Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ആർക്കും എടുത്തു കളയാനാവാത്ത സന്തോഷം'

'ആർക്കും എടുത്തു കളയാനാവാത്ത സന്തോഷം'

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ശോ തന്റെ അന്ത്യപ്രഭാഷണത്തിൽ തന്റെ വേർപാടിനെക്കുറിച്ച് സംസാരിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദർഭം. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട്: "എന്നാൽ, ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്തു കളയുകയില്ല" (യോഹ 16:22).

ആർക്കും എടുത്തു കളായാൻ സാധിക്കാത്ത സന്തോഷത്തെക്കുറിച്ചാണ് ഈശോ സംസാരിക്കുന്നത്. ഒന്ന് ഓർത്തു നോക്കിയാൽ, മറ്റുള്ളവർക്ക് എടുത്തു കളയാൻ പറ്റുന്ന സന്തോഷങ്ങളാണ് നമ്മുടെ സന്തോഷങ്ങളിൽ ബഹു ഭൂരിപക്ഷവും.

സമ്പത്ത് നമുക്ക് സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ നമ്മുടെ കൈയിൽ നിന്ന് ഒരു പതിനായിരം രൂപ നഷ്ടപ്പെട്ടുവെന്ന് വിചാരിക്കുക. നമ്മുടെ സന്തോഷം അതോടെ തീർന്നുപോവില്ലേ? അങ്ങനെയെങ്കിൽ നമ്മുടെ മുഴുവൻ സമ്പത്തും നഷ്ടപ്പെട്ടാലോ? പിന്നുണ്ടാകുന്ന സങ്കടത്തിന്റെ കാര്യമൊന്നും പറയുകയും വേണ്ട.

ആരോഗ്യമുള്ള ശരീരം നമുക്ക് സന്തോഷം തരുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ നമ്മൾ പ്രതീക്ഷിക്കാതിരിക്കുമ്പോൾ കാൻസർ വന്ന് മരുന്നും ചികിസ്തയുമായി കഴിയേണ്ടിവന്നാലോ? ആരോഗ്യം തരുന്ന സന്തോഷം അതോടെ തീർന്നു പോവില്ലേ?

സൗന്ദര്യം നമുക്ക് ഏറെ സന്തോഷം തരും, തീർച്ച. എന്നാൽ പെട്ടെന്നൊരു അപകടം വന്ന് നമ്മുടെ മുഖവും ശരീരവും വിരൂപമായാലോ? ആ സന്തോഷവും അതോടെ തീരില്ലേ?

സൽപ്പേരും മറ്റുള്ളവരുട പ്രശംസയും നമുക്ക് സന്തോഷം തരുന്നതാണ്. എന്നാൽ ഒരാൾ ഒരു ഊമക്കത്തെഴുതി വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച് നമുക്കെതിരെ അപവാദ പ്രചാരണം നടത്തിയാലോ? നമ്മുടെ സൽപ്പേരും അത് തരുന്ന സന്തോഷവും അതോടെ തീരില്ലേ?

നല്ല സുഹൃദ് ബന്ധങ്ങൾ നമുക്ക് ഏറെ സന്തോഷം തരും. എന്നാൽ, നമ്മൾ ഏറ്റവുമധികം സ്‌നേഹിക്കുന്ന വ്യക്തി നമുക്കെതിരെ തിരിയുകയും, നമ്മളെ ചതിക്കുകയും, നമ്മളെ പിന്നിൽ നിന്ന് കുത്തുകയും ചെയതാൽ ആ സുഹൃദ്‌ബന്ധത്തിലുള്ള സർവ്വ സന്തോഷവും അതോടെ അവസാനിക്കില്ലേ?

സമൂഹത്തിലെ സ്ഥാനമാനങ്ങളും അധികാരവും ആരെയും സന്തോഷിപ്പിക്കുന്നതാണ്. എന്നാൽ റിട്ടയർമെന്റോടെ നമ്മുടെ അധികാരവും സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടു കഴിയുമ്പോഴോ? പ്രായമായ വൈദികർ താമസിക്കുന്നവൈദികമന്ദിരങ്ങൾ സന്ദർശിച്ചാൽ ഇത് തിരിച്ചറിയാനാവും.

ചുരുക്കത്തിൽ, മറ്റുള്ളവർക്കും മറ്റുള്ളവയ്ക്കും നമ്മിൽ നിന്നും എടുത്തു കളയാൻ പറ്റുന്ന സന്തോഷങ്ങളാണ് നമ്മുടെ സന്തോഷങ്ങളിൽ ബഹുഭൂരിപക്ഷവും. എന്നാൽ ഈശോ പറയുന്നത്, ആർക്കും നമ്മിൽ നിന്നും എടുത്തു കളയാൻ പറ്റാത്ത ഒരു സന്തോഷത്തെക്കുറിച്ചാണ്. അത് എന്താണ്?

ഒരു സെൻ ഗുരുവിന്റെ കഥ പറയാം. ഹക്കുയിൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് (കഥയുടെ വിദാംശങ്ങൾക്ക് വീഡിയോ കാണുക).

ആർക്കും നിന്നിൽ നിന്ന് എടുത്തു കളയാൻ പറ്റാത്ത സന്തോഷം എന്താണ്? ഈശോ പറയുന്നത് ശ്രദ്ധിക്കണം: "എന്നാൽ ഞാൻ നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്ത് കളയുകയില്ല" (യോഹ 16:22). മരണത്തിനു ശേഷം ഈശോ വീണ്ടും ശിഷ്യരെ കാണുമ്പോഴുള്ള സന്തോഷമാണത്. അതായത്, ഉത്ഥിതനായ ഈശോയുടെ സാന്നിധ്യം തരുന്ന സന്തോഷമാണ് ആർക്കും എടുത്തു കളയാൻ സാധിക്കാത്ത സന്തോഷമെന്ന് പറയുന്നത്.

ഉത്ഥിതനായ ഈശോ എനിക്കിന്ന് എവിടെയാണ് സന്നിഹിതനാകുന്നത്? എന്റെ ശരീരത്തിനും മനസ്സിനും ആധാരമായി നിൽക്കുന്നത് എന്നിലെ ജീവനാണ്. ഈ ജീവനാണ് എന്റെ ശരീരത്തെയും മനസിനെയും സജീവമാക്കുന്നത്. ഈ ജീവൻ ദൈവത്തിന്റെ ജീവന്റെതന്നെ അംശമാണ്. ഇത് തിരിച്ചറിഞ്ഞ ഈശോയാണ് ദൈവത്തെ 'എന്റെ പിതാവേ' എന്ന് വിളിച്ചത്; പോരാ, സ്വയം ദൈവത്തിന്റെ മകനാണെന്ന് തിരിച്ചറിഞ്ഞത്.

സമാനമായൊരു തിരിച്ചറിവിലേക്ക് വരുന്നവരൊക്കെ തന്നെതന്നെ 'ദൈവത്തിന്റെ മകനായി' അഥവാ 'മകളായി' തിരിച്ചറിയും. തന്നിലെ ജീവൻ ദൈവത്തിന്റെ തന്നെ അംശമാണെന്ന് തിരിച്ചറിയും. ഇത്തരമൊരു തിരിച്ചറിവേലേക്കു വരുന്നവൻ ഉത്ഥിതനായ ഈശോയെ കണ്ടെത്തുന്നത് സ്വന്തം ജീവനിലായിരിക്കും; തന്റെ ശരീരത്തിനും മനസ്സിനും ആധാരമായി നിൽക്കുന്ന ജീവനിൽ. സ്വന്തം ജീവനിൽ ക്രിസ്തുവിനെ തിരിച്ചറിയുന്നവന്റെ സന്തോഷമാണ് 'ആർക്കും എടുത്തു കളയാൻ സാധിക്കാത്ത സന്തോഷം.'

ഇത്തരം തിരിച്ചറിവിന്റെ ഒരു പരിണിത ഫലത്തെക്കുറിച്ചും ഈശോ സംസാരിക്കുന്നുണ്ട്: "അന്ന് നിങ്ങൾ എന്നോട് ഒന്നും ചോദിക്കുകയില്ല" (യോഹ 16:23). പൂർണമായി തൃപ്തനായിരിക്കുന്നവനാണ് പിന്നെ കൂടുതൽ ഒന്നും ചോദിക്കാത്തത്. ഉത്ഥിതനായ ക്രിസതുവിന്റെ സാന്നിധ്യം സ്വന്തം ജീവനിൽ അനുഭവിക്കുന്നവന് സന്തോഷമുണ്ടാകും. ആർക്കും ആ സന്തോഷം അവനിൽ നിന്ന് എടുത്തു കളയാനാകില്ല. പോരാ, ആ സന്തോഷം അനുഭവിക്കുന്നവന് പിന്നെ മറ്റൊന്നും ആവശ്യമായി തോന്നുകയില്ല.

സ്വന്തം ജീവനെ തിരിച്ചറിഞ്ഞ്, അതിന്റെ നിറവിൽ അനുദിനം ജീവിക്കുന്നവന് തൃപ്തിയുണ്ടാകും; സന്തോഷമുണ്ടാകും. തനിക്കു ലഭിച്ചിരിക്കുന്ന ഈ വലിയ സന്തോഷവുമായി തട്ടിച്ചു നോക്കുമ്പോൾ മറ്റുള്ള ആവശ്യങ്ങളൊക്കെ നിസ്സാരങ്ങളും അപ്രസക്തങ്ങളുമായി അവനു തോന്നും. വലിയ നിധി കണ്ടെത്തിയവന്റെ സന്തോഷമാണത് (മത്താ 13:44 -46). അതിനാലാണ് ചെറിയ ചെറിയ ആവശ്യങ്ങളുമായി അവൻ തമ്പുരാന്റെ മുമ്പിൽ യാചകനായി നിൽക്കാത്തത്. അതിനുപകരം, തനിക്ക് ലഭിച്ച വലിയ സന്തോഷത്തിന് ദൈവത്തിന് നന്ദി പറയാനേ അവന് നേരം കാണുള്ളൂ.

ദൈവം പ്രത്യക്ഷപ്പെട്ടാൽ ചോദിക്കേണ്ട വരമെന്താണെന്ന് ചോദിക്കുന്ന ടീച്ചർ. ഉത്തരം പറയുന്നു കുട്ടികൾ (വിശദമായ കഥയ്ക്ക് വീഡിയോ കാണുക).

ചുരുക്കത്തിൽ, ഈശോ ഇന്ന് ആവശ്യപ്പെടുന്നത് 'ആർക്കും നിന്നിൽ നിന്നും എടുത്തു കളയാൻ സാധിക്കാത്ത സന്തോഷത്തെ' തിരിച്ചറിയാനാണ്;
അത് നിന്റെ ജീവിതത്തിൽ അനുഭവിക്കാനാണ്. എന്താണ് ആ സന്തോഷം? ഉത്ഥിതനായ ഈശോയുടെ സാന്നിധ്യത്തെ സ്വന്തം ജീവന്റെ ഭാഗമായി അനുഭവിക്കുന്നതാണത്. അതിലൂടെ ലഭിക്കുന്ന സന്തോഷം ആർക്കും നിന്നിൽ നിന്നും എടുത്തു കളയാനാവില്ല. മരണത്തിന് പോലും അതിനെ നശിപ്പിക്കാനാവില്ല. അതിനാൽ, മരണത്തിനു ശേഷവും അത് നിലനിൽക്കും. ആ സന്തോഷം തിരിച്ചറിഞ്ഞനുഭവിക്കുന്നവന്റെ ജീവിതം തൃപ്തികരമാവുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP