Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹുവാ തോ ഹുവ...! പിത്രോദയുടെ നാക്കുപിഴ പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും ആളിക്കത്തിച്ച് മോദി; അധികാര മാറ്റം ഉറപ്പാക്കാൻ അതിവേഗം പിത്രോദയെ തള്ളി പറഞ്ഞ് രാഹുൽ ഗാന്ധിയും; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ പരിധി ലംഘിച്ചുവെന്നും പിത്രോദ മാപ്പുപറയണമെന്നും രാഹുൽ വ്യക്തമാക്കിയത് സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയെന്നും വിശദീകരിച്ച്; 1984ലെ കൂട്ടക്കൊല ഇന്നും ചൂടേറിയ പ്രചരണ വിഷയം; മോദിയുടെ പ്രചരണത്തെ കോൺഗ്രസ് തകർത്തെറിഞ്ഞത് ഇങ്ങനെ

ഹുവാ തോ ഹുവ...! പിത്രോദയുടെ നാക്കുപിഴ പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും ആളിക്കത്തിച്ച് മോദി; അധികാര മാറ്റം ഉറപ്പാക്കാൻ അതിവേഗം പിത്രോദയെ തള്ളി പറഞ്ഞ് രാഹുൽ ഗാന്ധിയും; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ പരിധി ലംഘിച്ചുവെന്നും പിത്രോദ മാപ്പുപറയണമെന്നും രാഹുൽ വ്യക്തമാക്കിയത് സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയെന്നും വിശദീകരിച്ച്; 1984ലെ കൂട്ടക്കൊല ഇന്നും ചൂടേറിയ പ്രചരണ വിഷയം; മോദിയുടെ പ്രചരണത്തെ കോൺഗ്രസ് തകർത്തെറിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു സാം പിത്രോദ നടത്തിയ പരാമർശം സിഖ് സ്വാധീനമേഖലകളിൽ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിൽ നിറഞ്ഞു. കോൺഗ്രസിനെല്ലാം 'ഹുവാ തോ ഹുവ' (കഴിഞ്ഞതു കഴിഞ്ഞു) രീതിയാണെന്നു കുറ്റപ്പെടുത്തിയ മോദി, പരിഹാസ ശബ്ദത്തിൽ 'ഹുവാ തോ ഹുവ' എന്ന് പ്രസംഗത്തിലുടനീളം ആവർത്തിക്കുകയും ചെയ്തു. സിഖ് സ്വാധീനമേഖലയായ ഹരിയാന, ഡൽഹി, പഞ്ചാബ് എന്നിവ അടക്കം മേഖലകളിലെ വോട്ടെടുപ്പിനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ നീക്കം. ഇത് കോൺഗ്രസിനെ വെട്ടിലാക്കി. കോൺഗ്രസ് തൂത്തുവാരൽ പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ട് അതിവേഗം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇടെപെട്ടു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പരാമർശം നടത്തിയ സാം പിത്രോദ രാഹുലിന്റെ ഗുരു തുല്യനാണ്. അപ്പോഴും പിത്രോദയെ രാഹുൽ തള്ളി പറഞ്ഞു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ സാം പിത്രോദയുടെ പരാമർശം പരിധി ലംഘിച്ചുവെന്നും പിത്രോദ മാപ്പുപറയണമെന്നും രാഹുൽ വ്യക്തമാക്കി. സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെ ഇനി ഈ വിവാദം ചർച്ചയാക്കാൻ ബിജെപിക്ക് കഴിയാത്ത അവസ്ഥ വരികയാണ്. ഇതിന് വേണ്ടി കൂടിയാണ് കരുതലോടെ പിത്രോദയെ രാഹുൽ തള്ളി പറയുന്നതും. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഓരോ വോട്ടും നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയിലെ സിഖ് സമൂഹത്തിന്റെ വോട്ടുകൾ പഞ്ചാബിലും മറ്റും കോൺഗ്രസിന് അതിനിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് രാഹുൽ അതിവേഗം പിത്രോദയെ തള്ളി പറഞ്ഞത്.

സാം പിത്രോദയുടെ അഭിപ്രായത്തെ കോൺഗ്രസ് പാർട്ടി തന്നെ നേരത്തേ തള്ളിയിരുന്നു. വ്യക്തികളുടെ അഭിപ്രായങ്ങൾ കോൺഗ്രസിന്റെ നിലപാടുകളല്ലെന്നായിരുന്നു കോൺഗ്രസ് വിഷയത്തിൽ പ്രതികരിച്ചത്. തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു നടത്തിയ പരാമർശത്തിൽ സാം പിത്രോദ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ വാക്കുകൾ തെറ്റായി അവതരിപ്പിക്കുകയായിരുന്നെന്ന് പിത്രോദ വ്യക്തമാക്കിയിരുന്നു. നിരവധി വിഷയങ്ങൾ വേറെ ചർച്ച ചെയ്യാനുണ്ടെന്നാണു പറഞ്ഞത്. ബിജെപി സർക്കാർ ചെയ്ത കാര്യങ്ങൾ ചർച്ചയാകേണ്ടതാണ്.അഭിപ്രായം തെറ്റായി അവതരിപ്പിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു സാം പിത്രോദ പറഞ്ഞു.

എന്നാൽ ബിജെപി ഇതിന് അതിന് ശേഷവും ആയുധമാക്കി. മോദി തന്നെ പ്രചരണത്തിൽ നിറച്ചു. '1984 ലെ സിഖ് വിരുദ്ധ കലാപം സംഭവിച്ചു പോയി എന്നാണ് ഗാന്ധി കുടുംബത്തിനു വേണ്ടപ്പെട്ട നേതാവു പറഞ്ഞത്. രാജീവ് ഗാന്ധിയുടെ സുഹൃത്തും രാഹുൽ ഗാന്ധിയുടെ ഗുരുവുമാണ് അദ്ദേഹം. ഡീസലും പെട്രോളും ഒഴിച്ചു നൂറുകണക്കിനു സിഖുകാരെയാണ് കത്തിച്ചുകളഞ്ഞത്. ഹരിയാനയിലും ഹിമാചൽപ്രദേശിലും മധ്യപ്രദേശിലും യുപിയിലും സിഖുകാരെ തിരഞ്ഞുപിടിച്ച് അക്രമിച്ചു. ഓരോ കോൺഗ്രസുകാരനും ഈ പാപത്തിന് ഉത്തരവാദികളാണ്.എന്നിട്ട് ഹുവാ തോ ഹുവ എന്നാണ് അവർ പറയുന്നത് മോദി പറഞ്ഞു. ദേശസുരക്ഷയും ഹിന്ദുത്വവും ലക്ഷ്യമിട്ടുള്ള പ്രസ്താവനകളും മോദി പ്രസംഗത്തിൽ ആവർത്തിച്ചു. ഇതോടെയാണ് രാഹുലും അതിശക്തമായി പിത്രോദയ്‌ക്കെതിരെ രംഗത്ത് വന്നത്.

സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് ചോദിച്ചപ്പോൾ സാം പിത്രോദ പറഞ്ഞതിങ്ങനെ- ഞാൻ അങ്ങനെ കരുതുന്നില്ല. അതു മറ്റൊരു നുണയാണ്. 1984ൽ എന്താണ്?. അഞ്ച് വർഷം കൊണ്ടുചെയ്ത കാര്യങ്ങളെക്കുറിച്ചു നിങ്ങൾ പറയൂ.- പിത്രോദ പറഞ്ഞു. 1984ൽ നടന്ന കാര്യമാണ് അത്. അതിനെന്താണ്? നിങ്ങളെന്താണു ചെയ്തത്- ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു സാം പിത്രോദ പറഞ്ഞുതാണ് വിവാദമായത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അംഗരക്ഷകർ കൊലപ്പെടുത്തിയതിനെ തുടർന്നു പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 3,000ത്തോളം പേരാണ് മരിച്ചത്. പിത്രോദയെ പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദർ സിംഗും തള്ളി പറഞ്ഞിരുന്നു. കലാപത്തിനു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസാണ് നിർദ്ദേശം നൽകിയതെന്ന ബിജെപിയുടെ ആരോപണത്തിനു പിന്നാലെ പിത്രോദ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദത്തിനു തിരിതെളിച്ചു. ഈ സാഹചര്യത്തിലാണ് രാഹുൽ തന്നെ നിലപാട് വ്യക്തമാക്കിയെത്തിയത്.

പിത്രോദയ്‌ക്കെതിരെ ശക്തമായ വിമർശനമാണ് ബിജെപി നേതാക്കൾ ഉന്നയിച്ചത്. കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് പറഞ്ഞ ഈ വാക്കുകൾ പാർട്ടിയുടെ ധാർഷ്ട്യമാണു കാണിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചിരുന്നു. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരും പിത്രോദയ്‌ക്കെതിരെ രംഗത്തെത്തി. കലാപത്തിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പു പറയണമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ആവശ്യപ്പെട്ടു. സിഖുകാരെ കൂട്ടക്കൊല ചെയ്തതിൽ കോൺഗ്രസിനു കുറ്റബോധമില്ലെന്നതിന്റെ തെളിവാണു പരാമർശമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. സിഖുകാർക്കെതിരെ അപമാനകരമായ പരാമർശം നടത്തിയ കോൺഗ്രസിനൊപ്പം തുടരുമോ എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കണമെന്ന് അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ ആവശ്യപ്പെട്ടു.

താൻ പറഞ്ഞത് ബിജെപി വളച്ചൊടിച്ചെന്നു പിത്രോദ പ്രതികരിച്ചു. 'വസ്തുതകൾ മറച്ചുവച്ച്, തോൽവികളിൽ നിന്ന് ഒളിച്ചോടുകയാണു ബിജെപി. 1984 ലെ കലാപത്തിൽ സിഖ് സഹോദരങ്ങൾ അനുഭവിച്ച വേദന ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, അവയെല്ലാം ഭൂതകാല സംഭവങ്ങളാണ്. ഈ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 5 വർഷം മോദി ചെയ്ത കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്. രാജീവ് ഗാന്ധിയും രാഹുലും മതത്തിന്റെ പേരിൽ ഏതെങ്കിലും സമൂഹത്തെ ലക്ഷ്യമിടില്ല. എത്ര നുണ പ്രചരിപ്പിച്ചാലും സത്യം വിജയിക്കും' - പിത്രോദ പിന്നീട് ട്വിറ്ററിൽ കുറിച്ചു. അതിനിടെ പിത്രോദയെ തള്ളി കോൺഗ്രസ് രംഗത്ത് വന്നു. ഏതെങ്കിലും വ്യക്തികളുടെ അഭിപ്രായം കോൺഗ്രസിന്റേതല്ലെന്നു പാർട്ടി വ്യക്തമാക്കി. പിത്രോദ മാപ്പു പറയണമെന്നു രാഹുൽ ഗാന്ധിയും പറഞ്ഞു. മൻ മോഹൻ സിങ്ങും സോണിയാഗാന്ധിയും കലാപത്തിന്റെ പേരിൽ ക്ഷമാപണം നടത്തിയതാണ്. കലാപത്തിലെ ഇരകൾക്കു നീതി ഉറപ്പാക്കാൻ എക്കാലവും പരിശ്രമിച്ച പാർട്ടിയാണു കോൺഗ്രസ് - രാഹുൽ പറഞ്ഞു.

സിഖ് വിരുദ്ധ കലാപത്തിനൊപ്പം 2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരകൾക്കും നീതി ഉറപ്പാക്കാനും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമുള്ള ശ്രമങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP