Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണക്കുകൾ പരിശോധിച്ചപ്പോൾ മനസ്സിലായത് അഞ്ച് ലക്ഷം രൂപയുടെ കളവ്; ഫണ്ട് കൈകാര്യം ചെയ്ത കൊല്ലത്തെ ബ്ലോക്ക് സെക്രട്ടറിയോട് പണം തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തൽ തുടങ്ങി; ഫോണിലൂടെ അസഭ്യവും പറഞ്ഞപ്പോൾ കളി കാര്യമായി; സ്ഥാനാർത്ഥി പരാതിയുമായി എത്തിയപ്പോൾ പൃഥ്വിരാജിനെ സസ്‌പെന്റ് ചെയ്ത് ബിന്ദു കൃഷ്ണ; കാസർഗോട്ടെ കത്തിക്കയറലിനിടെ പറ്റിച്ച കപ്പലിലെ കള്ളനെ പിടിച്ചു കെട്ടാനുറച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ; ആരോപണം നിഷേധിച്ച് പൃഥ്വിരാജും

കണക്കുകൾ പരിശോധിച്ചപ്പോൾ മനസ്സിലായത് അഞ്ച് ലക്ഷം രൂപയുടെ കളവ്; ഫണ്ട് കൈകാര്യം ചെയ്ത കൊല്ലത്തെ ബ്ലോക്ക് സെക്രട്ടറിയോട് പണം തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തൽ തുടങ്ങി; ഫോണിലൂടെ അസഭ്യവും പറഞ്ഞപ്പോൾ കളി കാര്യമായി; സ്ഥാനാർത്ഥി പരാതിയുമായി എത്തിയപ്പോൾ പൃഥ്വിരാജിനെ സസ്‌പെന്റ് ചെയ്ത് ബിന്ദു കൃഷ്ണ; കാസർഗോട്ടെ കത്തിക്കയറലിനിടെ പറ്റിച്ച കപ്പലിലെ കള്ളനെ പിടിച്ചു കെട്ടാനുറച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ; ആരോപണം നിഷേധിച്ച് പൃഥ്വിരാജും

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ഫണ്ട് മോഷണംപോയെന്ന യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാതിയിന്മേൽ കൊല്ലം കുണ്ടറയിലെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പൃഥ്വിരാജിന് സസ്‌പെൻഷൻ. ഇതുസംബന്ധിച്ച് മണ്ഡലം, ബ്ലോക്ക് സെക്രട്ടറിമാരുടെ അന്വേഷണറിപ്പോർട്ടിന്മേലാണ് നടപടിയെന്ന് കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ഉണ്ണിത്താൻ പരാതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാൾ കേസിലും കുടുങ്ങും.

അഞ്ചുലക്ഷം രൂപയോളം കളവുപോയിട്ടുണ്ടെന്നാണ് പരാതിയിലുള്ളത്. തിരഞ്ഞെടുപ്പുകാലയളവിൽ ഉണ്ണിത്താന്റെ സഹായിയായിരുന്നു പൃഥ്വിരാജ്. തിരഞ്ഞെടുപ്പുകണക്കുകൾ പരിശോധിച്ചപ്പോഴാണ് അഞ്ചുലക്ഷത്തിന്റെ കുറവ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഫണ്ടുകൾ കൈകാര്യംചെയ്തത് പൃഥ്വിരാജായിരുന്നു. നഷ്ടമായ പണം തിരിച്ചുനൽകണമെന്ന് ഇയാളോട് പലതവണ ആവശ്യപ്പെട്ടുവെങ്കിലും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. അതേസമയം ഇതുസംബന്ധിച്ച് പ്രതികരിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ തയ്യാറായില്ല.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മേൽപ്പറമ്പിലെ വാടക വീട്ടിലായിരുന്നു ഉണ്ണിത്താന്റെ താമസം. പ്രചാരണത്തിനായി കൊല്ലത്ത് നിന്നും പാർട്ടി പ്രവർത്തകരും സുഹൃത്തുകളും എത്തിയിരുന്നു. ഇതിൽ ഒരു പ്രാദേശിക നേതാവ് തെരഞെടുപ്പ് ഫണ്ടിൽ നിന്നും എട്ട് ലക്ഷത്തോളം രൂപാ മോഷ്ടിച്ചെന്നാണ് ആരോപണം. തിരികെ ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഉണ്ണിത്താൻ അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്തെത്തി ഈ നേതാവിനോട് പണത്തിന്റെ കണക്ക് ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാതിരുന്നതോടെയാണ് പരാതി നൽകിയത്. ഭീഷണി കോൾ വന്ന ഫോൺ നമ്പറടക്കം പരാതിയിലുണ്ട്. പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് എസ്‌ഐയെ ചുമതലപ്പെടുത്തി. പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിക്കുമ്പോഴും ഉണ്ണിത്താൻ പ്രതികരിക്കാൻ തയ്യാറാകുന്നില്ല.

രാജ്‌മോഹൻ ഉണ്ണിത്താനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായിട്ടാണ് കൊല്ലത്ത് നിന്ന് നേതാവ് എത്തിയത്. ഉണ്ണിത്താന്റെ വിശ്വസ്തനായി ചമഞ്ഞ് ഫണ്ട് കൈകാര്യം ചെയ്യലും തുടങ്ങി. പ്രചരണം കഴിഞ്ഞ ശേഷമാണ് വൻ തോതിൽ ഫണ്ട് നഷ്ടമായെന്ന് ഉണ്ണിത്താൻ അറിഞ്ഞതും. ഇതോടെ കൃത്യമായി അന്വേഷിച്ച് പണം പോയ വഴി കണ്ടെത്തി. ഇതിന് ശേഷമാണ് പരാതിയുമായി എത്തിയത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവരുമായി സംസാരിച്ചാണ് പരാതി നൽകിയത്. പാർട്ടിക്കും പൊലീസിനും ഇത് കൈമാറി. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജിനെതിരെ കൊല്ലം ഡിസിസി നടപടി എടുത്തത്.

അതിനിടെ രാജ്‌മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി പൃഥ്വിരാജ് രംഗത്ത് വന്നു. തനിക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് പൃഥിരാജ് പറഞ്ഞു. ഏതു പണമാണ് താൻ മോഷ്ടിച്ചതെന്ന് ഉണ്ണിത്താൻ വ്യക്തമാക്കണം. ആരോപണം തെളിയിക്കാൻ ഉണ്ണിത്താനെ വെല്ലുവിളിക്കുന്നുവെന്നും പൃഥ്വിരാജ് കൊല്ലത്ത് പറഞ്ഞു. കാസർഗോട്ടെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ അദ്ദേഹത്തിന്റെ വിശ്വാസത്തെ മറച്ചുവെച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ ഇടുന്ന കുറി അദ്ദേഹത്തിന്റെ ദൈവത്തിന്റേതാണെന്നാണ് പറയുന്നത്. താങ്കൾ എന്തിന് വേണ്ടിയാണ് കുറി മായ്ച്ചത്? കാസർഗോട്ടെ ന്യൂനപക്ഷങ്ങളെ കളിപ്പിക്കുന്നതിന് വേണ്ടിയല്ലേ കുറി മായ്ച്ചത്?-ഇങ്ങനെയുള്ള ചോദ്യങ്ങളാണ് പൃഥ്വിരാജ് ഉയർത്തുന്നത്.

നെഞ്ചിൽ കൈവെച്ച് പറയാൻ സാധിക്കുമോ എന്തിനാണ് കുറി നീക്കിയതെന്ന്? ദൈവം തമ്പുരാൻ ഉറങ്ങി വന്നു പറഞ്ഞാലും താങ്കൾ വിശ്വാസത്തെ മാറ്റാൻ പാടില്ലായിരുന്നു. താൽക്കാലിക ലാഭത്തിന് വേണ്ടി, കാസർഗോട്ടെ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതിന് വേണ്ടിയാണ് താങ്കൾ കുറിമായ്ച്ചതെന്ന് താൻ വിശ്വസിക്കുന്നു. അതിന് തെളിവാണ് താൻ. തനിക്കറിയാം താങ്കൾ എന്താണ് പറഞ്ഞതെന്ന്. ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി തന്നെയും കുടുംബത്തേയും അപമാനിക്കാൻ ശ്രമിച്ചാൻ കൊല്ലത്തെ ജനങ്ങൾ അത് വിശ്വസിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP