Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ പൗരന്മാർക്ക് ഏതുവസ്ത്രവും ധരിക്കാം; മതവിശ്വാസം ഉറപ്പിക്കുന്ന വേഷം ധരിക്കാനുള്ള അവകാശം തടയരുത്; എം.ഇ.എസിന്റെ മുഖവസ്ത്ര നിരോധനത്തിനെതിരെ പാണക്കാട് തങ്ങൾമാരുടെ കുടുംബവും; എം.ഇ.എസ് സർക്കുലർ പിൻവലിക്കണമെന്ന് ശിഹാബുദ്ദീൻ ഫാമിലി; പുതിയ സർക്കുലർ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും മുന്നറിയിപ്പ്

ഇന്ത്യൻ പൗരന്മാർക്ക് ഏതുവസ്ത്രവും ധരിക്കാം; മതവിശ്വാസം ഉറപ്പിക്കുന്ന വേഷം ധരിക്കാനുള്ള അവകാശം തടയരുത്; എം.ഇ.എസിന്റെ മുഖവസ്ത്ര നിരോധനത്തിനെതിരെ പാണക്കാട് തങ്ങൾമാരുടെ കുടുംബവും; എം.ഇ.എസ് സർക്കുലർ പിൻവലിക്കണമെന്ന് ശിഹാബുദ്ദീൻ ഫാമിലി; പുതിയ സർക്കുലർ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും മുന്നറിയിപ്പ്

ജംഷാദ് മലപ്പുറം

മലപ്പുറം: എം.ഇ.എസ് സ്ഥാപനങ്ങളിൽ സ്ത്രീകളുടെ മുഖവസ്ത്ര നിരോധന(നിഖാബ്) സർക്കുലറിനെതിരെ പാണക്കാട് തങ്ങൾമാരുടെ കുടുംബവും രംഗത്ത്. ഇന്ത്യൻ പൗരന് ഏത് വസ്ത്രവും ധരിക്കാമെന്ന അവകാശം ഉണ്ടായിരിക്കെ വസ്ത്ര സ്വാതന്ത്ര്യം തടയുന്ന എം.ഇ. എസ്. സർക്കുലർ പിൻവലിക്കണമെന്ന് ശിഹാബുദ്ദീൻ ഫാമിലി ആവശ്യപ്പെട്ടു. മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാഗം കൂടിയാണ്. മതവിശ്വാസ ഭാഗമായ വേഷം സ്വീകരിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെ തടയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയിൽ ഭരണഘടനാനുസൃതമായ സ്വാതന്ത്ര്യം എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പുവരുത്തുന്നുണ്ടെന്നിരിക്കെ അതിനെ വിലക്കുന്ന സമീപനം ഉണ്ടായിക്കൂടാ.പൗരാവകാശങ്ങളെ ചോദ്യം ചെയ്തു.

ഫാസിസ്റ്റുകൾ ഒരു ഭാഗത്ത് രാജ്യത്ത് ഭീതി പരത്തുമ്പോൾ സമുദായ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പേരിൽ അറിയപ്പെടുന്നവർ ഇത്തരം നടപടി കൈക്കൊള്ളുന്നത് പ്രത്യാഘാതങ്ങൾക്കിടയിക്കുമെന്നും ബന്ധപ്പെട്ടവർ തിരുത്തണമെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സയ്യിദ് സ്വാദിഖലി ശിഹാബ്, സയ്യിദ് അബ്ബാസലി ശിഹാബ്, സയ്യിദ് നാസർ ഹയ്യ് ശിഹാബ്, സയ്യിദ് റശീദലി ശിഹാബ്, സയ്യിദ് ഹമീദലി ശിഹാബ്, സയ്യിദ് ഹുസൈൻ ശിഹാബ് പൊടിയാട്, സയ്യിദ് ഫസൽ ശിഹാബ് പൊടിയാട്, സയ്യിദ് ഫസൽ ശിഹാബ് (കുഞ്ഞാപ്പു), സയ്യിദ് ശമീറലി ശിഹാബ് പാണക്കാട്, സയ്യിദ് സ്വാലിഹ് ശിഹാബ് പട്ടർക്കടവ്, സയ്യിദ് ഹുസൈൻ ശിഹാബ് പൂക്കു, സയ്യിദ് അബ്ദുസത്താർ ശിഹാബ് പൂക്കു, സയ്യിദ് റഫീഖ് ശിഹാബ് പഴയപുരക്കൽ, സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ്, സയ്യിദ് മുഹമ്മദ് ബാപ്പു ശിഹാബ് എന്നിവർ സംബന്ധിച്ചു. സയ്യിദ് സ്വാലിഹ് ശിഹാബ് കോഴിക്കോട് സ്വാഗതവും സയ്യിദ് ഹാശിറലി ശിഹാബ് നന്ദിയും പറഞ്ഞു.

ശിഹാബുദ്ദീൻ ഫാമിലി

യമനിലെ ഹസർമൗത്തിലെ തരീം എന്ന സ്ഥലത്തുനിന്ന് വളപട്ടണത്തെത്തി താമസമാക്കിയ സയ്യിദ് അലി ശിഹാബുദ്ദീന്റെ പുത്രനായ സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ അറയ്ക്കൽ കൊട്ടാരത്തിൽനിന്നാണ് വിവാഹം ചെയ്തത്. ഹുസൈൻ തങ്ങൾ നാലുമക്കളടങ്ങിയ കുടുംബത്തോടെ താമസം കോഴിക്കോട്ടേക്കു മാറ്റി. ഹുസൈൻ തങ്ങളുടെ മകനായ സയ്യിദ് മുഹ്ലാർ ശിഹാബുദ്ദീന്റെ മകനായ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളാണ് പാണക്കാട് തങ്ങൾകുടുംബത്തിന്റെ പിതാമഹനായി അറിയപ്പെടുന്നത്.കഴിഞ്ഞ മാസം പാണക്കാട്ട് നിന്ന് തങ്ങന്മാരും കുടുംബവും വളപട്ടണത്ത് പൈതൃകം തേടിയിരുന്നു.മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ.അഹമ്മദിന്റെ താണയിലെ വസതിയായ സിത്താരയിലായിരുന്നു അന്നു പാണക്കാട് തങ്ങൾമാർക്ക് ഉച്ച ഭക്ഷണം. യെമനിലെ ഹസർമൗത്തിലെ തരീം എന്ന സ്ഥലത്തു നിന്ന് വളപട്ടണത്തെത്തി താമസമാക്കിയ സയ്യിദ് അലി ശിഹാബുദ്ദീന്റെ പുത്രനായ സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ അറയ്ക്കൽ കൊട്ടാരത്തിൽ നിന്നാണ് വിവാഹം ചെയ്തത്. ഹുസൈൻ തങ്ങൾ നാലു മക്കളടങ്ങിയ കുടുംബത്തോടെ താമസം കോഴിക്കോട്ടേക്കു മാറ്റി. ഹുസൈൻ തങ്ങളുടെ മകനായ സയ്യിദ് മുഹ്ലാർ ശിഹാബുദ്ദീന്റെ മകനായ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളാണ് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ പിതാമഹനായി അറിയപ്പെടുന്നത്. പി.സി.കെ തങ്ങളും മറ്റും ഇവരെ സ്വീകരിച്ചു.

കക്കുളങ്ങര പള്ളിയിലടക്കം ഇവർ സന്ദർശനം നടത്തി. കണ്ണൂർ അറക്കൽ കൊട്ടാരത്തിലാണ് ഇവർ ആദ്യം എത്തിയത്. പാണക്കാട്ടെ തങ്ങൾമാരെ വരവേറ്റത് ഉറുമി വീശിയും കളരിപ്പയറ്റ് അടവുകൾ കാട്ടിയും. ഇപ്പോൾ മ്യൂസിയമായ കൊട്ടാരത്തിന്റെ അകത്തളത്തിലെത്തിയ അതിഥികളെ സ്വീകരിച്ചിരുത്തി ജാതിച്ചപ്പിൽ (തേക്കില) നൽകിയത് ആചാരപരമായ വിഭവങ്ങൾ. തേനും കൽക്കണ്ടിയും കൊപ്രയും കശുവണ്ടിയും ഈത്തപ്പഴവും ഇതിലുൾപ്പെടും. വിവിധ സംസ്‌കാരങ്ങളുടെ കൂടി പ്രതീകമായ വിഭവങ്ങളോടെയുള്ള സ്വീകരണത്തിനു ശേഷം അറയ്ക്കൽ ചരിത്രത്തിന്റെ രേഖകളും ചിത്രങ്ങളും കണ്ട് പാരമ്പര്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം. ഒരു മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് തിരക്കുകൾ തീർന്ന ഉടനെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കുടുംബത്തിന്റെ ആരൂഢ കേന്ദ്രങ്ങളിലേക്ക് പഠനയാത്ര പുറപ്പെട്ടത്. ഒരു ബസ്സിലും ഏതാനും കാറുകളിലുമായി പാണക്കാട് കൊടപ്പനക്കൽ ഫാമിലി ട്രസ്റ്റ് വക പഠനയാത്ര. ഒരു വർഷം മുമ്പ് നടന്ന കുടുംബ യോഗത്തിലാണ് പാണക്കാട് കുടുംബത്തിലെ പുതിയ തലമുറയ്ക്ക് ആദികേന്ദ്രങ്ങൾ പരിചയപ്പെടുത്തി കൊടുക്കണമെന്ന് തീരുമാനിച്ചത്. ഏതാനും മാസം മുമ്പ് യാത്ര തീരുമാനിച്ചതാണെങ്കിലും പ്രളയത്തിന്റെ സാഹചര്യത്തിൽ നീട്ടി വെക്കുകയായിരുന്നു.

സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുടെകൂടി നേതൃത്വത്തിലുള്ള സംഘം പരേതനായ ഇ.അഹമ്മദിന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷമാണ് അറക്കൽ കെട്ടിലേക്കു പുറപ്പെട്ടത്. പിന്നീട് സംഘം വളപട്ടണത്ത് കക്കുളങ്ങര പള്ളി സന്ദർശിച്ചു. മുസ്ലിം ലീഗ് നേതാക്കളായ വി.കെ അബ്ദുൾഖാദർ മൗലവി, വി.പി വമ്പൻ എന്നിവർ വഴികാട്ടികളായി ഒപ്പം സഞ്ചരിച്ചു.അരൂഢ കേന്ദ്രമായ വളപട്ടണത്തെ കക്കുളങ്ങര പള്ളിയിൽ പ്രാർത്ഥിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പാണക്കാട് കുടുംബത്തിന്റെ യാത്ര. പ്രശസ്തമായ കക്കുളങ്ങര പള്ളിയെക്കുറിച്ച്, എ.ഡി 1342-ൽ വളപട്ടണം സന്ദർശിച്ച ഇബിൻ ബത്തൂത്ത പരാമർശിച്ചിട്ടുണ്ട്. പാണക്കാട് കുടുംബവുമായി ബന്ധമുള്ള വളപട്ടണത്തെ തങ്ങൾ കുടുംബക്കാരെല്ലാം ഹൈദരലി ശിഹാബ് തങ്ങളെയും സംഘത്തെയും സ്വീകരിക്കാനെത്തി. കക്കുളങ്ങര പള്ളിയിൽ പ്രാർത്ഥനയോടെ, ആചാരപരമായാണ് തങ്ങൾ കുടുംബത്തെ വരവേറ്റത്. വളപട്ടണത്തു നിന്ന് കോഴിക്കോട്ടെത്തിയ തങ്ങൾ കുടുംബത്തിന്റെ പിൻതലമുറയാണ് പാണക്കാട് തറവാടിന്റെ സ്ഥാപകർ. വളപട്ടണവുമായും കണ്ണൂർ അറയ്ക്കൽ തറവാടുമായുമുള്ള കുടുംബ ബന്ധം എങ്ങനെയെന്ന് സംഘത്തിലെ അംഗങ്ങൾക്ക് മുതിർന്നവർ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.

അതേ സമയം മതവിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി എം.ഇ.എസിനെതിരെ ശബരിമല മോഡൽ സമരത്തിന് നീക്കം നടത്തി ഇ.കെ വിഭാഗം സമസ്തയും രംഗത്തുവന്നിരുന്നു. വിദ്യാർത്ഥിനികൾ മുഖം മറയ്ക്കുന്ന വസ്ത്രം (നിഖാബ്) ധരിക്കുന്നത് നിരോധിച്ച എം.ഇ.എസ് സർക്കുലർ പിൻവലിച്ചില്ലെങ്കിൽ എം.ഇ.എസ് കോളജുകൾ ബഹിഷ്‌ക്കരിക്കുമെന്നും സമസ്ത നേതാക്കളുടെ മുന്നറിയിപ്പ്, മതവിശ്വാസങ്ങളിൽ കൈകടത്തുന്നത് അംഗീകരിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിശ്വാസികളെയല്ലാം ഒരുമിപ്പിച്ച് എം.ഇ.എസിനെതിരെ ബഹിഷ്‌ക്കരണത്തിനും, പ്രക്ഷോത്തിനും സമസ്ത നേതൃത്വം നൽകുന്നത്. ഇതൊരു ചെറിയ പ്രശ്‌നമല്ലെന്നും വിശ്വാസത്തിൽ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പുകൂടിയാണ് പ്രതിഷേധത്തിലുടെ സമസ്ത നൽകാൻ ഉദ്ദേശിക്കുന്നത്.

എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂർ ധിക്കാരം നിർത്തി മാപ്പുപറഞ്ഞില്ലെങ്കിൽ എം.ഇ.എസ് കോളജുകളിൽ കുട്ടികളെ അയക്കാതിരിക്കുന്നത് ആലോചിക്കുമെന്ന് സമസ്തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ധാർഷ്ട്യം നിറഞ്ഞ ശൈലിയിൽനിന്ന് ഫസൽ ഗഫൂർ പിന്നോട്ടുപോയില്ലെങ്കിൽ എങ്ങനെ നേരിടണമെന്ന് ഇനി സമസ്ത കോഓഡിനേഷൻ കമ്മിറ്റി തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു. നിഖാബ് നിരോധനം യാതൊരുകാരണവശാലും അംഗീകരിക്കില്ല, നിലപാടിൽ ഒരടി പിന്നോട്ടില്ല, എം.ഇ.എസിനെതിരെ പ്രതിഷേധങ്ങൾക്കൊപ്പം ബഹിഷ്‌ക്കരണത്തിനും ആഹ്വാനം ചെയ്യുന്നതാണ് സമസ്തയുടെ പുതിയ നീക്കം. മുസ്ലിം സംഘടനകളുടെ പൊതുവായുള്ള ഇഫ്താറുകളിൽനിന്നും ഫസൽ ഗഫൂറിനെ അകറ്റി നിർത്താൻ സമസ്തയുടെ നേതൃത്വത്തിൽ നീക്കങ്ങൾ തുടങ്ങി. അവധി കഴിഞ്ഞ് കോളജുകൾ തുറക്കും മുമ്പ് എം.ഇ.എസ് നിലപാടിൽ മാറ്റംവരുത്തിയില്ലെങ്കിൽ കനത്ത വിലനൽകേണ്ടിവരുമെന്നുനേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

വിദ്യാർത്ഥിനികൾ നിഖാബ് ധരിക്കുന്നത് നിരോധിച്ച സർക്കുലറിനെ വിമർശിച്ചതിന് മതപണ്ഡിതരെ അവഹേളിക്കുന്ന പ്രസ്താവനകൾ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ നടത്തുന്നത് നോക്കിനിൽക്കില്ല, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ധിക്കാരം നിർത്തി ക്ഷമാപണം നടത്തണം. നിഖാബ് സർക്കുലർ എം.ഇ.എസിന് തിരുത്തേണ്ടിവരും. ഇല്ലെങ്കിൽ എം.ഇ.എസ് കോളജുകളിൽ കുട്ടികളെ അയക്കാതിരിക്കുന്നത് ആലോചിക്കും. മുസ്ലിം സംഘടനകളുടെ പൊതുവായുള്ള ഇഫ്താറുകളിൽ ഫസൽ ഗഫൂറിനെ പങ്കെടുപ്പിച്ചാൽ ബഹിഷ്‌കരിക്കണമോയെന്നും സമസ്ത ചർച്ചചെയ്യും. നിഖാബ് നിരോധിച്ച ഉത്തരവ് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ്. സ്ഥാപന മേലധികാരിക്ക് അവരുടെ സ്ഥാപനത്തിൽ ഡ്രസ് കോഡ് നിശ്ചയിക്കാൻ അവകാശമുണ്ട്. എന്നാൽ, ഇത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായാൽ അതിനെ ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാവില്ലെന്നും സമസ്തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫ് നേതാവ് അബ്ദുൽ ഹമീദ് ഫൈസിയും സംഘവും പത്രസമ്മേളനത്തിൽ പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ ആനുകൂല്യത്തിൽ നേടിയെടുത്ത സ്ഥാപനങ്ങളിൽ ന്യൂനപക്ഷാവകാശവും വ്യക്തിസ്വാതന്ത്ര്യവും തടയുന്നതിനെ നീതീകരിക്കാനാവില്ല. തന്നിഷ്ടപ്രകാരം നിയമങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുത്തുതോൽപിക്കുമെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ എസ്.വൈ.എസ് വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.എം.എഫ് വർക്കിങ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, എസ്.കെ.എം.ഇ.എ ജനറൽ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി സത്താർ പന്തലൂർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു

മുസ്ലിം വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ സർക്കുലറിറക്കുകയും നിയമാനുസൃതം പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥിനിയെ മുഖാവരണത്തിൽ പേരിൽ പുറത്താക്കുകയും ചെയ്ത എം.ഇ.എസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സമസ്തയുടെ മറ്റൊരു പോഷക സംഘടനയായ എസ്.വൈ.എസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മലപ്പുറം അങ്ങാടിപ്പുറത്ത് പ്രക്ഷോപ പഖ്യാപനം സംഗമം നടത്തിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന രീതിയിൽ വിദ്യ അഭ്യാസിക്കാനുള്ള സ്വാതന്ത്ര്യത്തിൻ മേൽ കൈകടത്തിയ എം.ഇ.എസിനെതിരെ നടന്ന പരിപാടിയിൽ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രർത്തകരായ ആയിരങ്ങളാണ് പങ്കെടുത്തത്. സമുദായത്തിന്റെ പേരിൽ നേടിയെടുത്ത സ്ഥാപനങ്ങളിൽ മുസ്ലിം വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്ന നടപടി എം.ഇ.എസ്് പിൻവലിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ സർക്കുലറക്കിയതിലൂടെ എം.ഇ.എസ്. പൗരവാകാശ ലംഘനവും ശരീഅത്തിനെ അപഹസിക്കുകയുമാണ് ചെയ്തതെന്നും തങ്ങൾ പറഞ്ഞു. ചെറുവാളൂർ ഹൈദ്രൂസ് മുസ് ലിയാർ പ്രാരംഭ പ്രാർത്ഥന നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് കെ.കെ.എസ്് തങ്ങൾ വെട്ടിച്ചിറ, സയ്യിദ് കെ.കെ.സി.എം തങ്ങൾ വഴിപ്പാറ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി, കാടാമ്പുഴ മൂസ ഹാജി, കാളാവ് സൈതലവി മുസ്ലിയാർ, സി അബ്ദുല്ല മൗലവി, സി.എച്ച് ത്വയ്യിബ് ഫൈസി, ഷാഹുൽ ഹമീദ് മേൽമുറി, സലീം എടക്കര, സൻ സഖാഫി പൂക്കോട്ടൂർ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്്, സി.കെ ഹിദായത്തുല്ലാഹ്, പി.കെ ലത്തീഫ് ഫൈസി, ഇബ്‌റാഹീം ഫൈസി തിരൂർക്കാട്, ഹംസ ഹൈതമി, എൻ.ടി.സി മജീദ്, സൈദുട്ടി ഹാജി, അബു ഹാജി, ഒ.കെ.എം മൗലവി, സംബന്ധിച്ചു. ശമീർ ഫൈസി ഒടമല സ്വാഗതവും ശമീർ ഫൈസി പുത്തനങ്ങാടി നന്ദിയും പറഞ്ഞു.

ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശ ധ്വംസനവും അംഗീകരിച്ച മത നിർദ്ദേശത്തിന്റെ ഭാഗമായ വേഷവിധാനം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധം മൗലികാവകാശ ലംഘനവും ഉൾക്കൊള്ളുന്ന എം.ഇ.എസിന്റെ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് ഈ പ്രക്ഷോഭ പ്രഖ്യാപന സംഗമം എം.ഇ.എസ് നേതൃത്വത്തോട്ആവശ്യപ്പെട്ടിരുന്നു. മുസ്ലി സമുദായത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തട്ടിയെടുക്കുകയും ഇസ്ലാം വിരുദ്ധ ശക്തികൾ പോലും വിലക്കേർപ്പെടുത്താനും നിയന്ത്രിക്കാനും ധൈര്യപ്പെടാത്ത കാര്യങ്ങളിൽ ഈ വിദ്യാഭ്യാസ ഏജൻസി അടിക്കടി രംഗത്ത് വരുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം താക്കീത് ചെയ്യുകയും പ്രാമാണികമായി അവഗാഹമുള്ള പണ്ഡിതന്മാർ മാത്രം അഭിപ്രായം പറയുകയും നിലപാട് വ്യക്തമാക്കുകയും ചെയ്യേണ്ട മത വിഷയങ്ങളിൽ ഭൗതിക രംഗത്ത് മാത്രം പ്രവർത്തിക്കുന്നവർ ഇടപെടുന്നത് ഗുരുതര ഭവിഷത്തുണ്ടാക്കുമെന്ന് പ്രമേയത്തിലൂടെ മുന്നറിയിപ്പ് നൽകി.

മുസ്ലിം സ്ത്രീകളുടെ മുഖാവണം നിരോധന വിഷയത്തിൽ ശക്തമായ എതിർപ്പുള്ളത് ഇരു വിഭാഗം സുന്നികൾക്കും, സലഫി, ജിന്ന് വിഭാഗങ്ങൾക്കും മാത്രമാണ്. മറ്റു മുസ്ലിംമത സംഘടനകളായ മുജാഹിദ് ഓദ്യോഗിക വിഭാഗവും, ജമാഅത്തെ ഇസ്ലാമിയും മുഖാവരണം ധരിക്കേണ്ടതില്ലെന്ന നിലപാടുകാരാണ്. എന്നാൽ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സർക്കുലറിന് പിന്തുണയുമായി കേരള നദ് വത്തുൾ മുജാഹിദീൻ രംഗത്തുവന്നെങ്കിലും എം.ഇ.എസിനെ പിന്തുണക്കാൻ ജമാഅത്തെ ഇസ്ലാമി തെയ്യാറായിട്ടില്ല. കേരളത്തിലെ പ്രബല മുസ്ലിംവിഭാഗമായ ഇ.കെ സമസ്തയും, കാന്തപുരം എ.പി വിഭാഗവുമായ മുഖം മറക്കുന്നതിനെ അനൂകലിക്കുന്നത്. എന്നാൽ ഇരു വിഭാഗങ്ങളിലേയും 90ശതമാനം സ്ത്രീകളും മുഖംമറുക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുതയെന്ന് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. അന്യപുരുഷന്റെ മുന്നിൽ മുഖം മറക്കാൻ ഇസ്ലാംഅനുശാസിക്കുന്നുണ്ടെന്നാണ് ഇരുവിഭാഗവും ചൂണ്ടിക്കാട്ടുന്നത്.

ഇതെ നിലപാടു തന്നെ മുജാഹിദ് വിഭാഗത്തിൽനിന്നും വിഘടിച്ച സലഫി, ജിന്നുവിഭാഗങ്ങൾക്കും, മറ്റു മുസ്ലിംമത സംഘടനകൾ ധരിക്കുന്നവർ ധരിക്കട്ടെ എന്ന നിലപാടിലാണ്.എന്നാൽ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സർക്കുലറിന് പിന്തുണയുമായാണ് കേരള നദ് വത്തുൾ മുജാഹിദ് രംഗത്തുവന്നിരുന്നു. സ്ത്രീകൾ മുഖം മറക്കണമെന്ന് മതം നിഷ്‌കർഷിക്കുന്നില്ലെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഹജ്ജ് കർമ്മം നടത്തുമ്പോൾ പോലും സ്ത്രീകൾ മുഖം മറക്കരുതെന്നാണ് ഇസ്ലാമിക നിയമം. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തിൽ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് സർക്കുലറിനോട് പ്രതികരിച്ചുകൊണ്ട് ഇ.കെ സമസ്ത പറഞ്ഞത്. ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല കേരളമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു. മതവിരുദ്ധതയിൽ മുമ്പേ പേരെടുത്ത പിതാവിന്റെ പാരമ്പര്യമുള്ള, താനൊരു അൾട്രാ സെക്കുലറാണെന്ന് ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താൻ ഇടക്കിടെ കോമാളി വേഷം കെട്ടുന്ന പുത്രനും ഇതിലപ്പുറവും ചെയ്‌തേക്കാം. പക്ഷെ വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസൽ ഗഫൂർ കരുതരുതെന്നും സത്താർ ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞിരുന്നു. അതേസമയം, സർക്കുലറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP