Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മേ കണ്ണ് തുറക്കാൻ പറ്റുന്നില്ല... വേദന എടുക്കുവാ.. എനിക്കമ്മയെ കാണാൻ കഴിയുന്നില്ലല്ലോ.. അച്ഛനെന്തിയെ....? എല്ലാരും എന്റടുത്ത് വന്നിരിക്ക്; ശ്വാസം മുട്ടൽ വന്ന് വിഷമിച്ചെങ്കിലും സോനമോൾ ആശുപത്രിയിലേക്ക് പോയത് നടന്നായിരുന്നു; ശ്വാസതടസ്സത്തിന് കൊടുത്തത് അപസ്മാരത്തിന്റെ മരുന്ന്; തൊലിപ്പുറത്തെ മരുന്നിന്റെ അലർജിയിൽ റിയാക്ഷൻ രൂക്ഷമായപ്പോൾ കൊടുത്തത് അഞ്ചാംപനിക്കുള്ള മരുന്നും; തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ ദുരിതത്തിലായ കുട്ടിയെ മറുനാടൻ ലേഖകൻ കണ്ടപ്പോൾ

അമ്മേ കണ്ണ് തുറക്കാൻ പറ്റുന്നില്ല... വേദന എടുക്കുവാ.. എനിക്കമ്മയെ കാണാൻ കഴിയുന്നില്ലല്ലോ.. അച്ഛനെന്തിയെ....? എല്ലാരും എന്റടുത്ത് വന്നിരിക്ക്; ശ്വാസം മുട്ടൽ വന്ന് വിഷമിച്ചെങ്കിലും സോനമോൾ ആശുപത്രിയിലേക്ക് പോയത് നടന്നായിരുന്നു; ശ്വാസതടസ്സത്തിന് കൊടുത്തത് അപസ്മാരത്തിന്റെ മരുന്ന്; തൊലിപ്പുറത്തെ മരുന്നിന്റെ അലർജിയിൽ റിയാക്ഷൻ രൂക്ഷമായപ്പോൾ കൊടുത്തത് അഞ്ചാംപനിക്കുള്ള മരുന്നും; തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ ദുരിതത്തിലായ കുട്ടിയെ മറുനാടൻ ലേഖകൻ കണ്ടപ്പോൾ

ആർ പീയൂഷ്

തൃശൂർ: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം തീതിന്നുന്ന ആറുവയസുകാരി സോന മോളെ കാണാൻ ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ കണ്ടത് കരളലിയിക്കുന്ന കാഴ്ചകൾ. തശൂർ പട്ടിക്കാട് എടപ്പലം എന്ന സ്ഥലത്തെ ബാബു ലീന ദമ്പതികകളുടെ മകൾ സോനമോൾക്കാണ് ശ്വാസം മുട്ടലിന് ചികിത്സ തേടിയപ്പോൾ ഈ ദുരനുഭവം.

അമ്മേ കണ്ണ് തുറക്കാൻ പറ്റുന്നില്ല... വേദന എടുക്കുവാ.. എനിക്കമ്മയെ കാണാൻ കഴിയുന്നില്ലല്ലോ.. അച്ഛനെന്തിയെ....? എല്ലാരും എന്റടുത്ത് വന്നിരിക്ക്. കാലിന് വേദനയാ അമ്മേ.. ദേഹമൊക്കെ പുകയുന്നു. കുഞ്ഞു സോനയുടെ വേദന നിറഞ്ഞ വാക്കുകൾ കേട്ടാൽ ആരുടയും കണ്ണു നിറഞ്ഞു പോകും. ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ മറുനാടൻ സോനയെ സന്ദർശിച്ചപ്പോൾ കേട്ട വാക്കുകളാണ്. അടച്ചിട്ട മുറിയിൽ അമ്മയും മകളും മാത്രം. മകളുടെ വേദന നിറഞ്ഞ വാക്കുകൾ കേട്ട് വിങ്ങിപൊട്ടുവാനല്ലാതെ എന്ത് ചെയ്യാനാണ് ഈ മാതാവ്. 'ശ്വാസം മുട്ടലായിരുന്നെങ്കിലും എന്റെ കുഞ്ഞ് ആശുപത്രിയിലേക്ക് പോയത് നടന്നായിരുന്നു. ചികിത്സ കഴിഞ്ഞ് അവൾക്ക് നടക്കാൻ പോലും ആകാത്ത വിധമായിരുന്നു വീട്ടിലേക്ക് തിരികെ എത്തിയത്.

വീണ്ടും അവളെ അവിടെതന്നെ കാണിച്ചത് ആദ്യം ചികിത്സിച്ച സ്ഥലമായതിനാലാണ്. എന്നാൽ ഇപ്പോൾ കരുതുന്നത് ഞങ്ങളുടെ പൊട്ട ബുദ്ധികൊണ്ടാണ് അവിടേക്ക് കൊണ്ടു പോയതെന്നാണ്. മോൾക്ക് ഒട്ടും കുറവില്ലാതെ വന്നപ്പോൾ ഞാൻ ഈ ആശുപത്രിയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് എന്റെ ഭർത്താവ് വേഗം തന്നെ കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്ത് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു വന്നത്. ഇവിടെ കൊണ്ടു വന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ മോളെ എന്നെന്നേക്കുമായി നഷ്ട്ടപ്പെടുമായിരുന്നു'. ജൂബിലി ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം കാഴ്ച ശക്തി നഷ്ടപ്പെടുകയും മറ്റു മാറാ രോഗങ്ങൾ പിടിപെടുകയും ചെയ്ത സോനാ ബാബു എന്ന ആറു വയസ്സുകാരിയുടെ അമ്മ ലീനയുടെ വാക്കുകളാണിത്.

കഴിഞ്ഞ മാർച്ച് 11 നാണ് തൃശ്ശൂർ പട്ടിക്കാട് എടപ്പലം ആറാക്കുടിയിൽ ബാബു-ലീന ദമ്പതികളുടെ മകൾ ഒന്നാംക്ലാസ്സുകാരിയായ സോനാ ബാബു(6)വിനെ ശ്വാസം മുട്ടൽ മൂലം തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് അപസ്മാരം ആണെന്ന് പറഞ്ഞാണ് ചികിത്സ നൽകിയത്. നാലു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ സോനക്ക് ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ച്ഛർദ്ദിയും മറ്റും മൂർച്ഛിച്ചതോടെ അടുത്തുള്ള ആശുപത്രിയിൽ കാണിച്ചപ്പോൾ ആദ്യം ചികിത്സിച്ച ആശുപത്രിയിൽ തന്നെ കാണിക്കാനാണ് നിർദ്ദേശിച്ചത്. അങ്ങനെ വീണ്ടും ജൂബിലിയിലെത്തി. അഞ്ചാംപനിയാണ് എന്ന് പറഞ്ഞ് വീണ്ടും ചികിത്സ ആരംഭിച്ചു. എന്നാൽ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായി വരികയായിരുന്നു. അതിനെ പറ്റി അമ്മ ലീന പറയുന്നതിങ്ങനെ; '11 ന് ചികിത്സ നടത്തി നാലുദിവസത്തിന് ശേഷം തിരിച്ചു പോയി. പിന്നെ വലിയ ആരോഗ്യ പ്രശ്നങ്ങളായിരുന്നു മോൾക്ക്. 25 ന് കടുത്ത പനിയായിട്ടാണ് വീണ്ടും ഇവിടെയെത്തിയത്. അഞ്ചാംപനിയാണെന്ന് പറഞ്ഞ് ചികിത്സ ആരംഭിച്ചു. എക്സറേയും മറ്റ് ടെസ്റ്റുകളുമൊക്കെ നടത്തിയിട്ടായിരുന്നു ചികിത്സ. എന്നാൽ മോളുടെ ശരീരത്തിൽ ചിക്കൻ പോക്സ് പോലെ കുമിളകൾ വരാൻ തുടങ്ങിയപ്പോൾ സംശയം പ്രകടിപ്പിച്ച് ഡോക്ടറോട് സംസാരിച്ചു. അങ്ങനെ അവിടുത്തെ ത്വക്ക് രോഗ വിദഗ്ദ്ധനെ കാണിച്ചു. അദ്ദേഹമാണ് പറഞ്ഞത് അപസ്മാരത്തിന് ചികിത്സിച്ചതുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന്. അപ്പോൾ വരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു അപസ്മാരത്തിനാണ് ചികിത്സിച്ചതെന്ന്. വീണ്ടും ചികിത്സ തുടർന്നു.

അപ്പോഴേക്കു മോളുടെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. എന്നും ഒരു ഡോക്ടറും കുറേ എം.ബി.ബി.എസ് വിദ്യാർത്ഥികളും വന്ന് പലവിധ പരിശോധനകളും നടത്തുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലായിരുന്നു. ഇതോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചോദിച്ചു. എന്നാൽ കുട്ടിയെ ഈ അവസ്ഥയിൽ വിടാൻ പറ്റില്ലെന്ന് ഡോക്ടർ അറിയിച്ചു. അങ്ങനെ വീണ്ടും കാത്തിരുന്നു. എന്നാൽ ദിവസം കഴിയും തോറും മോൾ അവശയാവുകയായിരുന്നു. മലമൂത്ര വിസർജ്ജനം ചെയ്യുമ്പോഴൊക്കെ അവൾ അലറി വിളിക്കുകയായിരുന്നു. വേദന കൊണ്ട്. അവിടെയൊക്കെ തൊലി പൊട്ടി മുറിവുണ്ടായിരുന്നു. ഇനിയും ഇവിടെ ചികിത്സ തുടരുന്നത് പന്തിയല്ല എന്ന് മനസ്സിലായതോടെ എന്റെ ഭർത്താവിനോട് മോളെ ഡിസ്ചാർജ്ജ് ചെയ്ത് മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടു പോയില്ലെങ്കിൽ ഈ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ഞാൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു. ഇതോടെ വേഗം തന്നെ ഡിസ്ചാർജ്ജ് വാങ്ങി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു. ഡോ. പുരുഷോത്തമനാണ് ചികിത്സ തുടങ്ങിയത്. അദ്ദേഹത്തിന്റെ ചികിത്സയിൽ ഇപ്പോൾ ഭേദപ്പെട്ട് വരികയാണ്'. ഇത് പറഞ്ഞു നിർത്തുമ്പോഴേക്കും ലീന പൊട്ടിക്കരഞ്ഞു പോയി.

മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനം അച്ഛനും അമ്മയും എടുത്തു. നാട്ടുകാരും ജൂബിലി മിഷൻ ആശുപത്രിയിൽ എത്തി. എന്നാൽ ഡ്രിപ്പ് വയ്ക്കാൻ പോലും സംവിധാനമില്ലാത്ത ആംബുലൻസിൽ സോനമോളെ കയറ്റി വിടുകയാണ് ആശുപത്രി അധികൃതർ ചെയ്തത്. ഐസിയുവിൽ ചികിൽസയിലായിരുന്നിട്ടും നേഴ്‌സ് പോലും അനുഗമിച്ചില്ല. മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് ചികിൽസാ പിഴവിന്റെ ആഴം കണ്ടെത്തിയത്. ആദ്യം കുട്ടിയെ ബാധിച്ചത് നിമോണിയ ആയിരുന്നു. പനിയെ തുടർന്ന് ശ്വാസകോശത്തിൽ കഫം കെട്ടിയതിനെ തുടർന്നുള്ള ഇൻഫെക്ഷൻ. ഇതാണ് ശ്വാസതടസ്സമുണ്ടാക്കിയത്. ഈ രോഗത്തിനാണ് അപസ്മാരത്തിന്റെ മരുന്ന് കൊടുത്തത്. രണ്ടാമത് തൊലിപ്പുറത്തെ മരുന്നിന്റെ അലർജികാരണമുള്ള റിയാക്ഷൻ രൂക്ഷമായപ്പോൾ കൊടുത്തത് അഞ്ചാംപനിക്കുള്ള മരുന്നും.

ജൂബിലി ആശുപത്രി അധികൃതർ വളരെ മോശമായാണ് തങ്ങളോട് പെരുമാറിയതെന്ന് പിതാവ് ബാബു പറയുന്നു. 'കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഇവിടെ നിന്നു കൊണ്ടു പോയാൽ മരിച്ചു പോകും എന്ന് ഒരു ദയാദാക്ഷണ്യവുമില്ലാതെയാണ് അവർ പറഞ്ഞത്. ആ നിമിഷത്തെ എന്റെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആശുപത്രിയിൽ നിന്നും ചികിത്സാ പിഴവ് സംഭവിച്ച് കാഴ്ച ശക്തിയും നഷ്ടപ്പെട്ട് മറ്റുരോഗങ്ങളും പിടിപെട്ടിട്ടും ഞങ്ങളുടെ കൈയിൽ നിന്നും 50,000 രൂപയോളംം അവർ പിടിച്ചു വാങ്ങി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ കാണിച്ചതിന് ശേഷം കോയമ്പത്തൂരിലെ കണ്ണാശുപത്രിയിലും കൊണ്ടു പോയി. മോളുടെ കണ്ണിന് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ പറയുന്നത്. ഇന്ന് രക്തത്തിൽ കൗണ്ട് കുറഞ്ഞതിനാൽ വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്.'

ചികിത്സാ പിഴവ് സംഭവിച്ചതാണെന്ന് ആശുപത്രിയിലെ ഡിസ്ചാർജ്ജ് സമ്മറി നോക്കുന്നയാൾക്ക് മനസ്സിലാകും. എന്നിട്ടും അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് ജൂബിലി മിഷൻ ആശുപത്രി അധികൃതരുടെ വിശദീകരണം. സോഷ്യൽ മീഡിയയിൽ ഈ വിഷയം ആദ്യമെത്തിച്ചത് സാജൻ കേച്ചേരി എന്ന സാമൂഹിക പ്രവർത്തകനാണ്. ഇത് കണ്ട് കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം എന്ന സംഘടന ഇവരുടെ വീട്ടിലെത്തുകയും വിവരങ്ങൾ അവരും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ വൈറലായി. ഈ സാഹചര്യത്തിലാണ് സോനമോൾക്ക് നീതി തേടി സോഷ്യൽ മീഡിയ എത്തുന്നത്. ഇതോടെ മറുനാടൻ ഇവരെ സന്ദർശ്ശിക്കുകയും വാർത്ത നൽകുകയുമായിരുന്നു. ഇതിനിടയിൽ ആരോഗ്യ വകുപ്പ് മന്ത്രി കുട്ടിയുടെ ചികിത്സ പൂർണ്ണമായും ഏറ്റെടുത്തതായും അറിഞ്ഞു. എന്നാൽ സോനമോളുടെ മുഴുവൻ ചികിൽസാ ചിലവും ജൂബിലി ആശുപത്രി ഏറ്റെടുക്കണമെന്നാണ് ആവശ്യം. നിലവിൽ കോയമ്പത്തൂരിലെ അരവിന്ദോ ആശുപത്രിയിലാണ് ചികിൽസ. മെഡിക്കൽ കോളേജിലെ പരിചരണത്തിലൂടെ നിമോണിയയും ത്വക്ക് രോഗവും പൂർണ്ണമായും മാറിവരുന്നു. ഇനി കാഴ്ചയിലെ പ്രശ്‌നങ്ങൾ മാറണം.

സോനമോളുടെ വാർത്ത അറിഞ്ഞതിനെ തുടർന്ന് ഇതിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ സർക്കാർ ചുമതലപ്പെടുത്തി. ഡോക്ടർ ഈ കാര്യത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തു. ശേഷം കുട്ടിയുടെ അച്ചൻ ബാബുവുമായി ഫോണിൽ സംസാരിച്ചു. തൃശൂർ മെഡിക്കൽ കോളേജ്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി എന്നിവിടങ്ങളിൽ നിന്നും കുട്ടിയുടെ രോഗവിവരങ്ങൾ ശേഖരിച്ചു. അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോട്ടൽ എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.

ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ തലവൻ ഡോ: പുരുഷോത്തമന്റെ നേത്യത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ നിന്നാണ് കണ്ണിനും രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. ഇതിനെ തുടർന്ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ നിന്ന് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കായി ഇന്ന് അഡ്‌മിറ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ രക്ത പരിശോധനയിൽ അണുബാധ കണ്ടതിനാൽ പെട്ടെന്ന് സർജറി സാധ്യമല്ലെന്ന് കോയമ്പത്തൂർ അരവിന്ദ് ആശുപത്രി അധികൃതർ അറിയിച്ചു. അതിനാൽ തൃശൂർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നതിനുള്ള ഏർപ്പാട് ഉണ്ടാക്കി.

തൃശൂർ മെഡിക്കൽ കോളേജിലും തുടർന്നും ചികിത്സക്ക് ആവശ്യമായ എസ്റ്റിമേറ്റ് അനുസരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതാണെന്നും അറിയിച്ചു. എന്നാൽ കൂടുതൽ ചികിത്സാ ചെലവ് ആവശ്യമായി വരുന്ന അപൂർവ രോഗങ്ങൾക്കും ഇതു പോലുള്ള രോഗികൾക്കും സർക്കാരിന്റെ പ്ലാൻ ഫണ്ട് തികയാതെ വരും. ഈ സാഹചര്യത്തിലാണ് ജൂബിലി ആശുപത്രി മൊത്തെ ചെലവും ഏറ്റെടുക്കണമെന്ന ആവശ്യം സജീവമാകുന്നത്. സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താൻ ഉള്ള നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളത്. സോനമോളുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ എല്ലാ സുമനസുകളേയും നന്ദിയറിയിക്കുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു. അപ്പോഴും മെഡിക്കൽ എത്തിക്‌സിന്റെ എല്ലാ മാനങ്ങളും ലംഘിച്ച് ചികിൽസാ പിഴവിനും രോഗിയിൽ നിന്ന് 50,000 രൂപ ഈടാക്കിയ ആശുപത്രിയെ തൊടാൻ സർക്കാരിനും മടി.

എന്നാൽ ഡി.ബൈ.എഫ്..ഐ തൃശ്ശൂർ ബ്ലോക്ക് യൂണിറ്റ് സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് അവർ കുട്ടിയെ സന്ദർശ്ശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. കമ്മറ്റിയിൽ അവതരിപ്പിച്ചിട്ട് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നാണ് അവർ മറുനാടനോട് പറഞ്ഞത്. അതേ സമയം ആശുപത്രിക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ് സോനയുടെ മാതാപിതാക്കൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP