Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോൺ തിരിച്ചടവിന് ബാങ്കുകൾ നിരന്തരം വിളിച്ചത് ഭാര്യയെ; തിരിച്ചടവിനുള്ള രേഖയിൽ മകളെ കൊണ്ട് ഒപ്പിടിച്ചതും സമ്മർദ്ദത്തിന് കാരണമായി; ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊലീസിന് മേൽ നാട്ടുകാരുടെ സമ്മർദ്ദം ശക്തം; എഡിഎമ്മിന്റെ റിപ്പോർട്ട് എതിരായതും ഉദ്യോഗസ്ഥരെ പ്രതിയാക്കും; ആരോപണങ്ങൾ നിഷേധിച്ച് കാനറാ ബാങ്കും; ബാങ്കേഴ്‌സ് സമിതിയെ പ്രതിഷേധം അറിയിക്കാൻ സർക്കാരും

ലോൺ തിരിച്ചടവിന് ബാങ്കുകൾ നിരന്തരം വിളിച്ചത് ഭാര്യയെ; തിരിച്ചടവിനുള്ള രേഖയിൽ മകളെ കൊണ്ട് ഒപ്പിടിച്ചതും സമ്മർദ്ദത്തിന് കാരണമായി; ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊലീസിന് മേൽ നാട്ടുകാരുടെ സമ്മർദ്ദം ശക്തം; എഡിഎമ്മിന്റെ റിപ്പോർട്ട് എതിരായതും ഉദ്യോഗസ്ഥരെ പ്രതിയാക്കും; ആരോപണങ്ങൾ നിഷേധിച്ച് കാനറാ ബാങ്കും; ബാങ്കേഴ്‌സ് സമിതിയെ പ്രതിഷേധം അറിയിക്കാൻ സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതിനു പിന്നിൽ കാനറാ ബാങ്കിന്റെ സമ്മർദ്ദമെന്നു ഗൃഹനാഥനായ ചന്ദ്രൻ. വായ്പ കുടിശിക വീട് വിറ്റ് തിരിച്ചടയ്ക്കാൻ ബാങ്ക് സമ്മതിച്ചില്ലെന്നും വീട്ടുടമ ആരോപിച്ചു. അഞ്ചുലക്ഷം രൂപ വായ്പയെടുത്തു. എട്ടുലക്ഷത്തിലേറെ തിരിച്ചടച്ചു. ഡിഗ്രി വിദ്യാർത്ഥി വൈഷ്ണവി (19), അമ്മ ലേഖ (40 എന്നിവരാണ് മരിച്ചത്. മാരായമുട്ടം മലയിക്കടയിലാണ് ദുരന്തം. തിങ്കളാഴ്ച മുതൽ ഇരുവരും ദുഃഖിതരായിരുന്നുവെന്ന് ചന്ദ്രൻ പറഞ്ഞു. ബാങ്ക് അധികൃതർ മനുഷ്യത്വപരമായി ഇടപെടേണ്ടതായിരുന്നുവെന്നു സി.കെ.ഹരീന്ദ്രൻ എംഎൽഎ പ്രതികരിച്ചു.

വായ്പ തിരിച്ചടയ്ക്കാൻ ചന്ദ്രന്റെ കുടുംബത്തിനു സാവകാശം നൽകാമായിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ ബാങ്കുകൾ മാനിക്കുന്നില്ല. ഇതേ പ്രശ്‌നത്തിൽ മാസങ്ങൾക്കു മുമ്പ് താൻ ഇടപെട്ട് ബാങ്കിന് ഉറപ്പ് നൽകിയിരുന്നതാണെന്നും ഹരീന്ദ്രൻ അറിയിച്ചു. 2010ൽ കിട്ടാക്കടമായി പ്രഖ്യാപിച്ച വായ്പയാണ് തിരിച്ചുപിടിക്കാൻ ശ്രമിച്ചതെന്ന് കാനറാ ബാങ്ക് പറയുന്നു. വീട്ടുടമ ഒത്തുതീർപ്പു വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പണമടയ്ക്കാൻ ഇന്നുവരെ സമയം നൽകിയിരുന്നുവെന്നും കാനറ ബാങ്ക് വ്യക്തമാക്കി. എന്നാൽ ആരോപണമെല്ലാം ബാങ്ക് നിഷേധിക്കുകയാണ്. നിയമ പ്രകാരം കിട്ടാക്കടം പിരിച്ചെടുക്കാനാണ് ശ്രമിച്ചതെന്നാണ് ബാങ്ക് പറയുന്നത്.

തന്റെ മകൾ വൈഷ്ണവി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ചന്ദ്രൻ പറഞ്ഞു. വായ്‌പ്പ തിരിച്ചടവിനുള്ള രേഖയിൽ മകളുടേയും ഒപ്പ് ബാങ്ക് അധികൃതർ വാങ്ങി. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതർ നിർബന്ധിച്ചുവെന്നും ചന്ദ്രൻ പറഞ്ഞു. വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതർ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ലേഖയുടെ ഫോണിൽ ഇതിന്റെ തെളിവുണ്ടെന്നും ചന്ദ്രൻ വെളിപ്പെടുത്തി. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥൻ ചന്ദ്രന്റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ജപ്തി നടപടികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ല കളക്ടർ നൽകിയത്. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

വൈഷ്ണവിയുടെ അമ്മൂമ്മയുടെയും അയൽവാസിയുടെ മൊഴിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത മാരായമുട്ടം പൊലീസ് ബാങ്ക് ഉദ്യോഗസ്ഥരെ പ്രതിയാക്കിയിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥരാണ് ആത്മഹത്യയിലേക്ക് കുടുംബത്തെ തള്ളിവിട്ടതെന്നാണ് ഇവരുടെ മൊഴി. തെളിവുകളുടെ അടിസ്ഥാനത്തിൽ വകുപ്പുകൾ മാറ്റുമെന്നാണ് പൊലീസ് പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താൽ മാത്രമേ മൃതദേഹം നാട്ടിൽ സംസ്‌കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. അതുകൊണ്ട് തന്നെ ഇവർക്കെതിരെ കേസ് എടുക്കേണ്ടി വരും.

കടുത്ത നിലപാടിൽ സർക്കാർ

ജപ്തി ചെയ്യാനുള്ള കാനറാ ബാങ്കിന്റെ നടപടികൾ വേഗത്തിലായതാണ് നെയ്യാറ്റിൻകര മരായമുട്ടത്ത് പെൺകുട്ടിയും അമ്മയും ആത്മഹത്യ ചെയ്യാൻകാരണമെന്ന് തിരുവനന്തപുരം എഡിഎമ്മിന്റെ റിപ്പോർട്ട് ബാങ്കിന് തിരിച്ചടിയാണ്. സംസ്ഥാനത്താകെ വായ്പകൾക്കു മൊറട്ടോറിയം നിലനിൽക്കുമ്പോൾ ജപ്തി നടപടികളുമായി മുന്നോട്ടു പോയത് അംഗീകരിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ കാനറാബാങ്ക് ജനറൽ മാനേജറെ അറിയിച്ചു.

മാരായമുട്ടത്തെ ചന്ദ്രനും കുടുംബവും എടുത്ത വായ്പ തിരിച്ചടയ്ക്കാൻ സ്ഥലം എംഎൽഎ ഇടപെട്ട് അൽപംകൂടി സാവകാശം ലഭിക്കാൻ ശ്രമം നടക്കുമ്പോഴാണ്, കാനറാ ബാങ്ക് കേസും ജപ്തി നടപടികളും വേഗത്തിലാക്കിയത്. അഭിഭാഷക കമ്മിഷൻ വീട്ടിലെത്തി നടപടികൾ വിശദീകരിച്ചതോടെയാണ് ചന്ദ്രന്റെ ഭാര്യ ലേഖയും മകൾ വൈഷ്ണവിയും കടുത്ത മാനസിക പ്രയാസത്തിലായത്-തിരുവനന്തപുരം എഡിഎം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

23ാം തീയതിക്കു ശേഷം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോഗം വിളിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ബാങ്കേഴ്‌സ് സമിതിയുടെ ലീഡ് ബാങ്കായ കാനറാ ബാങ്കുതന്നെ സാമൂഹിക പ്രതിബദ്ധതയും മനുഷ്യത്വവും ഇല്ലാതെ പ്രവർത്തിച്ചതിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തിയിലാണ്.

ജപ്തി നടത്തുമെന്ന് ബാങ്കിൽനിന്ന് സമ്മർദം ഉണ്ടായതോടെ 50 ലക്ഷം രൂപയുടെ വസ്തു കുറഞ്ഞ വിലയ്ക്ക് വിറ്റ് 6.80 ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചന്ദ്രനും കുടുംബവും. 45 ലക്ഷം രൂപയ്ക്ക് വീടും 10.5 സെന്റ് വസ്തുവും വിൽപ്പന നടത്താനാണ് ശ്രമം ആരംഭിച്ചത്. ആരും ഈ വിലയ്ക്ക് വാങ്ങാനെത്തിയില്ല. ഒടുവിൽ 24 ലക്ഷം രൂപയ്ക്ക് ഒരാൾ വാങ്ങാനെത്തി. ചർച്ചകൾ പലതും നടന്നെങ്കിലും ഇടപാട് നടന്നില്ല.

കഴിഞ്ഞയാഴ്ച ബാങ്കിൽനിന്ന് ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ വന്നപ്പോൾ ലേഖയും മകളും കരഞ്ഞു നിലവിളിച്ചു. സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. വീട് നഷ്ടപ്പെടുമെന്ന ഭയം ലേഖയ്ക്കുണ്ടായിരുന്നു. വീട് നിർമ്മാണം ആരംഭിക്കുമ്പോൾ 12 ലക്ഷം രൂപ ചന്ദ്രന്റെ കൈവശം ഉണ്ടായിരുന്നു. കുറവുള്ള 5 ലക്ഷമാണ് വായ്പയെടുത്തത്.

ലോണെടുത്തത് 15 വർഷം മുമ്പ്

ജപ്തി തടയുന്നതിനായി ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും ഇതിനു അനുകൂല തീരുമാനമുണ്ടായില്ല. ബാങ്ക് നൽകിയ സമയപരിധി ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. രാവിലെ മുതൽ വീട്ടുകാരുടെ ഫോണിലേക്ക് ബാങ്കിൽനിന്ന് വിളികൾ വന്നിരുന്നതായി അയൽക്കാർ പറയുന്നു. ലേഖയെ മാനേജർ വിളിച്ച് ജപ്തി ചെയ്യാതെ നിർവാഹമില്ലെന്ന് അറിയിച്ചു. ഉച്ചയോടെ വീട്ടിനുള്ളിലേക്ക് കയറിയ ലേഖയും മകളും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. വൈഷ്ണവി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

കാനറ ബാങ്കിൽ നിന്നുകുടുംബം വായ്പയെടുത്തത് 15 വർഷങ്ങൾക്ക് മുൻപാണ്. ലേഖയുടെ ഭർത്താവ് ചന്ദ്രൻ വിദേശത്തു ജോലി ചെയ്തിരുന്ന സമയത്ത് വീട് വയ്ക്കുന്നതിന്റെ ആവശ്യത്തിനാണ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചതെന്നാണ് ചന്ദ്രൻ പറയുന്നത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. വീട് വിൽപ്പന നടത്തി കടം വീട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനെത്തുടർന്നു ബാങ്ക് തിരുവനന്തപുരം സിജെഎം കോടതിയിൽ കേസ് നൽകി. കോടതി നിർദ്ദേശത്തെത്തുടർന്ന് ഈ മാസം 10-ാം തീയതി അഭിഭാഷക കമ്മിഷനും പൊലീസും ജപ്തി നടപടികൾക്ക് വീട്ടിലെത്തി. നാലു ദിവസത്തിനകം 6.80 ലക്ഷം രൂപ നൽകാമെന്നും അല്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകാമെന്നും കുടുംബം എഴുതി നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP