Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘപരിവാർ ഭീകരവാദ വിമർശകരാകുന്നു എന്നതാണ് നാട്ടിലെ ഏറ്റവും വലിയ തമാശ; ഒരു മത സമൂഹത്തെ മാത്രം തീവ്രവാദികളായി താറടിച്ചാൽ ഭീകരവാദത്തിന് എതിരായ സമരം ചിതറിപ്പോകും; ഭീകരവാദം = ഇസ്ലാം = ഇസ്‌ളാമിലെ ഭീകരവാദം = സലഫിസം = സലഫിസത്തിലെ ഭീകരവാദം = ഐസിസ് എന്ന ഈ സൂത്രവാക്യം വഴി ഭീകരതയെ നേരിടാൻ കഴിയില്ല; ഇടത് ചിന്തകർ ഇസ്ലാമിക തീവ്രവാദത്തിന്നെതിരെ മുഖം തിരിഞ്ഞ് നിൽക്കുന്നില്ല; മറുനാടനോട് മനസ് തുറന്ന് കെഇഎൻ

സംഘപരിവാർ ഭീകരവാദ വിമർശകരാകുന്നു എന്നതാണ് നാട്ടിലെ ഏറ്റവും വലിയ തമാശ; ഒരു മത സമൂഹത്തെ മാത്രം തീവ്രവാദികളായി താറടിച്ചാൽ ഭീകരവാദത്തിന് എതിരായ സമരം ചിതറിപ്പോകും; ഭീകരവാദം = ഇസ്ലാം =  ഇസ്‌ളാമിലെ ഭീകരവാദം = സലഫിസം = സലഫിസത്തിലെ ഭീകരവാദം = ഐസിസ് എന്ന ഈ സൂത്രവാക്യം വഴി ഭീകരതയെ നേരിടാൻ കഴിയില്ല; ഇടത് ചിന്തകർ ഇസ്ലാമിക തീവ്രവാദത്തിന്നെതിരെ മുഖം തിരിഞ്ഞ് നിൽക്കുന്നില്ല; മറുനാടനോട് മനസ് തുറന്ന് കെഇഎൻ

എം മനോജ് കുമാർ

തിരുവനന്തപുരം: മുഖം മറച്ചുള്ള വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഡോക്ടർ ഫസൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കുലർ ഇറങ്ങിയപ്പോൾ സ്വാഭാവികമായും ഈ തീരുമാനം കേരളത്തിൽ കോളിളക്കമുണ്ടാക്കി. മുസ്ലിം മത സംഘടനകൾ കടുത്ത എതിർപ്പുമായി രംഗത്ത് വന്നു. സ്വതന്ത്ര നിലപാടുള്ള ബുദ്ധിജീവി സമൂഹം ഡോക്ടർ ഫസൽ ഗഫൂറിനെ അനുകൂലിച്ചും രംഗത്തുവന്നു. പർദ്ദാ നിരോധനത്തെ എതിർത്ത മുസ്ലിം സംഘടനകൾക്ക് വിചാരിക്കാതെ ലഭിച്ച ശക്തമായ പിന്തുണയാണ് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദിൽ നിന്നും ലഭിച്ചത്.

മുഖം മറച്ചുകൊണ്ടുള്ള വസ്ത്രം നിശിത വിമർശനം അർഹിക്കുന്നു. അടിച്ചേൽപ്പിക്കപ്പെടുന്ന വസ്ത്രമെന്നപോലെ, വസ്ത്രത്തിനെതിരേയുള്ള അടിച്ചേൽപ്പിക്കപ്പെടലുകളും വിമർശിക്കപ്പെടണം എന്നാണ് കെഇഎൻ പറഞ്ഞത് എങ്കിലും പർദ്ദാ നിരോധനത്തെ എതിർക്കുന്നവർക്കുള്ള ശക്തമായ ആയുധമായി കെഇഎന്നിന്റെ വാക്കുകൾ മാറി. വിവാദം സോഷ്യൽ മീഡിയകളിൽ കത്തിപ്പടരുകയും ചെയ്തു. ഈ ഘട്ടത്തിൽ മറുനാടൻ മലയാളിയോട് കെഇഎൻ മനസ് തുറന്നു.വളരെ ദീർഘമായ സംസാരത്തിൽ കേരളത്തിലെ ഇസ്ലാമിക തീവ്രവാദം, ഐസിസ്, സംഘപരിവാർ രാഷ്ട്രീയം, ഇടത്പക്ഷ മതരഹിത കാഴ്ചപ്പാടുകൾ എല്ലാം സംഭാഷണത്തിൽ കടന്നുവരുന്നു. കേരളം ഐസിസിന്റെ കേന്ദ്രമാണ് എന്ന പ്രചാരണം സംഘപരിവാർ അജണ്ടയാണെന്നു അഭിമുഖത്തിൽ കെഇഎൻ ആക്ഷേപിക്കുന്നു. ഒരു മത സമൂഹത്തെ മാത്രം ഭീകരവാദികളായി താറടിച്ചാൽ ഭീകരവാദത്തിന്നെതിരായ സമരം ചിതറിപ്പോകുമെന്നു കെഇഎൻ പറയുന്നു.അഭിമുഖത്തിലേക്ക്.

വസ്ത്രധാരണത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം മുൻപ് തന്നെ ഞാൻ വിശദമാക്കിയിട്ടുണ്ട്. നിലവിലുള്ള വിവാദങ്ങളെ അപ്രസക്തമാക്കുന്ന ഒരു സംവാദത്തിന്റെ അനിവാര്യതയാണത്. സ്ത്രീ-പുരുഷൻ എന്ന ലിംഗവിവേചനത്തെ ദൃഡപ്പെടുത്തുന്ന രീതിയിലുള്ള വസ്ത്രധാരണ രീതികളാണ് പൊതുവിൽ നിലനിൽക്കുന്നത്. പർദ്ദയാണെങ്കിലും സാരിയാണെങ്കിലും അതിനു പിന്നിൽ പുരുഷാധിപത്യ പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. നവോത്ഥാന നായകനായ ഇ.വി.രാമസ്വാമി നായ്ക്കർ പറയുന്നുണ്ട് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു വിവേചനവും കൂടാതെ തുടക്കം മുതൽ വളർത്താൻ ശ്രമിക്കണം. അവർക്ക് വ്യത്യസ്തത വസ്ത്രം പോലും നൽകരുത്.

നമ്മുടെ നാട്ടിൽ ആണ്കുട്ടിക്ക് ഒരു വസ്ത്രവും പെൺകുട്ടിക്ക് ഒരു വസ്ത്രവുമാണ്. അതിൽ പുരോഗമന വാദികൾക്ക് പോലും തർക്കമില്ല. പുരോഗമന വാദികളുടെ തർക്കം പർദ്ദ വേണോ വേണ്ടയോ എന്ന് മാത്രമായി പരിമിതപ്പെടുകയാണ്. പക്ഷെ ഞാൻ അതിനും മുന്നിൽ നിന്നുകൊണ്ട് വാദിച്ചു പോരുന്നത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലിംഗ വിവേചനമില്ലാതെ ഒരേ വസ്ത്രം, ആധുനിക കാലത്ത് യൂറോപ്പിലൊക്കെ ഒരു പരിധിവരെ നമ്മുടെ നാട്ടിലും ഒരു പരിധി വരെ ഉണർവ് ഉണ്ടായി വന്നിട്ടുണ്ട്. ഇത് വന്നാൽ വിവാദങ്ങൾ എല്ലാം അപ്രസക്തമായേക്കും. വസ്ത്രമെന്നത് ലിംഗ വിവേചനത്തെ ദൃഡപ്പെടുത്തുന്ന ഒന്നായി നിൽക്കാൻ പറ്റില്ല. സ്ത്രീകളുടെ വസ്ത്രം അത് ഏതുതരം വസ്ത്രം ആകുമ്പോഴും അത് പുരുഷ നോട്ടത്തിനുള്ള ഉപാധിയായാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

വസ്ത്രത്തിന്റെ കാര്യത്തിൽ തന്റെ ഉള്ളിലേക്ക് നോക്കി സ്ത്രീ തീരുമാനമെടുക്കണം

സ്ത്രീപക്ഷ ചിന്തകർ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിച്ച് എന്ന സംഘടനയുണ്ട്. നരകത്തിൽ നിന്നുള്ള സ്ത്രീയുടെ സാർവദേശീയ പ്രതിരോധമാണിത്. (ംശരേവ) അവർ പറയുന്നത് പുരുഷ കാഴ്ചയെ തൃപ്തിപ്പെടുത്തുന്ന വസ്ത്രമാണ് സ്ത്രീകൾ ധരിക്കുന്നത്. പുരുഷകാഴ്ചയെ തൃപ്തിപ്പെടുത്തുന്ന ശാരീരിക നിലയാണ് ഈ വസ്ത്രങ്ങൾക്കുള്ളത്. അതിൽ നിന്നൊക്കെ സ്ത്രീ വിമുക്തയായി തീർന്നാൽ സ്ത്രീ വിച്ച് ആയി തീരും എന്നാണ് ഇവർ പറയുന്നത്. വിച്ചിൽ മെമ്പർഷിപ്പ് എടുക്കേണ്ട ആവശ്യമില്ല. തന്റെ ഉള്ളിലേക്ക് നോക്കാൻ സ്ത്രീ ധീരയാവുകയാണെങ്കിൽ അവർ വിച്ചിൽ ഉൾപ്പെടും. പുരുഷാധിപത്യ കാഴ്ചയ്ക്കുള്ള അസംസ്‌കൃത വസ്തുവായിട്ടു വസ്ത്രവും ശരീരവും എല്ലാം മാറുകയാണ്. നാണം കുണുങ്ങിയുള്ള നിൽപ്പും. സാഹിത്യവും സിനിമയുമെല്ലാം ദൃഡപ്പെടുത്തിയുള്ള ഒരു സ്ത്രീ മാതൃകയുണ്ടല്ലോ. ഒരു സ്റ്റിരിയോ ടൈപ്പ് ഉണ്ടല്ലോ. സൂക്ഷ്മതലത്തിൽ തന്നെ നടക്കേണ്ട വലിയൊരു സംവാദത്തെ ചെറിയ പശ്ചാത്തലത്തിലേക്ക് വെട്ടിച്ചുരുക്കുന്നതിന്റെ പിന്നിലും ഒരു പ്രത്യയശാസ്ത്രമുണ്ട്. അത് എന്താണ് എന്ന് ചോദിച്ചാൽ മുസ്ലിം സ്ത്രീകൾക്ക് മാത്രമാണ് എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉള്ളത്. അത് ഏട്ടന്മാർ പരിഹരിച്ചു കൊടുക്കാം എന്നുള്ള രക്ഷാകർതൃത്വ മാനസികാവസ്ഥ. അത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇങ്ങിനെ സൂക്ഷമതലത്തിലുള്ള സൈദ്ധാന്തിക സംവാദമാണ് അല്ലാതെ മാർക്കറ്റിൽ നിലവിലുള്ള ഒരു ചർച്ചയിൽ ഒരഭിപ്രായം പറയലല്ല എന്റെ നിലപാട്.

പർദ്ദയിലേക്ക് വന്നാൽ മുഖം മൂടുന്ന തരത്തിലുള്ള പർദ്ദ നിശിതമായ വിമർശനത്തിന് വിധേയമാക്കേണ്ടതാണ്. ഏതെങ്കിലും ഒരു വിദ്യാലയത്തിന്റെ അകത്ത് യോഗ്യതയുണ്ടായിട്ടും ഒരു വസ്ത്രത്തിന്റെ പേരിൽ മാത്രം ഒരു വിദ്യാർത്ഥിയുടെ പ്രവേശനം നിഷേധിക്കുന്നത് വിദ്യാഭ്യാസതത്വത്തിന്റെ അടിസ്ഥാനത്തിൽ സ്വീകാര്യമല്ല. ഒരു വിദ്യാഭ്യാസ സ്ഥാപനം ചെയ്യേണ്ടത് വസ്ത്രധാരണത്തെക്കുറിച്ചുള്ള ആധുനിക സംവാദ വേദിയായി സ്വയം വികസിക്കുകയാണ്. അല്ലാതെ നിരോധന ഉത്തരവ് നൽകി ഫുൾസ്റ്റോപ്പ് ഇടുകയല്ല വേണ്ടത് മറിച്ച് ഒരു സംവാദ സാധ്യത തുറക്കണം.

കേരളം ഐസിസിന്റെ കേന്ദ്രമാണ് എന്ന പ്രചാരണം സംഘപരിവാർ അജണ്ട

ഇന്ത്യൻ സാഹചര്യങ്ങളിൽ ഒരു കാര്യം വ്യക്തമാണ്. ഇസ്ലാമോ ഫോബിയ വൻതോതിൽ നിലനിൽക്കുന്നു. പേര്, വസ്ത്രം, താടി, വിശ്വാസം. ഇതിന്റെയൊക്കെ പേരിൽ എത്രയോ നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നു. പത്തും പതിനഞ്ചും വർഷം വിചാരണയില്ലാതെ തടവിൽ കഴിഞ്ഞ ശേഷം നിരപരാധികൾ എന്ന രീതിയിൽ പുറത്തുവരുന്ന ആളുകളുണ്ട്. പ്രത്യേകിച്ച് ഒരു ഫാസിസ്റ്റ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ മുസ്ലിംങ്ങൾ അവരുടെ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിൽ വേട്ടയാടുന്നു എന്നത് വസ്തുതയാണ്. കേരളം ഐഎസിന്റെ കേന്ദ്രമാണ് എന്ന സംഘപരിവാർ പ്രചാരണം വസ്തുതാപരമല്ല എന്ന് മാത്രമല്ല അതിന്റെ പിന്നിൽ ഒരു അജണ്ട കൂടിയുണ്ട്. കമ്യൂണിസ്റ്റുകാരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ആഭ്യന്തര ശത്രുക്കളാണെന്നുള്ള സംഘപരിവാർ ഐഡിയോളജിയുടെ പ്രചാരമാണ് അവർ പുതിയ രീതിയിൽ നടത്തുന്നത്. ഐസിസിനെ ലോകത്തിലെ ഒരു മുസ്ലിം സംഘടനയും സ്വാഗതം ചെയ്യുന്നില്ല. മൊത്തം മുസ്ലിം സംഘടനകൾ തള്ളിക്കളഞ്ഞ ഒരു സംഘടനയാണ് ഐസിസ്. സയണിസ്റ്റ് സാമ്രാജ്യത്വ സൃഷ്ടിയാണ് ഐസിസ് എന്നൊരു പ്രചാരമുണ്ട്. അങ്ങിനെ സംശയിക്കപ്പെടുന്നു.

കേരളത്തിൽ ഐസിസ് ഉണ്ടോ എന്ന് അന്വേഷിക്കേണ്ടത് അതുമായി ബന്ധപ്പെട്ട ഏജൻസികളാണ്. പക്ഷെ ഇതൊരു ഐസിസ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന പ്രചാരണം അത് പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. ഏതെങ്കിലും വ്യക്തി ഐസിസുമായി ആഭിമുഖ്യം പുലർത്തുന്നുണ്ടെങ്കിൽ തീർച്ചയായും അത് ഉത്തരവാദപ്പെട്ട അന്വേഷണ സംഘം കണ്ടെത്തണം. അതല്ലാതെ രാഷ്ട്രീയ അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത്. നോഡന്റെ തന്നെ സ്റ്റേറ്റ്‌മെന്റ് വന്നിട്ടുണ്ട്. അത്തരമൊരു പശ്ചാത്തലത്തിൽ അഭ്യൂഹത്തിന്റെ പുകമറ ഇന്ത്യയിൽ സംഘപരിവാർ പരത്തുന്നുണ്ട്. അതിനെ പിന്തുണയ്ക്കുന്ന പ്രവർത്തനം മാധ്യമങ്ങൾ ഏറ്റെടുക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

മദനിക്ക് നഷ്ടമായ ഒമ്പത് വർഷങ്ങൾ ആര് തിരികെ നൽകും?

കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ടു ഒമ്പത് വർഷം മദനി തടവറയിൽ കിടന്നു. പിന്നെ മദനിയെ കുറ്റവിമുക്തനാക്കുന്നു.അപ്പോൾ മദനിക്ക് നഷ്ടമായ ഈ ഒമ്പതു വർഷം ആര് നൽകും. ഇപ്പോൾ വീണ്ടും ബംഗളൂരുവിൽ മദനി തടവിലാണ്. വിചാരണ നടത്തുന്നില്ല. ഇത്തരം കേസുകളിൽ എന്താണ് ഇത്രയും താമസം വരുന്നത്. ഈ കേസുകളെല്ലാം അടിയന്തിര പ്രാധാന്യത്തോടെ വിചാരണയ്ക്ക് എടുത്ത് കുറ്റവാളി ആണെങ്കിൽ ശിക്ഷിക്കുകയും നിരപരാധി ആണെങ്കിൽ ഉടനെ മോചിപ്പിക്കുകയും ചെയ്യണം. അവിടെയാണ് നമ്മൾ തോറ്റുപോകുന്നത്. ഓസ്ട്രേലിയയിൽ ഡോക്ടർ ഹനീഫിനെ ഭീകരവാദബന്ധത്തിന്റെ പേരിൽ സംശയിച്ച് അറസ്റ്റ് ചെയ്തു. അയാൾ നിരപരാധി ആണെന്ന കണ്ടപ്പോൾ ഉടനെ വിമോചിപ്പിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സംഭവത്തിൽ മാപ്പ് പറഞ്ഞു. വലിയ തുക നഷ്ടപരിഹാരമായി നൽകി. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത്? ഇവിടെ പ്രധാനമന്ത്രി പോയിട്ട് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ വരെ മാപ്പ് പറയുന്നില്ല. ഇങ്ങിനെ തടവറയിൽ പെട്ടവർക്ക് എന്ത് നഷ്ടപരിഹാരമാണ് നൽകുന്നത്. സമൂഹത്തിൽ ഇവരുടെ കുടുംബത്തിന്റെ അവസ്ഥ എന്താണ്? ഇവരുമായി സൗഹൃദം പുലർത്തുന്ന ആളുകളുടെ അവസ്ഥയെന്താണ്? ഇവർക്കുവേണ്ടി സംസാരിക്കുന്ന ആക്റ്റിവിറ്റ്‌സുകളുടെ അവസ്ഥയെന്താണ്? ഇന്ത്യൻ ഭരണഘടന നൽകുന്ന ജനാധിപത്യ അവകാശങ്ങളെ അനാദരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവർ നിരപരാധികൾ എങ്കിൽ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ നിയമസംവിധാനം തയ്യാറാകണം. എങ്കിൽ മാത്രമേ ഈ പ്രവണത അവസാനിക്കുകയുള്ളൂ.

കുറുക്കുവഴികൾ വഴി ഇസ്ലാമിക തീവ്രവാദത്തെ നേരിടാൻ കഴിയില്ല

മതപ്രബോധനവും പ്രചാരണവും ഒക്കെത്തന്നെ തീർച്ചയായും ഭരണഘടന അനുവദിക്കുന്ന ജനാധിപത്യ അവകാശമാണ്. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗമാണ് ഈ ഭീകരതയ്ക്ക് കാരണം എന്ന് കൃത്യമായി പറയാൻ കഴിയുന്ന തെളിവുകൾ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഏതെങ്കിലും മതചിഹ്നങ്ങൾ മാത്രമാണോ ഭീകരതയ്ക്ക് ആധാരം. സെപ്റ്റംബർ 11- ക്ളീൻ ഷേവ് ഉള്ള ഭീകരർ ആയിരുന്നു അതിലുണ്ടായിരുന്നത്. മുജാഹിദുകളാണ്, സലഫികളാണ് ഭീകര പ്രവർത്തനത്തിന് പിന്നിൽ എന്ന് പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഇവർക്കാർക്കെങ്കിലും ഭീകരവാദവുമായി ബന്ധമുണ്ടെങ്കിൽ അത് തുറന്നു കാണിക്കുകയാണ് വേണ്ടത്. ഏതെങ്കിലും വിഭാഗത്തെ മാത്രം ഇങ്ങിനെ ഭീകരവാദികളായി താറടിച്ച് കഴിഞ്ഞാൽ ഭീകരവാദികൾക്കെതിരായ സമരം ചിതറിപ്പോവുകയാണ് ചെയ്യുന്നത്. അത് ഭീകരവാദത്തിനു ചെയ്യുന്ന സൗകര്യം കൂടിയാവും.അതോടുകൂടി ഭീകരവാദത്തിന് വേറെ താവളങ്ങൾ തേടാം. ഏത് വിഭാഗത്തിൽ നിന്നും ഭീകരവാദികൾ ഉണ്ടാകാം. റിക്രൂട് ചെയ്യാനുള്ള സാധ്യതകളുണ്ട്. എന്ന് തിരിച്ചറിയുകയാണ് വേണ്ടത്.

ഭീകരവാദം രൂപം കൊള്ളുന്നത് മതത്തിൽ നിന്നല്ല പൊളിറ്റിക്കൽ ആയ അവസ്ഥയിൽ നിന്നാണ്. ഇന്ത്യയിലോ ലോകത്തോ നിലനിൽക്കുന്ന രാഷ്ട്രീയ അവസ്ഥയാണ്. സത്യത്തിൽ മതത്തെ ഭീകരവാദത്തിന് അനുകൂലമായിട്ടു വ്യാഖ്യാനിക്കുന്ന വിശദീകരിക്കുന്ന സമീപനം പുലർത്തുന്നവരുണ്ടാകും. അത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സലഫികൾ അത് ചെയ്യുന്നുണ്ടെങ്കിൽ സലഫികൾ ചോദ്യം ചെയ്യപ്പെടണം. സുന്നികൾ ആണെങ്കിൽ അതും ചോദ്യം ചെയ്യപ്പെടണം.ആർഎസ്എസ് ആണെങ്കിൽ അതും ചോദ്യം ചെയ്യപ്പെടണം. ആരാണ് മതത്തെ മാനവികതയ്ക്ക് എതിരെയുള്ള യുദ്ധ പ്രഖ്യാപനം ആക്കി മാറ്റുന്നത് അത് മുഴുവൻ ഒരേപോലെ ചോദ്യം ചെയ്യപ്പെടണം. ഭീകരവാദം രൂപംകൊള്ളാൻ ഇടയാക്കുന്ന സാധ്യതകളെ അപനിർമ്മിക്കാനുള്ള ഭാരിച്ച ജോലി ഏറ്റെടുക്കാനുള്ള ധീരത പുലർത്തണം. കുറുക്കുവഴികളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല. ഭീകരവാദം = ഇസ്ലാം= ഇസ്‌ളാമിലെ ഭീകരവാദം=സലഫിസം=സലഫിസത്തിലെ ഭീകരവാദം= ഐസിഎസ്. ഇങ്ങിനെ ഒരു കുറുക്ക് സൂത്രവാക്യം ഉണ്ടാക്കിയിട്ട് ഈ സങ്കീർണ്ണ പ്രശ്‌നത്തെ അതിന്റെ സമഗ്ര തലത്തിൽ നേരിടാൻ കഴിയില്ല.

ഇടതുബുദ്ധി ജീവികളെ മുസ്ലിം പക്ഷവാദികളായി മുദ്രകുത്തുന്നു

ഇടത് ചിന്തകന്മാർ ഇസ്ലാമിക തീവ്രവാദത്തിന്നെതിരെ മുഖം തിരിഞ്ഞ് നിൽക്കുന്നില്ല. അർത്ഥ ശൂന്യമായ പ്രചാരണമാണത്. ഇടതുപക്ഷക്കാർ എന്ന് പറയുന്നതിൽ വലിയ വിഭാഗം മതരഹിതരാണ്. ഹൈസ്‌കൂൾ തലം മുതൽ മതരഹിത ജീവിതം നയിക്കുന്നതാണ് ഞാൻ. എനിക്ക് മതവുമായി ഒരു ബന്ധവുമില്ല. മതത്തിന്നെതിരെ എഴുതുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. പക്ഷെ സംഘപരിവാറിന്റെ ഭീകരവാദത്തിന്നെതിരെയുള്ള സമീപനം സ്വീകരിക്കുന്നില്ല എന്നതുകൊണ്ട് ഞാൻ ഉൾപ്പെടെയുള്ള ഇടത്പക്ഷക്കാരെ മുഴുവൻ സംഘപരിവാറുകാർ ഭീകരവാദത്തെ അല്ലെങ്കിൽ മുസ്ലിം സമൂഹത്തെ സഹായിക്കുന്നവരാണ് എന്ന് മുദ്ര കുത്തുന്നു. ഇതൊരു സംഘപരിവാർ പ്രചാരണമാണ്. ഇന്ത്യൻ ഫാസിസത്തെക്കുറിച്ചുള്ള സാഫ്രോൺ ഫാസിസം എന്ന പുസ്തകത്തിൽ ശ്യാം ചന്ദ് പറയുന്നുണ്ട്. ആർഎസ്എസ് ആണ് ഭീകരവാദത്തിന്റെ ഇന്ത്യയിലെ മൗലിക സ്രോതസ് എന്നാണ് ഇന്ത്യൻ സാഹചര്യത്തിൽ ഉയർത്തിപ്പിടിക്കാൻ കഴിയുന്നത്.

മുസ്ലിം ഭീകരവാദത്തെ എതിർക്കാത്തതുകൊണ്ടല്ല ഏറ്റവും നിശിതമായി എതിർക്കുന്നത് ഇടതുപക്ഷം തന്നെയാണ്. മത രഹിത കാഴ്ചപ്പാട് പുലർത്തുന്നവർക്കും മത കാഴ്ചപ്പാട് പുലർത്തുന്നവർക്കും ഇടത്പക്ഷത്തിൽ ഇടമുണ്ട്. ഇടതുപക്ഷത്തിലെ ഈ രണ്ടു പക്ഷക്കാർക്കും മതഭീകരതയുമായോ മതരാഷ്ട്രീയവുമായോ പൊരുത്തപ്പെടാൻ കഴിയില്ല. അവരതിനെ വിമർശകർ തന്നെയാണ്, പക്ഷെ ഈ വിമർശനത്തിൽ ഉള്ള പ്രശ്‌നം ഒന്ന് അരാഷ്ട്രീയമായ വിമർശനം. മതഭീകരവാദത്തെ വിശകലനം ചെയ്യുമ്പോൾ സാമ്രാജ്യത്തെയും ഫാസിസത്തെയും വിശകലനം ചെയ്യേണ്ടി വരും. എന്നാൽ മതഭീകരവാദത്തെ വിശകലനം ചെയ്യുമ്പോൾ സാമ്രാജ്യത്വത്തെയും ഫാസിസത്തെയുമൊക്കെ വിശകലനം ചെയ്യാൻ പാടില്ല എന്ന കാഴ്ചപ്പാടിനോട് മതരഹിത-മതസഹിത ഇടത്പക്ഷക്കാർക്കാർ പൊരുത്തപ്പെടാൻ കഴിയില്ല.

സംഘപരിവാർ ഭീകരവാദ വിമര്ശകരാണ് എന്നത് നാട്ടിലെ വലിയ തമാശ

നിങ്ങൾ ബിൻ ലാദന്റെ പക്ഷത്താണോ ബുഷിന്റെ പക്ഷത്താണോ എന്ന് ചോദിച്ചാൽ ഞങ്ങൾ ലാദന്റെ പക്ഷത്തുമല്ല ബുഷിന്റെ പക്ഷത്തുമല്ല എന്ന് പറയുന്ന, ബിൻ ലാദനെ സൃഷ്ടിച്ച, ബുഷ് പ്രതിനിധാനം ചെയ്യുന്ന സാമ്രാജ്യത്വ രാഷ്ട്രീയത്തെയും ആ സാമ്രാജ്യത്വ രാഷ്ട്രീയത്തെ ജനാധിപത്യ മതനിരപേക്ഷ പശ്ചാത്തലത്തിൽ നിന്ന് പ്രതിരോധിക്കുന്നതിന് പകരം വ്യാജ പ്രതിരോധം വികസിപ്പിക്കുന്ന മതരാഷ്ട്രീയത്തോടും യോജിക്കുന്നില്ല എന്നതുകൊണ്ടാണ് ഇടതുപക്ഷം വേറിട്ട് നിൽക്കുന്നത്. അതുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ ഭീകരവാദ വിമർശനത്തെയാണ് സംഘപരിവാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. അതിൽ സംഘപരിവാറും പെടും. സംഘപരിവാർ ആഗ്രഹിക്കുന്നത് സംഘപരിവാറിനെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായി പരിഗണിക്കുകയും മുസ്ലിം-ദളിത്-ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട സംഘടനകളെ ദേശവിരുദ്ധ സംഘടനകൾ ആയി കാണുകയും ചെയ്യുന്ന ഒരു വിശകലന രീതിയാണ് സംഘ്പരിവാർ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തെ സൂക്ഷ്മതലത്തിൽ പ്രതിരോധിക്കുകയും വിമർശിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് എതിരെ അവർ ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം നടത്തുന്നത്.

വസ്തുതാപരമായി ഒരു ഇടത്പക്ഷക്കാരൻ ഭീകരവാദവുമായി ഐക്യപ്പെട്ടു എന്ന് അവർക്ക് തെളിയിക്കാൻ കഴിയില്ല. സംഘപരിവാർ ഒരു നവ ഫാസിസ്റ്റ് പ്രസ്ഥാനമാണ് എന്ന വസ്തുത 48 ലെ ഗാന്ധി വധം മുതൽ, ബാബരി മസ്ജിദ് തകർച്ച, ഗുജറാത്ത് വംശഹത്യ, ഒഡീഷ വംശഹത്യ, വിവിധ വർഗീയ കലാപങ്ങൾ ഇതിലെല്ലാം പങ്ക് വഹിച്ചുള്ള രാഷ്ട്രീയ പ്രസ്ഥാനം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഭീകരവാദ വിമർശകരാണ്. അവർക്ക് യഥാർത്ഥത്തിൽ ഭീകരവാദത്തെ വിമർശിക്കാൻ കഴിയില്ല. സംഘപരിവാർ ഭീകരവാദ വിമർശകരാണ് എന്നതാണ് നാട്ടിലെ ഏറ്റവും വലിയ തമാശ. യഥാർത്ഥത്തിൽ അവർ ഭീകരവാദത്തോട് ചേർന്നാണ് നിൽക്കുന്നത്. ആർഎസ്എസിന് ഭീകരവാദത്തെ എതിർക്കാൻ കഴിയില്ല.അവർ ഭീകരവാദത്തോട് ചേർന്ന് നിൽക്കുകയാണ് ചെയ്യുന്നത്.

ആർഎസ്എസ് വേദിയിൽ കെഇഎൻ എത്തുന്നത് പൂഴ്‌ത്തിവയ്ക്കുന്നു

ഇടത് ബുദ്ധിജീവികൾ സംഘപരിവാർ വേദികളിൽ എത്തുന്നില്ലാ എന്നത് വാസ്തവവിരുദ്ധമാണ്. രാമൻപിള്ളയുമായും ശ്രീധരൻപിള്ളയുമായും ഒട്ടനവധി വേദികൾ ഞാൻ പങ്കിട്ടുണ്ട്. ശ്രീധരൻ പിള്ളയോട് ചോദിച്ചാൽ ഈ കാര്യം അറിയാം. ബി.ഗോപാലകൃഷ്ണൻ ഇപ്പോൾ വിവാദങ്ങളുമായി നിറഞ്ഞു നിൽക്കുന്നുണ്ട്. ബി.ഗോപാലകൃഷ്ണൻ ഒന്നുമല്ലാതിരുന്ന കാലത്ത് എത്രയോ വേദികൾ ബി.ഗോപാലകൃഷ്ണനുമായി ഞാൻ പങ്കിട്ടുണ്ട്. പട്ടാമ്പിയിലെ ഒരു വേദിയായിരുന്നു ഇത്. അന്ന് ഇടതുപക്ഷക്കാരന്റെ വീട്ടിൽ ഞങ്ങൾ പരിപാടി കഴിഞ്ഞു ഒരുമിച്ചാണ് ഭക്ഷണം കൂടി കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോഴും ദേശീയതയെക്കുറിച്ചുള്ള സംവാദം ഞങ്ങൾ തുടർന്നിട്ടുണ്ട്.

ബി.ഗോപാലകൃഷ്ണനുമായി കെഇഎൻ വേദി പങ്കിട്ടു. ഒരുമിച്ച് ഭക്ഷണം കഴിച്ചു, സൗഹൃദം പങ്കുവെച്ചു എന്നൊക്കെ ഒരു പോപ്പുലർ ഫ്രണ്ട്കാരനോ മുസ്ലിം രാഷ്ട്രീയത്തിൽ നിന്നുമുള്ള ഒരാളോ പറഞ്ഞാൽ അത് എത്ര അസംബന്ധമാണ്. ഇങ്ങിനെ ആക്ഷേപം ഉന്നയിക്കുന്ന പോപ്പുലർ ഫ്രണ്ട്കാരനും സംഘപരിവാറുകാരനും വേദികൾ പങ്കുവെയ്ക്കുന്നില്ലേ? പോപ്പുലർ ഫ്രണ്ടിന്റെ സംവാദവേദികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. സംഘപരിവാർ സംവാദവേദികളിൽ വളരെ അപൂർവമായി മാത്രമേ എന്നെ വിളിച്ചിട്ടുള്ളൂ. അവർ വിളിക്കാതെ നമുക്ക് പങ്കെടുക്കാൻ കഴിയുമോ? ചിദാനന്ദപുരി ആത്മീയ നേതാവ് എന്ന നിലയിൽ മുൻപേ പ്രശസ്തനാണ്. പക്ഷെ ഇപ്പോൾ അദ്ദേഹം രാഷ്ട്രീയവിവാദത്തിലേക്ക് കടന്നുവന്നപ്പോൾ മാധ്യമങ്ങൾക്ക് ഇപ്പോൾ അദ്ദേഹം കൂടുതൽ പരിചിതനായിട്ടുണ്ട്. ചിദാനന്ദപുരിയുടെ ആളുകൾ എന്നെ കാണാൻ വന്നിരുന്നു. ഒരു പൊതു സംവാദത്തിൽ കെഇഎൻ പങ്കെടുക്കുമോ എന്നാണ് ചോദിച്ചത്. ഞാൻ പറഞ്ഞു. പങ്കെടുക്കുന്നതിൽ എന്താണ് കുഴപ്പം? ചിദാനന്ദപുരിയും ഞാനും തമ്മിലുള്ള സംവാദത്തിനു മോഡറേറ്റർ ആയത് കേസരിയിലെ ഡോക്ടർ മധു ആയിരുന്നു. സംഘപരിവാർ കാഴ്‌ച്ചപ്പാട് പുലർത്തുന്നവർ ആയിരുന്നു സദസിൽ ഭൂരിപക്ഷവും. അതിൽ ഞാൻ പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ അർത്ഥ ശൂന്യം എന്ന് പറയുന്നത്.

ഇപ്പോൾ നടക്കുന്നത് ഇതാണ്. സംഘപരിവാർ വേദിയിലേക്ക് എന്നെ വിളിക്കാതിരിക്കുക. എന്നിട്ട് പങ്കെടുക്കുന്നില്ലാ എന്ന് പറയുക. മറ്റാരെങ്കിലും നമ്മളെ വിളിക്കുക. അപ്പോൾ ആരോപണം ഉന്നയിക്കുക. ഇതാണ് നടക്കുന്നത്. ഞാൻ സംഘപരിവാർ വേദിയിൽ പങ്കെടുത്താലും മുസ്ലിം വേദിയിൽ പങ്കെടുത്താലും ഞാൻ എന്റെ അഭിപ്രായമാണ് പറയുന്നത്. എന്റെ അഭിപ്രായം പറയാൻ ജനാധിപത്യ പരമായി അനുവദിക്കുന്നിടത്തോളം കാലം എനിക്ക്, ഞാനെന്ന ഇടതുപക്ഷക്കാരന് ഏതു വേദിയിലും പങ്കെടുക്കാമല്ലോ. മുസ്ലിം വേദികളിൽ ഞാൻ എത്തുമ്പോൾ ഇടതുപക്ഷക്കാരൻ എന്ന പരിഗണനയാണ് അവർ നൽകുന്നത്. ബാങ്ക് വിളിക്കുന്ന സമയത്ത് എനിക്ക് സ്വതന്ത്രമായി ഇരിക്കാനുള്ള സൗകര്യം മുസ്ലിം സംഘടനകൾ ഒരുക്കി നൽകാറുണ്ട്. മത രഹിതനായ മാർക്‌സിസ്റ്റ് എന്ന് അംഗീകരിച്ചുകൊണ്ടാണ് മുസ്ലിം സംഘടനകൾ എനിക്ക് ക്ഷണം നീട്ടുന്നത്. ആർഎസ്എസ് വേദിയിൽ കെഇഎൻ എത്തുന്നത് പൂഴ്‌ത്തിവയ്ക്കുകയും മുസ്ലിം സംഘടനകളുടെ വേദിയിൽ എത്തുന്നത് വലിയ ഭീകരകൃത്യമായി വരുത്തി തീർക്കുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് തുറന്നുകാട്ടപ്പെടേണ്ടത്-കെഇഎൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP