Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി എണ്ണക്കമ്പനിയിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം; ആരാംകോ പമ്പുകളിലെ സ്‌ഫോടനത്തിന്റെ ലക്ഷ്യം ആഗോള എണ്ണവിതരണം തടസപ്പെടുത്തലെന്ന് ആരോപണം; അട്ടിമറി ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ആരോപിച്ച് സൗദി; പേർഷ്യൻ ഉൾക്കടലിൽ സൈനിക നീക്കം ശക്തമാക്കി അമേരിക്ക; ഇറാനെ ആക്രമിക്കാൻ എല്ലാ പിന്തുണയുമായി ഇസ്രയേലും; ലോകം യുദ്ധഭീതിയിൽ

സൗദി എണ്ണക്കമ്പനിയിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം; ആരാംകോ പമ്പുകളിലെ സ്‌ഫോടനത്തിന്റെ ലക്ഷ്യം ആഗോള എണ്ണവിതരണം തടസപ്പെടുത്തലെന്ന് ആരോപണം; അട്ടിമറി ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ആരോപിച്ച് സൗദി; പേർഷ്യൻ ഉൾക്കടലിൽ സൈനിക നീക്കം ശക്തമാക്കി അമേരിക്ക; ഇറാനെ ആക്രമിക്കാൻ എല്ലാ പിന്തുണയുമായി ഇസ്രയേലും; ലോകം യുദ്ധഭീതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബർ വിമാനങ്ങളും പേർഷ്യൻ ഉൾക്കടലിനു മുകളിൽ ആദ്യമായി പ്രതിരോധപ്പറക്കൽ നടത്തിയത് ഇറാന് മുന്നറിയിപ്പ് നൽകാനാണ്. ഇതോടെ ലോകം വീണ്ടും യുദ്ധഭീതിയിൽ ആവുകയാണ്. മധ്യപൂർവദേശത്ത് ഇറാന്റെ 'ഭീഷണി' തടയുന്നതിനായി സേന ഞായറാഴ്ച മേഖലയിൽ പട്രോളിങ് നടത്തിയിരുന്നു. രാജ്യാന്തര ക്രൂഡോയിൽ നീക്കത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഹോർമുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായെന്ന വാർത്തയ്ക്കു പിന്നാലെയാണു യുഎസിന്റെ സൈനികനീക്കം. ഇറാനാണ് ആക്രമത്തിന് പിന്നിലെന്ന് ആരോപിച്ചാണ് നീക്കങ്ങൾ. എന്നാൽ കപ്പൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇറാൻ ആവർത്തിക്കുന്നത്.

അതിനിടെ സൗദി അറേബ്യയിൽ സർക്കാർ എണ്ണക്കമ്പനിയായ ആരാംകോയുടെ എണ്ണപൈപ്പ്‌ലൈനുകൾക്കുനേരെ ഡ്രോൺ ആക്രമണം നടന്നു. യാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് എന്നിവിടങ്ങളിലെ ആരാംകോ പമ്പുകളിൽ ചൊവ്വാഴ്ച സൗദിസമയം രാവിലെ ആറിനും ആറരയ്ക്കും ഇടയിലായിരുന്നു ആക്രമണമെന്ന് സൗദി ഊർജവകുപ്പുമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. യു.എ.ഇ.യിലെ ഫുജൈറ തുറമുഖത്തിന് സമീപം സൗദിയുടെ എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് പൈപ്പ്‌ലൈനുകളെ ലക്ഷ്യമിട്ടുള്ള ആക്രമണം. കിഴക്കൻ പ്രദേശത്തെ എണ്ണപ്പാടത്തുനിന്നും പടിഞ്ഞാറുഭാഗത്തുള്ള യാമ്പു റിഫൈനറിയിലേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ്‌ലൈനുകളാണിത്. സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുപയോഗിച്ചായിരുന്നു ആക്രമണമെന്നും ആഗോള എണ്ണവിതരണം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ഭീകരാക്രമണം' ആണിതെന്നും ഫാലിഹ് കൂട്ടിച്ചേർത്തു.

ആക്രമണത്തെത്തുടർന്ന് എട്ടാംനമ്പർ പമ്പ് സ്റ്റേഷനിൽ തീപടർന്നെങ്കിലും ഉടൻ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പൈപ്പ്‌ലൈനുകൾക്ക് നേരിയ കേടുപാടുണ്ടായതിനാൽ എണ്ണ പമ്പിങ് താത്കാലികമായി നിർത്തിവെച്ചതായി ആരാംകോ അറിയിച്ചു. അതേസമയം, അസംസ്‌കൃത എണ്ണക്കയറ്റുമതി തടസ്സമില്ലാതെ തുടരുമെന്നും മന്ത്രി പറഞ്ഞു. ദിവസം 50 ലക്ഷം ബാരൽ എണ്ണ പമ്പുചെയ്യാൻ ശേഷിയുള്ളതാണ് 1200 കിലോമീറ്റർ നീളമുള്ള പ്രധാന പൈപ്പ്‌ലൈൻ. ഇറാനുമായി അതിർത്തി പങ്കിടുന്ന പ്രധാന സമുദ്രഗതാഗത ഇടനാഴിയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്ന സാഹചര്യമുണ്ടായാൽ എണ്ണക്കയറ്റുമതിക്ക് ബദൽമാർഗമെന്ന നിലയിൽ പതിറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ച പൈപ്പ്‌ലൈനാണിത്. സൗദിയുടെ പ്രധാനകേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന് യെമെനിലെ ഹൂതിവിമതർ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്. ഹൂതി വിമതർക്ക് പിന്നിൽ ഇറാനാണെന്ന ആരോപണവും ശക്തമാണ്. അതിനിടെ ഇറാൻ പിന്തുണയോടെ യെമെൻ ഹൂതികൾ നടത്തുന്ന ഇത്തരം വിലകുറഞ്ഞ അക്രമങ്ങളെ എല്ലാ നിലയിലും പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി ബോധ്യമായതായി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.

ഈ സംഭവം മധ്യേഷ്യയിൽ യുദ്ധഭീഷണി സജീവമാക്കുകയാണ്. ഇറാനെ പാഠം പഠിപ്പിക്കാനുള്ള അമേരിക്കൻ നീക്കത്തിന് ഇസ്രയേലിന്റേയും സൗദിയുടേയും ഉറച്ച പിന്തുണയുണ്ട്. എന്നാൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കന്നത് സംഘർഷത്തിന് നിലകൊള്ളുന്നവരാണെന്ന് ഇറാൻ പറയുന്നു. കപ്പൽ ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്നാണ് ഇറാൻ പറയാതെ പറഞ്ഞു വയ്ക്കുന്നത്. ഇതിനിടെയാണ് പേർഷൻ ഉൾക്കടലിന് മുകളിൽ അമേരിക്കൻ വ്യാമ സേന സജീവമാകുന്നത്. യുഎസ് വ്യോമസേനയുടെ ബി52എച്ച് ദീർഘദൂര ബോംബർ വിമാനങ്ങൾ, എഫ്15സി ഈഗിൾസ്, എഫ്35എ ലൈറ്റ്നിങ് 2 ജോയിന്റ് സ്ട്രൈക് പോർവിമാനങ്ങൾ എന്നിവയാണു പ്രതിരോധപ്പറക്കൽ നടത്തിയത്. ഇവയ്ക്ക് അകമ്പടിയായും ഇന്ധനം നിറയ്ക്കാനുമായി കെസി-135 സ്ട്രാറ്റോടാങ്കറും സജീവമായിരുന്നു. ഏതുവിധേനയും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യുഎസ് തയാറാണെന്ന സന്ദേശം കൈമാറാനാണു പോർവിമാനങ്ങൾ പ്രതിരോധപ്പറക്കൽ നടത്തിയതെന്നു യുഎസ് പട്ടാളം വ്യക്തമാക്കി. യുഎസ്എസ് എബ്രഹാം ലിങ്കൺ പടക്കപ്പൽ, ഒരു ക്രൂയിസർ, നാല് നശീകരണക്കപ്പൽ, അനവധി യുദ്ധവിമാനങ്ങൾ എന്നിവ മേഖലയിൽ സജ്ജമായി നിൽക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളിൽനിന്നു യുഎസ് സൈന്യത്തെ പൂർണമായും പിൻവലിച്ച് ട്രംപ് അവരെ മധ്യപൂർവദേശത്തു വിന്യസിക്കാൻ സാധ്യതയുണ്ട്. സേനാമുന്നേറ്റത്തിനുള്ള പദ്ധതി പ്രാരംഭദശയിലാണെന്നും ഇറാന്റെ നീക്കത്തിന് അനുസരിച്ചാകും ഇതിന്റെ വികാസമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. നയതന്ത്ര തലത്തിൽ പ്രശ്നം കൈകാര്യം ചെയ്യാനായില്ലെങ്കിൽ മാത്രമേ സൈനിക നടപടിയുമായി മുന്നോട്ടു പോകൂവെന്നും ഇവർ വ്യക്തമാക്കുന്നു. ഇറാനുമായുള്ള സൈനിക നടപടിയെച്ചൊല്ലി അമേരിക്കൻ സർക്കാരിൽ ഭിന്നതയുണ്ടെന്നാണു റിപ്പോർട്ട്. യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപെയോ ബ്രസൽസിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി രാജ്യങ്ങളിലെ പ്രതിനിധികളുമായും യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഘേറിനിയുമായും പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഉപരോധത്തിൽ നിന്നു സംരക്ഷണം നൽകിയില്ലെങ്കിൽ ആണവപദ്ധതി പുനരാരംഭിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതും യുഎസിനെ പ്രകോപിപ്പിച്ചു. ബഹ്‌റിൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലായാണു യുഎസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.

ഇറാനുമായുള്ള ആണവക്കരാറിൽനിന്നു യുഎസ് കഴിഞ്ഞവർഷം ഏകപക്ഷീയമായി പിന്മാറിയതിനുള്ള പ്രതികാരം തീർക്കലാണ് അമേരിക്ക ചെയ്യുന്നതെന്ന വാദവും സജീവമാണ്. ഇതിനിടെ, തങ്ങളുടെ കപ്പലുകൾക്ക് ഇറാന്റെ ഭീഷണിയുള്ളതായി യുഎസ് കഴിഞ്ഞദിവസം ആരോപിച്ചു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുഎസിലേക്കു ക്രൂഡോയിലുമായി പോകേണ്ടിയിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടവയിലൊന്ന് എന്നതു സംഘർഷത്തിന്റെ തീവ്രത കൂട്ടുന്നു.സുരക്ഷാകാര്യങ്ങൾ അവലോകനം ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കീഴിലുള്ള ഉന്നതാധികാര സമിതി യോഗം ചേർന്നു. മധ്യപൂർവദേശത്ത് ഇറാന്റെ ആക്രമണമോ ആണവായുധങ്ങളുടെ പരീക്ഷണമോ സംഭവിച്ചാൽ പ്രതിരോധിക്കാനാണു യുഎസിന്റെ തീരുമാനം. 1.20 ലക്ഷം പേരടങ്ങിയ സൈന്യത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് ആക്ടിങ് ഡിഫൻസ് സെക്രട്ടറി പാട്രിക് വിശദീകരിച്ചതായി ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇനിയൊരു പ്രശ്‌നം ഉണ്ടായാൽ യുദ്ധം ഉറപ്പാണെന്നാണ് ട്രംപ് ഭരണകൂടം വിശദീകരിക്കുന്നത്.

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും തീവ്രനിലപാടുകാരനുമായ ജോൺ ആർ.ബോൾട്ടന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഇറാന്റെ മണ്ണിൽ കടന്നുകയറിയുള്ള തിരിച്ചടി തൽക്കാലം വേണ്ടെന്നാണു തീരുമാനം. അത്തരമൊരു നീക്കത്തിനു കൂടുതൽ സേനയെ വേണ്ടിവരുമെന്നതാണു കാരണം. ജോർജ് ഡബ്ല്യു.ബുഷ് പ്രസിഡന്റായിരിക്കെ, ഇറാനുമായുള്ള ഇടപാടുകൾക്കെതിരെ രംഗത്തെത്തിയ ബോൾട്ടന് അന്നു കിട്ടാതിരുന്ന സ്വാധീനമാണു ട്രംപിന്റെ ഭരണത്തിൽ ലഭിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP