Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മസാല ബോണ്ട് മത്തിക്കച്ചവടം പോലെയല്ലെങ്കിൽ പിന്നെ എന്താണ്? സിമ്പിളും ഒപ്പം പവർവുളും ആണെന്ന് പറയുന്നത് എന്തുകൊണ്ട്? ഇന്ത്യൻ രൂപയുടെ മൂല്യമനുസരിച്ച് സീസോ കളിക്കുമ്പോൾ നിക്ഷേപകന് നഷ്ടമുണ്ടാകുമോ? ലണ്ടൻ സ്‌റ്റോക്ക് എക്‌സേചഞ്ച് മണിമുഴക്കി തുറന്ന് കിഫ്ബിയുടെ യൂറോപ്പിലെ ബോണ്ട് പിണറായി ലോഞ്ച് ചെയ്തപ്പോൾ നിക്ഷേപകർ എന്തുകൊണ്ട് ആഹ്ലാദിക്കണം? മസാല ബോണ്ടും വിവാദങ്ങളും ഇങ്ങനെ

മസാല ബോണ്ട് മത്തിക്കച്ചവടം പോലെയല്ലെങ്കിൽ പിന്നെ എന്താണ്? സിമ്പിളും ഒപ്പം പവർവുളും ആണെന്ന് പറയുന്നത് എന്തുകൊണ്ട്? ഇന്ത്യൻ രൂപയുടെ മൂല്യമനുസരിച്ച് സീസോ കളിക്കുമ്പോൾ നിക്ഷേപകന് നഷ്ടമുണ്ടാകുമോ? ലണ്ടൻ സ്‌റ്റോക്ക് എക്‌സേചഞ്ച് മണിമുഴക്കി തുറന്ന് കിഫ്ബിയുടെ യൂറോപ്പിലെ ബോണ്ട് പിണറായി ലോഞ്ച് ചെയ്തപ്പോൾ നിക്ഷേപകർ എന്തുകൊണ്ട് ആഹ്ലാദിക്കണം?  മസാല ബോണ്ടും വിവാദങ്ങളും ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംഗതി മസാലയാണ്. രുചിക്കൂട്ടുകൾ നന്നായാൽ സദ്യ കേമമാകും. മസാല ബോണ്ടിന്റെ കാര്യവും അങ്ങനെ തന്നെ. സിമ്പിളാണ്. നന്നായി ഉപയോഗിച്ചാൽ പവർഫുൾ ആകുമെന്ന് ഉറപ്പ്. നാട്ടിലേക്ക് നിക്ഷേപം കൊണ്ടുവരാൻ വഴികൾ തേടിയ സർക്കാരിന്, പ്രത്യേകിച്ച് ധനമന്ത്രി തോമസ് ഐസക്കിനും ടീമിനും തോന്നിയ ബുദ്ധിയാണ് മസാല ബോണ്ട്. രാജ്യത്തിന്റെ സ്വന്തം കറൻസിയിൽ തന്നെ വിദേശ വിപണിയിൽ ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്.

എന്താണ് മസാല ബോണ്ട്?

ധനവിപണിയിൽ അടുത്ത കാലത്താണ് ഇയാളുടെ വരവ്. ബജറ്റിതര വരുമാനം തേടുന്ന സർക്കാരുകൾക്ക് ഇത് ഉത്തമ മാതൃകയാണ്. കിഫ്ബിയുടെ മസാല ബോണ്ടിന്റെ യൂറോപിലെ ലോഞ്ച് ലണ്ടൻ സ്റ്റോക്ക് എകസ്‌ചേഞ്ചിലൂടെ സാധ്യമായത് കേരളത്തിന്റെ നേട്ടമാണെന്ന് പറയുന്നതും ഇതുകൊണ്ടുതന്നെ. കിഫ്ബി ഇന്ത്യൻ രൂപയിൽ തന്നെയാണ് ബോണ്ട് ഇറക്കിയത്. മസാലയെന്നാൽ, വിഖ്യാതമായ ഇന്ത്യൻ കറിക്കൂട്ടുതന്നെ. ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യൻ രൂപയിലുള്ള ബോണ്ടുകൾക്ക് ഈ പേര് നൽകിയത്. ആദ്യമായി മസാല ബോണ്ടുകൾ ഇറക്കിയതും ഐ.എഫ്.സിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി 1000 കോടി രൂപയാണ് അന്ന് സമാഹരിച്ചത്.

രാജ്യങ്ങൾ തങ്ങളുടെ കടപ്പത്രങ്ങൾക്ക് ആ രാജ്യത്തെ ഭക്ഷണത്തിന്റെയോ സാംസ്‌കാരിക മുദ്രകളുടെയോ പേരിടുന്നത് പതിവാണ്. ചൈനയ്ക്ക് ഡിംസം (ഹോങ്കോങ്ങിലെ ഭക്ഷ്യവിഭവം) ബോണ്ടുണ്ട്. ജപ്പാനിൽ സമുറായി ബോണ്ടും. ഇതിനെ പിന്തുടർന്നാണ് ഇന്ത്യ ഇതിന് മസാല എന്ന് പേരിട്ടത്. മസാലബോണ്ടിൽ രൂപയുടെ വിനിമയ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിൽ നിക്ഷേപകന്റെ ബാധ്യതയായിരിക്കും. മറ്റ് വിദേശവായ്പകളിൽ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞാൽ വായ്പ എടുക്കുന്നവരാണ് നഷ്ടം സഹിക്കേണ്ടത്. രൂപയുടെ അടിസ്ഥാനത്തിലായതിനാൽ ഇതിന് ഉയർന്ന പലിശയും ലഭിക്കും. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ കടപ്പത്രങ്ങൾ ആകർഷകമാവുന്നത്. കേരളമിറക്കുന്ന കടപ്പത്രങ്ങൾക്ക് എത്രത്തോളം റേറ്റിങ് നേടാനാവും എന്നതാശ്രയിച്ചിരിക്കും ഈ കടപ്പത്രങ്ങളുടെ വിജയം.

സവിശേഷതകൾ, പോരായ്മകൾ

ഇന്ത്യൻ കറൻസി സ്‌ട്രോങ്ങാണെങ്കിൽ, മസാല ബോണ്ടും സ്‌ട്രോങ്ങാകും. രൂപയുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ചാണ് വിനിമയം. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ അന്താരാഷ്ട്ര വിപണിയിൽ ഡോളറുമായുള്ള ഏറ്റക്കുറച്ചിലുകൾ ഈ ബോണ്ടുകളെ ബാധിക്കില്ല. രൂപയുടെ മൂല്യമിടിഞ്ഞാൽ നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരുക. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങൾക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുക. എന്നാൽ മികച്ച റേറ്റിങ്ങുള്ള ഏജൻസികളാണ് ബോണ്ട് പുറത്തിറക്കുന്നതെങ്കിൽ ലാഭസാധ്യത മുന്നിൽക്കണ്ട് കമ്പനികൾ ഇവയിൽ നിക്ഷേപം നടത്താറുണ്ട്.

കേരളമാതൃക

നിലവിലുള്ള സമ്പദ്ഘടനയെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ പണം തിരിച്ചടയ്ക്കുന്ന വിധമാണ് കൺട്രോൾഡ് ലിവറേജ് മാതൃക. മസാല ബോണ്ടിൽ ഈ മാതൃകയാണ് കേരളം അവലംബിച്ചിരിക്കുന്നത്. വാഹനനികുതിയിലെ ഒരു വിഹിതവും നിലവിലുള്ള ഇന്ധനസെസിലെ ഒരു വിഹിതവും ഓരോദിവസവും തിരിച്ചടവിലേക്ക് പോകുംവിധമാണിത്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിദേശനിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് സ്ഥാപിച്ചതാണ് കിഫ്ബി. വികസനത്തിന് സാന്പത്തിക പ്രതിസന്ധി തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. കടുത്തവെല്ലുവിളി നേരിട്ടാണ് കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാനായത്. രൂപയുടെ വിനിമയവില ഏറ്റവും അസ്ഥിരമായതുമുതൽ മുന്നിൽ മുൻ മാതൃകകൾ ഇല്ലാത്തതുവരെ തടസ്സമായി. സ്റ്റാൻഡേഡ് ആൻഡ് പുവേഴ്‌സ്, ഫിച്ച് എന്നിവയായിരുന്നു റേറ്റിങ് ഏജൻസികൾ. ഈ രംഗത്ത് പരിചയമുള്ള ആക്‌സിസ് ബാങ്ക് വഴിയാണ് റിസർവ് ബാങ്കിന് അപേക്ഷ നൽകിയത്.

ഹോങ്കോങ്ങും സിങ്കപ്പൂരും കേന്ദ്രീകരിച്ചായിരുന്നു റേറ്റിങ്ങിനുള്ള ചർച്ചകൾ. അന്താരാഷ്ട്ര ലീഗൽ കൺസൾട്ടന്റുമാരും കരാറുകൾ തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടൻ, സിങ്കപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തു. അടുത്ത കടമ്പയായിരുന്നു ദുഷ്‌കരം. സമാരംഭ ഇഷ്യു എന്നതിലുപരി ഇന്ത്യയിൽനിന്ന് ആദ്യമായി ഇത്തരത്തിൽ പുറപ്പെടുവിക്കുന്ന കടപ്പത്രം എന്ന നിലയിൽ മൂലനിക്ഷേപകനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. കാനഡയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടുകളിലൊന്നായ 'സി.ഡി.പി.ക്യു.'വാണ് മൂലനിക്ഷേപകർ. കിഫ്ബി മസാല ബോണ്ടുകൾ ലണ്ടൻ, സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പുറത്തിറക്കിയ മസാല ബോണ്ടുകൾ വഴി സംസ്ഥാനം 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു.

അവരുടെ സംഘം കേരളത്തിലെത്തി കിഫ്ബിയുടെ പ്രവർത്തനം, സമാഹരിക്കുന്ന പണത്തിന്റെ ചെലവിടൽ, തിരിച്ചടവ്, പാരിസ്ഥിതികവും സാമൂഹികവുമായ ഭരണനിർവഹണം, അക്കൗണ്ടിങ് തുടങ്ങിയവ വിശദമായി പഠിച്ചു. കരാർ തയ്യാറാക്കാനുള്ള ചർച്ചകൾ ലണ്ടനിലാണ് നടന്നത്. മാർച്ച് 21-ന് കരാറിന് അംഗീകാരമായി. 25-ന് കടപ്പത്രം തുറന്നുകൊടുക്കുകയും ചെയ്തു.

2016ൽ റിസർവ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നൽകിയശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണ് കിഫ്ബിയുടേത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങിൽ 'എ.എ.എ.' റേറ്റിങ്ങുള്ള സ്ഥാപനങ്ങൾക്കുമാത്രമേ മസാല ബോണ്ടിറക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, കേന്ദ്രസർക്കാരിന് 'ബി.ബി.ബി.()' റേറ്റിങ്ങാണ്. രാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ ആ രാജ്യത്തുനിന്നുള്ള ഏജൻസിക്ക് ലഭിക്കുകയുള്ളൂ. അതിനാൽ കിഫ്ബിക്കുള്ള 'ബി.ബി.' മികച്ച റേറ്റിങ്ങായാണ് കണക്കാക്കുന്നത്. തിരിച്ചടവിന് ദീർഘകാലത്തെ സാവകാശമുണ്ടെന്നതും ഈ ബോണ്ടിന്റെ മറ്റൊരു നേട്ടം. അടിസ്ഥാനസൗകര്യ വികസനപദ്ധതികളിൽ പണം മുടക്കുമ്പോൾ അതിൽനിന്നുള്ള വരുമാനത്തിനും സമയമെടുക്കും.

9.75% പലിശനിരക്കിൽ കടപ്പത്ര വിപണിയിൽനിന്നും 25 വർഷത്തെ തിരിച്ചടവ് കാലാവധിയോടെ സംസ്ഥാന സർക്കാരിന്റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ടിങ് വഴി 2,150 കോടിയുടെ നിക്ഷേപം ലഭിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിലെ ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവർത്തനത്തിന് തുക സമാഹരിച്ചത്.

മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിന്റെ മാനദണ്ഡം റിസർവ് ബാങ്ക് രണ്ടുമാസം മുമ്പ് ലഘൂകരിച്ചിരുന്നു. അതിനുശേഷം ആദ്യമായി ഹൗസിങ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് (എച്ച്.ഡി.എഫ്.സി) മസാല ബോണ്ടുവഴി 13,000 കോടി രൂപ സമാഹരിച്ചത്. എച്ച്.ഡി.എഫ്.സി സമാഹരിച്ചതുൾപ്പെടാതെ ഇതുവരെ 44,000 കോടി മൂല്യമുള്ള മസാല ബോണ്ടുകളാണ് വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങൾ സമാഹരിച്ചത്.

സർക്കാർ നേരിട്ടല്ല ബോണ്ട് വിൽപ്പന

ഇടപാടുകാരുമായി കേരള സർക്കാരോ കിഫ്ബിയോ നേരിട്ടു നടത്തുന്നതല്ല ഈ ബോണ്ട് വിൽപന. ക്ലിയറിങ് ഹൗസു വഴിയാണ് വിൽപന നടക്കുക. ക്ലിയറിങ് ഹൗസ് വഴി വിൽപ്പന നടത്തുന്നതിന് മുമ്പാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റു ചെയ്യുക. ലണ്ടൻ, സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റു ചെയ്തതിന് ശേഷമാണ് ക്ലിയറിങ് ഹൗസുകൾ ബോണ്ടുകൾ വിൽപനയ്ക്കു വയ്ക്കുന്നത്.

നിക്ഷേപകർ എത്ര പലിശയ്ക്ക് എത്ര കോടി ഡോളർ ബോണ്ടിൽ നിക്ഷേപിക്കാൻ തയ്യാറാകുമെന്ന് ക്വോട്ടു ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ക്വോട്ടു ചെയ്യുന്നവർക്ക് ബോണ്ടു വിൽപന ഏർപ്പാടു ചെയ്യുന്നത് ക്ലിയറിങ് ഹൗസാണ്. പ്രൈവറ്റ് ഇഷ്യൂവിൽ മാത്രമേ വിലപേശി പലിശയും മറ്റും തീരുമാനിക്കുകയുള്ളൂ. പബ്ലിക് ഇഷ്യൂവിലാകട്ടെ, ഷെയർ ആണെങ്കിൽ ക്ലിയറിങ് ഹൗസു വഴിയാണ് നടത്തുന്നത്. ഇങ്ങനെ വാങ്ങുന്ന ബോണ്ടായാലും പബ്ലിക് ഇഷ്യൂവിൽ വാങ്ങുന്ന ബോണ്ട് ആരെത്ര വാങ്ങുന്നു എന്നുള്ളത് ക്ലിയറിങ് ഹൗസുകൾ വെളിപ്പെടുത്താറില്ല. ഇപ്പോൾ ബോണ്ടു വാങ്ങിയവർ നാളെ അതു കൈയിൽ വെച്ചുകൊണ്ടിരിക്കണമെന്നില്ല. നാളെ അയാൾക്കത് ബോണ്ട് മാർക്കറ്റിൽ വിറ്റു കാശാക്കാം. ഇതാണ് ബോണ്ട് മാർക്കറ്റിന്റെ സ്വഭാവം.

വിവാദങ്ങൾ ലാവ്‌ലിൻ കമ്പനിയുമായി ബന്ധപ്പെട്ട്

രമേശ് ചെന്നിത്തലയുടെ വാദം

കേരളാ ഇൻഫ്രാസ്ട്ര്ക്ചർ ഫണ്ട് ബോർഡ് അഥവാ കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കുന്ന 2150 കോടിയുടെ മസാല ബോണ്ടുകൾ വാങ്ങിയത് കേരളത്തിൽ ഇന്നും കത്തി നിൽക്കുന്ന വലിയ അഴിമതിക്കഥയുടെ നായകരായായ എസ് എൻ സി ലാവ്ലിൻ കമ്പനിയെ നയിക്കുന്ന കനേഡിയൻ ഫണ്ടിങ് ഏജൻസിയായ സി ഡി പി ക്യുവാണെന്നത് ഞെട്ടലോടെയാണ് നാം തിരിച്ചറിഞ്ഞത്. വളരെ ആസൂത്രിതമായും ഗൂഢമായും നടത്തിയ രഹസ്യ നീക്കങ്ങളിലൂടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടിമുടി ദുരൂഹത നിറഞ്ഞു നിൽക്കുന്ന ഈ ഇടപാടിൽ സത്യം മറച്ചു വയ്ക്കുന്നതിന് കള്ളത്തിന് മേൽ കള്ളം അടുക്കി വയ്ക്കുകയാണ് സർക്കാരും കിഫ്ബിയും ചെയ്തത്. ഒന്നും മറച്ചു വയ്ക്കാനില്ലെങ്കിൽ എന്തിനായിരുന്നു ഇത്രയേറെ കള്ളങ്ങൾ സർക്കാരും കിഫ്ബിയും പറഞ്ഞത്?

എസ്.എൻ.സി ലാവ്ലിനുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ലാവ്ലിൻ ബന്ധത്തെക്കുറിച്ചുള്ള ആദ്യ സൂചന ഞാൻ പുറത്തു വിട്ടപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ലാവ്ലിന് മസാലാ ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യൂവുമായി ഗാഢമായ ബന്ധമാണുള്ളതെന്നതിന് തെളിവ് ഞാൻ ഹാജരാക്കിയപ്പോൾ ചെറിയ ബന്ധമേ ഉള്ളൂ എന്ന് പറഞ്ഞ് തോമസ് ഐസക്ക് മലക്കം മറിഞ്ഞു. ചെറിയ ബന്ധമല്ല എസ്.എൻ.സി ലാവ്ലിനെ നയിക്കുന്നത് തന്നെ സി.ഡി.പി.ക്യൂവാണ് എന്ന വലിയ ബന്ധത്തിന്റെ കൂടുതൽ തെളിവുകളാണ് പിന്നീട് പുറത്തു വന്നത്.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പബ്ളിക് ഇഷ്യൂ ആയാണ് മസാലാ ബോണ്ടുകൾ ലിസ്റ്റ് ചെയ്തതെന്നും ലോകത്താർക്കും അത് വാങ്ങാമെന്നും സി.ഡി.പി.ക്യൂ വന്ന് വാങ്ങിയതിൽ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ പിന്നീടത്തെ നിലപാട്. മാത്രമല്ല, നാല്പതോളം കമ്പനികൾ കിഫ്ബിയുടെ മസാലാ ബോണ്ടിൽ ആകൃഷ്ടരായി എത്തിയെന്നും അവരോടെല്ലാം ചർച്ച നടത്തിയ ശേഷമാണ് സി.ഡി.പി.ക്യൂവിലെത്തിചേർന്നതെന്നുമാണ് സർക്കാരും കിഫ്ബിയും പറഞ്ഞത്. ധനമന്ത്രി തോമസ് ഐസക്കാകട്ടെ ഒരു പടി കൂടി കടന്ന് എന്നെ കടന്നാക്രമിക്കുകയും ചെയ്തു. പബ്ളിക്ക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും മത്തിക്കച്ചവടം പോലെയല്ല ബോണ്ട് ഇഷ്യൂ എന്നും അദ്ദേഹം പറഞ്ഞു.

അതായത് മസാലാ ബോണ്ട് പബ്ളിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും അതിനാൽ അതിൽ കമ്മീഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സർക്കാരും ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ അതും പെരും കള്ളമായിരുന്നു. പബ്ളിക് ഇഷ്യൂ ആയിട്ടല്ല, പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാലാ ബോണ്ട് ആദ്യം പ്ളേസ്ചെയ്തതെന്നതിന്റെ തെളിവ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ രേഖകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സി.ഡി.പി.ക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയിലാണ് മസാലാ ബോണ്ട് പ്രൈവറ്റ് പ്ളേസ്മെന്റ് നടത്തിയത്. സി.ഡി.പി.ക്യൂ വാങ്ങിയത് ഇവിടെ നിന്നാണ്. ഇവിടെ കാതലായ ഒരു ചോദ്യം ഉയരുന്നു. പ്രൈവറ്റ് പ്ളേസ്മെന്റ് നടത്തി ബോണ്ട് വില്പന നടത്തിയ കാര്യം പരമരഹസ്യമായി വച്ച ശേഷം പബ്ളിക് ഇഷ്യൂവാണ് നടത്തിയതെന്ന പെരുംകള്ളം എന്തിനാണ് പറഞ്ഞത്? മസാലാ ബോണ്ട് വില്പന നടത്താൻ എന്തിന് കാനഡ തിരഞ്ഞെടുത്തു? എസ്.എൻ.സി ലാവ്ലിൻ കമ്പനിയുടെ ആസ്ഥാനമായ കാനഡയിൽ ചെന്ന് ലാവ്ലൻ കമ്പനിയമായി ബന്ധമുള്ള സി.ഡി.പി.ക്യൂവുമായി ഇടപാട് നടത്തിയ കാര്യം മറച്ചു വച്ചത് എന്തോ ഒളിക്കാനുള്ളതു കൊണ്ടല്ലേ?

മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.സി ലാവ്ലിനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ലാവലിൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്താണ്. ആ കേസ് ഇപ്പോൾ സുപ്രീംകോടതിയിൽ കിടക്കുന്നു. ഈ പശ്ചാത്തലത്തിൽ ദുരൂഹമായ സാഹചര്യത്തിൽ വീണ്ടും ലാവ് ലിൻ ഗന്ധമുള്ള ഇടപാട് നടക്കുകയും അത് മൂടിവയ്ക്കപ്പെടുകയും ചെയ്യുന്നതാണ് സംശയം വർദ്ധിപ്പിക്കുന്നത്. എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ ഇടപാടെന്ന് സർക്കാർ ഇനിയെങ്കിലും വ്യക്തമാക്കണം.

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ നിക്ഷേപം കൊണ്ടുവരാനുള്ള സർക്കാരിന്റെ ശ്രമമാണ് മസാല ബോണ്ടെന്നും ആ ശ്രമത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നുമുള്ള വാദമാണ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഉയർത്തുന്നത്. എന്നാൽ ഇത് വലിയ സാമ്പത്തിക അടിമത്തത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കുവാൻ പോകുന്നത്. 2150 കോടിയുടെ മസാല ബോണ്ട് സി ഡി പി ക്യു വാങ്ങിയിരിക്കുന്നത് അഞ്ച് വർഷത്തേക്കാണ്. 9.72 ശതമാനം എന്ന കൊള്ളപ്പലിശയാണ് കിഫ്ബി നൽകേണ്ടത്. അതായത് 2150 കോടിയുടെ ബോണ്ടിന് അഞ്ച് വർഷം കൊണ്ട് 1045 കോടി രൂപ പലിശയായി നൽകേണ്ടി വരും. അങ്ങിനെ വരുമ്പോൾ പലിശ എന്നത് മൊത്തം എടുത്ത കടത്തിന്റെ ഏതാണ്ട് പകുതിയാകും . അപ്പോൾ 2150 കോടി രൂപക്ക് 5 വർഷം കൊണ്ട് 3195 കോടി രൂപ പലിശയടക്കം നൽകേണ്ടി വരും. വർഷത്തിൽ 209 കോടി രൂപയാണ് പലിശയായി നൽകേണ്ടത്. ഇതിൽ കിഫ്ബി വീഴ്ച വരുത്തിയാൽ ഗ്യാരന്റി നിൽക്കുന്ന സംസ്ഥാന സർക്കാർ ഇത് നൽകാൻ ബാധ്യസ്ഥരാണ്. മന്ത്രിസഭയോടോ, നിയമസഭയോടെ യാതൊരു ഉത്തരവാദിത്വവുമില്ലാതെ സ്വതന്ത്ര റിപ്പബ്ളിക്കായി കെട്ടിപ്പൊക്കിയ കിഫ്ബി എന്ത് വീഴ്ചവരുത്തിയാലും അതെല്ലാം താങ്ങേണ്ടത് സർക്കാരാണ്.

തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടി കൂടിയാണ് ഈ മസാലോ ബോണ്ട്. ഭരണഘടനയുടെ അനുഛേദം 293 (1) ൽ വ്യക്തമായി പറയുന്നത് സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഈടിന്മേലുള്ള കടമെടുപ്പ് ഇന്ത്യയുടെ ഭൂപരിധിക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ്. സംസ്ഥാനം ഗ്യാരന്റിയായി നിന്ന് വിദേശത്ത് നിന്നും പണം കടമെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇതിനർത്ഥം. എന്നാൽ ആർ ബി ഐയുടെ അനുമതി ഉണ്ടെന്ന് പറഞ്ഞാണ് ഈ ഭരണഘടനാ ലംഘനം നടത്തുന്നത്. ആർ ബി ഐ എന്നാൽ ഒരു സ്റ്റാറ്റിയുറി ബോഡി മാത്രമാണ്. അതൊരിക്കലും ഭരണഘടനക്ക് മുകളിൽ ആകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഈ തട്ടിപ്പിന് സാധൂകരണം ഉണ്ടാക്കാനും സർക്കാർ റിസർവ്വ് ബാങ്കിനെ കൂട്ടുപിടിക്കുകയാണ്.

വാഹന ടാക്സ് , ഫ്യുവൽ ടാക്‌സ് എന്നിവയിൽ നിന്ന് ലഭിക്കു പണം കൊണ്ടാണ് ഈ മസാല ബോണ്ടിന്റെ തുകയായ 2150 കോടിയും പലിശയും സർക്കാർ നൽകേണ്ടത്. ഇപ്പോൾ തന്നെ സർക്കാരിന്റെ മുന്നിൽ മറ്റു വരുമാന മാർഗങ്ങൾ നന്നെ കുറവാണ്. അപ്പോൾ ഉറപ്പായി ലഭിക്കുന്ന ഇത്തരം വരുമാനം മുഴുവനും പലിശ കൊടുക്കാൻ വേണ്ടി ഉപയോഗിക്കുമ്പോൾ സംസ്ഥാനത്തിന്റെ കാതലായ കാര്യങ്ങൾക്ക് പണം ഇല്ലാതെ വരും. മാത്രമല്ല ഇവ രണ്ടും ജനങ്ങളിൽ നി്ന്ന് നേരിട്ടു പിരിക്കു നികുതിയാണ്. ജനങ്ങളിൽ നിന്ന് നേരിട്ട് ് പിരിക്കുന്ന നികുതി ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കിഫ്ബി എന്ന സ്ഥാപപനം വാങ്ങിയ പണത്തിന് കൊള്ളപ്പലിശ നൽകാൻ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

മസാലാ ബോണ്ട് സംബന്ധിച്ച് ഇത് വരെ കിട്ടിയ രേഖകൾ അനുസരിച്ച് മാർച്ച് 29 ന് മുൻപ് തന്നെ അവ വിറ്റഴിച്ചിട്ടുണ്ട്. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചു കഴിഞ്ഞു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്. വില്പനയും നടന്നു പണവും ലഭിച്ചു കഴിഞ്ഞ ശേഷം ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മണി മുഴക്കുന്നത് വെറും വേഷം കെട്ടൽ മാത്രമാണ്.

്കനഡയിലെ ക്യുബക്കിൽ രഹസ്യമായി ചെ്ന്ന് സി ഡി പി ക്യു എന്ന കമ്പനിക്ക് വേണ്ടി പ്രൈവറ്റ് ഇഷ്യു നടത്തിയതിന് ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ലണ്ടൻ സ്റ്റോക്ക് എക്സ്ഞ്ചേൽ പോയി പബ്ളിക് ഇഷ്യു എന്ന നാടകം കളിക്കുകയാണ് സർക്കാർ ചെയ്യുന്നത എന്ന ചിത്രമാണ് ഇപ്പോൾ തെളിഞ്ഞു വരുന്നത്. സി.ഡി.പി.ക്യൂവിനും അത് വഴി ലാവ്ലിനും എന്തൊക്കെ ഓഫറുകളാണ് ഈ ഇടപാടിന്റെ മറവിൽ നൽകിയിട്ടുള്ളതെന്നാണ് ഇനി അറിയാനുള്ളത്.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. സി ഡി പി ക്യു ഒരു പെൻഷൻ ഫണ്ട് ഇൻവെസ്റ്റർ മാത്രമായാണ് രൂപീകരിച്ചതെങ്കിലും ഇന്നവർ റിയൽ എസ്റ്റേറ്റ് കച്ചവടം, അടിസ്ഥാന സൗകര്യമേഖല, പ്രൈവറ്റ് ഇക്യുറ്റി തുടങ്ങിയ മേഖലകളിൽ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ആധുനിക ഓട്ടോമേറ്റഡ് റെയിൽവേ ട്രാൻസിറ്റ് അടക്കം കാനഡയിലെ മറ്റു രാജ്യങ്ങളിലെയും നിരവധി പ്രോജകറ്റുകൾ നടപ്പാക്കുന്നത് സി ഡി പി ക്യു ഇൻഫ്രാ എന്ന സ്ഥാപനമാണ്. സി ഡി പി ക്യു ഇൻഫ്രാ ആകട്ടെ ഈ പദ്ധതികളുടെ നടത്തിപ്പനായി സബ് കോൺട്രാക്റ്റ് നൽകുകയും അതിനായി കൺസോർഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കൺസോർഷ്യത്തെ നയിക്കുന്നത് എസ് എൻ സി ലാവ്‌ലിനാണ്. സി ഡി പി ക്യു ഏറ്റെടുക്കുന്ന ജോലികൾ നിർവഹിക്കുന്നത് എസ് എൻ സി ലാവ്‌ലിനാണ എന്നർത്ഥം. അതായത് മറ്റെന്തക്കയോ ഉടമ്പടികൾ പഴയ കാനഡ ചങ്ങാതികളുമായി വീണ്ടും ഉണ്ടാക്കാൻ പോകുന്നു എന്നാണ് സംശയിക്കേണ്ടത്.

കൊള്ളപ്പലിശയക്കുള്ള ഈ ഇടപാടുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുക. മസാല ബോണ്ടിനൊപ്പം കിഫ്ബി വാങ്ങിയ മറ്റു കടങ്ങളുടെ പലിശ കൊടുത്ത് തീർക്കാനായി വീണ്ടും കടംവാങ്ങിക്കേണ്ടി വരും. കാരണം സർക്കാരിന്റെ പൊതു കടം ഒരോ വർഷവും വർധിക്കുകയും ധനാഗമ മാർഗങ്ങൾ ചുരുങ്ങി ചുരുങ്ങി വരിയകയുമാണ്. പലിശയും കടവും തിരിച്ചടക്കുന്നതിൽ കിഫ്ബി വീഴ്ച വരുത്തിയാൽ അതിൽമേൽ വീണ്ടും സർക്കാർ ഗ്യാരന്റി നിന്ന് കൂടുതൽ കടം വാങ്ങി പലിശ തിരിച്ചടക്കേണ്ടി വരും. നിലവിൽ സംസ്ഥാനത്തിന്റെ പൊതു കടം വളരെ ഉയർന്ന തോതിലാണ് ഉള്ളത്. ഇനിയും കടം വാങ്ങുന്നത് സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കും. കിട്ടുന്ന എല്ലാ വരുമാനവും കടം വീട്ടാനും പലിശ കൊടുക്കാനും മാത്രം ഉപയോഗിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പൂർണ്ണമായി തകർക്കും.

വലിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് വൻതോതിൽ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. എന്നാൽ മസാല ബോണ്ടുകളിൽ നിന്നുള്ള പണം ഉപയോഗിച്ച് ഭൂമി വാങ്ങാൻ പാടില്ല നിബന്ധന റിസർവ്വ് ബാങ്ക് വ്ച്ചിട്ടുള്ളതുകൊണ്ട് ഭൂമി അക്വയർ ചെയ്യാൻ വേറെ പണം വേണ്ടി വരും. അതു സർക്കാർ മറ്റു വിധത്തിലുള്ള വായ്പയായി വാങ്ങേണ്ടി വരും. ഇതെല്ലാം എങ്ങിനെ അടച്ച് തീർക്കുമെന്ന് സർക്കാരിന് തന്നെ നിശ്ചയമില്ലാത്ത അവസ്ഥയാണ്. പൊതു കടം സംസ്ഥാനത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക്  പ്രാഡക്റ്റിന്റെ 30 ശതമാനം ആയിക്കഴിഞ്ഞു. 2019-2022 ൽ മസാല ബോണ്ട് കൂടാതെയുള്ള മറ്റ് വായ്പയുടെ പലിശയു തിരിച്ചടവും കൂടി 6000 കോടി രൂപയിലധികം രൂപ സർക്കാരിന് ചെലവാക്കേണ്ടതായി വരും.ചുരുക്കത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ വരുത്തി വയ്കുന്നതും, വൻതോതിലുള്ള കമ്മീഷനുകൾ അടക്കമുള്ള അഴിമതിക്ക് അരങ്ങൊരുക്കുന്നതുമായിരിക്കും 2150 കോടിയുടെ ഈ മസാല ബോണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.

തോമസ് ഐസക്കിന്റെ വാദം

കിഫ്ബി ബോണ്ടു സംബന്ധിച്ചുള്ള സമ്പൂർണമായ അജ്ഞതയാണ് പ്രതിപക്ഷ നേതാവിന്റെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും പ്രസ്താവനകളിൽ തെളിയുന്നത്. എണ്ണം പറഞ്ഞ ഈ വിവരക്കേടുകളെ വലിയ ആരോപണങ്ങളായി കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുകയാണ് ചില മാധ്യമങ്ങൾ. പല മാധ്യമങ്ങളുടെയും ഉടമസ്ഥർക്ക് ഇതിനേക്കുറിച്ചൊക്കെ കൃത്യമായി അറിഞ്ഞുകൂടാ എന്നു പറയാനാവില്ല. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി മനപ്പൂർവം ഒരു വിവാദമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നേ പറയാനാവൂ.

നമ്മുടെ വികസനലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ രണ്ടുവർഷത്തെ പ്രവർത്തനഫലമായി ഉറപ്പുവരുത്തിയ നിക്ഷേപകരെയാണ് കേരളത്തിൽ നിന്ന് ഭയപ്പെടുത്തി അകറ്റാൻ ശ്രമിക്കുന്നത്. കേരള വികസനത്തിന് ഏറ്റവും വലിയ ആഘാതമേൽപ്പിക്കുകയാണ് പ്രതിപക്ഷ നേതാവും സംഘവും. ഈ ദേശദ്രോഹം നിർത്തണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയാണ്.

ബോണ്ടു വിൽപനയ്ക്കുള്ള കമ്മിഷൻ എത്ര ശതമാനാണെന്നാണ് ഷിബു ബേബിജോണിനറിയേണ്ടത്. രമേശ് ചെന്നിത്തലയും ഇതേ ആരോപണം ആവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കമ്മിഷനുറപ്പിച്ച് കച്ചവടം ചെയ്ത ശീലത്തിൽ നിന്നായിരിക്കാം ആ സംശയമുയർന്നത്. അക്കാലത്തെ കച്ചവടങ്ങൾ പോലെയല്ല അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഇതുപോലെ പണം സമാഹരിക്കുന്നത് എന്ന് മനസിലാക്കാനുള്ള വിവേകം ഏതെങ്കിലും കാലത്ത് ഇവർക്കുണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല.

എങ്കിലും ഇത്തരം വിടുവായത്തങ്ങളിൽ വീണുപോകുന്നവർക്കു വേണ്ടി ചില സാങ്കേതിക കാര്യങ്ങൾ വിശദീകരിക്കാം. ഇടപാടുകാരുമായി കേരള സർക്കാരോ കിഫ്ബിയോ നേരിട്ടു നടത്തുന്നതല്ല ഈ ബോണ്ട് വിൽപന എന്നതാണ് ആദ്യം മനസിലാക്കേണ്ട കാര്യം. ക്ലിയറിങ് ഹൗസു വഴിയാണ് വിൽപന നടക്കുക. ക്ലിയറിങ് ഹൗസ് വഴി നടത്തുന്നതിനുള്ള മുന്നുപാധിയാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റു ചെയ്യപ്പെടുക എന്നത്. അങ്ങനെ ലണ്ടൻ, സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ കിഫ്ബി ബോണ്ടുകൾ ലിസ്റ്റു ചെയ്യപ്പെട്ടു. അതിനുശേഷമാണ് ക്ലിയറിങ് ഹൗസുകൾ ബോണ്ടുകൾ വിൽപനയ്ക്കു വെയ്ക്കുന്നത്.

നിക്ഷേപകർ എത്ര പലിശയ്ക്ക് എത്ര കോടി ഡോളർ ബോണ്ടിൽ നിക്ഷേപിക്കാൻ തയ്യാറാകുമെന്ന് ക്വോട്ടു ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ക്വോട്ടു ചെയ്യുന്നവർക്ക് ബോണ്ടു വിൽപന ഏർപ്പാടു ചെയ്യുന്നത് ക്ലിയറിങ് ഹൗസാണ്. ഒരേ നിരക്കിൽ നാം വിൽക്കാൻ തീരുമാനിച്ച ബോണ്ടിനേക്കാൾ കൂടുതൽ ആവശ്യക്കാർ വന്നാൽ മാത്രമേ ക്ലിയറിങ് ഹൗസുകാർ നമ്മളോട് ബന്ധപ്പെടുകയുള്ളൂ. ഇത്തരമൊരു ഇടപാടിൽ ആർക്ക് ആരാണ് കമ്മിഷൻ കൊടുക്കുന്നത്?

വിവാദമുണ്ടാക്കുന്നവർക്ക് പ്രൈവറ്റ് ഇഷ്യൂവും പബ്ലിക് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസമറിയില്ല. പ്രൈവറ്റ് ഇഷ്യൂവിൽ മാത്രമേ വിലപേശി പലിശയും മറ്റും തീരുമാനിക്കുകയുള്ളൂ. പബ്ലിക് ഇഷ്യൂവിലാകട്ടെ, ഷെയർ ആണെങ്കിൽ ക്ലിയറിങ് ഹൗസു വഴിയാണ് നടത്തുന്നത്. ഇങ്ങനെ വാങ്ങുന്ന ബോണ്ടായാലും പബ്ലിക് ഇഷ്യൂവിൽ വാങ്ങുന്ന ബോണ്ട് ആരെത്ര വാങ്ങുന്നു എന്നുള്ളത് ക്ലിയറിങ് ഹൗസുകൾ വെളിപ്പെടുത്താറില്ല. ഇപ്പോൾ ബോണ്ടു വാങ്ങിയവർ നാളെ അതു കൈയിൽ വെച്ചുകൊണ്ടിരിക്കണമെന്നില്ല. നാളെ അയാൾക്കത് ബോണ്ട് മാർക്കറ്റിൽ വിറ്റു കാശാക്കാം. ഇതാണ് ബോണ്ട് മാർക്കറ്റിന്റെ സ്വഭാവം. ഇപ്പോൾത്തന്നെ സിഡിപിക്യൂവിന്റെയും മറ്റും പേരു വെളിപ്പെട്ടതും വിവാദമായതും ഒരു ബ്രീച്ച് ഓഫ് ട്രസ്റ്റായിട്ടാണ് അവർ കണക്കാക്കുന്നത്. ഈ വിവാദമുണ്ടാക്കിയവർ ഇത്തരത്തിലുള്ള വിജയകരമായ സമാഹരണ സാധ്യതകൾ അടയ്ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അപ്പോൾപ്പിന്നെ ഒരു സംശയമുയരാം. എന്തിനാണ് സിഡിപിക്യൂവിന്റെ പ്രതിനിധികൾ കേരളത്തിൽ ചർച്ചയ്ക്കു വന്നത്? തങ്ങൾ പണം നിക്ഷേപിക്കുന്ന ബോണ്ടുകളുടെ ഉടമസ്ഥരെക്കുറിച്ചും നിക്ഷേപത്തിന്റെ സുരക്ഷിതത്ത്വത്തെക്കുറിച്ചും ഏതൊരു നിക്ഷേപകനും വിശദമായ അന്വേഷണം നടത്തും. അതിന് പ്രൊഫഷണൽ ഏജൻസികളെ നിയോഗിക്കും. നമ്മുടെ ബോണ്ടുകളിൽ നിക്ഷേപിക്കാൻ സിഡിപിക്യൂവോ മറ്റേതെങ്കിലും നിക്ഷേപകരോ ഓടി നടക്കുകയാണ് എന്ന തെറ്റിദ്ധാരണയാണ് വിവാദമുണ്ടാക്കുന്നവർക്കുള്ളത്. യാഥാർത്ഥ്യം മറിച്ചാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെയും ബോണ്ടുകളിൽ ഇത്തരം നിക്ഷേപം ഉണ്ടായിട്ടില്ല. കിഫ്ബിയുടെ പ്രവർത്തനത്തെയും സർക്കാരിന്റെ സ്ഥിതിയെയും കുറിച്ച് അവർക്ക് ബോധ്യവും വിശ്വാസവുമുള്ളതുകൊണ്ടാണ് നിക്ഷേപമുണ്ടായത്.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച മറ്റൊരു ചോദ്യം ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റു ചെയ്യുന്നതിനു മുമ്പ് ബോണ്ടിൽ നിക്ഷേപിക്കാനുള്ള കരാർ ഉറപ്പിച്ചു എന്നാണ്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ റിംഗിഗ് ദി ബെൽ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ അവർ ക്ഷണിച്ചു എന്ന വാർത്ത കണ്ടിട്ടാവും അദ്ദേഹം ഈ മണ്ടൻ ചോദ്യവുമായി വന്നത്. പ്രതിപക്ഷ നേതാവ് ഒരു കാര്യം മനസിലാക്കണം. ഈ റിംഗിങ് ദി ബെൽ ചടങ്ങ്, സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റു ചെയ്തത് പ്രഖ്യാപിക്കാനല്ല. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി ആദ്യത്തെ ബോണ്ട് ഇഷ്യൂ വിജയകരമായി പൂർത്തീകരിച്ചതിന്റെ ആഘോഷമാണ്. കഴിഞ്ഞ സെപ്റ്റംബറിൽത്തന്നെ ലണ്ടൻ, സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റു ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. കഴിഞ്ഞ മാസമാണ് ഔപചാരികമായി ബോണ്ട് പുറത്തിറക്കിയതും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടതും. കേട്ടപാതി, കേൾക്കാത്ത പാതി ചോദ്യങ്ങളുമായി ഇങ്ങനെ ഇറങ്ങിത്തിരിക്കരുത്.

കേരളത്തിലേയ്ക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള പുതിയ വാതിൽ നാം തുറക്കുകയാണ്. ലക്ഷ്യമിട്ട അമ്പതിനായിരം കോടി രൂപ ഏതെങ്കിലും ഒരു മാർഗത്തിലൂടെ മാത്രം സമാഹരിക്കാനാവില്ല. അങ്ങനെ കഴിയും എന്നു കരുതാനുള്ള വിഡ്ഢിത്തവും ഞങ്ങൾക്കില്ല. മസാല ബോണ്ട്, ഡയസ്‌പോറാ ബോണ്ട് തുടങ്ങി പലതരത്തിലുള്ള ബോണ്ടുകൾ, ഷവറിങ് ഫണ്ടുകളിൽനിന്നും ബാങ്കുകളിൽ നിന്നുമുള്ള വായ്പകൾ, ആഭ്യന്തര കമ്പോളത്തിലെ കടപ്പത്രങ്ങൾ, പ്രവാസി ചിട്ടി ഇങ്ങനെ ഒട്ടേറെ മാർഗങ്ങൾ നാം പരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്റെ ആദ്യത്തെ ബജറ്റ് പ്രസംഗമൊന്നു വായിച്ചു നോക്കിയാൽ മതി. അതിൽ ഇക്കാര്യമൊക്കെ സാമാന്യം വിശദമായിട്ടു പ്രതിപാദിക്കുന്നുണ്ട്.

വിവാദങ്ങളെ ഭയപ്പെട്ട് വികസനപ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയില്ലെന്ന് മുഖ്യമന്ത്രി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. നമുക്ക് ആധുനികമായ അടിസ്ഥാനസൗകര്യങ്ങളുണ്ടാകണം. റോഡുകളും പാലങ്ങളും ഫ്‌ളൈ ഓവറുകളും റെയിൽവേ മേൽപ്പാലങ്ങളുമുണ്ടാകണം. പുതിയ സൗകര്യങ്ങളുണ്ടാക്കുമ്പോൾ കുറഞ്ഞത് അരനൂറ്റാണ്ടെങ്കിലും മുൻകൂട്ടി ചിന്തിക്കാൻ കഴിയണം. അതുപോലെ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും. നല്ല സ്‌കൂളുകളും നല്ല ആശുപത്രികളുമുണ്ടാകണം. പൊതു ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളും ആശുപത്രികളുമാണ് ആധുനിക നിലവാരത്തിലേയ്ക്കു വികസിക്കേണ്ടത്. നിലവിൽ ഒരു ചെറു ന്യൂനപക്ഷത്തിനുമാത്രം കരഗതമായ സൗകര്യങ്ങളാണ് നമ്മുടെ പൊതുവിദ്യാലയങ്ങളിലും സർക്കാർ ആശുപത്രികളിലും സൃഷ്ടിക്കുന്നത്. ഇതിനൊക്കെ മുതൽമുടക്കുവേണം. നമ്മുടെ ബജറ്റിൽ നിന്ന് ഈ പണം കണ്ടെത്താനാവില്ല. ആ പരിമിതി മറിക്കടക്കാനാണ് കിഫ്ബി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP