Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃണമൂലിന്റെ തല്ല് സഹിക്കാനാവാതെ ബംഗാളിലെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ! പാർട്ടി ഓഫീസുകൾ ഒന്നടങ്കം ബിജെപി ഓഫീസ് ആകുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബൂത്ത് ഏജന്റുമാർ ആവാനും സിപിഎം പ്രവർത്തകർ; കഴിഞ്ഞ തവണത്തെ രണ്ടു സീറ്റുപോലും നിലനിർത്താൻ ആവില്ലെന്ന് വന്നയോടെ മമതയെ തോൽപ്പിക്കാൻ കാവിപ്പടക്ക് സമ്പൂർണ പിന്തുണ നൽകി ഇടതു അനുഭാവികൾ; സഖാവിൽ നിന്ന് സംഘിയിലേക്ക് ബംഗാളിലെ പാർട്ടി അനുഭാവികൾ പരിണമിക്കുന്നതിൽ ഞെട്ടലോടെ സിപിഎം

തൃണമൂലിന്റെ തല്ല് സഹിക്കാനാവാതെ ബംഗാളിലെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ! പാർട്ടി ഓഫീസുകൾ ഒന്നടങ്കം ബിജെപി ഓഫീസ് ആകുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബൂത്ത് ഏജന്റുമാർ ആവാനും സിപിഎം പ്രവർത്തകർ; കഴിഞ്ഞ തവണത്തെ രണ്ടു സീറ്റുപോലും നിലനിർത്താൻ ആവില്ലെന്ന് വന്നയോടെ മമതയെ തോൽപ്പിക്കാൻ കാവിപ്പടക്ക് സമ്പൂർണ പിന്തുണ നൽകി ഇടതു അനുഭാവികൾ; സഖാവിൽ നിന്ന് സംഘിയിലേക്ക് ബംഗാളിലെ പാർട്ടി അനുഭാവികൾ പരിണമിക്കുന്നതിൽ ഞെട്ടലോടെ സിപിഎം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭാരത് മാതാ കീ ജയ് വിളിച്ച് കാവിക്കൊടിയുമേന്തി വടക്കൻ ബംഗാളിലും മറ്റും പ്രകടനം നടത്തുകയാണ് സിപിഎം പ്രവർത്തകർ! മൂന്നര ദശാബ്ദം സിപിഎം ഭരിച്ച ചുവപ്പ് കോട്ടയായ ബംഗാളിലെ ഗ്രാമങ്ങളിലെ അവസ്ഥ ഇതാണ്. സിപിഎം പ്രവർത്തകർ മാത്രമല്ല ഏരിയാ കമ്മറ്റി അംഗങ്ങളായ മുതിർന്ന നേതാക്കൾ പോലും ഈ കൂട്ടത്തിൽ ഉണ്ടെന്നാണ് ദ ടെലിഗ്രാഫ്, ദ വയർ പോലുള്ള മാധ്യമങ്ങൾ വീഡിയോ സഹിതം ചൂണ്ടിക്കാട്ടുന്നത്. ബിജെപിയോട് എന്തെങ്കിലും ആശയപരമായ യോജിപ്പ് ഉണ്ടായിട്ടില്ല, മറിച്ച് തൃണമൂൽ അക്രമം ഭയന്നിട്ടാണ് ഈ നടപടിയെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 'തൃണമൂലിന്റെ അക്രമവും ഭീഷണിയും താങ്ങാനാവാതെയാണ് ഞാൻ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നത്. ഞങ്ങളുടെ പാർട്ടിക്ക് ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ ആവുന്നില്ല. തല്ലിയാൽ ചോദിക്കാൻ ബിജെപിക്കും ആർഎസ്എസിനും ആളുകൾ ഉണ്ട്'- ഒരു കാലത്ത് സിപിഎം കോട്ടയായ 24 പർഗാനയിലെ മുൻ സിപിഎം ലോക്കൽ സെക്രട്ടറിയായ ലാൽ ചതുവേദിയെന്ന കർഷകൻ ദ ടെലിഗ്രാഫിനോട് പറഞ്ഞ വാക്കുകൾ ആണിത്.

ബംഗാളിലെ അടിത്തട്ടിൽ സംഭവിക്കുന്നത് അതാണ്. ബൈക്ക് ബ്രിഗേഡ് എന്ന് വിളിക്കുന്ന തൃണമൂൽ ഗുണ്ടാ സംഘങ്ങളുടെ അക്രമവും ഭീഷണിയും താങ്ങാനാവാതെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുകയാണ്. ഇത് മുന്നിൽ കണ്ട് ബിജെപിയാവട്ടെ മമതക്കുനേരെയുള്ള വിമർശനവും ശക്തമാക്കുകയാണ്. പാർട്ടി ഓഫീസുകൾ പോലും ബിജെപി ഓഫീസ് ആക്കിയും ബിജെപിക്ക് ബൂത്ത് ഏജന്റുമാർ ഇല്ലാത്തിടത്ത് തങ്ങളുടെ പാർട്ടി പ്രവർത്തകരെ ഇറക്കിയുമാണ് ഇവിടെ സിപിഎം ബിജെപിയോട് സഹകിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയമാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏപ്രിൽ 11 മുതൽ മെയ്‌ 19 വരെയാണ് ബംഗാളിൽ തിരഞ്ഞെടുപ്പ്. പല ബൂത്തുകളിലും ബിജെപി- സിപിഎം ധാരണ നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ വെറും രണ്ട് സീറ്റുകൾ മാത്രമാണ് സിപിഎമ്മിന് ബംഗാളി നിന്ന് ഉള്ളത്. ഇത്തവണ അതും നഷ്ടമാവുമെന്നാണ് വിവരങ്ങൾ. എന്നാലും മമതക്ക് പകരം ബിജെപിയെ ജയിപ്പിക്കണമെന്നണ് ഗ്രാമങ്ങളിലെ സിപിഎം വോട്ടർമാരുടെ പൊതുവികാരം. എന്നാൽ നഗരങ്ങളിൽ ഈ വികാരം ഇല്ലെന്നും അവിടെ സിപിഎം വോട്ട് സിപിഎമ്മിനു തന്നെ കിട്ടാനിടയുണ്ടെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ബിജെപിക്ക് ആകട്ടെ ഇത് അപ്രതീക്ഷിതമായ കിട്ടലാണ്. അതുകൊണ്ടുതന്നെ പാർട്ടി നേതാക്കൾ റാലികളിൽ സിപിഎമ്മിനെ വിമർശിക്കാറുമില്ല. ഇത്തവണ ഹിന്ദി ഹൃദയ ഭൂമിയിൽനിന്ന് നഷ്ടമാവുന്ന അറുപതോളം സീറ്റുകൾ വടക്കൻ ബംഗാളിൽനിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമായി കിട്ടുന്ന അധികം സീറ്റിലൂടെ മറികടക്കുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

ബിജെപിക്കു വേണ്ടി ബൂത്തിലിരിക്കാൻ സിപിഎം പ്രവർത്തകർ

തൃണമൂൽ കോൺഗ്രസിനെ അപേക്ഷിച്ച് പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ബിജെപിയുടെ സംഘടനാ സംവിധാനം ദുർബലമാണ്. സിപിഎമ്മിനു പ്രാതിനിധ്യമുള്ള പ്രദേശങ്ങളിൽ പല പോളിങ് ബൂത്തുകളിലും സിപിഎം പ്രവർത്തകരാണ് ബിജെപിയുടെ പ്രവർത്തനങ്ങൾക്കു സഹായം നൽകുന്നത്. തൃണമൂൽ പ്രവർത്തകരിൽ നിന്നും കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന സിപിഎമ്മുകാരാണ് മമതയെ പാഠം പഠിപ്പിക്കാനായി ബിജെപിയുമായി കൈകോർക്കുന്നത്. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരെ സിപിഎമ്മും ബിജെപിയും പലയിടങ്ങളിലും ധാരണയിൽ മൽസരിക്കുന്നുണ്ടെന്നു ഇരുപാർട്ടികളുടെയും പ്രാദേശിക നേതൃത്വം സമ്മതിച്ചത് വൻവാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ തൃണമൂൽ പ്രചരിപ്പിക്കുന്ന കല്ലുവച്ച നുണ മാത്രമാണെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞത്. സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനെതിരെ പ്രതിപക്ഷ കക്ഷികൾക്ക് ഒറ്റയ്‌ക്കൊറ്റയ്ക്കു പിടിച്ചുനിൽക്കാനുള്ള സാഹചര്യമില്ലാത്ത പ്രദേശങ്ങളിൽ ലോക്സഭയിലും ഈ നീക്കുപോക്കുകൾ ആവർത്തിക്കുന്നതായാണ് റിപ്പോർട്ട്. കൊൽക്കത്തയിലെ ഉത്തർ മണ്ഡലത്തിൽ 1862 പോളിങ് ബൂത്തുകൾ ആണ് ആകെയുള്ള ഉള്ളത്. എന്നാൽ 500 ഓളം തിരഞ്ഞെടുപ്പ് ഏജന്റുമാരേ ബിജെപിക്ക് ഇവിടെ ഉള്ളൂ. ബാക്കിയുള്ള ബൂത്തുകളിൽ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സഹായം ലഭിക്കുന്നതായി ദേശീയ മാധ്യമങ്ങൾ പറയുന്നു.

വീടുകൾ കയറിയുള്ള പ്രചാരണത്തിനും മുദ്രവാക്യങ്ങൾ മുഴക്കാതെയുള്ള നിശബ്ദ പ്രചാരണത്തിനും ബിജെപിക്കു സിപിഎമ്മിന്റെ പിന്തുണയുണ്ട്. ബിജെപിക്കു ഇലക്ഷൻ എജന്റില്ലാത്ത സ്ഥലങ്ങളിൽ സിപിഎം പ്രവർത്തകരുടെ സഹായം ലഭിക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം വളരെ നിർണായകമാണ്. ഉത്തർപ്രദേശും (80) മഹാരാഷ്ട്രയും (48) കഴിഞ്ഞാൽ കൂടുതൽ (42) സീറ്റുകളുള്ള ബംഗാൾ വോട്ടെടുപ്പിലെ മൂന്നാമത്തെ പ്രബല മേഖലയാണ്. ഹിന്ദി ബെൽറ്റുകളിൽ നഷ്ടപ്പെടുന്ന സീറ്റുകൾക്കു പകരം വയ്ക്കാൻ ബിജെപി നോട്ടമിടുന്നത് ബംഗാളിനെയാണ്. 33 വർഷത്തെ ഭരണത്തിനു ശേഷം 2011 ൽ അധികാരം നഷ്ടപ്പെട്ട ശേഷം പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ വോട്ട് വിഹിതത്തിൽ വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മാത്രമാണ് സിപിഎം വിജയിച്ചത്. 2011 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 39.6 ശതമാനമായിരുന്നു. ബിജെപിയുടേത് 4.06 ശതമാനവും. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം 25.6 ശതമാനമായി കുറഞ്ഞു. ബിജെപിയുടെത് 10.28 ശതമാനമായി വർധിച്ചു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും തൃണമൂലിന്റെയും വോട്ട് വിഹിതം വർധിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ സിപിഎം വോട്ടുകളാണ് ബിജെപിയിലേക്ക് പോകുന്നതെന്ന വിലയിരുത്തലുകളാണ് കൂടുതൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനമായിരുന്നു. ഇടതുപക്ഷത്തിന്റെത് 30 ശതമാനവും.

പാർട്ടിയെ ഞെട്ടിച്ച് എംഎൽഎയുടെ കൂടുമാറ്റം

വടക്കാൻ ബംഗാളിലെ പലയിടക്കും സിപിഎം ലോക്കൽ കമ്മറി ഓഫീസുകൾ അടക്കം ബിജെപി ഓഫീസുകൾ ആയിരുന്നു. എന്നാൽ അപ്പോഴും നേതാക്കളിൽ നിന്ന് വലിയൊരു കൊഴിഞ്ഞുപോക്ക് ഇല്ലായിരുന്നു. പക്ഷേ ഏറ്റവും ഒടുവിലായി ഒരു എംഎൽഎ ബിജെപിയിൽ ചേർന്നത് പാർട്ടിയെ ഞെട്ടിച്ചിരുന്നു. അതും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ്. ബംഗാളിലെ പ്രമുഖ സിപിഎം നേതാവും എംഎൽഎയുമായ ഖഗേൻ മർമുവാണ് ഏറ്റവുമൊടുവിലായി കാവിക്കൊടി പിടിച്ചിരിക്കുന്നത്. തൃണമൂൽ എംപി അനുപം ഹസ്രം ബിജെപിയിലെത്തിയതിന് പിന്നാലെയാണ് സിപിഎം എംഎൽഎ മർമുവും ബിജെപിയിലെത്തിയിരിക്കുന്നത്. ബിർഭം ജില്ലയിലെ ബോൽപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഹസ്ര.

രാഷ്ട്രീയ എതിരാളികളെ പാളയത്തിലെത്തിച്ച് വിജയം നേടുകയെന്ന തന്ത്രം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന നേതാവ് എന്ന വിശേഷണത്തിന് അർഹനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ കാവിപുതപ്പിച്ചാണ് ഷായും കൂട്ടരും തൃപുരയിൽ രണ്ടരപതിറ്റാണ്ട് നീണ്ടുനിന്ന ഇടതുഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയത്. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതോടെ അമിത് ഷായും ബിജെപിയും ഇതര പാർട്ടികളുടെ നേതാക്കളെ താമരയ്ക്ക് കീഴിൽ അണി നിരത്താനുള്ള തീവ്രശ്രമത്തിലാണ്. കോൺഗ്രസ് പാർട്ടിയിൽ നിന്നാണ് ഏറ്റവും അധികം നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുന്നത്. എന്നാൽ, സിപിഎം എംഎൽഎയും ബിജെപിയിൽ ചേർന്നതോടെ മറ്റ് പാർട്ടികളും ഭയപ്പെടണമെന്ന സന്ദേശം തന്നെയാണ് ബിജെപി നൽകുന്നത്. എപ്പോഴും സിപിഎം പറഞ്ഞിരുന്നത് തങ്ങളുടെ നേതാക്കൾ ആരും ബിജെപിയിൽ ചേരില്ല എന്നായാരുന്നു. ഈ ആത്മവിശ്വാസം പൊള്ളയാണെന്നാണ് ബംഗാൾ അനുഭവങ്ങൾ തെളിയിക്കുന്നത്.

പ്രകാശ് കാരാട്ട് ബിജെപിക്ക് അനുകൂലമായി നിലപാടി എടുക്കുന്നോ?

അതിനിടെ ബിജെപി ബാന്ധവത്തെ ചൊല്ലി സിപിഎമ്മിൽ ഉൾപാർട്ടി പ്രശളനങ്ങളും തുടങ്ങിയിട്ടുണ്ട്. ബിജെപിക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തി സിപിഎം. പൊളിറ്റ്ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരേ ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പരാതി നൽകിയതായാണ് ഏറ്റവും ഒടുവിലായി വരുന്ന വാർത്തകൾ. ബംഗാളിൽ നിലവിലുള്ളതിനെക്കാൾ കൂടുതൽ സീറ്റ് ബിജെപി. നേടുമെന്ന് ഒരു അഭിമുഖത്തിൽ കാരാട്ട് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് പരാതി.

വിഷയം അടിയന്തരമായി അവയ്‌ലബിൾ പി.ബി. ചർച്ചചെയ്യണമെന്നും കേന്ദ്രനേതൃത്വം മാധ്യമങ്ങൾക്കു മുമ്പാകെ വിശദീകരണം നൽകണമെന്നും സൂര്യകാന്ത് മിശ്ര ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ''ഉത്തർപ്രദേശിൽ നിന്നുമാറി ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സീറ്റുനേടാനുള്ള പരിശ്രമത്തിലാണ് ബിജെപി. ഒഡിഷയിൽ പരമാവധി അഞ്ചുസീറ്റ് ബിജെപി.ക്ക് ലഭിക്കും. ബംഗാളിലും അവർ നേട്ടമുണ്ടാക്കാനാണ് സാധ്യത. ഇപ്പോഴുള്ളതിനെക്കാൾ സീറ്റ് കൂടുതൽ ലഭിക്കും. എന്നാൽ, അതവർക്കത്ര എളുപ്പമാവില്ല. അമിത് ഷാ പറഞ്ഞത് 23 സീറ്റുകളിൽ വിജയിക്കുമെന്നാണ്. അത്രയൊന്നും ബിജെപി.ക്ക് ലഭിക്കാനിടയില്ല'' - ഇതായിരുന്നു കാരാട്ടിന്റെ പരാമർശം.

ബംഗാളിൽ തൃണമൂലിനെതിരേ ഇടതുപക്ഷം ശക്തമായി രംഗത്തുള്ള പശ്ചാത്തലത്തിൽ മുൻജനറൽ സെക്രട്ടറി ബിജെപി.ക്ക് ഗുണകരമാവുന്ന വിധത്തിൽ പ്രസ്താവന നടത്തിയെന്നാണ് ബംഗാൾ ഘടകത്തിന്റെ വിമർശനം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പൂർത്തിയായിട്ടില്ലെന്നിരിക്കെ ഇങ്ങനെയൊരു പ്രസ്താവന പാർട്ടിക്ക് ദോഷംചെയ്യും. ബിജെപി.ക്കെതിരേ പാർട്ടി കൈക്കൊണ്ടിട്ടുള്ള പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് കാരാട്ടിന്റെ പരാമർശം. പ്രസ്താവന തിരുത്തുന്ന വിധത്തിൽ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടാവണം എന്നാണ് സൂര്യകാന്ത് മിശ്ര ആവശ്യ്‌പ്പെടുന്നത്. നേരത്തെ കോൺഗ്രസ് സഖ്യം സംബന്ധിച്ചും ബംഗാൾ ഘടകം കാരാട്ടിനെ പ്രതിക്കൂട്ടിൽ ആക്കിയരുന്നു.

മുന്നറിയിപ്പുമായി ബുദ്ധദേവ്

അതിനിടെ സിപിഎം ബിജെപി ബാന്ധവത്തിനെതിരെ മുന്നറിയിപ്പുമായി മൂൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും രംഗത്തെതി. ദ വയറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇത് അങ്ങേയറ്റം ഗുരുതരമായ സ്ഥിതി വിശേഷമാണെന്നാണ്, ബംഗാളിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കൂടിയായ ബുദ്ധദേവ് പറയുന്നത്. തൃണമൂലിന്റെ വറചട്ടിയിൽ നിന്ന് ബിജെപിയുടെ എരിതീയിലേക്ക് ബംഗാളി ജനത പതിക്കാൻ ഇടയാക്കരുയെന്ന് തീർത്തുപറയുന്ന ബുദ്ധദേവ്, തൃണമൂലിനെപ്പോലെ സമാനമായ അപകടമാണ് ബിജെപിയെന്നും ചൂണ്ടിക്കാട്ടുന്നു. ' ബിജെപിക്കും തൃണമൂലിനും ബദൽ ഒരുക്കാനാണ് നാം ശ്രമിക്കേണ്ടയത്. പാർട്ടി വിട്ടുപോയെവർക്കൊ്ക്കെ അത്മവിശ്വാസം നൽകി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കേണ്ടത്. ഒരു തിന്മയെ നിങ്ങൾക്ക് മറ്റൊരു തിന്മാകൊണ്ട് നേരിടാൻ ആവില്ല. മോദിയും മമതയും ഒരുപോലെ വർഗീയ രാഷ്ട്രീയം കളിക്കുകയാണ്-പ്രശസ്ത മാധ്യമ പ്രവർത്തകൻ ഹിമാദ്രി ഘോഷിന് നൽകിയ അഭിമുഖത്തിൽ ബുദ്ധദേവ് ചൂണ്ടിക്കാട്ടുന്നു.

ശ്വാസകോശ സംബന്ധമായ അസുഖമുള്ള ബുദ്ധദേവ് ഭട്ടാചാര്യ ഇപ്പോൾ പാർട്ടിയിൽ സജീവാകാതെ വിശ്രമത്തിലാണ്. 2011ലെ തോൽവിയുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ലാത്ത അദ്ദേഹം, അതിനുശേഷം പിന്നെ പാർട്ടിയിൽ സജീവമായിട്ടില്ല. എന്നാൽ ബുദ്ധദേവിന്റെ ഈ ആഹ്വാനം വൈകിപ്പോയ പ്രതികരണം മാത്രമാണെന്നാണ്, ബംഗാളിലെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. തൃണമൂലിനെ തകർക്കാൻ വേണ്ടി ബിജെപിക്ക് വോട്ടുചെയ്യുക എന്ന ഉറച്ച തീരുമാനത്തിലാണ് ഗ്രാമങ്ങളിലെ ഇടതുവോട്ടർമാർ എന്നാണ് അവർ പറയുന്നത്.

അക്രമം താങ്ങാനാവതെ നിലവിളിച്ച് സിപിഎം പ്രവർത്തകർ

'സൈനിക ഭാഷയിൽ 'ഏരിയ ഡോമിനേഷൻ' എന്നൊരു പ്രയോഗമുണ്ട്. ബംഗാളിൽ സിപിഎം മുമ്പ് നടപ്പാക്കിയ തന്ത്രം ഇപ്പോൾ അതുപോലെ തൃണമൂലം പുറത്തെുടക്കുകയാണ്'- പ്രശസ്ത മാധ്യമ പ്രവർത്തകനായ തപൻ ഘോഷ് ബംഗാളിലെ സ്ഥിതി വിലയിരുത്തുന്നത് ഇങ്ങനെയാണ്.
പൊതുസ്ഥലത്ത് പൂർണ ആധിപത്യം സ്ഥാപിക്കുകയും മറ്റുള്ളവരെ അവിടെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുക. സിപിഎം ഏറെക്കാലം പ്രയോഗിച്ച ആ പദ്ധതി അതിനു മുമ്പ് കോൺഗ്രസും ഇപ്പോൾ തൃണമൂൽ കോൺഗ്രസും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ബംഗാളിലെ യാഥാർഥ്യം. സിപിഎം ഭരണകാലത്തും രാഷ്ട്രീയ അക്രമങ്ങൾ ബംഗാളിൽ പതിവായിരുന്നു. പൊലീസ് വെടിവയ്പിലും മറ്റ് രാഷ്ട്രീയ ഏറ്റുമുട്ടലുകളിലുമൊക്കെയായി നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് അധിപത്യം സ്ഥാപിച്ചതോടെ ഇക്കാര്യങ്ങൾ വളരെ കൂടിയിട്ടുള്ളതായി കാണാം.

മമതയുടെ ഭരണത്തിൽ തങ്ങളുടെ ആയിരത്തോളം പ്രവർത്തകരുടെ ജീവൻ നഷ്ടമായി എന്നാണ് സിപിഎം പറയുന്നത്. കള്ളകേസിൽ കുടുക്കുക്, പരസ്യമായി മർദിക്കുക, സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുക തുടങ്ങിയവായാണ് സിപിഎം പ്രവർത്തകർക്കുനേരെ ഇപ്പോൾ തൃണമൂലുകാർ ചെയ്യുന്നത്. അടിതാങ്ങാനാവതെ വലിയ വായിൽ കരയുന്ന സിപിഎം പ്രവർത്തകരുടെ വീഡിയോ യ്യൂട്യൂബിൽ വൈറലായിരുന്നു. തല്ലുന്നവനെ തിരച്ചുതല്ലാൻ പാർട്ടിക്ക് ശക്തിയില്ലാതായതോടെ സിപിഎമ്മുകാർ ആശ്രയിക്കുന്നത് ബിജെപിയെയാണ്. ആർഎസ്എസിന്റെയും കേന്ദ്രഭരണത്തിന്റെയും സഹായത്തോടെയുള്ള ഒരു സംരക്ഷണം ബിജെപി നിൽകുമെന്നത് തന്നെയാണ, ആ പാർട്ടിയിലേക്ക് കൂറുമാറാൻ സിപിഎം പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്.

പരിബർത്തൻ' (മാറ്റം) ആഹ്വാനം ചെയ്തു കൊണ്ടാണ് 2011-ൽ മമതാ ബാനർജി അധികാരത്തിൽ വന്നത്. എന്നാൽ, മമതയുടെ വരവോടെ ഗുണ്ടകളും മാഫിയാ സംഘങ്ങളുമൊക്കെ തൃണമൂലിലേക്ക് കളംമാറ്റിച്ചവിട്ടി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗാളിൽ മൂന്നു ദശകം മുമ്പ് നിലവിൽ വന്ന 'ബൈക്ക് ബ്രിഗേഡ്‌സ്' വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. അന്തരിച്ച മുൻ സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവർത്തി 1980-കളിൽ രൂപം കൊടുത്തതാണ് ബൈക്ക് ബ്രിഗേഡ്. തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമെങ്കിലും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ പ്രധാന ജോലിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.

സിപിഎം തളർന്നതോടെ ബൈക്ക് ബ്രിഗേഡ് തൃണമൂൽ ഏറ്റെടുക്കുകകയായിരുന്നു. 70-100 അംഗങ്ങൾ വീതമുള്ള ബൈക്ക് ബ്രിഗേഡാണ് തൃണമൂലിന് ഓരോ ബ്ലോക്കിലുമുള്ളതെന്നാണ് പൊലീസിന്റെ കണക്ക്. കൊൽക്കത്ത ഹൈക്കോടതി ബൈക്ക് ബ്രിഗേഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ബംഗാളിലെ ഗ്രാമങ്ങൾ ഇപ്പോഴും ഭരിക്കുന്നത് തൃണമൂലിന്റെ ഇത്തരം സംഘങ്ങളാണ്. നാമനിർദ്ദേശ പത്രിക കൊടുക്കാൻ അനുവദിക്കാതിരിക്കുക, വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുക തുടങ്ങി സിപിഎം അനുവർത്തിച്ചിരുന്ന കാര്യങ്ങൾ അധികാരത്തിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽ തന്നെ തൃണമൂൽ അതേ പടി ഏറ്റെടുത്തു എന്നതാണ് ഇപ്പോഴത്തെ ബംഗാളിന്റെ ചിത്രം. സമ്മർദ്ദവും ഭീഷണിയും താങ്ങാനാവതെ 3,500-ഓളം സ്ഥാനാർത്ഥികളാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയത് എന്നാണ് കണക്കുകൾ പറയുന്നത്.

പഞ്ചായത്തുകളിൽ തൃണമൂലിന് എതിരില്ല

മമതയുടെ ഭരണത്തിൽ തൃണമൂലുകാർ അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയാണെന്നാണ് ബംഗാളിന്റെ ഉൾ ഗ്രാമങ്ങളിൽനിന്നുള്ള റിപ്പോർട്ട്. എതിർക്കുന്നവരെ കൊന്നുതള്ളുകയും തല്ലയോടിക്കുകയുമാണ് ഇവരുടെ രീതി. മമതാ ബാനർജി അധികാരത്തിൽ വന്നതോടെ ബംഗാളിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകളും അക്രമങ്ങളും സിപിഎം കാലത്തെക്കളും വർധിച്ചുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. മമത അധികാരത്തിലെത്തി ആദ്യ അഞ്ചു മാസങ്ങൾക്കുള്ളിൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് 642 കേസുകൾ ബംഗാളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 27 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 926 രാഷ്ട്രീയ പ്രവർത്തകർക്കും 128 വിദ്യാർത്ഥികൾക്കും പരിക്കു പറ്റുകയും ചെയ്തു. കണക്കുകൾ സൂചിപ്പിക്കുന്നത് ഓരോ മാസവും കുറഞ്ഞത് 100 ഏറ്റുമുട്ടലുകളെങ്കിലും ബംഗാളിൽ നടക്കുന്നുണ്ടെന്നാണ്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളിൽ 30 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറെയും സിപിഎം പ്രവർത്തകർ. ഒരിക്കൽ ഇടതു കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ബർദവാനിലെ 800 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ തൃണമൂലിന് എതിരാളികൾ പോലുമില്ല. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായ അനിൽ ബസു 5.92 ലക്ഷം വോട്ടിന് വിജയിച്ച ഹൂഗ്ലിയിലെ 1207 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മത്സരം പോലുമില്ലാതെയാണ് തൃണമൂൽ സ്ഥാനാർത്ഥികൾ വിജയിച്ചത്. ദക്ഷിണ ബംഗാളിലെ 31,063 സീറ്റുകളിൽ അഞ്ചു വർഷം മുമ്പ് ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചത് 2362 സീറ്റുകളിലാണെങ്കിൽ ഇത്തവണ തൃണമൂൽ സ്ഥാനാർത്ഥികൾ അത്തരത്തിൽ വിജയം കണ്ടത് 5,098 സീറ്റുകളിലാണ്. ജില്ലാ പഞ്ചായത്തിലേക്ക് 2008-ൽ എട്ടു സീറ്റുകളിലാണ് ഇടതുപക്ഷം എതിരില്ലാതെ വിജയം കണ്ടതെങ്കിൽ ആകെയുള്ള 748 സീറ്റുകളിൽ 15 സീറ്റുകളിലും തൃണമൂൽ എതിരില്ലാതെ വിജയിച്ചു.

പലയിടത്തും കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തൃണമൂൽ സിപിഎം സ്ഥാനാർത്ഥികളെ പിൻവലിപ്പിച്ചത്.ആയുധ നിയമം അടക്കമുള്ളവയുടെ അടിസ്ഥാനത്തിൽ വ്യാജ കുറ്റങ്ങൾ ചുമത്തുമെന്ന് വന്നതോടെയാണ് പല സിപിഎം പ്രവർത്തകരും പിന്മാറിയതെന്ന് ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

ബൂത്തുപിടുത്തവും വ്യാപകം

സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകയൊക്കെ അമ്പരപ്പിക്കുന്ന രീതിയിലാണ് മമതയുടെ ഏകാധിപത്യം എന്നാണ് ദ ടെലഗ്രാഫ് ലേഖിക സഞ്ജു സാറ എഴുതിയത്. ഇത്രയും സംവിധാനം ഉണ്ടായിട്ടും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽപോലും തൃണമൂൽ വ്യാപകമായ കൃത്രിമം നടത്തി. മമതയെ പേടിച്ച് ബംഗാളി മാധ്യമങ്ങൾ ഇക്കാര്യത്തിൽ മൗനം അവലംബിക്കയാണെന്നും അവർ പറയുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ പശ്ചിമബംഗാളിലെ മൂന്ന് മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ വ്യാപക ബൂത്തുപിടിത്തവും അക്രമവും ഉണ്ടായി. റായ്ഗഞ്ചിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയും സിപി എം പൊളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലിമിനെ തൃണമൂൽ ഗുണ്ടാസംഘം ആക്രമിച്ചു.

നിലവിൽ റായ്ഗഞ്ച് എംപിയാണ് സലിം.വഇസ്ലാംപുരിലെ പോളിങ് സ്റ്റേഷനുകൾ പിടിച്ചെടുക്കാൻ നീക്കം നടത്തുന്നതായി അറിഞ്ഞതിനെ തുടർന്നാണ് മുഹമ്മദ് സലിം പടഗരയിലെ ബൂത്തിൽ എത്തിയത്. ബൂത്തിന്റെ 100 മീറ്റർമാത്രം അകലെ തൃണമൂൽ ഗുണ്ടാസംഘം വോട്ടർമാരെ തടയുന്നതുകണ്ട് സലിമും സഹപ്രവർത്തകരും അവിടെയെത്തി. എന്നാൽ, മറ്റൊരുസംഘം ഇവരെ തടഞ്ഞുവച്ചു. സലിമിന്റെ കാറിനു നേരെ ശക്തമായ കല്ലേറുണ്ടായി. കല്ലേറിൽ കാറിന്റെ ചില്ലുകൾ പൂർണമായും തകർന്നു. അകമ്പടി വാഹനത്തിനു നേരെ അക്രമികൾ വെടിയുതിർത്തു. ബൂത്തിന് മുന്നിൽ വലിയ സംഘർഷമുണ്ടായിട്ടും ബംഗാൾ പൊലീസ് കണ്ട ഭാവം നടിച്ചില്ല. സിപി എം പ്രവർത്തകർ സലിമിനെ ഇസ്ലാംപുരിലെ പാർട്ടി ഓഫീസിലേക്ക് മാറ്റിയാണ് ജീവൻ രക്ഷിച്ചത്.

തൃണമൂൽ പ്രവർത്തകർ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ട് റായ്ഗഞ്ചിലും ഗിർപാരിലും ഡാർജിലിങ്ങിലും സിപിഎം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പലസ്ഥലത്തും മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായി.ആനന്ദബസാർപത്രിക ചാനലിന്റെ ക്യാമറമാനും റിപ്പോർട്ടർക്കും ഗുരുതരപരിക്ക് പറ്റി.സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഇടതുപക്ഷപ്രവർത്തകർ കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് മുന്നിൽ പ്രകടനം നടത്തിയിരുന്നു.ഈ അവസ്ഥയിലാണ് ബംഗാളിലെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP