Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിനോട് ചേർന്ന് 14 സെന്റ് സ്ഥലം കൈയേറിയെന്ന് കാട്ടി കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുരത്തിനെതിരെ സമര പരിപാടികളുമായി എൽഡിഎഫ്; തട്ടിപ്പ് മറയ്ക്കുന്നതിനും ജനകീയ മുഖം കാണിക്കുന്നതിനും വേണ്ടിയാണ് എന്റെ നാട് എന്ന പേരിൽ ജനകീയ കൂട്ടായ്മ സൃഷ്ടിച്ചതെന്നും ആരോപണം

വീടിനോട് ചേർന്ന് 14 സെന്റ് സ്ഥലം കൈയേറിയെന്ന് കാട്ടി കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുരത്തിനെതിരെ സമര പരിപാടികളുമായി എൽഡിഎഫ്; തട്ടിപ്പ് മറയ്ക്കുന്നതിനും ജനകീയ മുഖം കാണിക്കുന്നതിനും വേണ്ടിയാണ് എന്റെ നാട് എന്ന പേരിൽ ജനകീയ കൂട്ടായ്മ സൃഷ്ടിച്ചതെന്നും ആരോപണം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: എന്റെ നാട് കൂട്ടായ്മയുടെ ചെയർമാനും കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റുമായ ഷിബു തെക്കുംപുറത്തിന്റെ കൈയേറ്റത്തിനെതിരെ സമര പരിപാടികളുമായി എൽ.ഡി.എഫ്. കോതമംഗലം-കോഴിപ്പിള്ളി ബൈപാസ് റോഡിലെ ഷിബു തെക്കുംപുറത്തിന്റെ വീടിനോട് ചേർന്ന് 14 സെന്റ് സ്ഥലം കയ്യേറിയെന്നും ഈ സ്ഥലം വിട്ടുകിട്ടുന്നതിനായി കയ്യേറ്റ ഭൂമിയിലേക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച്ച മാർച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും എൽഡിഎഫ് കൺവീനർ കൂടിയായ സിപിഎം ഏരിയാ സെക്രട്ടറി ആർ.അനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സ്ഥലം കൈയേറി വീട് നിർമ്മിച്ചതിന് പുറമേ വീട്ടിലെ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ സമീപത്തെ തോട്ടിലേയ്ക്ക് തുറന്നുവിട്ടിരിക്കുകയാണ്. ഏകദേശം രണ്ടരകോടി രൂപയോളം വിലമതിക്കുന്ന 14 സെന്റ് സ്ഥലമാണ് വീട് നിർമ്മാണ ഘട്ടത്തിൽ കയ്യേറിയിട്ടുള്ളത്. ഷിബു ചെയർമാനായ സാമ്പത്തിക സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 40 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി വാർത്ത പുറത്തുവന്നിരുന്നു.

തന്റെ തട്ടിപ്പുകൾക്ക് മറയിടുന്നതിനും ജനകീയ മുഖം ലഭിക്കുന്നതിനും വേണ്ടി എന്റെ നാട് എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് ബഹുമുഖ പ്രവർത്തനങ്ങളുമായി ഷിബു തെക്കുംപുറം രംഗത്തുവന്നിരിക്കുകയാണ്. കയ്യേറ്റഭൂമി ഒഴിയാൻ സ്വയം തയ്യാറാവണം. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകും. പ്രത്യക്ഷ സമരത്തിന്റെ ആദ്യപടിയായിട്ടാണ് കൈയേറ്റ ഭൂമിയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നതിനുള്ള നീക്കമാണ് എന്റെ നാട് കൂട്ടായ്മയുടെ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കുടുംബശ്രീ സംവിധാനങ്ങളെ തകർക്കുന്നതിനും തന്റെ ബിസിനസ് വർദ്ധിപ്പിക്കുന്നതിനുമുള്ള മറയാക്കിയിട്ടാണ്് എന്റെ നാട് കൂട്ടായ്മയെ ഷിബു പ്രയോജനപ്പെടുത്തുന്നത്. സേവന പ്രവർത്തനങ്ങൾക്ക് ചിലവഴിക്കപ്പെടുന്ന പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണം. എന്റെ നാടിന്റെ പേരിൽ മൈക്രോ ഫിനാൻസിൽ ചേർക്കുന്നവരെ സ്വന്തം ബിസിനസ് സ്ഥാപത്തിലെ ബാങ്കിലേക്ക് കണ്ണി ചേർക്കുകയാണ്. കെ എൽ എം ഗ്രൂപ്പുകളിൽപ്പെടുന്ന ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത 170-ൽപ്പരം പേർക്കെതിരെ കോതമംഗലം കോടതിയിൽ കേസ്സ് നിലനിൽക്കുന്നു.മറ്റ് കോടതികളിലെ കണക്കെടുത്താൽ കേസ്സുകളുടെ എണ്ണം ഇതിന്റെ പതിന്മടങ്ങ് കണ്ടേക്കാം.

കൂടുതലും സാധാരണക്കാരായ സ്ത്രീകളാണ് കൂട്ടായ്മയിൽ അംഗമായി ,ഒരു തരത്തിലും രക്ഷപെടാൻ ആവാത്തവിധം കടക്കെണിയിൽ ആയിരിക്കുന്നത്. വായ്പ നൽകുന്ന ഘട്ടത്തിൽ ഇടപാടുകാരിൽ നിന്ന് പ്രോമീസറി നോട്ടുകളും ആധാർ പകർപ്പും വാങ്ങുന്നുണ്ട്. ഇവ ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. മൈക്രോ ഫിനാൻസ് വായ്പ നൽകി സാധാരണക്കാരിൽ നിന്നും 28 ശതമാനത്തോളം പലിശ വരെ ഈടാക്കുന്നതായിട്ടാണ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായിട്ടുള്ളത്.

സമൂഹ്യ സേവന പ്രവർത്തനങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ഇടതുപക്ഷ സംഘടനകൾക്കുള്ളത്. എന്നാൽ സാമൂഹ്യ സേവനത്തിന്റെ മറവിൽ ജനങ്ങളെ പറ്റിക്കുന്നതിനെ തുറന്ന് കാട്ടുന്നതിനും ഞങ്ങൾ മടിക്കാറില്ലെന്ന് അനിൽക്കുമാർ പറഞ്ഞു.എൽ.ഡി.എഫ് നേതാക്കളായ എം.കെ.രാമചന്ദ്രൻ,മനോജ് ഗോപി, ഷാജീ പീച്ചക്കര, ബാബു പോൾ, ടി.പി.രാമകൃഷണൻ, ബേബി പൗലോസ്, എസ്.സതീഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP