Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ഏറ്റവും മികച്ച എയർലൈൻസ് ഖത്തർ എയർവേയ്‌സ്; എമിറേറ്റ്‌സിന് പത്താം സ്ഥാനം മാത്രം; ഏറ്റവും മോശം മൂന്ന് എയർലൈനുകളിൽ കുവൈറ്റ് എയർവേയ്‌സും; എയർ ഇന്ത്യ 37ാം സ്ഥാനത്ത്; ലോകത്തെ ഏറ്റവും മികച്ച എയർപോർട്ടും ദോഹയിലേത്

ലോകത്തെ ഏറ്റവും മികച്ച എയർലൈൻസ് ഖത്തർ എയർവേയ്‌സ്; എമിറേറ്റ്‌സിന് പത്താം സ്ഥാനം മാത്രം; ഏറ്റവും മോശം മൂന്ന് എയർലൈനുകളിൽ കുവൈറ്റ് എയർവേയ്‌സും; എയർ ഇന്ത്യ 37ാം സ്ഥാനത്ത്; ലോകത്തെ ഏറ്റവും മികച്ച എയർപോർട്ടും ദോഹയിലേത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനി ഖത്തർ എയർവേയ്‌സ്. ഏറ്റവും മികച്ച വിമാനത്താവളം ദോഹ. പ്രശസ്തമായ എയർഹെൽപ്പ് റാങ്കിങ്ങിലാണ് ഖത്തർ തിളക്കമാർന്ന നേട്ടം കൊയ്തത്. എയർലൈൻ രംഗത്ത് ഏറെ വിലമതിക്കപ്പെടുന്ന റാങ്കിങ്ങാണ് എയർഹെൽപ്പിന്റേത്. തുടർച്ചയായി രണ്ടാം വർഷമാണ് ഖത്തർ എയർവേയ്‌സ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ദോഹയിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിനും ഈ നേട്ടം തുടരെ രണ്ടാം വർഷമാണ് സ്വന്തമാകുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് എട്ടാം സ്ഥാനവുമായി വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു.

ഖത്തർ എയർവേയ്‌സ്, അമേരിക്കൻ എയർലൈൻസ്, എയറോമെക്‌സിക്കോ, സാസ് സ്‌കാൻഡിനേവിയൻ എയർലൈൻസ്, ക്വാന്റസ്, ലതാം എയർലൈൻസ്, വെസ്റ്റ് ജെറ്റ്, ലുക്‌സെയർ, ഓസ്ട്രിയൻ എയർലൈൻസ്, എമിറേറ്റ്‌സ് എന്നിവയാണ് ഏറ്റവും മികച്ച പത്ത് വിമാനക്കമ്പനികൾ. ലോകത്തേറ്റവും മോശം വിമാനസർവീസുകളും പട്ടികയിലുണ്ട്. ഇതനുസരിച്ച് 72-ാം സ്ഥാനത്തുള്ള തോമസ് കുക്കാണ് ഏറ്റവും മോശം വിമാനക്കമ്പനി.

മോശം വിമാനസർവീസുകളുടെ പട്ടികയിലുള്ള കമ്പനികൾ ഇവയാണ്. അഡ്രിയ എയർവേയ്‌സ്, എയറോലിനിയാസ് അർജന്റിനാസ്, ട്രാൻസാവിയ, ലോഡാമോഷൻ, നോർവേജിയൻ, റെയ്‌നെയർ, കൊറിയൻ എയർ, കുവൈത്ത് എയർവേസ്, ഈസിജെറ്റ്, തോമസ് കുക്ക്. ലോകത്തെ പ്രധാനപ്പെട്ട 72 വിമാനക്കമ്പനികളെയും 132 വിമാനത്താവളങ്ങളെയുമാണ് എയർഹെൽപ്പ് റാങ്കിങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് 37-ാം സ്ഥാനത്താണ് നമ്മുടെ എയർ ഇന്ത്യ.

ആകാശയാത്രയിൽ യാത്രക്കാർക്കുനേരിടുന്ന വിഷമതകൾക്ക് പരിഹാരം കാണുന്ന സ്ഥാപനമാണ് എയർഹെൽപ്പ്. വൈകുന്ന നഷ്ടപരിഹാരങ്ങൾ, റദ്ദാക്കിയ വിമാനങ്ങളിൽനിന്നുള്ള റീഫണ്ട് തുടങ്ങിയവയിലൊക്കെ എയർഹെൽപ്പ് ഇടപെടും. യാത്രക്കാർക്ക് ചെക്ക് ഇൻ മുതൽ ലഭിക്കുന്ന സേവനങ്ങൾ, വിമാനത്തിലെ ഭക്ഷണം, മദ്യമുൾപ്പെടെയുള്ള പാനീയങ്ങൾ, റീഫണ്ട് ലഭിക്കാനുള്ള കാലതാമസം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് എയർഹെൽപ്പ് റാങ്കിങ് നിശ്ചയിക്കുന്നത്.

ദോഹയിലെ ഹമദ് ഇന്റർനാഷണൽ വിമാനത്താവളമാണ് ലോകത്തേറ്റവും മികച്ച വിമാനത്താവളം. ജപ്പാനിലെ ടോക്യോ ഇന്റർനാഷണൽ എയർപോർട്ട്, ഗ്രീസിലെ ഏതൻസ് ഇന്റർനാഷണൽ എയർപോർട്ട്, ബ്രസീലിലെ കുരിച്ചിബയിലുള്ള അഫോൻസോ പെന ഇന്റർനാഷണൽ എയർപോർട്ട്, പോളണ്ടിലെ ഡാൻസ്‌കിലെ ഡാൻസ്‌ക് ലെക് വെൽസീ എയർപോർട്ട്, റഷ്യയിലെ മോസ്‌കോ ഇന്റർനാഷണൽ എയർപോർട്ട്, സിംഗപ്പുരിലെ ചാംഗി എയർപോർട്ട്, ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, സ്‌പെയിനിലെ ടെനറിഫ് നോർത്ത് എയർപോർട്ട്, ബ്രസീലിലെ കാംപിനാസ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവയാണ് ആദ്യപത്തിലുള്ളത്.

ഹൈദരാബാദിന് എട്ടാം സ്ഥാനം നേടാനായെങ്കിലും ഇന്ത്യയിലെ മറ്റ് പ്രധാന വിമാനത്താവളങ്ങൾക്കൊന്നും അത്ര മികവ് അവകാശപ്പെടാനില്ല. മുംബൈയിലെ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് 88-ാം സ്ഥാനത്താണ്. പോർച്ചുഗലിലെ ലിസ്‌ബൺ പോർട്ടെല എയർപോർട്ടാണ് ഏറ്റവും മോശം. 132-ാം സ്ഥാനമാണ് ഈ വിമാനത്താവളത്തിനുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP