ 39 ശതമാനത്തിലേക്ക് ഒതുങ്ങുമ്പോൾ ബിജെപി സ്ഥാനാർത്ഥി സാബു വർഗീസ് 12 ശതമാനം വോട്ട് നേടുമെന്നും സർവേ പ്രവചിക്കുന്നു. ശക്തമായ ത്രികോണമത്സരം നടന്ന പത്തനംതിട്ടയിൽ യു ഡി എഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോൾ ഫലം. യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി 34 ശതമാനം വോട്ടുകൾ നേടി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോൾ പറയുന്നത്. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ 31 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തും. എൽ ഡി എഫിന്റെ വീണാ ജോർജിന് 29 ശതമാനം വോട്ടുകളേ നേടാൻ സാധിക്കുകയുള്ളൂവെന്നും എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പത്തനംതിട്ട.

മാവേലിക്കരയിൽ കൊടിക്കുന്നൽ സുരേഷ് ഇത്തവണയും മികച്ച വിജയം നേടുമെന്ന് എക്സിറ്റ്പോൾ ഫലം. യു.ഡി.എഫ് സിറ്റിങ് മണ്ഡലമായ ആലപ്പുഴയിൽ ഇടത് സ്ഥാനാർത്ഥി എ.എം ആരിഫ് അട്ടിമറി വിജയം നേടുമെന്ന് മാതൃഭൂമി എക്സിറ്റ്പോൾ സർവെ. 45 ശതമാനം വോട്ടോട് കൂടിയുള്ള ആധികാരികമായ വിജയമാണ് ആരിഫ് നേടുകയെന്നാണ് പ്രവചനം. കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 42 ശതമാനം വോട്ടും ബിജെപി സ്ഥാനാർത്ഥി 10 ശതമാനവും വോട്ട് നേടുന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് വിജയം പ്രവചിച്ച് എക്സിറ്റ്പോൾ ഫലം. തോമസ് ചാഴിക്കാടൻ 48 ശതമാനം വോട്ട് നേടുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ 39 ശതമാനവും പി.സി തോമസ് 11 ശതമാനവും വോട്ട് നേടും.

ഇടുക്കിയിൽ ജോയ്സ് ജോർജിന് അടിപതറുമെന്ന് എക്സിറ്റ്പോൾ. 47 ശതമാനം വോട്ടോട് കൂടെ ഡീൻ കുര്യാക്കോസ് മണ്ഡലം പിടിക്കുമെന്നാണ് സർവേ ഫലം പറയുന്നത്. ജോയ്സ് ജോർജ് 39 ശതമാനം വോട്ടിലേക്ക് ഒതുങ്ങും. എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ 12 ശതമാനം വോട്ട് നേടും. എറണാകുളം പിടിച്ചെടുക്കാൻ ഇടത് മുന്നണിക്ക് കഴിയില്ലെന്ന് മാതൃഭൂമി എക്സിറ്റ് പോൾ ഫലം. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് 42 ശതമാനം വോട്ടോട് കൂടിയുള്ള വ്യക്തമായ വിജയമാണ് ഫലം പ്രവചിക്കുന്നത്. ഇടത് സ്ഥാനാർത്ഥി പി രാജീവ് 34 ശതമാനവും ബിജെപി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം 17 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം.

ചാലക്കുടിയിൽ ബെന്നി ബെഹ്നാന് 46 ശതമാനം വോട്ടോട് കൂടിയുള്ള ആധികാരിക വിജയമാണ് എസ്‌കിറ്റ്പോൾ ഫലം പ്രവചിക്കുന്നത്. ഇടത് സ്ഥാനാർത്ഥി ഇന്നസെന്റിന് 37 ശതമാനം വോട്ട് കിട്ടുമ്പോൾ ബിജെപി സ്ഥാനാർത്ഥി 12 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോൾ പറയുന്നു. തൃശൂരിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നാണ് മാതൃഭൂമി എക്സിറ്റ്പോൾ പ്രവചിക്കുന്നത്. 38 ശതമാനവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനാണ് എക്സിറ്റ്പോൾ സാധ്യത കൽപ്പിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് 35 ശതമാനവും ബി.ജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി 23 ശതമാനവും വോട്ട് നേടും. ഇടത് കോട്ടയായ ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് അട്ടിമറി വിജയം പ്രവചിച്ച് മാതൃഭൂമി എക്സിറ്റ്പോൾ ഫലം. രമ്യ 48 ശതമാനം വോട്ട് നേടുമ്പോൾ ഇടത് സ്ഥാനാർത്ഥി പി.കെ ബിജു 37 ശതമാനത്തിലേക്ക് ഒതുങ്ങുമെന്നും എക്സിറ്റ്പോൾ പറയുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി ബാബുവിന് 13 ശതമാനം വോട്ടാണ് എക്സിറ്റ്പോളിൽ പറയുന്നത്.

പാലക്കാട് ഇടത് സ്ഥാനാർത്ഥി എം.ബി രാജേഷ് വൻ വിജയം നേടുമെന്നും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എക്സിറ്റ്പോൾ പറയുന്നു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്തും പൊന്നാന്നിയും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വൻ വിജയം നേടുമെന്ന് മാതൃഭൂമി എക്സിറ്റ്പോൾ ഫലം. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 49 ശതമാനവും പൊന്നാന്നിയിൽ ഇ.ടി മുഹമ്മദ് ബഷീർ 48 ശതമാനവും വോട്ട് നേടി വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ ഫലം പറയുന്നത്. മലപ്പുറത്ത് ഇടത് സ്ഥാനാർത്ഥി വി.പി സാനു 36 ശതമാനവും എൻ.ഡി.എ സ്ഥാനാർത്ഥി വി ഉണ്ണിക്കൃഷ്ണൻ 8ശതമാനവും വോട്ടും പൊന്നാനിയിൽ ഇടത് സ്ഥാനാർത്ഥി 36 ശതമാനവും എൻ.ഡി.എ സ്ഥാനാർത്ഥി വിടി രമ 11 ശതമാനവും വോട്ടും നേടുമെന്നും ഫലം പ്രവചിക്കുന്നു.

ശക്തമായ പോരാട്ടം നടന്ന കോഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇടത് സ്ഥാനാർത്ഥി എ പ്രദീപ് കുമാർ വിജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോൾ ഫലം. എ പ്രദീപ് കുമാർ 42 ശതമാനവും യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ 41 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം. എൻഡി.എ സ്ഥാനാർത്ഥി പ്രകാശ് ബാബു 11 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോൾ പ്രവചിക്കുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ രാജ്യം ഉറ്റുനോക്കിയ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് കൂറ്റൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം. 51 ശതമാനം വോട്ട് രാഹുൽ നേടുമ്പോൾ ഇടത് സ്ഥാനാർത്ഥി പി.പി സുനീർ 33 ശതമാനവും എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി 12 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോൾ ഫലം പറയുന്നു.

സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധൻ വ്യക്തമായ വിജയം നേടുമെന്ന് എക്സിറ്റ് പോൾ ഫലം. 47% വോട്ട് കെ മുരളീധരനും 41 % പി ജയരാജനും നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു. ബിജെപിക്ക് 9 ശതമാനം വോട്ടാണ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്. കണ്ണരിലും കാസർകോടും യു.ഡി.എഫ് വിജയം പ്രഖ്യാപിച്ച് മാതൃഭൂമി എക്സിറ്റ് പോൾ ഫലം. കണ്ണൂരിൽ 43 ശതമാനം വോട്ട് നേടി യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. എൽ.ഡി.എഫ്- 41%, എൻ.ഡി.എ 13% വോട്ട് നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.

കാസർകോട് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് വൻ മാർജിനിലുള്ള വിജയമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. രാജ്‌മോഹൻ ഉണിണിത്താന് 46 ശതമാനം വോട്ട് നേടുമ്പോൾ ഇടത് സ്ഥാനാർത്ഥി സതീഷ് ചന്ദ്രൻ 33 ശതമാനവും ബിജെപി സ്ഥാനാർത്ഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP