Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നരക്കോടി ആളുകളെ കണ്ടു; 10,000 നേതാക്കളോട് ചർച്ചകൾ നടത്തി; ഒരു ലക്ഷം കിലോമീറ്റർ യാത്ര ചെയ്തു; 50 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി സൃഷ്ടിച്ചത് സർവകാല റെക്കോർഡ്; എന്നിട്ടും പ്രധാനമന്ത്രിയുടെ മുഖത്ത് നിറഞ്ഞത് നിരാശ മാത്രം; ഊർജ്ജം തിരിച്ചു പിടിക്കാൻ പ്രത്യേക ഗുഹയിൽ ധ്യാനത്തിനായി പ്രധാനമന്ത്രി ഹിമാലയത്തിലേക്ക്; തോൽവി തിരിച്ചറിഞ്ഞ് സന്യാസത്തിനെന്ന് കളിയാക്കി സോഷ്യൽ മീഡിയയും; മോദിയുടെ കേദാർനാഥ്- ബദ്രിനാഥ് യാത്രയിൽ ചർച്ചകൾ ഇങ്ങനെ

ഒന്നരക്കോടി ആളുകളെ കണ്ടു; 10,000 നേതാക്കളോട് ചർച്ചകൾ നടത്തി; ഒരു ലക്ഷം കിലോമീറ്റർ യാത്ര ചെയ്തു; 50 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി സൃഷ്ടിച്ചത് സർവകാല റെക്കോർഡ്; എന്നിട്ടും പ്രധാനമന്ത്രിയുടെ മുഖത്ത് നിറഞ്ഞത് നിരാശ മാത്രം; ഊർജ്ജം തിരിച്ചു പിടിക്കാൻ പ്രത്യേക ഗുഹയിൽ ധ്യാനത്തിനായി പ്രധാനമന്ത്രി ഹിമാലയത്തിലേക്ക്; തോൽവി തിരിച്ചറിഞ്ഞ് സന്യാസത്തിനെന്ന് കളിയാക്കി സോഷ്യൽ മീഡിയയും; മോദിയുടെ കേദാർനാഥ്- ബദ്രിനാഥ് യാത്രയിൽ ചർച്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്നലത്തെ പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീർത്തും നിരാശനായിരുന്നു. ചോദ്യങ്ങൾക്ക് പോലും ഉത്തരം പറയാതെ എല്ലാം അമിത് ഷായെ ഏൽപ്പിച്ച മോദി. അഞ്ച് കൊല്ലം മുമ്പത്തെ പ്രസരിപ്പ് മോദിയുടെ മുഖത്ത് ഇപ്പോഴില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുമ്പോൾ മോദി തീർത്തും ക്ഷീണിതനാണ്. തോൽവി മണത്തതുകൊണ്ടാണ് ഇതെന്നാണ് സോഷ്യൽ മീഡിയയുടെ കളിയാക്കൽ. അതിനൊപ്പം മോദിയുടെ ഹിമാലയ യാത്രയും ചർച്ചകളിലെത്തുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് തീർന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി തീർത്ഥയാത്ര പുറപ്പെട്ടു. ഉത്തരാഖണ്ഡിലെ കേദാർനാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലാണ് സന്ദർശനം. ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളായ ഇരു സ്ഥലങ്ങളിലും മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കി. മോദിക്ക് താമസിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേദാർനാഥിലെത്തിയ മോദി ഞായറാഴ്ച രാവിലെയാണ് ബദ്രിനാഥിലേക്ക് പോകുക. മോദിക്ക് ധ്യാനത്തിന് വേണ്ടി പ്രത്യേക ഗുഹാ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടിടത്തെയും സന്ദർശനം പൂർത്തിയാക്കിയ ശേഷം മോദി ഞായറാഴ്ച വൈകീട്ട് ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ മോദി ഇനി തിരിച്ചു വരില്ലെന്നും തോൽവി മണത്തറിഞ്ഞ മോദി സന്യാസത്തിന് പോവുകയാണെന്നുമാണ് സോഷ്യൽ മീഡിയയുടെ കളിയാക്കൽ. ഇന്നലത്തെ പത്ര സമ്മേളനത്തിലെ മുഖഭാവം കൂടി വിലയിരുത്തിയാണ് ഇതെല്ലാം.

ശനിയാഴ്ച രാവിലെ ജോല്ലിഗ്രാന്റ് വിമാനത്താവളത്തിലെത്തിയ മോദി കേദാർനാഥിലേക്ക് പുറപ്പെട്ടു. ഇവിടെ ധ്യാനത്തിനും മറ്റും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രളയ ദുരന്തത്തിന് ശേഷം നടക്കുന്ന പുനർനിർമ്മാണ പ്രവൃത്തികൾ മോദി പരിശോധിക്കുമെന്നും സൂചനയുണ്ട്. ഞായറാഴ്ച രാവിലെ ബദ്രിനാഥിലേക്ക് പോകും. വൈകീട്ട് ഡൽഹിയിലേക്ക് തിരിക്കും. പിന്നീട് രാഷ്ട്രീയ ചർച്ചകൾ വീണ്ടും സജീവമാകുമെന്നാണ് സൂചന. ഉത്തരാഖണ്ഡിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മഞ്ഞുവീഴ്ചയുണ്ടായാൽ മോദിയെ രക്ഷപ്പെടുത്താനുള്ള മാർഗം ഉദ്യോഗസ്ഥർ മുൻകൂട്ടി കണ്ടിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരു യാത്രയെയാണ് സോഷ്യൽ മീഡിയ കളിയാക്കുന്നത്. മുമ്പും ഹിമാലയത്തിൽ ധ്യാനത്തിന് മോദി പോയിട്ടുണ്ട്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തിൽ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റെക്കോർഡിട്ടുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെയാണ് അവസാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 50 ദിവസങ്ങൾക്കിടെ മോദി ഒന്നരക്കോടി ആളുകളെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ടിരിക്കുന്നത്. 10,000 നേതാക്കന്മാരുമായി അദ്ദേഹം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി സഞ്ചരിച്ചിരിക്കുന്നത് ഒരു ലക്ഷത്തോളം കിലോമീറ്ററുകളാണ്. ഇത്തരത്തിൽ 50 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി സൃഷ്ടിച്ചിരിക്കുന്നത് സർവകാല റെക്കോർഡാണ്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി ബിജെപി ഒരു വർഷം മുമ്പ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ചിട്ടയോടെയും കൂടുതൽ വ്യാപകമായ തോതിലും പ്രചാരണം നടത്തുന്നതിന് മറ്റാരെക്കാളും ബിജെപിക്ക് സാധിച്ചിരുന്നു. 50 ദിവസത്തെ പ്രചാരണത്തിനിടയിൽ മോദി 142 റാലികളെയാണ് അഭിസംബോധന ചെയ്ത് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇത്രയ്ക്കും കടുത്ത രീതിയിലും കഠിനാധ്വാനത്തോട് കൂടിയും ആരും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടാവില്ലെന്നാണ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് കൊണ്ട് ഡൽഹിയിൽ മോദിക്കൊപ്പം പങ്കെടുത്ത പത്രസമ്മേളനത്തിൽ വച്ച് ബിജെപി അധ്യക്ഷൻ അമിത്ഷാ അവകാശപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ആറ് മാസങ്ങൾക്ക് മുമ്പ് തന്നെ ബിജെപിയുടെ മുതിർന്ന നേതാക്കൾ ത്വരിത ഗതിയിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെന്നും ഷാ വെളിപ്പെടുത്തുന്നു. ഇതിനായി 7000ത്തിൽ അധികം ലോക്സഭാ സ്റ്റിയറിങ് കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ കടുത്ത രീതിയിലുള്ള പ്രചാരണവും പ്രവർത്തനങ്ങളും നടത്തിയിരിക്കുന്നതിനാൽ 543 സീറ്റുകളിൽ തന്റെ പാർട്ടിക്ക് ചുരുങ്ങിയത് 300 സീറ്റുകളെങ്കിലും ലഭിക്കുമെന്നും ഷാ അവകാശപ്പെടുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ 282 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്.ഇതിലൂടെ മൂന്ന് ദശാബ്ദത്തിനിടെ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കുന്ന ഒറ്റ പാർട്ടിയെന്ന ബഹുമതി നേടാനും ബിജെപിക്ക് സാധിച്ചിരുന്നു.

ഇത്തരത്തിലുള്ളൊരു വിജയം ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് ബിജെപി ഇപ്രാവശ്യവും നടത്തിയിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്റ്റേറ്റുകളിലും സ്റ്റിയറിങ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും വലുപ്പം അനുസരിച്ച് 14 മുതൽ 21 വരെ സ്റ്റിയറിങ് കമ്മിറ്റികളായിരുന്നു രൂപീകരിച്ചിരുന്നത്. ഓരോ പാർലിമെന്റ് മണ്ഡലത്തിലെയും പ്രവർത്തനങ്ങൾക്കായി ഒരു പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഓരോയിടത്തും 11 തരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ഇതിൽ ബൂത്ത് ലെവൽ കോൺഫറൻസുകൾ മുതൽ ബൈക്ക് റാലി വരെ ഉൾപ്പെടുന്നുണ്ട്. പ്രധാനമന്ത്രി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ഇവ നടത്തിയിരുന്നു.

മാർച്ച് 28ന് ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു മോദിയുടെ ഒരു റാലി തുടങ്ങിയത്. ഇന്നലെ തന്റെ അവസാന റാലിയിൽ മോദി പങ്കെടുത്തത് മധ്യപ്രദേശിലെ ഖർഗോണെയിലാണ്. ഇതിനിടെ 15 മില്യൺ പേരെയാണ് മോദി അഭിസംബോധന ചെയ്ത് സംസാരിച്ചിരിക്കുന്നത്. ഇതിനിടെ എംഎൽഎമാർ , എംപിമാർ അടക്കമുള്ള 10,000 മുതിർന്ന ബിജെപി നേതാക്കന്മാരുമായി മോദി ചർച്ചകൾ നടത്തിയെന്നും അമിത് ഷാ വെളിപ്പെടുത്തുന്നു. റോഡ് മാർഗവും വിമാന മാർഗവും മോദി സഞ്ചരിച്ചത് 100, 500 കിലോമീറ്ററാണ്. ഏപ്രിൽ 18ന് മാത്രം അദ്ദേഹം ഏറ്റവും കൂടുതൽ സഞ്ചരിച്ചത്.

അതായത് അന്ന് പ്രചാരണത്തിനായി 4000 കിലോമീറ്ററാണ് മോദി താണ്ടിയിരിക്കുന്നത്. ഗുജറാത്തിലെ അംറെലിയിൽ നിന്നും തുടങ്ങിയ അന്നത്തെ മോദിയുടെ യാത്ര കർണാടകയിലെ ബാഗൽകോട്ട്, ചികോടി എന്നിവിടങ്ങളിലേക്കും തിരുവനന്ത പുരത്തേക്കും നീണ്ടിരുന്നു. 40 ഡിഗ്രിക്കും 46 ഡിഗ്രിക്കും ഇടയിൽ താപനിലയുള്ള ഇടങ്ങളിലാണ് മോദി ഭൂരിപക്ഷവും പ്രചാരണത്തിലേർപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP