Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധികാരക്കൊതി മൂത്ത് ബംഗാളിനെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല; അസാധാരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ: പരസ്യപ്രചാരണത്തിന്റെ സമയക്രമം വെട്ടിക്കുറച്ചും ആഭ്യന്തര സെക്രട്ടറിയെ മാറ്റിയും കടുത്ത നടപടികളുമായി കമ്മീഷൻ; പരസ്യപ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത് ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ച്; തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി; കമ്മീഷൻ ബിജെപിയുടെ പാവയെന്നും നടപടി എടുക്കേണ്ടത് അമിത് ഷാക്കെതിരെയെന്നും മമത

അധികാരക്കൊതി മൂത്ത് ബംഗാളിനെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല; അസാധാരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ: പരസ്യപ്രചാരണത്തിന്റെ സമയക്രമം വെട്ടിക്കുറച്ചും ആഭ്യന്തര സെക്രട്ടറിയെ മാറ്റിയും കടുത്ത നടപടികളുമായി കമ്മീഷൻ; പരസ്യപ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത് ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ച്; തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി; കമ്മീഷൻ ബിജെപിയുടെ പാവയെന്നും നടപടി എടുക്കേണ്ടത് അമിത് ഷാക്കെതിരെയെന്നും മമത

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിൽ പരസ്യ പ്രചാരണം ഒരുദിവസം വെട്ടിക്കുറച്ചു. തുടർച്ചയായ അക്രമപരമ്പരകളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. തെരഞ്ഞെടുപ്പ് പ്രചാരണം നാളെ രാത്രി പത്തുമണിക്ക് അവസാനിപ്പിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. 324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിനെ തുടർന്ന് ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെയും തൽസ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി രംഗത്തെത്തി. കമ്മീഷനിൽ ആർഎസ്എസിന്റെ ആൾക്കാരാണെന്നും ബിജെപിയുടെ പാവയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും ഉദോ്യഗസ്ഥരെ മാറ്റിയത് ബിജെപിക്കു വേണ്ടിയാണെന്നും മമത ആരോപിച്ചു. നടപടി എടുക്കേണ്ടത് അമിത് ഷാക്കെതിരെയാണ് എന്നും മമത പറഞ്ഞു. ബംഗാളിൽ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമം. പൊലീസിനെ കമ്മീഷൻ ഇരുട്ടിൽ നിർത്തിയെന്നും മമത പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് തൃണമൂൽ കോൺഗ്രസ് - ബിജെപി വാക്‌പോര് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. ഇന്ന് കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുകയാണ്.

ബംഗാളിൽ അമിത് ഷായുടെ റാലിക്കിടെ ആരംഭിച്ച അക്രമങ്ങൾ തുടരുകയാണ്. അവസാന ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടയിൽ വ്യാപക അക്രമമാണ് ഉണ്ടായത്.

താൻ അക്രമത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു. സിആർപിഎഫ് ഉള്ളതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. അവരുടെ സംരക്ഷണമാണ് എന്നെ രക്ഷിച്ചത്. തൃണമൂൽ അക്രമം അഴിച്ചുവിടുകയാണ് അവർ തന്റെ റോഡ് ഷോയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ടെന്നും അമിത് ഷാ ആരോപിച്ചു. മമതയുടെ പാർട്ടിയുടെ കൗണ്ട് ഡൗൺ ആരംഭിച്ച് കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് അഴിഞ്ഞാടുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനത്തിലാണെന്നും അമിത്ഷാ ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനർജിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന ആവശ്യം ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനാപരമായ എല്ലാ സംവിധാനങ്ങളും ബംഗാളിൽ നിശ്ചലമായിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

അമിത് ഷാ ദൈവമാണോ എന്നായിരുന്നു മമതയുടെ മറുചോദ്യം. അദ്ദേഹത്തിനെതിരെ ആരും പ്രതിഷേധിക്കാതിരിക്കാൻ ദൈവമാണോ അമിത് ഷാ എന്നും മമത ചോദിച്ചു. എല്ലാത്തിനും മുകളിലാണോ അമിത് ഷാ. അവർ സംസ്‌കാരം ഇല്ലാത്തവവരാണ്. ഇശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അതുകൊണ്ടാണ് തകർത്തതെന്നും മമത ആരോപിച്ചു. ബിജെപി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഗുണ്ടകളെ കൊണ്ടുവന്ന് ബംഗാളിന്റെ പാരമ്പര്യത്തെ തകർക്കുകയാണെന്നാണ് തൃണമൂൽ ആരോപിക്കുന്നത്. ബംഗാളിൽ ബിജെപി അക്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് തൃണമൂൽ നേതാവ് ഡെറക് ഒബ്രയൻ പറഞ്ഞു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തൃണമൂൽ തീരുമാനിച്ചിട്ടുണ്ടെന്നും ഡെറക് ഒബ്രയൻ പറഞ്ഞു.

അതേസമയം മമതയ്‌ക്കെതിരെ ട്രോൾ ഉണ്ടാക്കിയ പ്രിയങ്ക ശർമയുടെ അറസ്റ്റും വലിയ വിവാദമായിട്ടുണ്ട്. അവരെ എന്തുകൊണ്ട് ജാമ്യം അനുവദിച്ചിട്ടും, രാത്രി മുഴുവൻ ജയിലിൽ വെച്ചു എന്നും സുപ്രീം കോടതി ചോദിച്ചു. പ്രിയങ്ക ശർമയെ മോചിപ്പിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി ഉണ്ടാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലിൽ തനിക്ക് കടുത്ത പീഡനം ഏൽക്കേണ്ടി വന്നെന്ന് പ്രിയങ്ക പറയുന്നു. തനിക്ക് നിർബന്ധപൂർവം മാപ്പെഴുതി നൽകേണ്ടി വന്നെന്ന് പ്രിയങ്ക പറഞ്ഞു. രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റെന്ന് ആരോപണമുയർന്നിട്ടുണ്ട്.

ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമത്തിലാണ് നടക്കുന്നതെന്നും, കശ്മീർ ഇതിലും ശാന്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപിയുടെ പ്രചാരണ പരിപാടികൾ ബോധപൂർവം ബംഗാൾ സർക്കാർ തടയുന്നു. എന്തുകൊണ്ടാണ് ഇതിൽ നിഷ്പക്ഷവാദികൾ മിണ്ടാത്തത്? തന്നെ അപഹസിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു.

ബംഗാളിലേക്കാൾ സമാധാനപരമായാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ സ്ഥിരം പ്രശ്നമുണ്ടാകുന്ന കശ്മീരിൽ ഇപ്പോൾ തെരഞ്ഞെടുപ്പിനിടെ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കശ്മീരിലെ ഒരു ബൂത്തിലും അക്രമസംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നിരവധിപ്പേർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ എതിരാളികളുടെ വീടുകൾ തൃണമൂൽ പ്രവർത്തകർ തീയിട്ടു. പലർക്കും ഝാർഖണ്ഡിലേക്കും മറ്റ് അയൽ സംസ്ഥാനങ്ങളിലേക്കും ഓടി രക്ഷപെടേണ്ട അവസ്ഥയായിരുന്നു ബംഗാളിൽ ഉണ്ടായിരുന്നത്. ബംഗാളിലെ അക്രമസംഭവങ്ങളെക്കുറിച്ച് ബിജെപി മാത്രമല്ല, ഇടത് പാർട്ടികളും കോൺഗ്രസ് പോലും പരാതി ഉന്നയിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മമതക്ക് പ്രധാനം ലക്ഷ്യം

രാജ്യത്തെ ഭരിക്കുന്ന പാർട്ടിയെ പോലും ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്ന മമത ബംഗാളിനെ പരിപൂർണമായും തന്റെ നിയന്ത്രണത്തിൽ നിർത്താനാണ് ശ്രമിക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടി അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഏതുവിധേനയും സംസ്ഥാനത്തെ പരമാവധി സീറ്റുകളും വിജയിപ്പിച്ചെടുക്കുക എന്നതാണ് മമതയുടെ ലക്ഷ്യം. 42 സീറ്റുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നിലവിൽ തൃണമൂലിന്റെ പാർലമെന്റിലെ അംഗബലം 33 ആണ്. പാർലമെന്റിലെ നാലാമത്തെ വലിയ പാർട്ടിയാണ് തൃണമൂൽ. പരമാവധി കൂടുതൽ സീറ്റുകൾ കരസ്ഥമാക്കുകയും തൂക്കുപാർലമെന്റ് നിലവിൽ വരികയും ചെയ്താൽ പ്രധാനമന്ത്രിപദം വളരെ എളുപ്പം പ്രാപ്തമാകും എന്നാണ് മമത കണക്കു കൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP