Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തപാൽ വോട്ട് അട്ടിമറി വിവാദത്തിന് പിന്നാലെ കണ്ണൂർ എ.ആർ ക്യാമ്പിലും കള്ളവോട്ട്; പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്ന രണ്ട് ഉദ്യോഗസ്ഥരാണ് കള്ളവോട്ട് ചെയ്തതെന്നും സൂചന; വനിതാ പൊലീസുകാരുടെ പോസ്റ്റൽ വോട്ട് രണ്ട് പുരുഷ ഉദ്യോഗസ്ഥർ നിർബന്ധപൂർവ്വം വാങ്ങുകയായിരുന്നുവെന്നും വിവരം

തപാൽ വോട്ട് അട്ടിമറി വിവാദത്തിന് പിന്നാലെ കണ്ണൂർ എ.ആർ ക്യാമ്പിലും കള്ളവോട്ട്; പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്ന രണ്ട് ഉദ്യോഗസ്ഥരാണ് കള്ളവോട്ട് ചെയ്തതെന്നും സൂചന; വനിതാ പൊലീസുകാരുടെ പോസ്റ്റൽ വോട്ട് രണ്ട് പുരുഷ ഉദ്യോഗസ്ഥർ നിർബന്ധപൂർവ്വം വാങ്ങുകയായിരുന്നുവെന്നും വിവരം

രഞ്ജിത് ബാബു

കണ്ണൂർ: പൊലീസിലെ കള്ളവോട്ട് കണ്ണൂരിലും. സംസ്ഥാനത്തിന് മൊത്തത്തിൽ നാണക്കേടായ പൊലീസിലെ കള്ളവോട്ട് കണ്ണൂരിലും നടന്നതായി വിവരം. കണ്ണൂർ എ.ആർ. ക്യാമ്പിലാണ് വ്യാപകമായി കള്ളവോട്ട് നടന്ന വിവരം പുറത്തായത്. എ.ആർ ക്യാമ്പിലെ പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്ന രണ്ട് പൊലീസുകാരാണ് കള്ളവോട്ട് ചെയ്തത്. ഇവിടെ 20 വനിതാ പൊലീസുകാർ അറ്റാച്ട് ഡ്യൂട്ടിയിലുണ്ട്. അടുത്ത കാലത്ത് ട്രെയിനിങ് പൂർത്തിയാക്കിയവരാണ് ഈ വനിതാ പൊലീസുകാർ. ഇവരുടെ പോസ്റ്റൽ വോട്ട് നിർബന്ധ പൂർവ്വം പുരുഷ പൊലീസുകാർ വാങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇതിൽ ഒരു പോസ്റ്റൽ വോട്ട് വഴിയരികിൽ നിന്ന് ഒരു യാത്രക്കാരന് ലഭിച്ചതോടെയാണ് പൊലീസിലെ കള്ളവോട്ട് വിവരം പുറത്തായത്.

കണ്ണൂർ, വടകര, കാസർഗോഡ് ഉൾപ്പെടെയുള്ള അഞ്ച് ലോകസഭാ മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ടുകൾ തട്ടിയെടുത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ഇടത് അനുകൂല പൊലീസ് അസോസിയേഷൻ തീരുമാനിച്ചതായി അറിയുന്നത്. അതിന്റെ ഭാഗമായാണ് കണ്ണൂരിലും പൊലീസുകാർ കള്ളവോട്ട് ചെയ്തത്. ഡി.ജി.പി. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിൽ കണ്ണൂരിലെ കള്ളവോട്ടു സംബന്ധിച്ചും വിവരമുണ്ടെന്നാണ് അറിയുന്നത്. അതോടെ എ.ആർ ക്യാമ്പിലെ രണ്ട് പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

തപാൽ വോട്ട് അട്ടിമറി സംബന്ധിച്ച് സംസ്ഥാനത്ത് ഒരു പൊലീസുകാരനെതിരെ കേസും അച്ചടക്ക നടപടിയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ നിർദ്ദേശിച്ചിരിക്കയാണ്. മറ്റ് നാലുപേർക്കെതിരെ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പൊലീസ് അസോസ്ിയേഷന് തപാൽ വോട്ട് അട്ടിമറിയിൽ പങ്കുണ്ടെന്ന് പ്രഥമ ദൃഷ്ടിയാ വ്യക്തമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടിയിരുന്നു. അതനുസരിച്ച് ഈ മാസം 15 നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഡി.ജി.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് പൊലീസുകാരുടെ ബാലറ്റുകൾ സ്വന്തം വിലാസത്തിൽ സ്വീകരിച്ച് വോട്ട് ചെയ്ത കുറ്റത്തിന് ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കാം. തപാൽ ബാലറ്റ് കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യണമെന്ന ഡി.ജി. പി.യുടെ സർക്കുലർ പാലിക്കുന്നതിൽ ജില്ലാ നോഡൽ ഓഫീസർമാർ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നതും അന്വേഷണ വിധേയമാക്കും. സംസ്ഥാന വ്യാപകമായി നടന്ന പൊലീസിലെ തപാൽ വോട്ട് അട്ടിമറിയിൽ സംഘടനാ നേതൃത്വത്തിലുള്ള പ്രധാനികൾക്ക് കൂട്ടായ പങ്കുണ്ടെന്നാണ് ആരോപണമുയർന്നിട്ടുള്ളത്. ഇത്രയും പേർ തപാൽ വോട്ട് അട്ടിമറിക്ക് വിധേയമായ സംഭവത്തിൽ ജില്ലകൾ തോറും ഓരോ ബറ്റാലിയനിലെ അസോസിയേഷൻ ഭാരവാഹികൾക്കും വ്യക്തമായ പങ്കുണ്ടെന്നാണ് ആരോപണമുയരുന്നത്.

എന്നാൽ വിരലിലെണ്ണാവുന്നവർക്ക് എതിരെ മാത്രം അന്വേഷണ നടപടി സ്വീകരിച്ച ഡി.ജി. പി.യുടെ നിലപാടിനെതിരെ സേനക്കുള്ളിൽ അമർഷം പുകയുന്നുണ്ട്. വോട്ട് തട്ടിപ്പിന് നേതൃത്വം നൽകിയ അസോസിയേഷൻ നേതാക്കളെ രക്ഷിക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം. ഡി.ജി.പി. നൽകിയ റിപ്പോർട്ടിലും അസോസിയേഷൻ നേതാക്കൾക്കെതിരെ പരാമർശമൊന്നുമില്ലാത്തത് ഇതിന് തെളിവാണെന്ന് സേനയിലെ ഒരു വിഭാഗം ആരോപിക്കുന്നു. തുടരന്വേഷണത്തിൽ കുറ്റവാളികൾക്കെതിരെ മൊഴി നൽകാൻ പൊലീസുകാർ ഭയപ്പെടുകയാണ്. ആരെങ്കിലും വസ്തുതകൾ പുറത്തുകൊണ്ടു വരുവാൻ ശ്രമിച്ചാൽ പോലും അധികാരമുപയോഗിച്ച് നിലക്കു നിർത്താൻ കഴിയുമെന്നതാണ് പൊലീസ് സേനയിലെ അവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP