Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ടാൽ സുമുഖൻ... തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദ്; ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ഒപ്പം അച്ഛനേയും മുന്നിൽ നിർത്തി വഞ്ചിച്ചത് അഞ്ഞുറോളം പേരെ; ഫോണിക്‌സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്‌ബുക്ക് പേജിലൂടെ ആളുകളെ വളച്ചെടുത്തത് കാനഡയിലും മാൾട്ടയിലും ചെക്ക് റിപ്പബ്ലികിലും ഇസ്രയേലിലും ജോലി വാഗ്ദാനത്തിൽ; പാവങ്ങളുടെ പാസ്‌പോർട്ട് പറ്റിച്ചെടുത്ത് അയച്ചു കൊടുത്തത് വ്യാജ വിസ; കോടികളുമായി മുങ്ങിയത് അമേരിക്കയിലേക്ക്; റോബിൻ മാത്യുവിന്റെ റിക്രൂട്ട്‌മെന്റ് ചതി ഇങ്ങനെ

കണ്ടാൽ സുമുഖൻ... തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദ്; ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ഒപ്പം അച്ഛനേയും മുന്നിൽ നിർത്തി വഞ്ചിച്ചത് അഞ്ഞുറോളം പേരെ; ഫോണിക്‌സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്‌ബുക്ക് പേജിലൂടെ ആളുകളെ വളച്ചെടുത്തത് കാനഡയിലും മാൾട്ടയിലും ചെക്ക് റിപ്പബ്ലികിലും ഇസ്രയേലിലും ജോലി വാഗ്ദാനത്തിൽ; പാവങ്ങളുടെ പാസ്‌പോർട്ട് പറ്റിച്ചെടുത്ത് അയച്ചു കൊടുത്തത് വ്യാജ വിസ; കോടികളുമായി മുങ്ങിയത് അമേരിക്കയിലേക്ക്; റോബിൻ മാത്യുവിന്റെ റിക്രൂട്ട്‌മെന്റ് ചതി ഇങ്ങനെ

എം മനോജ് കുമാർ

കോട്ടയം: കണ്ടാൽ സുമുഖൻ. പക്ഷെ തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദും. ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ആധാരമാക്കി റോബിൻ മാത്യു വിസ തട്ടിപ്പിന് ഇറങ്ങിയപ്പോൾ വഞ്ചിതരായത് അഞ്ഞുറോളം പേർ. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ തട്ടിയാണ് തട്ടിപ്പ് വീരൻ റോബിൻ മാത്യു മുങ്ങിയത്. നിലവിൽ ലഭിച്ച പരാതികൾ പ്രകാരം ഏഴരക്കോടിയോളം രൂപ റോബിൻ വെട്ടിച്ചതായി അറിവുണ്ടേങ്കിലും തട്ടിപ്പിന്റെ വ്യാപ്തിയും തുകയും അതിലേറെയാണെന്നാണ് കേസ് അന്വേഷിക്കുന്ന കോട്ടയം ഗാന്ധിനഗർ പൊലീസിന്റെ നിഗമനം. തട്ടിപ്പിന് ശേഷം കൂട്ടാളികളുമായി അമേരിക്കയ്ക്ക് മുങ്ങിയ റോബിനെ പൊക്കാൻ സഹായം തേടി കേരളാ പൊലീസ് ഇപ്പോൾ അമേരിക്കയിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരിക്കുകയാണ്.

കാനഡ, മാൾട്ട, ചെക്ക് റിപ്പബ്ലിക്, ഇസ്രയേൽ രാജ്യങ്ങളിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയാണ് മുങ്ങൽ. .ഇയാൾ ഇപ്പോൾ എവിടെയുണ്ടെന്നു അടുപ്പക്കർക്ക് പോലും അറിയില്ല. യുഎസിൽ ഉണ്ട് എന്നാണ് തട്ടിപ്പിന്നിരയായവർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക് വിസ തേടി വന്നവരാണ് വഞ്ചിക്കപ്പെട്ടവരിൽ ഏറിയ കൂറും. കോട്ടയത്ത് എസ്എച്ച് മൗണ്ട് ഫോണിക്‌സ് എന്ന കൺസൽട്ടൻസി തുടങ്ങിയാണ് റോബിൻ മാത്യുസ് വിസാ തട്ടിപ്പിന് ഇറങ്ങിയത്. ഓൺലൈൻ പരസ്യങ്ങൾ നൽകിയാണ് റോബിൻ മാത്യു തട്ടിപ്പ് വിപുലമാക്കിയത്. 400 ഓളം പേരോളമാണ് റോബിൻ മാത്യുവിന്റെ ചതിക്കുഴിയിൽപ്പെട്ട് പണം നഷ്ടമായി നിരാശരായി കഴിയുന്നത്. ഉദ്യോഗാർത്ഥികളുടെ പാസ്‌പോർട്ട്, എസ്എസ്എൽസി തുടങ്ങിയവയുമായാണ് നഷ്ടമായതിനാൽ ചതിയിൽപ്പെട്ടവർ ആശങ്കയിലാണ്.

മറ്റൊരു വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഈ രേഖകൾ ഇല്ലെങ്കിൽ അവസരം നഷ്ടമാകും എന്നതിനാലാണ് വഞ്ചനയിൽ കുടുങ്ങിയവരുടെ ആശങ്കകൾ വർദ്ധിക്കുന്നത്. റോബിൻ മാത്യുവിന്റെ ചതിക്കുഴിയിൽ കുടുങ്ങിയ 385 ഓളം പേർ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുകയാണ്. റോബിൻ മാത്യുവിനൊപ്പം കൂട്ടാളികളായ നവീനും ജയിംസിനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരും വിദേശത്തേക്ക് കടന്നതായാണ് സൂചന. തട്ടിപ്പിൽ പങ്കാളിയായ റോബിൻ മാത്യുവിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവും പൊലീസ് കസ്റ്റഡിയിലാണ്. പിതാവിന്റെ സാന്നിധ്യത്തിൽ പലരിൽ നിന്നും റോബിൻ പണം വാങ്ങിയിട്ടുണ്ട് എന്നതിനാലാണ് റോബിന്റെ പിതാവും അകത്തായത്.

വിദേശത്ത് ജോലി തേടി ഒരു ലക്ഷം മുതൽ 20 ലക്ഷം വരെ റോബിൻ മാത്യുവിനു കൊടുത്തവരുണ്ട്. എല്ലാവരും പണവും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ്. ജോലി ലഭിച്ചാൽ, വിസ ലഭിച്ചാൽ രക്ഷപ്പെടാം എന്ന പ്രതീക്ഷയിൽ റോബിൻ മാത്യുവിനെ വിശ്വസിച്ചാണ് പലരും പണം നൽകിയത്. ഇപ്പോൾ വിസമാത്രമല്ല പണവും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും വരെ നഷ്ടമായ അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ. റോബിൻ മാത്യുവിന്റെ ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡ് വഴി വളരെ ചുരുക്കം പേർക്ക് പാസ്‌പോർട്ട് തിരികെ ലഭിച്ചിട്ടുണ്ട്. പക്ഷെ മറ്റുള്ളവരുടെ പാസ്‌പോർട്ട് എവിടെ രേഖകൾ എവിടെ എന്ന കാര്യത്തിൽ ആർക്കും ഒരു വിവരവുമില്ല. ഓൺലൈൻ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് റോബിൻ മാത്യു ഉദ്യോഗാർത്ഥികളെ വലവീശിയത്.

ഫോണിക്‌സ് കൺസൽട്ടൻസി കോട്ടയം എന്ന പേരിൽ ഒരു ഫെയ്‌സ് ബുക്ക് പേജും റോബിൻ ആരംഭിച്ചിരുന്നു. ഈ ഫെയ്‌സ് ബുക്ക് പേജ് വഴി നിരവധി ആളുകൾ തട്ടിപ്പിലെക്ക് ആകർഷിക്കപ്പെട്ടു. ഇസ്രയേലിൽ കെയർ ടേക്കർ ജോലി പോലും ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഇത്തരം വാഗ്ദാനങ്ങളിൽ കുരുങ്ങിയാണ് പലർക്കും പണം നഷ്ടമായത്. വിസ ലഭിക്കും എന്ന് വിശ്വസിച്ചതിനാൽ പലരും ആദ്യം പരാതി നൽകാൻ മടിച്ചു. പക്ഷെ നൽകിയ വിസ വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഉദ്യോഗാർത്ഥികളിൽ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതോടെ വിവരമറിഞ്ഞ് മറ്റുള്ളവരും പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ആദ്യം പണം നൽകി വ്യാജ വിസ കരസ്ഥമാക്കിയവരും വിസ വന്നപ്പോൾ അത് ചെക്ക് ചെയ്യാതെ ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകി വഞ്ചനയ്ക്ക് ഇരയായവരും ഈ കൂട്ടത്തിലുണ്ട്. വിസയ്ക്ക് പറഞ്ഞ പണം മുഴുവൻ നൽകുകയും അതിനൊപ്പം ചെക്ക് റിപ്പബ്ലിക്കിലെക്ക് വിമാന ടിക്കറ്റുകൾ വരെ എടുത്തവരും ഇനി എന്ത് എന്നറിയാതെ നിൽക്കുകയാണ്.

കുറഞ്ഞ തുക നൽകിയാൽ മതി എന്ന വാഗ്ദാനം നൽകിയാണ് റോബിൻ മാത്യു പണം തട്ടിയത്. വിദേശത്ത് ജോലി നൽകുന്ന മറ്റു ഏജൻസികളിൽ നിന്നും വിഭിന്നമായി, അവരുടെ റേറ്റിൽ നിന്നും കുറഞ്ഞ തുകയാണ് റോബിൻ മാത്യുസ് ആവശ്യപ്പെട്ടത്. അൻപതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് റോബിൻ ഡിമാൻഡ് ചെയ്തത്. അതിനാൽ പലരും പണം മുൻകൂറായി തന്നെ നൽകി. കോടികൾ കയ്യിൽ വന്നപ്പോൾ റോബിനും കൂട്ടാളികളും മുങ്ങുകയായിരുന്നു. ഇയാൾ യുഎസിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

റോബിൻ മാത്യുവിന്റെ തട്ടിപ്പിന്നിരയായ ജിത്തു രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ:

ഫോണിക്‌സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്‌ബുക്ക് പേജിലെ പരസ്യം കണ്ടാണ് റോബിൻ മാത്യുവിന്റെ ഓഫീസിലേക്ക് പോയത്. കാനഡ വിസ തേടിയാണ് ആണ് ഞാൻ പോയത്. ആദ്യം രണ്ടു ലക്ഷം രൂപ നൽകണം. പിന്നെ വിസ വന്നു കഴിഞ്ഞു മാത്രം ബാക്കി തുക നൽകണം. എന്നാണ് റോബിൻ മാത്യു പറഞ്ഞത്. ഇങ്ങിനെ ഒരു ലക്ഷം മുതൽ മുകളിലോട്ടു തുക നൽകിയവർ ഒട്ടുവളരെ പേരുണ്ട്.പണം നൽകി പറഞ്ഞ തീയതി കഴിഞ്ഞിട്ടും വിസ വന്നില്ല. എന്താണ് വിസ വരാത്തത് എന്ന് റോബിൻ മാത്യുവിനോട് ചോദിച്ചു. അവസാനം ഒരു തീയതി പറഞ്ഞു. ഈ തീയതിയിൽ വിസ വരും എന്ന് പറഞ്ഞു. പറഞ്ഞ തീയതിക്ക് തന്നെ വിസ വന്നു. പക്ഷെ എല്ലാവർക്കും നൽകിയ വിസ വ്യാജ വിസയായിരുന്നു. ഇസ്രയേൽ, കാനഡ അടക്കമുള്ള രാജ്യങ്ങളിലെ വിസയാണ് വ്യാജമായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ വിസ വ്യാജമാണ് എന്നാണ് പറഞ്ഞത്.

പിഡിഎഫിൽ ഒരു സോഫ്റ്റ്കോപ്പിയാണ് അയച്ചു തന്നത്. വിസ വന്നശേഷം ബാക്കി കാശ് നൽകണം എന്നാണ് പറഞ്ഞത്. വിസയുടെ ആധികാരികത ബോധ്യമായ ശേഷം മാത്രമേ ബാക്കി തുക നൽകൂ എന്നാണ് ഞാൻ മറുപടി നൽകിയത്. അതിനു റോബിൻ പറഞ്ഞ മറുപടി. വിസ ചെക്ക് ചെയ്യരുത് എന്നാണ്. വിസ റോബിൻ ചെക്ക് ചെയ്തിട്ടുണ്ട്. അതിനാൽ വീണ്ടുമൊരു ചെക്കിങ് ആവശ്യമില്ലാ എന്നും പറഞ്ഞു. പക്ഷെ ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിന്നു. ഞാൻ 23 (ഏപ്രിൽ)നു ഡൽഹിക്ക് പോകുന്നുണ്ട്. അവിടെ നിന്ന് ഐഡിയും പാസ്സ്വേർഡും കളക്റ്റ് ചെയ്യാം.അതിനു ശേഷം നിങ്ങൾക്ക് ചെയ്യാം എന്ന് റോബിൻ വീണ്ടും പറഞ്ഞു.പക്ഷെ കഴിഞ്ഞ 23 നു ശേഷം റോബിനെക്കുറിച്ച് യാതൊരു വിവരവുമില്ല. റോബിൻ മുങ്ങി എന്ന് എനിക്ക് മനസിലായി. ഇപ്പോൾ നൽകിയ കാശിനും പാസ്‌പോർട്ടിനും സർട്ടിഫിക്കറ്റുകളും വേണ്ടി എല്ലാവരും കാത്തു നിൽക്കുകയാണ്-ജിത്തു പറയുന്നു.

വിസാ തട്ടിപ്പിനെക്കുറിച്ച് കോട്ടയം ഗാന്ധി നഗർ പൊലീസ് മറുനാടനോട് പറയുന്നത് ഇങ്ങനെ:

വിസാ തട്ടിപ്പ് അന്വേഷിച്ച് ചെന്നപ്പോൾ ചുരുൾ അഴിഞ്ഞത് വിദേശ ജോലിയുടെ മറവിൽ നടത്തിയ വൻ ചതിയുടെ കഥയാണ്. ഏഴരക്കോടി രൂപയാണ് നിലവിലെ പരാതികൾ പ്രകാരം റോബിൻ മാത്യു വെട്ടിച്ചത്. അഞ്ഞൂറിലേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. റോബിൻ മാത്യു അമേരിക്കയിൽ ആണെന്നാണ് അറിവ്. അതിനാൽ ഞങ്ങൾ അമേരിക്കയിൽ നിന്ന് പ്രതിയെ പൊക്കാൻ എംബസി തലത്തിലുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എംബസി ഇടപടൽ വഴിയാണ് ഇയാളെ തിരിച്ചെത്തിക്കാൻ കഴിയുന്നത്.

പരാതികൾ പൊലീസിൽ വരുന്നതിനു മുൻപ് തന്നെ റോബിൻ മാത്യു് മുങ്ങിയിരുന്നു. ഇയാളെ എന്തായാലും ഇന്ത്യയിൽ തിരിച്ചേത്തിക്കും. അതിനാണ് പൊലീസ് നീങ്ങുന്നത്-ഗാന്ധി നഗർ പൊലീസ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP