Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗൾഫിലെ ജോലി നഷ്ടമായതോടെ ആശാരിപ്പണി ചെയ്ത് മകളുടെ പഠന സ്വപ്നങ്ങളും കടങ്ങളും വീട്ടാൻ ചന്ദ്രന്റെ പെടാപ്പാട്; 40 ലക്ഷത്തിന് വീട് വാങ്ങാമെന്ന് പറഞ്ഞ ഇടനിലക്കാർ അവസാനം പറഞ്ഞത് 24 ലക്ഷം രൂപ നൽകാമെന്ന്; എങ്ങനേയും കടം തീർക്കാൻ ഈ തുക സമ്മതിച്ചിട്ടും വീണ്ടും വില പേശൽ; നെയ്യാറ്റിൻകര വൈഷ്ണവിയിലെ ലേഖയുടേയും മകളുടേയും ആത്മഹത്യ ചർച്ചയാക്കുന്നതും തട്ടിപ്പ് സംഘങ്ങളിലേക്ക്; കാനറാ ബാങ്ക് ശ്രമിച്ചത് പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ

ഗൾഫിലെ ജോലി നഷ്ടമായതോടെ ആശാരിപ്പണി ചെയ്ത് മകളുടെ പഠന സ്വപ്നങ്ങളും കടങ്ങളും വീട്ടാൻ ചന്ദ്രന്റെ പെടാപ്പാട്;  40 ലക്ഷത്തിന് വീട് വാങ്ങാമെന്ന് പറഞ്ഞ ഇടനിലക്കാർ അവസാനം പറഞ്ഞത് 24 ലക്ഷം രൂപ നൽകാമെന്ന്; എങ്ങനേയും കടം തീർക്കാൻ ഈ തുക സമ്മതിച്ചിട്ടും വീണ്ടും വില പേശൽ;  നെയ്യാറ്റിൻകര വൈഷ്ണവിയിലെ ലേഖയുടേയും മകളുടേയും ആത്മഹത്യ ചർച്ചയാക്കുന്നതും തട്ടിപ്പ് സംഘങ്ങളിലേക്ക്; കാനറാ ബാങ്ക് ശ്രമിച്ചത് പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: ലോണിൽ പെടുന്ന വസ്തു ചുളുവിലയ്ക്ക് തട്ടിയെടുക്കുന്ന ഇടനിലക്കാർ കേരളത്തിൽ ഉടനീളം സജീവമാണ്. വസ്തു വിൽക്കുന്നവരുടെ അത്യാവശ്യം മനസ്സിലാക്കി വില ഇടിച്ച് നേട്ടം കൊയ്യുന്നവർ. ഇത്തരം മാഫിയകൾ ചുളുവിലയ്ക്ക് പാവങ്ങളിൽ നിന്ന് വസ്തു തട്ടിച്ചെടുക്കും. അതിന് ശേഷം മോഹ വിലയ്ക്ക് വിറ്റ് ലാഭവും ഉണ്ടാക്കും. ആത്മഹത്യാ മുനമ്പിൽ കുടുംബങ്ങളെ എത്തിച്ചാണ് ഈ കള്ളക്കളി നടത്തുക. ഇവരും നെയ്യാറ്റിൻകരയിൽ സജീവമായിരുന്നു. നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജീവനൊടുക്കാൻ കാരണക്കാരായവരിൽ പ്രധാനികൾ വസ്തുകച്ചവടത്തിലെ ഇടനിലക്കാർ ആണ്. ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് ഇവർ. പലപ്പോഴും ഇടനിലക്കാർക്ക് വേണ്ടി കൂടിയാണ് ബാങ്കുകൾ കുടുംബത്തെ സമ്മർദ്ദത്തിലാക്കുക. ഇത്തരം സമ്മർദ്ദമാണ് നെയ്യാറ്റിൻകര മഞ്ചവിളാകം മലയിൽക്കട 'വൈഷ്ണവി'യിൽ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകൾ വൈഷ്ണവി(19)യും ആത്മഹത്യ ചെയ്യാൻ കാരണമായത്.

വായ്പകുടിശ്ശിക തീർക്കാൻ ഒരു വർഷംമുമ്പ് തുടങ്ങിയ ചന്ദ്രന്റെ ശ്രമം ഇടനിലക്കാരിൽ എത്തിയിരുന്നു. ബാങ്കിൽ നിന്ന് വിവരം ലഭിച്ചായിരുന്നു ഇവരുടെ ഇടപെടൽ. 40 ലക്ഷത്തിൽ തുടങ്ങിയ വിലപേശൽ അവസാനം ഇടനിലക്കാർ എത്തിച്ചത് 24 ലക്ഷത്തിൽ. ഈ തുകയും അവസാനനിമിഷംവരെ നൽകാത്തതിനെത്തുടർന്നാണ് രണ്ടുപേർക്കും ജീവനൊടുക്കേണ്ടിവന്നത്. 24 ലക്ഷത്തിൽ നിന്നും വില താഴ്‌ത്താനുള്ള നടപടിയായിരുന്നു ഇതിന് കാരണം, 15 വർഷംമുമ്പാണ് ചന്ദ്രൻ വായ്പയെടുത്തത്. ദുബായിൽ കൂലിപ്പണിക്കാരനായ ചന്ദ്രൻ ആകെയുള്ള സമ്പാദ്യമായ പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. വീടുവെച്ചെങ്കിലും സാമ്പത്തികബാധ്യത കാരണം പണി പൂർത്തിയാക്കിയുമില്ല. കുടിശ്ശിക അടയ്ക്കാനായി ബാങ്കിൽനിന്ന് നോട്ടീസ് കിട്ടിയിരുന്നു. കുടിശ്ശിക വർധിക്കുമ്പോൾ ഒരുമിച്ച് കുറെ പണമടയ്ക്കുമായിരുന്നു. എട്ടുലക്ഷം രൂപ പലപ്പോഴായി അടച്ചു. എന്നിട്ടും ആറേമുക്കാൽ ലക്ഷം കുടിശ്ശികവന്നു. ഇതോടെ ജപ്തി നടപടി ബാങ്ക് തുടങ്ങി. ഇതിനൊപ്പം ഇടനിലക്കാരും എഥ്തി.

ഒന്നരമാസംമുന്പ് വീണ്ടും ജപ്തിനോട്ടീസ് എത്തി. എന്നാൽ, നാട്ടുകാർ ജപ്തി തടസ്സപ്പെടുത്തി. ഒന്നരമാസത്തിനകം കുടിശ്ശിക തീർക്കണമെന്ന് ബാങ്കുകാർ പുതിയ ഉപാധിവെച്ചു. ചൊവ്വാഴ്ച രാവിലെ ബാങ്കിൽനിന്നും ചന്ദ്രന് വിളിയെത്തി, ഉച്ചയ്ക്കകം പണമടച്ചില്ലെങ്കിൽ വീട് ജപ്തിചെയ്യുമെന്ന് അറിയിച്ചു. ഇതോടെയാണ് ലേഖയും മകളും ആത്മഹത്യ ചെയ്തതും. കുടിശ്ശിക വർധിച്ചതോടെ ഒരു വർഷംമുമ്പാണ് ചന്ദ്രനും കുടുംബവും വീടും സ്ഥലവും വിൽക്കാൻ തീരുമാനിച്ചത്. ഒരു വർഷംമുമ്പ് 40 ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും വാങ്ങാമെന്നാണ് ഇടനിലക്കാർ പറഞ്ഞിരുന്നത്. വായ്പാ കുടിശ്ശിക തീർത്ത് ബാക്കി പണത്തിന് കുറഞ്ഞവിലയ്ക്ക് മറ്റൊരിടത്ത് വീടും സ്ഥലവും വാങ്ങാനായിരുന്നു പദ്ധതി. എന്നാൽ വില കുറിച്ച് 24 ലക്ഷം വരെ എത്തിച്ചവർ വീണ്ടും കാശ് കുറയ്ക്കാൻ ശ്രമിച്ചു. ആറുമാസംമുമ്പ് ചന്ദ്രൻ ദുബായിൽനിന്ന് തിരിച്ചെത്തിയശേഷമാണ് ഇടനിലക്കാരുടെ തന്ത്രം ചന്ദ്രൻ മനസ്സിലാക്കിയത്. പിന്നീട് നേരത്തേ പറഞ്ഞ വില ഇടനിലക്കാർ കുറയ്ക്കാൻ തുടങ്ങി. ഒന്നരമാസംമുമ്പ് ജപ്തി നടത്താൻ ബാങ്കുകാർ എത്തിയപ്പോൾ ഇടനിലക്കാരും എത്തി പണം ഉടൻ അടച്ചുതീർക്കാമെന്ന് ബാങ്കുകാരെ അറിയിച്ചു.

അഡ്വാൻസ് തുകകൊണ്ട് വായ്പ അടയ്ക്കുമെന്നും കച്ചവടം നടന്നശേഷം ബാക്കി തുകയും നൽകാമെന്നുമായിരുന്നു ഇടനിലക്കാർ ഉറപ്പുനൽകിയത്. പിന്നീട് വീണ്ടും ഒന്നരമാസം കച്ചവടം നടക്കാതെ നീണ്ടുപോയി. അവസാനം തിങ്കളാഴ്ച പണം നൽകുമെന്ന് ഉറപ്പുനൽകി. അന്നും നൽകിയില്ല. ഇതും തന്ത്രമായിരുന്നു. വില ഇനിയും കുറപ്പിക്കാനുള്ള നീക്കം. ചൊവ്വാഴ്ച പലപ്രാവശ്യം ഇടനിലക്കാരനുമായി ചന്ദ്രൻ ഫോണിൽ സംസാരിച്ചു. വ്യക്തമായ നടപടി കിട്ടിയില്ല. ഈ സമയം ചന്ദ്രന്റെ സുഹൃത്തിന്റെ വീട്ടിൽ നിൽക്കുകയായിരുന്ന ലേഖയും മകൾ വൈഷ്ണവിയും വീട്ടിലേക്കുപോയി. നിമിഷങ്ങൾക്കകം നിലവിളികേട്ടു, പുക ഉയരുന്നത് കാണുകയും ചെയ്തു. ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയും ഈ വീട്ടിലാണ് താമസിക്കുന്നത്.

വീട് ജപ്തി ചെയ്യാനുള്ള കാനറാ ബാങ്കിന്റെ നടപടികൾ വേഗത്തിലായതാണ് മരായമുട്ടത്ത് പെൺകുട്ടിയും അമ്മയും ആത്മഹത്യ ചെയ്യാൻകാരണമെന്ന് തിരുവനന്തപുരം എഡിഎമ്മിന്റെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ വായ്കൾക്ക് മൊറട്ടോറിയം നിലനിൽക്കുമ്പോൾ ജപ്തി നടപടികളുമായി മുന്നോട്ട് പോയത് അംഗീകരിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ കാനറാബാങ്ക് ജനറൽ മാനേജറെ അറിയിച്ചു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സംസ്ഥാന സർക്കാർനയമെന്നും ഇത് ലംഘിച്ചത് ശരിയായില്ലെന്നും സർക്കാർ നിലപാട് എടുക്കുന്നു. മാരായമുട്ടത്തെ ചന്ദ്രനും കുടുംബവും എടുത്ത വായ്പ തിരിച്ചടക്കാൻ സ്ഥലം എംഎ‍ൽഎ ഇടപെട്ടിട്ട് അൽപ്പംകൂടി സാവകാശം ലഭിക്കാൻ ശ്രമം നടക്കുമ്പോഴാണ്, കാനറാ ബാങ്ക് കേസും ജപ്തി നടപടികളും വേഗത്തിലാക്കിയത്. അഭിഭാഷക കമ്മിഷൻ വീട്ടിലെത്തി നടപടികൾ വിശദീകരിച്ചതോടെയാണ് ചന്ദ്രന്റെ ഭാര്യലേഖയും മകൾ വൈഷ്ണവിയും കടുത്തമാനസിക പ്രയാസത്തിലായത്. തിരുവനന്തപുരം എഡിഎം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

സംസ്ഥാനത്ത് പൊതു വായ്പാ മൊറട്ടോറിയം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരമ്മയും മകളും ജീവൻവെടിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത് ന്യായീകരണമില്ലാത്ത തെറ്റാണെന്ന് റവന്യൂമന്ത്രി കാനറാ ബാങ്ക് ജനറൽമാനേജരെ അറിയിച്ചു. ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ഗൃഹനാഥന് നഷ്ടപരിഹാപരം നൽകാൻ ബാങ്ക് തയ്യാറാകണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അഞ്ചുലക്ഷം രൂപ ഭവനവായ്പയുടെ പേരിലായിരുന്നു കാനറബാങ്ക് നെയ്യാറ്റിൻകര ശാഖയുടെ ജപ്തിനടപടി. രാവിലെ മുതൽ ബാങ്കിൽനിന്ന് വിളിച്ച് പണം ചോദിച്ച് സമ്മർദം ചെലുത്തിയതിൽ മനം നൊന്താണ് ഭാര്യയും മകളും തീകൊളുത്തിയതെന്ന് മാരായമുട്ടം സ്വദേശി ചന്ദ്രൻ പറഞ്ഞു. വൈഷ്ണവി സംഭവസ്ഥലത്തുതന്നെ മരിച്ചു. അഞ്ചര മണിക്കൂർ മരണത്തോട് മല്ലടിച്ച് ഏഴുമണിയോടെ ലേഖയും മരണത്തിനു കീഴടങ്ങി. ബാങ്കിൽ നിന്ന് രാവിലെ മുതൽ ഭീഷണി ഫോൺ വിളികൾ വന്നിരുന്നെന്ന് ചന്ദ്രന്റെ മാതാവ് പറയുന്നു.

എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു. എന്നാൽ ജോലിനഷ്ടപ്പെട്ട് നാട്ടിൽ തിരികെ എത്തിയതോടെ ജീവിതംതന്നെ ബുദ്ധിമുട്ടിലായി. കാർപെന്റർ ജോലിചെയ്താണ് വീട്ടുകാര്യങ്ങൾ നടത്തിയിരുന്നത്. വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടിയിരുന്നത്. ഇടക്ക് അതിന് കഴിയാതെ വന്നപ്പോൾ ജപ്തി ഭീഷണി ഉണ്ടായി. അഞ്ചുലക്ഷം രൂപ 15 വർഷം മുമ്പ് ലോൺ എടുത്തെങ്കിലും എട്ടുലക്ഷത്തോളം ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പണം അടയ്‌ക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. മോഹിച്ച് വെച്ച വീട് നഷ്ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടിയിരുന്നു. ജപ്തി തടയുന്നതിനായി ഹൈക്കോടതിയിൽനിന്ന് സ്‌റ്റേ വാങ്ങാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. മകളുടെ പഠനത്തിനുശേഷം ജോലി കിട്ടുമ്പോൾ എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം.

കുടുംബത്തിന്റെ നിസ്സഹായാവസ്ഥ നാട്ടുകാരിൽ പലർക്കും അറിയുമായിരുന്നു. വീട് വിൽപനക്കടക്കം ചന്ദ്രൻ നാട്ടുകാരുടെ സഹായവും തേടിയിരുന്നു. സുഹൃത്തുക്കളടക്കം പണം സമാഹരിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിനിടെയിലാണ് നാടിനെ ഞെട്ടിച്ച ദാരുണസംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP