Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നത്തെ കാലത്ത് സ്ത്രീ തെറിയെ ഭയക്കുന്നില്ല; എല്ലാം നഷ്ടപ്പെട്ടവന്റെ അവസാനത്തെ ആയുധമാണ് തെറി; ആത്മവിശ്വാസമില്ലാത്തവന്റെ പഴകിത്തേഞ്ഞ ആയുധം; മുഖ്യമന്ത്രി ആയാലും ശൈലജ ടീച്ചറായാലും അണികളുടെ തെറിവിളികളെ കുറിച്ചറിയുകയും അതിനെ നിയന്ത്രിക്കുകയും വേണമെന്ന് ശാരദക്കുട്ടി

ഇന്നത്തെ കാലത്ത് സ്ത്രീ തെറിയെ ഭയക്കുന്നില്ല; എല്ലാം നഷ്ടപ്പെട്ടവന്റെ അവസാനത്തെ ആയുധമാണ് തെറി; ആത്മവിശ്വാസമില്ലാത്തവന്റെ പഴകിത്തേഞ്ഞ ആയുധം; മുഖ്യമന്ത്രി ആയാലും ശൈലജ ടീച്ചറായാലും അണികളുടെ തെറിവിളികളെ കുറിച്ചറിയുകയും അതിനെ നിയന്ത്രിക്കുകയും വേണമെന്ന് ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ട് ആത്മവിശ്വാസമില്ലാതെ നിൽക്കുന്നവന്റെ പഴകിത്തേഞ്ഞ അവസാനത്തെ ആയുധമാണ് തെറിയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീ ശാക്തീകരണ പ്രവർത്തകയും എഴുത്തുകാരിയുമായ ഗീഥക്കെതിരെ സിപിഎം പ്രവർത്തകൻ ഫേസ്‌ബുക്കിൽ നടത്തിയ തെറിവിളിയെ കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ശാരദക്കുട്ടി. ഇന്നത്തെ കാലത്ത് സ്ത്രീ തെറിയെ ഭയക്കുന്നില്ല. തെറി എന്നു പറയുന്നത് എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ടവന്റെ അവസാനത്തെ ആയുധമാണ്. ആത്മവിശ്വാസമില്ലാത്തവന്റെ പഴകിത്തേഞ്ഞ ആയുധം എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

വിമർശനങ്ങളുടെ പേരിൽ ഇരു പക്ഷത്തു നിന്നും ധാരാളം തെറിവിളി കേൾക്കേണ്ടി വന്നതിന്റെ അനുഭവവും അവർ പങ്കുവെക്കുന്നു. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിന് പല ഭാഗത്തുനിന്നും ധാരാളമായി തെറി കേട്ടിട്ടുള്ള ആളാണ് ഞാൻ. സിപിഎമ്മിനെ വിമർശിക്കുമ്പോൾ സിപിഎം അണികളുടെ ഭാഗത്തുനിന്നും സംഘപരിവാറിനെതിരേ പറയുമ്പോൾ ആർഎസ്എസ്സുകാരിൽ നിന്നും ധാരാളം തെറി കേട്ടിട്ടുണ്ട് എന്ന് ശാരദക്കുട്ടി വിശദീകരിക്കുന്നു.

ലൈംഗികമായ അധിക്ഷേപങ്ങളെ താൻ കാര്യമായി എടുക്കാറില്ല. ലൈംഗികാവയവങ്ങൾ മോശപ്പെട്ട കാര്യമല്ലെന്ന് അറിയാവുന്നതുകൊണ്ടാണത്. പല ഭാഗത്തുനിന്ന് പല തവണ ഇത്തരം തെറികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. മറ്റേത് അവയവത്തെയും പോലെ മാത്രമേ ലൈംഗിക അവയവങ്ങളെയും കാണുന്നുള്ളൂ എന്നും ശാരദക്കുട്ടി പറയുന്നു.

ഇപ്പോൾ ഗീഥയ്ക്കെതിരേ പറഞ്ഞതിനെക്കാൾ രൂക്ഷമായ തെറിവിളികൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ഒരു ഭാഗത്തുനിന്നും പരസ്യമായോ രഹസ്യമായോ പിന്തുണ ലഭിച്ചിട്ടില്ല. അങ്ങനെ പിന്തുണ ലഭിക്കാത്ത സ്ത്രീകളും ഇവിടെയുണ്ട് എന്നും അവർ ഓർമ്മിപ്പിക്കുന്നു.

സ്വന്തം പക്ഷത്ത് നിൽക്കുന്നവർ എന്തു തെറ്റ് ചെയ്താലും സംരക്ഷിക്കുന്ന നിലപാടാണ് എല്ലാ രാഷ്ട്രീയപ്പാർട്ടികളും സ്വീകരിക്കുന്നത്. ഇടതുപക്ഷത്തിൽ വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ സിപിഎം അങ്ങനെ ചെയ്യാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. മറ്റു രാഷ്ട്രീയപ്പാർട്ടികളെക്കാൾ കുറേക്കൂടി ഉത്തരവാദിത്വം ഇക്കാര്യത്തിൽ സിപിഎമ്മിനുണ്ട്. സിപിഎം സ്ത്രീകളെ ബഹുമാനിക്കേണ്ട പാർട്ടിയാണ്. സ്ത്രീകളെ ബഹുമാനിക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്ന പാർട്ടിയാണ്.ഫാൻസിനെ നിയന്ത്രിക്കണമെന്ന് താരങ്ങളോട് പറയാറുള്ളതുപോലെ അണികൾക്ക് കർക്കശമായ നിർദ്ദേശം നൽകണം എന്നാണ് പാർട്ടി നേതൃത്വത്തോട് പറയാനുള്ളത്.

ഉന്നതരായ നേതാക്കൾ അറിഞ്ഞാണോ ഈ തെറിവിളികൾ നടക്കുന്നത് എന്നതല്ല പ്രശ്നം. നേതാക്കൾ ഇതറിയണം. നേതാക്കളെ സ്തുതിക്കുന്നതും പ്രശംസിക്കുന്നതും അറിയുന്നുണ്ടെങ്കിൽ ഇതും അറിയണം. തങ്ങളുടെ അണികൾ എന്ന പേരിൽ നടത്തുന്ന കുത്സിത പ്രവൃത്തികൾ നേതൃത്വം അറിയേണ്ടതുണ്ട്. അവർക്കെതിരേ നടപടി എടുക്കണം.മുഖ്യമന്ത്രിയായാലും ശൈലജടീച്ചർ ആയാലും പ്രചാരണങ്ങൾ ഒക്കെ പ്രധാനമായും നടക്കുന്നത് സൈബർ ലോകത്താണല്ലോ. അനുകൂലമായ പ്രചരണങ്ങൾ നടത്തുന്നതിന് കൃത്യമായ രീതികൾ ഉള്ളതുപോലെ അണികൾ സൈബർ ലോകത്ത് എന്താണ് ചെയ്യുന്നതെന്ന് അറിയാനും സംവിധാനം ഉണ്ടാകണം. അസഭ്യവും അശ്ലീലവും പറയുന്നവരെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വം നടപടി സ്വീകരിക്കണം. തെറി പറയുന്നവർ പാർട്ടി അംഗങ്ങളോ ഉത്തരവാദിത്വമുള്ള സ്ഥാനം വഹിക്കുന്നവരോ ആണെങ്കിൽ പുറത്താക്കണം.

എല്ലാ ഭാഗത്തുനിന്നും തെറിവിളികൾ കേൾക്കാറുണ്ടെങ്കിലും അടുത്തകാലത്ത് ഏറ്റവുമധികം തെറിവിളികൾ ഉണ്ടായത് സംഘപരിവാർ അനുകൂലികളിൽ നിന്നാണെന്നും ശാരദക്കുട്ടി പറയുന്നു. സിപിഎമ്മിനു വേണ്ടി നിൽക്കുന്നു എന്നുള്ളതിന്റെ പേരിൽ നിരവധി സ്ത്രീകൾ തെറി കേട്ടിട്ടുണ്ട്. കെ.മുരളീധരനെ വിമർശിച്ചുകൊണ്ടുള്ള എന്റെ പോസ്റ്റിൽ കോൺഗ്രസുകാർ എന്തൊക്കെ തെറിയാണ് വിളിച്ചതെന്നും അവർ ഓർമ്മിപ്പിക്കുന്നു. പൃഥ്വിരാജിനെ വിമർശിച്ചപ്പോൾ പൃഥ്വിരാജിന്റെ ഫാൻസ് തെറി വിളിച്ചു.ഏതെങ്കിലും കാര്യത്തിൽ ശക്തമായി പ്രതികരിക്കുന്നവരെ നേരിടാൻ പ്രതികരണശേഷിയില്ലാത്തവർ ഉപയോഗിക്കുന്ന തുരുമ്പിച്ച ആയുധമാണ് തെറി എന്ന് ഉറച്ചു വിശ്വസിക്കുകയും ഉറക്കെ പറയുകയുമാണ് ശാരദക്കുട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP