Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ

തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ 16 സീറ്റുകൾ യുഡിഎഫ് നേടുമെന്ന് മറുനാടൻ-റാവിസ് ഗ്രൂപ്പ് ഓൺലൈൻ അഭിപ്രായ സർവ്വേ ഫലം. ഇടത് മുന്നണിക്ക് മൂന്ന് സീറ്റുകൾ മാത്രമാണുള്ളത്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനൊപ്പമാണ് അഭിപ്രായ സർവ്വേ. അതിശക്തമായ മത്സരം നടക്കുന്നത് തിരുവനന്തപുരത്താണ്. ഇവിടെ ശശി തരൂരിന് നേരിയ മുൻതൂക്കമുണ്ട്. എന്നാൽ തൊട്ടുപിറകിൽ ബിജെപിയുടെ കുമ്മനം രാജശേഖരനും. ശബരിമല വിഷയം ബിജെപിക്ക് മുൻതൂക്കം കൊടുക്കുമെന്നാണ് സർവ്വേ ഉയർത്തുന്ന പൊതു വികാരം. കേരളത്തിൽ രാഹുൽ ഗാന്ധിയുടെ വരവിൽ മലബാർ കോൺഗ്രസ് തൂത്തുവാരും.

പത്തിടത്ത് സ്ഥാനാർത്ഥികൾക്ക് അനായാസ വിജയമാണ് സർവ്വേ പ്രവചിക്കുന്നത്. ബാക്കി ആറിടത്ത് വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് നല്ല മുൻതൂക്കവും നൽകുന്നു. അഞ്ചിടത്ത് ബിജെപിക്ക് ശക്തമായ മത്സരം കാഴ്ച വയ്ക്കാനാകുന്നു. പത്തനംതിട്ടയിൽ ഒന്നാം സ്ഥാനം നൽകുമ്പോൾ തിരുവനന്തപുരത്തും തൃശൂരിലും പാലക്കാടും ബിജെപിയാണ് രണ്ടാമത്. കോട്ടയത്ത് എൻഡിഎ സഖ്യകക്ഷിയായ കേരളാ കോൺഗ്രസിന്റെ പിസി തോമസും രണ്ടാമത് എത്തുന്നു. അതുകൊണ്ട് തന്നെ മറുനാടൻ-റാവിസ് സർവ്വേ സിപിഎമ്മിന് കടുത്ത നിരാശയാകും നൽകുക. ശബരിമല വിഷയം ആളിക്കത്തിയെന്ന വികാരം ചർച്ചയാക്കുന്നതാണ് പുറത്തു വരുന്ന ഫലം.

കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് കാലത്തും സമാനമായ സർവ്വേ മറുനാടൻ നടത്തിയിരുന്നു. യാഥാർത്ഥ്യത്തോട് അടുത്ത് നിന്ന ഫലമായിരുന്നു അത്. ഇതിൽ കേരളത്തിൽ അധികാരത്തിൽ എത്തുന്നത് ഏത് കക്ഷി ആവുംഎന്ന ചോദ്യത്തിന് 78.8 ശതമാനം പേരും എൽഡിഎഫ് എന്നാണ് ഉത്തരം നൽകിയത്. യുഡിഎഫിന് 19.7ശതമാനം വോട്ടും കിട്ടി. മുരളീധരൻ, വീണാ ജോർജ്, പിസി ജോർജ്, രാജഗോപാൽ എന്നിവർ വിജയിക്കുന്നവരുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു. ചെങ്ങന്നൂരിലെ വിഷ്ണുനാഥിന്റെ വിജയത്തിലെ പ്രവചനം മാത്രമാണ് തെറ്റിയത്. അതുകൊണ്ട് തന്നെ 2019ലെ ഈ സർവ്വേയും യാഥാർത്ഥ്യത്തോട് ഏറെ അടുത്ത് നിൽക്കാനാണ് സാധ്യത. 2016ൽ അട്ടിമറി സാധ്യതകളിൽ സർവ്വേ പറഞ്ഞതെല്ലാം സത്യമാവുകയും ചെയ്തു. അതുകൊണ്ടാണ് ലോക്സഭയിൽ മറുനാടൻ-റവീസ് ഗ്രൂപ്പ് സർവ്വേയും ഏറെ ചർച്ചയായത്. ഇതിലെ ഫലങ്ങളും യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നതാണെന്നാണ് വിലയിരുത്തൽ.

പാലക്കാടും ആറ്റിങ്ങലിലും ആലപ്പുഴയിലും മാത്രമാണ് സർവ്വേ ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുന്നത്. അതും സിപിഎമ്മിന് മാത്രം വിജയം നൽകുന്നു. സിപിഐ നാലിടത്തും തോൽക്കുമെന്നാണ് പ്രവചനം. വയനാട്ടിൽ മത്സരത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മലപ്പുറത്ത് മുസ്ലിംലീഗിന്റെ കുഞ്ഞാലിക്കുട്ടിയും 98 ശതമാനം വോട്ടുകളും നേടുന്നു.

ആലപ്പുഴയിൽ ആരിഫ്

ആലപ്പുഴയിൽ ഇടതുപക്ഷത്തിന് അട്ടിമറി വിജയമാണ് സർവ്വേ പ്രവചിക്കുന്നത്. സിപിഎമ്മിന്റെ എഎം ആരീഫിന് അനുകൂലമായി 53 ശതമാനം പേർ വോട്ട് ചെയ്യുമ്പോൾ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാന് 43ശതമാനം വോട്ടാണ് കിട്ടിയത്. ഇവിടെ ബിജെപിയുടെ കെ എസ് രാധാകൃഷ്ണന് 4 ശതമാനം വോട്ടാണ് കിട്ടുന്നത്. ശതമാനക്കണക്ക് അനുസരിച്ച് അതിശക്തമായ മത്സരം ആലപ്പുഴയിൽ നടക്കുന്നുണ്ട്.

സിപിഎമ്മും ആലപ്പുഴയിൽ ജയിക്കുമെന്ന പ്രതീക്ഷയിലാണ്. കെ സി വേണുഗോപാലിനെ മാറ്റി ഷാനിമോളെ സ്ഥാനാർത്ഥിയാക്കിയത് ഏറെ ചർച്ചകൾക്കൊടുവിലാണ്. ഇത് ഷാനിമോൾക്ക് വിനയാകുമെന്ന സൂചനയാണ് സർവ്വേ പറയുന്നത്.

ആലത്തൂരിലെ പെങ്ങളൂട്ടി തന്നെ

ആലത്തൂരിൽ കോൺഗ്രസിന്റെ രമ്യാ ഹരിദാസിന് വലിയ മുൻതൂക്കമാണ് നൽകുന്നത്. കോഴിക്കോട് നിന്ന് അപ്രതീക്ഷിതമായി സിപിഎമ്മിന്റെ കോട്ടയിൽ സ്ഥാനാർത്ഥിയായ രമ്യയ്ക്ക് വിജയം പ്രവചിക്കുന്നത് 70 ശതമാനം പേരാണ്. സിറ്റിങ് എംപി കൂടിയായ സിപിഎമ്മിന്റെ പികെ ബിജുവിന് 29 ശതമാനം വോട്ടാണ് കിട്ടിയിത്. ബിജെപിയുടെ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ബിഡിജെഎസ് നേതാവ് ടിവി ബാബുവിന് വെറും ഒരു ശതമാനവും വോട്ട് കിട്ടി.

ആലത്തൂരിൽ രമ്യാ ഹരിദാസിന് വലിയ പിന്തുണ സോഷ്യൽ മീഡിയയിൽ കിട്ടിയിരുന്നു. പ്രചരണത്തിൽ രമ്യയ്ക്ക് വലിയ മുൻതൂക്കവും നേടാനായി. ഇതാണ് മറുനാടൻ സർവ്വേയിലും പ്രതിഫലിക്കുന്നത്.

ആറ്റിങ്ങൽ ഇടതിനൊപ്പം

ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അട്ടിമറിക്ക് കഴിയില്ലെന്നാണ് വിലയിരുത്തൽ. 55.2 ശതമാനം വോട്ടുകൾ സിപിഎം നേതാവ് സമ്പത്തിന് ലഭിച്ചു. കോൺഗ്രസിന്റെ അടൂർ പ്രകാശ് 40.3 ശതമാനം വോട്ടാണ് നേടിയത്. ശോഭാ സുരേന്ദ്രന് 4.6 ശതമാനം വോട്ടാണ് കിട്ടുന്നത്. ആറ്റിങ്ങലിൽ ജയം നേടുമെന്ന കോൺഗ്രസ് പ്രതീക്ഷയ്ക്ക് വിരുദ്ധമാണ് ഈ സർവ്വേ കണ്ടെത്തൽ. സിറ്റിങ് എംപിയായ സമ്പത്ത് മൂന്നാം തവണയും ആറ്റിങ്ങലിൽ ജയിക്കുന്നത് പാർട്ടിയുടെ സംഘടനാ കരുത്തിലാണ്.

സിപിഎമ്മിന്റെ കോട്ടയായാണ് ആറ്റിങ്ങൽ വിലയിരുത്തുന്നത്. ശബരിമല അടക്കം ചർച്ചയായ മണ്ഡലത്തിൽ കോൺഗ്രസ് വിജയം പ്രതീക്ഷിച്ചാണ് അടൂർ പ്രകാശിനെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ പ്രചരണത്തിലെ മുൻതൂക്കം വോട്ടുകളായി മാറ്റാൻ അടൂർ പ്രകാശിന് കഴിയില്ലെന്നാണ് സർവ്വേ വെളിപ്പെടുത്തുന്നത്.

ചാലക്കുടിയിൽ ബെന്നി

ചാലക്കുടിയിൽ ബെന്നി ബെഹന്നാന് മികച്ച വിജയമാണ് സർവ്വേ പ്രവചിക്കുന്നത്. 71 ശതമാനം പേരാണ് ബെന്നിക്ക് അനുകൂലം. ഇതോടെ ചാലക്കുടി വീണ്ടും കോൺഗ്രസ് പക്ഷത്തേക്ക് മാറുമെന്നാണ് വിലയിരുത്തേണ്ടത്. ഇന്നസെന്റാണ് സിറ്റിങ് എംപി. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഇന്നസെന്റ് ഇത്തവണ സിപിഎം പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്നിട്ടും കിട്ടിയത് 26 ശതമാനം വോട്ടാണ്. ഇവിടെ ത്രികോണ പോര് ഒരുക്കാൻ ബിജെപിയുടെ എഎൻ രാധാകൃഷ്ണനും കഴിയുന്നില്ല. വെറും 3 ശതമാനമാണ് രാധാകൃഷ്ണന് കിട്ടിയ വോട്ട്.

എറണാകുളത്ത് ഹൈബി ബഹദൂരം മുന്നിൽ

കെ വി തോമസിനെ മത്സരിക്കാതെ മാറ്റി നിർത്തിയ കോൺഗ്രസ് തീരുമാനത്തിനൊപ്പമാണ് എറണാകുളം എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ യുവ നേതാവ് ഹൈബി ഈഡന് 89 ശതമാനം വോട്ടാണ് കിട്ടുന്നത്. സിപിഎമ്മിന്റെ ജനകീയ മുഖമായിരുന്നിട്ടും പി രാജീവിന് അനുകൂലമായി 10 ശതമാനം പേർ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂ. ഇത് ഹൈബിയുടെ വിജയം ഉറപ്പെന്നതിന്റെ വ്യക്തമായ സൂചനയാണ്. കേന്ദ്ര മന്ത്രിയെന്ന ഗ്ലാമറിൽ മത്സരിച്ചിട്ടും ബിജെപിയുടെ അൽഫോൻസ് കണ്ണന്താനത്തിന് കിട്ടുന്നത് രണ്ട് ശതമാനം വോട്ടാണ്.

എറണാകുളത്ത് കോൺഗ്രസും വിജയം ഉറപ്പിച്ചിട്ടുണ്ട്. കെവി തോമസാകും സ്ഥാനാർത്ഥിയെന്ന വിലയിരുത്തലിലാണ് രാജീവ് മത്സരത്തിനിറങ്ങിയത്. ആദ്യ ഘട്ടത്തിൽ രാജീവ് മുന്നിലെത്തുകയും ചെയ്തു. എന്നാൽ ഹൈബി വന്നതോടെ ചിത്രം മാറി മറിഞ്ഞു.

ഇടുക്കിയും കോൺഗ്രസിനൊപ്പം

ഇടുക്കിയിൽ കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസ് വൻ വിജയം നേടുമെന്നാണ് പ്രവചനം. ഡീനിന് 85.2 ശതമാനം വോട്ടുണ്ട്. ഇടത് സ്വതന്ത്രനായ ജോയ്‌സ് ജോർജിന് 13.9 ശതമാനവും. ബിഡിജെഎസ് സ്ഥാനാർത്ഥിയായ ബിജു കൃഷ്ണന് ഇവിടെ ചലനമുണ്ടാക്കാൻ കഴിയുന്നില്ല.

കണ്ണൂരിൽ സുധാകര വിജയം

കോൺഗ്രസിന് തേരോട്ടം വീണ്ടും കണ്ണൂരിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കെ സുധാകരന് 83.6 ശതമാനം പേരാണ് വിജയം പ്രവചിക്കുന്നത്. സിറ്റിങ് എംപിയായ പികെ ശ്രീമതിക്ക് അനുകൂലമായി വോട്ട് ചെയ്ത് 15.3 ശതമാനം പേരും. സികെ പത്മനാഭനാണ് ബിജെപി സ്ഥാനാർത്ഥി. എന്നാൽ മുതിർന്ന നേതാവിന് മണ്ഡലത്തിൽ നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല

ശബരിമലയും അക്രമ രാഷ്ട്രീയവും ചർച്ചയാക്കിയാണ് സുധാകരൻ വോട്ട് ചോദിച്ചത്. ഇത് ഫലം കണ്ടുവെന്നാണ് കണ്ണൂരിലെ ഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ സുധാകരനെ നേരിയ മാർജിനിൽ തോൽപ്പിച്ചാണ് ശ്രീമതി ജയിച്ചു കയറിയത്.

കാസർഗോഡ് ഉണ്ണിത്താൻ

കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ അട്ടിമറി വിജയം നേടുമെന്നാണ് പ്രവചനം. രാജ് മോഹൻ ഉണ്ണിത്താൻ 73 ശതമാനം വോട്ട് കിട്ടി ഒന്നാമത് എത്തുമെന്നാണ് പ്രവചനം. സിപിഎമ്മിന്റെ കെപി സതീഷ് ചന്ദ്രന് 25 ശതമാനം വോട്ടും. സിപിഎമ്മിന്റെ കുത്തക മണ്ഡലത്തിൽ ഒന്നാണ് കാസർഗോഡ്. എന്നാൽ പെരിയ കൊലപാതകം സിപിഎം സാധ്യതകളെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തേണ്ടത്.

കാസർഗോഡ് മൂന്ന് ശതമാനം വോട്ടാണ് ബിജെപിയുടെ രവീശ തന്ത്രിക്ക് കിട്ടുന്നത്. ത്രികോണ പോര് ഉയർത്താൻ കാസർഗോഡ് ബിജെപിക്ക് കഴിയുന്നില്ലെന്നതാണ് ചർച്ചയാകുന്ന വസ്തുത.

കൊല്ലം പ്രേമചന്ദ്രന് തന്നെ

കൊല്ലത്ത് ആർ എസ് പിയുടെ എൻകെ പ്രേമചന്ദ്രൻ വീണ്ടും എംപിയാകുമെന്നാണ് പ്രവചനം. സിറ്റിങ് സീറ്റിൽ പ്രേമചന്ദ്രന് അനുകൂലമായി വോട്ട് ചെയ്തത് 88. 4ശതമാനം പേരാണ്. കെ എൻ ബാലഗോപാലെന്ന കരുത്തന് കിട്ടുന്നത് വെറും 11 ശതമാനവും. ബിജെപിക്ക് 1 ശതമാനം വോട്ടും.

സിപിഎം ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലാണ് കൊല്ലം. എൻ എസ് എസ് വോട്ടുകളുടെ കരുത്തിൽ ബാലഗോപാൽ ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. എന്നാൽ ഇതിന്റെ സൂചനകളൊന്നും സർവ്വേയിൽ ഇല്ല. വികസന നായകനായി വീണ്ടും പ്രേമചന്ദ്രൻ ജയിക്കുമെന്നാണ് പ്രവചനം.

മാണി തരംഗത്തിൽ കോട്ടയം

കെ എം മാണിയുടെ മരണമുണ്ടാക്കിയ സഹതാപ തരംഗം കേരളാ കോൺഗ്രസിന് ഉറച്ച മണ്ഡലമായ കോട്ടയത്ത് വൻ വിജയം നൽകുമെന്നാണ് പ്രവചനം. കേരളാ കോൺഗ്രസിന്റെ തോമസ് ചാഴിക്കാടിന് 83 ശതമാനം വോട്ടാണ് കിട്ടുന്നത്. ബിജെപി മുന്നണിക്കായി മത്സരിച്ച പിസി തോമസിന് 12 ശതമാനം വോട്ടും. സിപിഎമ്മിന്റെ വിഎൻ വാസവന് കിട്ടുന്നത് വെറും അഞ്ച് ശതമാനവും. അതായത് ത്രികോണ മത്സരം കോട്ടയത്ത് നടന്നുവെന്ന് വേണം വിലയിരുത്താൻ.

സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി മൂന്നാം സ്ഥാനത്ത് എത്തിയാൽ അത് കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചകൾക്ക് വഴിവയ്ക്കും. പിസി തോമസ് രണ്ടാമത് എത്തുമെന്ന് ബിജെപിയും പറയുന്നുണ്ട്.

കോഴിക്കോട് രാഘവൻ തന്നെ

ഒളിക്യാമറാ വിവാദവും എംകെ രാഘവനെ തളർത്തുന്നില്ല. സർവ്വേയിലെ പൊതുവികാരം രാഘവന് അനുകൂലമാണ്. സിറ്റിങ് സീറ്റിൽ 66ശതമാനം പേരാണ് രാഘവന് അനുകൂലമായി വോട്ട് ചെയ്യുന്നത്. സിപിഎമ്മിന്റെ എ പ്രദീപ് കുമാറിന് 32 ശതമാനം വോട്ടും. ന്യൂനപക്ഷ വോട്ടുകളാണ് രാഘവന് കരുത്താകുന്നത്. ഇവിടെ ബിജെപിയുടെ അഡ്വക്കേറ്റ് പ്രകാശ് ബാബുവിന് കിട്ടുന്നത് 2.5 ശതമാനം വോട്ട് മാത്രമാണ്.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി

ഓൺലൈൻ സർവ്വേയിൽ വോട്ട് ചെയ്ത 98 ശതമാനം പേരും പികെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ്. മലപ്പുറത്ത് ലക്ഷങ്ങളുടെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി പ്രതീക്ഷിക്കുന്നത് ഇതുകൊണ്ടാണ്. കുഞ്ഞാലിക്കുട്ടി തരംഗം ആഞ്ഞു വീശുമെന്ന് തന്നെയാണ് വിലയിരുത്തലും.

സിപിഎം സ്ഥാനാർത്ഥി വിപി സാനുവിന് ഒരു ശതമാനം വോട്ടാണ് കിട്ടുന്നത്. ബിജെപിയുടെ ഉണ്ണിക്കൃഷ്ണൻ മാസ്റ്റർക്കും ഒരു ശതമാനം വോട്ടാണുള്ളത്. അതായത് കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്ത് എതിരാളികളേ ഇല്ലെന്നാണ് സർവ്വേയും പറയുന്നത്.

കൊടിക്കുന്നിൽ മാവേലിക്കരയിൽ

മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന് 87.1 ശതമാനം വോട്ടാണുള്ളത്. ചിറ്റയം ഗോപകുമാർ ഇടതുപക്ഷത്തിന് വേണ്ടി 12.1 ശതമാനം വോട്ടും നേടുന്നു. ഇവിടെ ബിജെപിയുടെ തഴവ സഹദേവന് ഓൺലൈൻ വോട്ടെടുപ്പിൽ ഒരു സ്വാധീനവും ചെലുത്താനാകുന്നില്ല.

പാലക്കാട് രാജേഷ്, ബിജെപി രണ്ടാമത്

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. ഇവിടെ എംബി രാജേഷ് വീണ്ടും ജയിക്കുമെന്നാണ് പ്രതീക്ഷ. സിപിഎം കോട്ട കാക്കുന്നത് വ്യക്തിപരമായ മികവിലാണ്. 82ശതമാനാണ് കിട്ടുന്ന വോട്ട്. രണ്ടാമതുള്ള ബിജെപിയുടെ സി കൃഷ്ണകുമാറിന് 11 ശതമാനം വോട്ടും കിട്ടുന്നു. അതായത് വൻ ഭൂരിപക്ഷം സിപിഎം നേടുമെന്നാണ് വിലയിരുത്തൽ.

മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ വികെ ശ്രീകണ്ഠന് 7 ശതമാനം പേരുടെ പിന്തുണ മാത്രമേയുള്ള. സർവ്വേ ഫലപ്രകാരം റിസൾട്ടെത്തിയാൽ കോൺഗ്രസിൽ പൊട്ടിത്തെറിയാകും ഉണ്ടാവുക.

പത്തനംതിട്ടയിൽ താമര വിരിയും

ശബരിമല സമരനായകൻ കെ സുരേന്ദ്രൻ എംപിയാകുമെന്നാണ് സർവ്വേ ഫലം. ബിജെപിക്കായി സുരേന്ദ്രൻ പത്തനംതിട്ടയെ ഇളക്കി മറിച്ചുവെന്നത് ശരിവയ്ക്കുന്നതാണ് സർവ്വേ ഫലം. സുരേന്ദ്രന് 45 ശതമാനം വോട്ടാണ് ലഭിക്കുന്നത്. കോൺഗ്രസിന്റെ ആന്റോ ആന്റണിക്ക് 39 ശതമാനവും.

ത്രികോണ പോര് ശക്തമായ പത്തനംതിട്ടയിൽ വിശ്വാസികളുടെ കരുത്ത് സുരേന്ദ്രന് തുണയാകും. ആറന്മുള എംഎൽഎ കൂടിയായ വീണാ ജോർജ് മൂന്നാം സ്ഥാനത്താകുമെന്നാണ് പ്രവചനം.

പൊന്നാനിയിൽ ഇ. ടി

പൊന്നാനിയും മുസ്ലിം ലീഗ് കോട്ടയായി തുടരും. ഇടി മുഹമ്മദ് ബഷീറിന് 93 ശതമാനം വോട്ട് കിട്ടും. സിപിഎം സ്വതന്ത്രനായ പിവി അൻവറിന് അറു ശതമാനം വോട്ട് മാത്രമേ കിട്ടൂ. ബിജെപിയുടെ വിടി രമയക്ക് ഒരു ശതമാനവും.

തിരുവനന്തപുരത്ത് തരൂർ... തൊട്ട് പിന്നിൽ കുമ്മനം

ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് തിരുവനന്തപുരത്ത്. കോൺഗ്രസിന്റെ ശശി തരൂർ 49ശതമാനം വോട്ട് നേടുമ്പോൾ ബിജെപിക്കായി കുമ്മനം നേടുന്നത് 48 ശതമാനം വോട്ടാണ്. ഇഞ്ചോടിഞ്ഞ് മത്സത്തിന്റെ പ്രതീതിയുള്ള ഏക മണ്ഡലം. എങ്ങോട്ട് വേണമെങ്കിലും ഫലം മാറാമെന്ന സൂചനയാണ് ഇതിലുള്ളത്.

ശബരിമല വികാരം അളികത്തിയ തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളാണ് തരൂരിന് ഗുണമാകുന്നത്. ഭൂരിപക്ഷ വോട്ട് ഏകീകരണം കുമ്മനത്തിനും കരുത്താകുന്നു. ഇടത് സ്ഥാനാർത്ഥിയായ സി ദിവാകരന് കിട്ടുന്നത് വെറും 3 ശതമാനം വോട്ടാണ്.

തൃശൂരിന് പ്രതാപം

കോൺഗ്രസിന്റെ ടി എൻ പ്രതാപൻ ജയിക്കുമെന്നാണ് തൃശൂരിലെ ഫലം. പ്രതാപന് 63 ശതമാനം വോട്ടി കിട്ടുമ്പോൾ സുരേഷ് ഗോപിക്ക് 26 ശതമാനം വോട്ട് കിട്ടുന്നു. അതായത് ബിജെപിക്ക് രണ്ടാം സ്ഥാനം പ്രവചിക്കുകയാണ് സർവ്വേ. ശബരിമലയുമായി കത്തികയറിയ സുരേഷ് ഗോപി തൃശൂരിൽ രണ്ടാമത് എത്തിയാൽ അത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും.

സിപിഐയുടെ സിറ്റിങ് സീറ്റാണ് തൃശൂർ. ഇവിടെ സിറ്റിങ് എംപിയെ മാറ്റിയാണ് രാജാജി മാത്യു തോമസിനെ സ്ഥാനാർത്ഥിയാക്കുന്നത്. എന്നാൽ രാജാജിക്ക് സർവ്വേ നൽകുന്നത് 11 ശതമാനം വോട്ടാണ്.

വടകരയിൽ മുരളീധരൻ

വടകരയിൽ കെ മുരളീധരൻ ജയിക്കുമെന്നാണ് സർവ്വേ ഫലം. മുരളിക്ക് 76 ശതമാനം വോട്ടാണ് കിട്ടുന്നത്. സിപിഎമ്മിന്റെ പി ജയരാജന് 23 ശതമാനം. സർവ്വേ ഫലം മുഖവിലയ്‌ക്കെടുത്താൽ മുരളി വില ഭൂരിപക്ഷത്തിൽ ജയിക്കും. ബിജെപിയുടെ വികെ സജീവിന് 1 ശതമാനം വോട്ട് മാത്രമാണുള്ളത്.

വയനാട്ടിൽ രാഹുൽ തരംഗം

വയനാട്ടിൽ രാഹുലിന് അനുകൂലമാണ് കാര്യങ്ങൾ. രാഹുൽ ഗാന്ധിക്ക് 98 ശതമാനം പേർ വോട്ട് ചെയ്യും. സിപിഐയുടെ പിപി സുനീറിനും ബിഡിജെഎസിന്റെ തുഷാർ വെള്ളാപ്പളിക്കും ഒരു ചലനവും ഉണ്ടാക്കാനാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP