Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളവോട്ട് കൈയോടെ പിടികൂടിയപ്പോൾ റെഡ് സിഗ്നൽ വീണത് കണ്ണൂരും കാസർകോട്ടും മുറപോലെ നടന്നുവന്ന 'ആചാരത്തിന്'; ദൃശ്യങ്ങൾ തെളിവാകുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ പതിവിലുമേറെ കണ്ണുരുട്ടുകയും ചെയ്തപ്പോൾ കുരുക്കിലായത് ഇരുമുന്നണികളും; റീപ്പോളിങ് നടന്നാലും കള്ളവോട്ടു ചെയ്തവരെ ശിക്ഷയിൽ നിന്നും ഒഴിവാക്കില്ല; കൂട്ടു നിന്ന പ്രിസൈഡിങ് ഓഫീസർമാരും നക്ഷത്രമെണ്ണും; നാലുബൂത്തുകളിലെ റീപ്പോളിങ് ചരിത്രമാകുന്നത് ഇങ്ങനെ

കള്ളവോട്ട് കൈയോടെ പിടികൂടിയപ്പോൾ റെഡ് സിഗ്നൽ വീണത് കണ്ണൂരും കാസർകോട്ടും മുറപോലെ നടന്നുവന്ന 'ആചാരത്തിന്'; ദൃശ്യങ്ങൾ തെളിവാകുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ പതിവിലുമേറെ കണ്ണുരുട്ടുകയും ചെയ്തപ്പോൾ കുരുക്കിലായത് ഇരുമുന്നണികളും; റീപ്പോളിങ് നടന്നാലും കള്ളവോട്ടു ചെയ്തവരെ ശിക്ഷയിൽ നിന്നും ഒഴിവാക്കില്ല; കൂട്ടു നിന്ന പ്രിസൈഡിങ് ഓഫീസർമാരും നക്ഷത്രമെണ്ണും; നാലുബൂത്തുകളിലെ റീപ്പോളിങ് ചരിത്രമാകുന്നത് ഇങ്ങനെ

രഞ്ജിത്ത് ബാബു

 കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ലോകസഭാ മണ്ഡലത്തിലെ പിലാത്തറ കല്യാശ്ശേരി, പാമ്പുരുത്തി , തൃക്കരിപ്പൂർ പ്രദേശങ്ങളിലെ ബൂത്തുകളിൽ കാലാകാലങ്ങളിൽ ആചാരമായി നടന്നുവരുന്നതാണ് കള്ളവോട്ടുകൾ. നാട്ടിലില്ലാത്തവരുടേയും രാഷ്ട്രീയ എതിർ ചേരിയിലുള്ളവരുടേയും ഓപ്പൺ വോട്ടുകൾ ഈ പ്രദേശങ്ങളിൽ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുകളിൽ ചെയ്തു പോന്നിരുന്നു. എന്നാൽ ഒരിക്കൽ പോലും ഈ അതിക്രമത്തിനെതിരെ ശക്തമായ ആരോപണം ഉയർന്നിട്ടില്ല.

ഇത്തവണ എൽ.ഡി.എഫും യു.ഡി.എഫും കള്ളവോട്ടാരോപണം പരസ്പരം ഉന്നയിച്ചതും ദൃശ്യങ്ങൾ സഹിതം തെളിവുകൾ പുറത്ത് വന്നതുമാണ് വീണ്ടും വോട്ടെടുപ്പിന് അവസരമൊരുങ്ങിയത്. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിൽ പെട്ട പിലാത്തറയിലെ 19 ാം നമ്പർ ബൂത്തിൽ മൂന്ന് പേർ കള്ളവോട്ട് ചെയ്തതായി യുഡിഎഫ് ആരോപണമുയർത്തിയിരുന്നു. പഞ്ചായത്ത് അംഗം എം. വി. സലീന, കെ.പി. സുമയ്യ, പത്മിനി തുടങ്ങി മൂന്ന് പേർക്കെതിരെയായിരുന്നു യുഡിഎഫിന്റെ ആരോപണം.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതോടെ കള്ളവോട്ട് പ്രശ്നം വൻ വിവാദത്തിലായി. ഗ്രമാപഞ്ചായത്ത് അംഗം കൂടിയായ സലീനയെ അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്യുകയും ചെയ്തു. ഇതേ ബൂത്തിൽ എത്താത്ത ഡോ. കാർത്തികേയന്റെ പേരിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കിയ പ്രിസൈഡിങ് ഓഫീസർക്ക് പിഴവു സംഭവിച്ചതായും തെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടിയിരുന്നു. കല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടി ജമാത്ത് സ്‌ക്കൂളിലെ 69, 70 നമ്പർ ബൂത്തുകളിൽ മുസ്ലിം ലീഗുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. ഈ ബൂത്തുകളിൽ ഒരേ വ്യക്തികൾ ഒന്നിലധികം വോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങളും എൽ.ഡി.എഫ് പുറത്ത് വിട്ടിരുന്നു. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ പെട്ട പാമ്പുരുത്തിയിലെ 166 ാം നമ്പർ ബൂത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപണമുയർന്നിരുന്നു. ഇവിടേയും റീപോളിങ് നടക്കുകയാണ്.

തൃക്കരിപ്പൂർ മണ്ഡലത്തിലെ 48 ാം നമ്പർ ബൂത്തിൽ ഒരാൾ രണ്ട് തവണ വോട്ട് ചെയ്തുവെന്ന പരാതിയിൽ എൽ.ഡി.എഫ് പ്രവർത്തകനായ കെ. ശ്യാം കുമാറിനെതിരെയാണ് ആരോപണം. റീപോളിങ് പ്രഖ്യാപിച്ച പിലാത്തറ 19 ാം നമ്പർ ബൂത്തിൽ അരമണിക്കൂറിലേറെ വരിയിൽ നിന്ന് വോട്ട് ചെയ്യാനെത്തിയ ഷാലറ്റ് എന്ന സ്ത്രീയുടെ വോട്ട് മറ്റാരോ ചെയ്തിരുന്നു. എന്നാൽ അവർക്ക് ചാലഞ്ച് വോട്ടോ ടെൻഡർ വോട്ടോ ചെയ്യാൻ അനുമതി നൽകാതെ ബൂത്തിൽ നിന്നും മടങ്ങേണ്ടി വന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് 42 കള്ളവോട്ടുകൾ കൂടി ചെയ്തതാതയി യു.ഡി.എഫിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് കെ. സുരേന്ദ്രൻ പരാതി നൽകിയിട്ടുണ്ട്. ഇതിൽ 31 ആൾമാറാട്ട വോട്ടും 10 ഇരട്ട വോട്ടുമാണ്.

തളിപ്പറമ്പ് മണ്ഡലത്തിൽ 18 തികയാത്ത വ്യക്തിക്ക് വോട്ടവകാശം നൽകിയെന്നും പരാതിയിലുണ്ട്. ധർമ്മടത്ത് 20 പേർ ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. ഇതുവരെയായി 242 കള്ളവോട്ടുകളെക്കുറിച്ചുള്ള പരാതികളാണ് യു.ഡി.എഫ് നൽകിയിട്ടുള്ളത്. രണ്ട് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രണ്ട് സ്ഥലങ്ങളിൽ വോട്ട് ചെയ്ത ആറ് സ്ത്രീകൾക്കെതിരേയും പരാതിയുണ്ട്. രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് ചെയ്തവർ, ഒരേ മണ്ഡലത്തിലെ രണ്ടു ബൂത്തുകളിൽ വോട്ട് ചെയ്തവർ, തുടങ്ങിയ പരാതികളും നൽകിയിട്ടുണ്ട്

. 55 ബൂത്തുകളിലെ 200 കള്ളവോട്ടിനെക്കുറിച്ചുള്ള പരാതികൾ യു.ഡി.എഫ് നേരത്തെ നൽകിയിരുന്നു. റീപ്പോളിങ് നടന്നാലും കള്ളവോട്ടു ചെയ്തവർ ശിക്ഷയിൽ നിന്നും ഒഴിവാകില്ല. കൂട്ടു നിന്ന പ്രിസൈഡിങ് ഓഫസർമാർക്കും എതിരെ നടപടിയുണ്ടാകും. ഒരു വർഷം തടവും പിഴയും ലഭിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 സി.ഡി.എഫ് വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. സ്വാധീനമുപയോഗിച്ച് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ആൾമാറാട്ടം നടത്തുകയും ചെയ്തുവെന്നാണ് കുറ്റങ്ങൾ.

കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പർ ബൂത്തുകളിലും കണ്ണൂർ പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് 166-ാം നമ്പർ ബൂത്തിലുമാണ് റീപോളിങ് നടക്കുന്നത്. കള്ളവോട്ട് നടന്ന ബുത്തുകളിൽ റീപോളിങ് നടത്തിയേക്കുമെന്ന് രാവിലെ റിപ്പോർട്ടുകളുണ്ടായിരുന്നു. വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. റീപോളിങ് പ്രഖ്യാപിച്ച ബൂത്തുകളിൽ ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ പോളിങ് നടക്കും. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിങ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയ പശ്ചാത്തലത്തിൽ ഈ ബൂത്തുകളിൽ ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം പരസ്യപ്രചരണം നടത്താം. ശനിയാഴ്ച നിശബ്ദ പ്രചരണം നടത്താം. കള്ളവോട്ട് നടന്നതായി പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചിരുന്നു. കോൺഗ്രസായിരുന്നു ഇക്കാര്യത്തിൽ ആദ്യ പരാതി നൽകിയത്. കല്യാശ്ശേരിയിലെ കള്ളവോട്ടു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സിസി ടിവി ക്യാമറാ ദൃശ്യങ്ങളോടൊപ്പമായിരുന്നു പരാതി. ദൃശ്യങ്ങൾ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഓഫീസർ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കല്യാശ്ശേരിയിലെ 19 ാം നമ്പർ ബൂത്തിൽ 88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 69, 70 ബൂത്തുകളിൽ 79 ശതമാന വീതവും വോട്ടിങ്. 90 ശതമാനത്തിൽ അധികമായ എല്ലാ ബൂത്തുകളിലും റീ പോളിങ് വേണമെന്ന് കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം സിപിഎം പ്രതിരോധത്തിലായതിന് പിന്നാലെ മുസ്ലിംലീഗ് കേന്ദ്രങ്ങളിലെ കള്ളവോട്ടു വിവരവും പുറത്തുവന്നു.

ഇതുവരെ 17 പേർ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 13 പേർ ലീഗുകാരും ബാക്കിയുള്ളവർ സിപിഐ.എമ്മുകാരുമാണെന്നാണ് കണ്ടെത്തൽ. കള്ളവോട്ട് നടന്നുവെന്ന് ആരോപിക്കുന്ന ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ, വെബ് ക്യാം ഓപ്പറേറ്റർ എന്നിവരെ കളക്ടർ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.

കാസർകോട് മണ്ഡലത്തിൽ കല്യാശ്ശേരിയിലെ മണ്ഡലത്തിൽ റീപോളിഗം നടക്കുമ്പോൾ അത് കോൺഗ്രസിന് ഗുണകരമാകുമെന്ന് പ്രതീക്ഷയുണ്ട്. കാരണം ഇവിടെ സിപിഎം ശക്തികേന്ദ്രത്തിലായിരുന്നു കള്ളവോട്ട് നടന്നത്. റീപോളിംഗിൽ കള്ളവോട്ടു സാധ്യത കുറയുമ്പോൾ അത് യുഡിഎഫിന് ഗുണം ചെയ്തേക്കാം. അതേസമയം കള്ളവോട്ടിൽ കണ്ണൂർ ലോക്സഭയിൽ കള്ളവോട്ടു പിടിക്കപ്പെട്ടത് യുഡിഎഫിനാണ് ക്ഷീണ ചെയ്യുക. ഇവിടെ റീപോളിങ് വരുമ്പോൾ പഴയ ആവേശം യുഡിഎഫിനുണ്ടാകുമോ എന്നു കണ്ടറിയേണ്ടതാണ്.

അതേസമയം കള്ളവേട്ടുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടു പോകുന്നതിൽ മുന്നണികൾ വ്യത്യസ്ത ചേരികളിലാണ്. ആരോപണ പ്രത്യാരോപണങ്ങൾ ഇരുമുന്നണികളും ഉന്നയിക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ട് പോകുന്നതിൽ വലിയ താത്പര്യം കാട്ടുന്നില്ലെന്നാണ് അനുഭവം. വരണാധികാരിയായ ജില്ലാ കലക്ട്രറുടെ പരാതിയിൽ കേസെടുത്തെങ്കിലും ഒരിടത്തും മൊഴിയെടുക്കുകയോ തെളിവു പരിശോധിക്കുകയോ ഉണ്ടായിട്ടില്ല.

ഇന്ത്യൻ ശിക്ഷാ നിയമം 171 പ്രകാരം കള്ളവോട്ട് കേസ് ശിക്ഷാർഹമാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ കള്ളവോട്ട് ചർച്ച ചെയ്യപ്പെട്ട സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ബി.എൽ. ഒ മാർ മുതൽ പ്രിസൈഡിങ് ഓഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥരും ഇതിൽ ആരോപണ വിധേയരാണ്. എന്നാൽ ഇത്തവണ നിയമം മുന്നോട്ട് പോയാൽ കള്ളവോട്ടുകാർക്ക് രക്ഷപ്പെടാനുള്ള പഴുത് കുറവാണ്. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വോട്ടെടുപ്പ് ദിവസത്തിലെ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP