Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാക് അക്രഡിറ്റേഷനിൽ കേരളത്തിൽ ഒന്നാം സ്ഥാനം; നാലാം അഡ്‌മിഷൻ എന്ന എസ്എഫ്‌ഐ അഡ്‌മിഷൻ വഴി കോളേജ് നിയന്ത്രിക്കും; കുട്ടിസഖാക്കളുടെ താളത്തിനൊത്ത് തുള്ളിയില്ലെങ്കിൽ വിദ്യാർത്ഥികൾ എത്തുക ഇടിമുറിയിൽ; യൂണിവേഴ്സിറ്റി കോളേജിലെ ഞെട്ടിക്കുന്ന ക്രൂരതകൾക്കെതിരെ പൗരസംഗമം; ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനി ഭീഷണി ഭയന്ന് കോളേജ് മാറ്റത്തിന് ഒരുങ്ങുന്നു

നാക് അക്രഡിറ്റേഷനിൽ കേരളത്തിൽ ഒന്നാം സ്ഥാനം; നാലാം അഡ്‌മിഷൻ എന്ന എസ്എഫ്‌ഐ അഡ്‌മിഷൻ വഴി കോളേജ് നിയന്ത്രിക്കും; കുട്ടിസഖാക്കളുടെ താളത്തിനൊത്ത് തുള്ളിയില്ലെങ്കിൽ വിദ്യാർത്ഥികൾ എത്തുക ഇടിമുറിയിൽ; യൂണിവേഴ്സിറ്റി കോളേജിലെ ഞെട്ടിക്കുന്ന ക്രൂരതകൾക്കെതിരെ പൗരസംഗമം; ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനി ഭീഷണി ഭയന്ന് കോളേജ് മാറ്റത്തിന് ഒരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്സ്റ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം വിവാദമായിരിക്കെ ഇന്നു വൈകിട്ട് പൗരസംഗമം വിളിച്ചുകൂട്ടുകയാണ് സേവ് യൂണിവേഴ്സ്റ്റി ക്യാമ്പയിൻ കമ്മറ്റി ഇന്ന് വൈകുന്നേരം നാലിനാണ് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സമ്മേളനം നടക്കുന്നത്. മുൻ കെപിസിസി അധ്യക്ഷൻ വി എം.സുധീരനാണ് യൂണിവേഴ്സ്റ്റി കോളേജിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് അറുതി വരുത്തുക എന്ന ഈ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നത്. എസ്എഫ്‌ഐയ്ക്കും എസ്എഫ്‌ഐ യൂണിവേഴ്സ്റ്റിറ്റി കോളേജിൽ പതിറ്റാണ്ടുകളായി വെച്ച് പുലർത്തുന്ന അധീശത്വത്തിനും അവസാനം കുറിക്കുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്.

യൂണിവേഴ്സ്റ്റിറ്റി കോളേജിനെ എസ്എഫ്‌ഐ മേധാവിത്തത്തിനു അവസാനം കുറിക്കാൻ ഈ ക്യാമ്പയിന് സാധിക്കില്ലെങ്കിലും കേരളത്തിന്റെ ശ്രദ്ധ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസത്തിനു എതിരെ തിരിക്കുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്. മാനസിക പീഡനത്തെ തുടർന്നുള്ള വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തോടെ യൂണിവേഴ്സ്റ്റിറ്റികോളേജ് വിവാദങ്ങളുടെ കുന്തമുനയായി തുടരുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ടു മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.

നാക് അക്രഡിറ്റേഷനിൽ കേരളത്തിൽ ഒന്നാം സ്ഥാനം; പക്ഷെ വിദ്യാർത്ഥികളുടെ അവസ്ഥയോ?

കേരളത്തിലെ നാക് അക്രഡിറ്റേഷനിൽ ഒന്നാംസ്ഥാനത്ത് വരുന്നതാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. ഇന്ത്യയിൽ 26 ആം സ്ഥാനത്തും. പക്ഷെ നാകിന്റെ അടിസ്ഥാന യോഗ്യതകളിൽ എന്താണ് ഈ കോളെജിന് സ്വന്തം എന്ന് ചോദിച്ചാൽ ഒന്നും പറയാനുമില്ല. മൂന്നു വർഷം കൂടുമ്പോഴാണ് കോളേജ് പിടിഎ കൂടുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ക്ലാസ് പിടിഎ കൂടാറുമില്ല. പക്ഷെ നാകിനു മുന്നിൽ എല്ലാം ഭദ്രം. നാക് അക്രഡിറ്റേഷൻ എങ്ങിനെ സ്വന്തമാക്കാൻ കഴിഞ്ഞു എന്ന് ചോദിച്ചാൽ അതിന്റെ രഹസ്യ വിവരങ്ങൾ കോളേജ് അധികൃതർക്ക് മാത്രമേ നൽകാനും കഴിയൂ. യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്‌ഐയെ ഏൽപ്പിച്ചതിൽ നിലവിലെ പ്രിൻസിപ്പാളിന്റെ പങ്ക് ആണ് വിവാദമായി തുടരുന്നത്. പ്രിൻസിപ്പാൾ അരുനിൽക്കുന്നതുകൊണ്ടാണ് കോളേജിൽ എസ്എഫ്‌ഐ മേധാവിത്തം നിലനിന്നു പോകുന്നത് എന്നാണ് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നത്. ഏത് പ്രിൻസിപ്പാൾ ചാർജ് എടുത്താലും ഇതിനു മാറ്റവുമില്ല.

നാലാം അഡ്‌മിഷൻ എന്ന എസ്എഫ്‌ഐ അഡ്‌മിഷൻ

യൂണിവേഴ്‌സിറ്റി അനുശാസിക്കുന്ന മൂന്നു സ്‌പോട്ട് അഡ്‌മിഷൻ കഴിഞ്ഞാൽ നാലാമത് ഒരു സ്പോട്ട് അഡ്‌മിഷൻ വരും. ഇതാണ് കുപ്രസിദ്ധിയാർജ്ജിച്ച എസ്എഫ്‌ഐ നിയമനം. കോളേജിലെ 26 ഓളം ഡിപ്പാർട്ട്‌മെന്റിൽ ഇങ്ങിനെ ഒരാൾ ഒരു ക്ലാസിൽ വരും. ഈ വിദ്യാർത്ഥി എസ്എഫ്‌ഐക്കാരൻ മാത്രമാകും. ഇയാൾ ആകും ക്ലാസും പിന്നെ കോളേജിലെ എസ്എഫ്‌ഐ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക. ഈ വിദ്യാർത്ഥി മുതിർന്ന ആൾ ആകും. കുട്ടികൾ പലപ്പോഴും അങ്കിൾ എന്നാകും ഈ വിദ്യാർത്ഥിയെ അഭിസംബോധന ചെയ്യുക. ഇത്തരം ഒട്ടുവളരെ അങ്കിൾമാർ യൂണിവേഴ്സിറ്റി കോളേജിലുണ്ട്. ഒരു വിദ്യാർത്ഥിയുടെ വിവരം തിരക്കിയപ്പോൾ അറിഞ്ഞ കാര്യം ഇങ്ങിനെ: രണ്ടു തവണ ഡിഗ്രിക്ക് യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച ഒരു വിദ്യാർത്ഥി മൂന്നാമതും അവിടെ ജോയിൻ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതില്ല. തോൽക്കും. പിന്നെയും ഇതേ കോളേജിൽ സ്‌പോട്ട് അഡ്‌മിഷൻ. അതായത് നാലാമത് സ്‌പോട്ട് അഡ്‌മിഷൻ. എസ്എഫ്‌ഐ നിയമനം. ഇത്തരം വിദ്യാർത്ഥികൾ വഴിയാണ് കോളേജ് എസ്എഫ്‌ഐ നിയന്ത്രിക്കുന്നത്.

കോളേജിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് അനിവാര്യമെന്ന് രക്ഷിക്താക്കൾ

കോളേജിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ലഭിക്കേണ്ടത് അത്യാവശ്യമാണെന്നാണ് രക്ഷിതാക്കൾ രഹസ്യമായി പറയുന്നത്. എസ്എഫ്‌ഐ കോട്ടയായ കോളേജിലെ വിദ്യാർത്ഥികളിൽ പലരും എസ്എഫ്‌ഐക്കാരുടെ നിരന്തര മാനസിക പീഡനം വഴി തകര്ന്ന അവസ്ഥയിലാണ്. ഒരു സമരം വന്നാൽ എസ്എഫ്‌ഐക്കാർ ക്ലാസിൽ കയറും. ഉടൻ ക്ലാസ് വിടാൻ പറയും. അദ്ധ്യാപകൻ പറയും. അവർ പറയുന്നത് കേട്ടില്ലേ. ഉടനെ ഇറങ്ങിക്കോ. സമയം വൈകിയാൽ എനിക്ക് നഷ്ടം പറ്റും. എന്റെ കാർ കോളേജിൽ പാർക്ക് ചെയ്തിട്ടുണ്ട്. അവന്മാർ രണ്ടു ടയറും കുത്തിക്കീറും. അതിനാൽ ഉടനെ ഇറങ്ങിക്കോ. ഈ പറയുന്ന അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിൽ തോളിൽ കയ്യിട്ടു നടക്കുന്ന അവസ്ഥയുമാകും. പക്ഷെ അത് പുറത്ത് പ്രകടിപ്പിക്കില്ല.

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്താബാദ് എന്നാണ് എസ്എഫ്‌ഐ കൊടികളിലെ മുദ്രാവാക്യം. പക്ഷെ യൂണിവേഴ്സിറ്റി കോളേജിൽ ഇല്ലാത്ത സംഭവമാണ് എസ്എഫ്‌ഐ പറയുന്ന ഈ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നആശയങ്ങൾ. . പഠിക്കാൻ ആയി ആരും കോളേജിൽ വരേണ്ടതില്ലാ എന്നാണ് എസ്എഫ്‌ഐയുടെ മുദ്രാവാക്യം. ഞങ്ങൾ പറയും. നിങ്ങൾ കേൾക്കും. അനുസരിക്കും. ഇതാണ് യൂണിവേഴ്സിറ്റി കോളേജിലെ നടപ്പുള്ള രീതി. ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥി എഴുതിയിരുന്നു. സമര ദിവസം ഒരൊറ്റ ദിവസത്തെ ക്ലാസിനു വേണ്ടി ഹാജറിന് വേണ്ടി കിലോമീറ്ററുകൾ താണ്ടി കോളേജിൽ എത്തേണ്ടി വരും. ഇല്ലെങ്കിൽ ഹാജർ പോകും. ഏതെങ്കിലും അദ്ധ്യാപകൻ ഒരു ക്ലാസ് എടുക്കും. ഹാജർ എടുക്കും. അന്നേ ദിവസത്തെ മുഴുവൻ ഹാജറും പോകും.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ നവോത്ഥാന പരിപാടി. യൂണിവേഴ്സിറ്റി കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും എത്താൻ ഉത്തരവ് വന്നു. എസ്എഫ്‌ഐ നേതാക്കളുടെ ഈ ഉത്തരവ് ലംഘിക്കാൻ ഒരു വിദ്യാർത്ഥി പോലും ധൈര്യപ്പെട്ടില്ല. അന്ന് ചാറ്റൽ മഴയും. പെൺകുട്ടികൾ പലരും മഴ നനഞ്ഞു. എല്ലാവരുടെ കയ്യിലും കുടയുണ്ട്. പക്ഷെ എടുക്കാൻ എസ്എഫ്‌ഐ അനുമതിയില്ല. മഴ നനഞ്ഞാണ് പെൺകുട്ടികൾ റാലിയിൽ പങ്കെടുത്തതും പ്രസംഗം മുഴുവൻ കേട്ടതും. ഇത്തരം ഭീതിതമായ അവസ്ഥയാണ് യൂണിവേഴ്സ്സിറ്റി കോളേജിൽ നിലനിൽക്കുന്നത്. ഈയ്യിടെ ഇന്റേണൽ പരീക്ഷ തീരുമാനിച്ചു. ആ തീയതികളിൽ എസ്എഫ്‌ഐ ഫിലിം ഫെസ്റ്റിവലും നടത്തി. രണ്ടും ഒരുമിച്ച് പോകില്ലല്ലോ. എസ്എഫ്‌ഐക്കാരെ പേടിച്ച് ഇന്റേണൽ പരീക്ഷാ തീയതി മാറ്റി.

ബ്ലഡ് ഡോണെറ്റ് ചെയ്തില്ലെങ്കിൽ എത്തുക ഇടിമുറിയിൽ

ബ്ലഡ് ഡൊണേഷൻ വന്നാൽ എല്ലാ കുട്ടികളും ബ്ലഡ് നല്കണം. ആൺകുട്ടികൾ അതിനു മടിച്ചാൽ സ്റ്റേജിനു പുറകിൽ ഒരു ഇടിമുറിയുണ്ട്. അവിടെ കൊണ്ടുപോയി ഇടിയാണ്. പെൺകുട്ടികൾ വരെ ഈ ഇടി കാണാൻ എത്തുകയും പ്രോത്സാഹിപ്പിക്കയും ചെയ്യാറുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് വെളിയിൽ വരുന്നത്. ഇവിടെ തന്നെ ഒരു മുറിയുണ്ട്. അവിടെയാണ് വിപ്ലവം പഠിപ്പിക്കുന്നത്. പുറമെ നിന്നുള്ളവർ വരെ ഈ ക്ലാസ് എടുക്കാൻ എത്തും. നക്‌സൽ ബാരി പോലുള്ള ഒരു ക്ലാസ് സംവിധാനം എന്നാണ് ഈ ക്ലാസ് അറിയപ്പെടുന്നത്. വിപ്ലവത്തിനായി വിദ്യാർത്ഥിയെ വാർത്തെടുക്കൽ ആണ് ഈ വേളയിൽ സംഭവിക്കുന്നത്.

കോളേജ് പിടിഎ കൂടാറുമില്ല. കൂടിയാൽ കോളേജിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. രക്ഷിതാക്കൾ യോജിക്കും. അത് എസ്എഫ്‌ഐയ്ക്കും കോളേജ് അധികൃതർക്കും ഒരുപോലെ തലവേദനയാകും. അതിനാൽ പിടിഎ കൂടാൻ സമ്മതിക്കില്ല. കൂടിയാൽ മിനിമം കാലാവധി മൂന്നു വർഷം. പിടിഎയ്ക്ക് പ്രിയങ്കരം പിടിഎ ഫണ്ട് ആണ്. ഈ പിടിഎ ഫണ്ട് എന്ന് പറഞ്ഞാൽ ഒരു വിദ്യാർത്ഥി ജോയിൻ ചെയ്താൽ പിടിഎ ഫണ്ട് പിരിക്കും. മിനിമം ആയിരം രൂപ വരും. ഈ ഫണ്ട് ആർക്കും തിരികെ നൽകില്ല. ചോദിച്ചാൽ കൈ മലർത്തും. സ്പോട്ട് അഡ്‌മിഷൻ വഴി കുട്ടികൾ ഒരുപാടുപേർ കോളേജിൽ ജോയിൻ ചെയ്യും. മിക്കവരും അധ്യയനത്തിനു മുൻപ് തന്നെ മാറിപ്പോകും. ഇങ്ങിനെ വന്ന പണം തന്നെ ലക്ഷക്കണക്കിന് രൂപയുണ്ട് എന്നാണ് അറിയുന്നത്. ഈ ഫണ്ടാണ് പിടിഎയ്ക്ക് പ്രിയങ്കരം. തൊട്ടടുത്ത് വിമൻസ് കോളേജുണ്ട്. അവിടെയും പിടിഎ ഫണ്ടുണ്ട്. കുട്ടികൾ അധ്യയനത്തിനു മുൻപ് മാറുകയാണെങ്കിൽ ഈ പിടിഎ ഫണ്ട് വിമൻസ് കോളേജ് അധികൃതർ തിരികെ നൽകും. പക്ഷെ പത്തു ശതമാനം പിടിക്കും. കാശ് രക്ഷിതാക്കൾക്ക് തിരികെ ലഭിക്കും. യൂണിവേഴ്‌സിറ്റി കോളേജിൽ പക്ഷെ ഇതൊന്നും നടക്കില്ല.

എസ്എഫ്‌ഐയുടെ പേരിൽ സിപിഎം നിലനിർത്തുന്ന പാർട്ടി കോട്ടയാണ് യൂണിവേഴ്‌സിറ്റി കോളേജ്. പതിറ്റാണ്ടുകളായി കോളേജ് അങ്ങിനെയാണ്. ഈ രീതിയിൽ നിന്നും വ്യതിചലിക്കാൻ എസ്എഫ്‌ഐ തീരുമാനിച്ചാലും സിപിഎം സമ്മതിക്കില്ല. ഇതാണ് നിലവിലെ അവസ്ഥ. ഈ അവസ്ഥ മാറ്റാൻ വേണ്ടിയുള്ള ഒരു ക്യാമ്പയിനാണ് ഇന്നു വൈകിട്ട് നടക്കുന്ന പ്രസ് ക്‌ളബിൽ നടക്കുന്ന പരിപാടിയിൽ തുടക്കം കുറിക്കുക. ഇതിനുള്ള ഒരു കൂട്ടായ്മയാണ് പ്രസ് ക്ലബിൽ ഇന്നു വൈകീട്ട് സമ്മേളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP