Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞുടുപ്പുണ്ടാക്കാൻ കുഞ്ഞന്മാരായി വന്നവർ മൂന്നുമലകളുടെ അധിപന്മാരായപ്പോൾ കുന്നിടിക്കലും ജലമൂറ്റലും പതിവാക്കി; 15 ലക്ഷവും ഇരുപതുപേരുമായുള്ള 'ഹമ്പിൾ ബിഗിനിങ്' 100 കോടി വിറ്റുവരവും 2000 ജോലിക്കാരുമായപ്പോൾ തിരുവാലിക്കാരോട് ജാട; കുടിവെള്ള ക്ഷാമം രൂക്ഷമായ മലപ്പുറത്തെ ഗ്രാമത്തിൽ 'പോപ്പീസ് ബേബി കെയർ' കുഴിക്കുന്നത് അഞ്ചുകുഴൽ കിണറുകൾ; പഞ്ചായത്ത് അനുമതി നൽകിയത് ഒരുകുഴൽക്കിണറിന്; ചോദ്യങ്ങൾക്ക് മുന്നിൽ പഞ്ചായത്തിനും ഉത്തരം മുട്ടിയതോടെ വൻപ്രക്ഷോഭത്തിന് നാട്ടുകാർ

കുഞ്ഞുടുപ്പുണ്ടാക്കാൻ കുഞ്ഞന്മാരായി വന്നവർ മൂന്നുമലകളുടെ അധിപന്മാരായപ്പോൾ കുന്നിടിക്കലും ജലമൂറ്റലും പതിവാക്കി; 15 ലക്ഷവും ഇരുപതുപേരുമായുള്ള 'ഹമ്പിൾ ബിഗിനിങ്' 100 കോടി വിറ്റുവരവും 2000 ജോലിക്കാരുമായപ്പോൾ തിരുവാലിക്കാരോട് ജാട; കുടിവെള്ള ക്ഷാമം രൂക്ഷമായ മലപ്പുറത്തെ ഗ്രാമത്തിൽ 'പോപ്പീസ് ബേബി കെയർ' കുഴിക്കുന്നത് അഞ്ചുകുഴൽ കിണറുകൾ; പഞ്ചായത്ത് അനുമതി നൽകിയത് ഒരുകുഴൽക്കിണറിന്; ചോദ്യങ്ങൾക്ക് മുന്നിൽ പഞ്ചായത്തിനും ഉത്തരം മുട്ടിയതോടെ വൻപ്രക്ഷോഭത്തിന് നാട്ടുകാർ

എം മനോജ് കുമാർ

 മലപ്പുറം: ആകർഷകവും വ്യത്യസ്തവുമായ പേരാണ് പോപ്പീസ്. പേര് പോലെ തന്നെ കുഞ്ഞുടുപ്പുകളുടെ കാര്യത്തിൽ പോപ്പീസ് വളർച്ചയുടെ വലിയ പടവുകൾ താണ്ടുകയും ചെയ്തു. പക്ഷെ നൂറു കോടിയോളം വിറ്റുവരവുള്ള പോപ്പീസ് ബേബി കെയർ ഇപ്പോൾ മലപ്പുറത്തെ തിരുവാലി ഗ്രാമത്തിന്റെ തന്നെ തലവേദനയായി മാറുകയാണ്. തിരുവാലി എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലെ ഭൂഗർഭ ജലം മുഴുവൻ അനധികൃത കുഴൽക്കിണർ നിർമ്മാണങ്ങളിലൂടെ പോപ്പീസ് ഊറ്റിയെടുക്കുന്നതായാണ് പരാതി ഉയരുന്നത്. മൂന്നു മലകൾ കൈവശം വെച്ച പോപ്പീസ് മലനിരകൾ ഇപ്പോൾ ഇടിച്ചു നിരത്തി അവിടെ കെട്ടിടങ്ങൾ പണിഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തിയാണ് പോത്തീസിന്റെ കെട്ടിടം പണിയലും കുഴൽക്കിണർ കുഴിക്കലും എന്നാണ് അതോടൊപ്പം ഉയരുന്ന മറ്റൊരു ആക്ഷേപം. കുടിവെള്ള ക്ഷാമം രൂക്ഷമായ തിരുവാലിയിൽ പോപ്പീസിന്റെ തുടരൻ കുഴൽക്കിണർ നിർമ്മാണങ്ങളാണ് ഇപ്പോൾ ഗ്രാമത്തെ സംഘർഷത്തിലാക്കുന്നത്.

ഗ്രാമവാസികൾക്ക് ജോലിയുണ്ട് ; പരിസ്ഥിതി നാശം വന്നപ്പോൾ എതിരെ തിരിഞ്ഞു ജന

ഒരേ സ്ഥലത്ത് അഞ്ചു കുഴൽക്കിണർ കുഴിക്കാനായി പോപ്പീസ് ശ്രമം തുടങ്ങിയതോടെയാണ് പോപ്പീസ് ആസ്ഥാനം നിലനിൽക്കുന്ന തിരുവാലി സംഘർഷമേഖലയായത്. പോപ്പീസ് കുഴൽക്കിണർ കുഴിക്കാൻ തീരുമാനിച്ചതോടെ പൊതുവെ ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലയിലെ ജനങ്ങൾ എതിർപ്പുമായി രംഗത്ത് വരുകയായിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ തിരുവാലിയിൽ പോപ്പീസ് എത്തിയതോടെ കുടിവെള്ളം കിട്ടാക്കനിയായ അവസ്ഥയിലാണ്. പോപ്പീസിന്റെ കുഴൽക്കിണർ നിർമ്മാണങ്ങളാണ് പ്രശ്‌നത്തിന് കാരണമെന്ന് മനസിലാക്കിയാണ് ജനങ്ങൾ അവർക്ക് എതിരെ തിരിയുന്നത്. ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയും കുഴൽക്കിണറിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയും ജനങ്ങൾ ഇപ്പോൾ പോപ്പീസിനെതിരെ പ്രതിരോധം തീർക്കുകയാണ്.

2000 േത്താളം ജീവനക്കാരുള്ള പോപ്പീസിൽ 500 ഓളം പേർ തിരുവാലിക്കാരാണ്. എന്നിട്ടും കുഴൽക്കിണർ നിർമ്മാണത്തെ ജനങ്ങൾ തള്ളിപ്പറയുകയാണ്. ജനങ്ങളുടെ ശക്തമായ എതിർപ്പ് നിലനിന്നിട്ടും പിന്നെയും ഗ്രാമപഞ്ചായത്ത് കുഴൽക്കിണറിനു അനുമതി നൽകിയതിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം പരാതി നൽകാനെത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജനങ്ങളുടെ രോഷത്തിന്റെ ചൂട് അറിയുക തന്നെ ചെയ്തു. ജനങ്ങളുടെ ചോദ്യ ശരങ്ങൾക്ക് മുൻപിൽ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമൊക്കെ അടിമുടി പതറുകയും ചെയ്തു. പോപ്പീസിനു അധിക ജലം വേണം. തിരുവാലിയിൽ കുടിവെള്ളം കിട്ടാക്കനിയും. ഭൂഗർഭ ജലത്തെ ചൂഷണം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ഇതോടെയാണ് ഫാക്ടറിയുടെ വിപുലീകരണത്തിനൊപ്പം കുഴൽക്കിണറുകളുടെ എണ്ണവും ഇവർ ഇരട്ടിപ്പിച്ചത്.

ഊറ്റിയിട്ടും ഊറ്റിയിട്ടും മതിയാവുന്നില്ല

ആവശ്യത്തിന് കുഴൽക്കിണർ പോപ്പീസിലുണ്ട്. കുളവും വേറെ കുഴിച്ചിട്ടുണ്ട്. അവർക്ക് അത് പോരാ. ഇരുപത് പേരും 15 ലക്ഷം രൂപയുമായി 2005ൽ തുടങ്ങിയ പോപ്പീസ് അല്ല ഇപ്പോഴുള്ളത്. 2000 ത്തിലധികം ജീവനക്കാരും 100 കോടി വിറ്റുവരവുമുള്ള പോപ്പീസ് ആണ്. മുൻപ് തിരുവാലിയിലെ കൊച്ചു സ്ഥലത്ത് തുടങ്ങിയതാണ് പോപ്പീസ്. ഇപ്പോൾ സമീപത്തെ മുഴുവൻ സ്ഥലങ്ങളും വലിയ മൂന്നു മലകളും പോപ്പീസിന്റെ അധീനതയിലാണ്. അതുകൊണ്ട് ജലം വേണം. കുഴൽക്കിണർ അഞ്ചെണ്ണം കൂടി പുതുതായി വേണം. ഈ കുഴൽക്കിണറുകൾക്ക് ഭൂഗർഭ വകുപ്പിൽ നിന്നും അനുമതിയും വാങ്ങി പഞ്ചായത്തിൽ പണം അടച്ച് കുഴൽക്കിണർ കുത്താൻ പോപ്പീസ് തീരുമാനിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ ഏതുവിധേനയും കുഴൽക്കിണർ നിർമ്മാണം തടയുമെന്ന തീരുമാനം ജനങ്ങൾ സ്വീകരിക്കുകയും ചെയ്തു. പഞ്ചായത്തിൽ ഇവർ പറഞ്ഞത് ഒരു കുഴൽകിണർ എന്നാണ്. എന്നാൽ പണി തീർക്കാൻ തീരുമാനിച്ചത് അഞ്ച് കുഴൽക്കിണറും. ഈ കാര്യങ്ങൾ ജനങ്ങൾക്കറിയാം. ഇതോടെയാണ് ജനങ്ങൾ അപകടം മണത്തത്.പോപ്പീസ് കുഴൽകിണർ നിർമ്മാണം തുടങ്ങിയപ്പോൾ, കഴഞ്ഞ ദിവസം ജനങ്ങൾ സംഘടിച്ച് നിർമ്മാണം തടഞ്ഞിരുന്നു. പൊലീസെത്തിയാണ് സംഘർഷം ഇല്ലാതാക്കിയത്. ഇപ്പോൾ പ്രശ്‌നങ്ങൾ കാരണം പൊലീസും സജീവമായി രംഗത്തുണ്ട്.ഇപ്പോൾ പ്രശ്‌നങ്ങൾ കാരണം പൊലീസും സജീവമായി രംഗത്തുണ്ട്.

മുൻപ് പോപ്പീസ് ജനങ്ങൾക്ക് ഒരു പ്രശ്‌നമല്ലായിരുന്നു. പക്ഷെ കുടിവെള്ള പ്രശ്‌നങ്ങളും മാലിന്യ പ്രശ്‌നങ്ങളും കുന്നിടിക്കലും പരിസ്ഥിതി പ്രശ്‌നങ്ങളും വന്നതോടെയാണ് ജനങ്ങൾ പോപ്പീസിന് എതിരെ തിരിയുന്നത്. പോപ്പീസിന്റെ അധീനതയിൽ തിരുവാലി വന്നതോടെയാണ് ജനങ്ങളുമായുള്ള സൗഹാർദ്ദ അന്തരീക്ഷം അവസാനിപ്പിച്ച് തന്നിഷ്ടത്തോടെ പോപ്പീസിന്റെ ഷാജു തോമസ് പെരുമാറാൻ തുടങ്ങിയത്. അതോടെ കുടിവെള്ള പ്രശ്‌നം അടക്കമുള്ള പ്രശ്‌നങ്ങളും പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പോപ്പീസ് സമീപത്തെ മലനിരകൾ ഒന്നൊന്നായി കൈവശപ്പെടുത്തി. അവിടെ കുന്നിടിച്ച് കെട്ടിടം പണി തുടങ്ങി. ചെരിവുള്ള സ്ഥലങ്ങൾ ഈ മണ്ണിട്ട് നികത്തുകയും ചെയ്തു.

ഫാക്ടറിയിൽ രണ്ടായിരത്തോളം പേരുള്ളപ്പോൾ ഇവർക്കുള്ള ഭക്ഷണത്തിനു കാന്റീനുണ്ട്. അവിടുത്തെ മലിനജലം എല്ലാം താഴേക്ക് ഒഴുകാൻ തുടങ്ങി. അവിടെ പുതുതായി മാലിന്യ പ്ലാന്റും തുടങ്ങി. എല്ലാം ജനങ്ങൾക്ക് ബുദ്ധിമുട്ടായി. കൊതുക് ശല്യം വേറെ. കുടിവെള്ളവുമില്ല. രൂക്ഷമായ ദുർഗന്ധവും. ഇവിടെനിന്നുള്ള മലിനജലമാണ് സമീപപ്രദേശത്തുള്ള ജനങ്ങളുടെ കിണറുകളിലേക്ക് കിനിഞ്ഞിറങ്ങുന്നത്. ഇതോടെ കിണറുകളിലെ ജലവും മലിനമായി. തിരുവാലത്ത് കുടിവെള്ളം കിട്ടാക്കനി. അതോടൊപ്പം ലഭിക്കുന്ന വെള്ളവും ഇല്ലാതെയാകുന്നു. ഒപ്പം ഭൂഗർഭ ജലം ഊറ്റൽ കൊണ്ടുള്ള പ്രശ്‌നങ്ങളും. ഇതോടെയാണ് ജനങ്ങൾ ഒറ്റക്കെട്ടായി ഫാക്ടറിക്ക് എതിരെ തിരിയുന്നത്.

ജനങ്ങൾക്കൊപ്പം, കുഴൽക്കിണറിന് അനുമതിയും നൽകില്ലെന്ന് ഗ്രാമപഞ്ചായത്ത്

ഇതര സംസ്ഥാന തൊഴിലാളികൾ മുഴുവൻ തങ്ങുന്നതും ഫാക്ടറിയിൽ തന്നെയാണ്. ഫാക്ടറി നിലകൊള്ളൂന്ന കുന്നിന്റെ താഴത്തേക്കാണ് കക്കൂസിലേത് ഉൾപ്പെടെയുള്ള മലിന ജലം മുഴുവൻ ഊർന്നിറങ്ങുന്നത്. അവിടെ പാടത്തേക്കും റബർ ചെടികൾക്കിടയിലേക്കുമെല്ലാം മലിന ജലം ഒഴുകി ദുർഗന്ധം പതിവായി. ഇതോടെ ജനങ്ങൾ സംഘടിച്ചു. ഇതും കൂടാതെ പോപ്പീസ് ഒരു ഓഡിറ്റോറിയം പണിയാനും തുടങ്ങി. പാടം നികത്തിയ സ്ഥലത്താണ് ഓഡിറ്റോറിയം പണിയുന്നത്. ഇതും ജനങ്ങളിൽ എതിർപ്പുണ്ടാക്കി. 'തിരുവാലിയിൽ പോപ്പീസ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ മുഴുവൻ എനിക്കറിയാം. കുഴൽക്കിണറിനു ലൈസൻസ് നൽകിയതിൽ പഞ്ചായത്തിന് വലിയ പങ്കില്ല.

ഭൂഗർഭ ജലവകുപ്പിൽ നിന്നും അനുമതി വാങ്ങി. അവർ പഞ്ചായത്തിൽ പണം അടക്കുകയായിരുന്നു. അത് സാധാരണ നടപടിക്രമമാണ്. പക്ഷെ കുഴൽക്കിണർ ജനങ്ങൾ എതിർത്താൽ അത് വരില്ല. അനുമതി നൽകുമ്പോൾ തന്നെ അത് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കുഴൽക്കിണർ സംരംഭം ഞങ്ങൾ തടയും-തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് എ.കോമളവല്ലി മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ പ്രശ്‌നങ്ങളിൽ ജനങ്ങൾക്കൊപ്പം തന്നെ ഞങ്ങൾ നിലയുറപ്പിക്കും. ജനങ്ങളുടെ എതിർപ്പിനെ ഞങ്ങൾക്ക് അവഗണിക്കാൻ കഴിയില്ല. എല്ലാ കാര്യത്തിലും നിയമപരമായ നടപടികളാവും ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ ഞങ്ങൾ സ്വീകരിക്കുക-കോമളവല്ലി പറയുന്നു.

താണ്ടിയത് വളർച്ചയുടെ അത്ഭുതകരമായ പടവുകൾ; പക്ഷെ ഇല്ലാതാകുന്നത് തിരുവാലി എന്ന ഗ്രാമവും

അത്ഭുതകരമായ വളർച്ചയുടെ പടവുകൾ താണ്ടിയാണ് പോപ്പീസ് വ്യവസായ സ്ഥാപനം എന്ന നിലയിൽ തിരുവാലത്ത് നിന്നും കുതിക്കുന്നത്. നിർമ്മിക്കുന്നത് കുഞ്ഞുടുപ്പാണെങ്കിലും പോപ്പീസ് ബേബി കെയർ എന്ന ചെറുസംരംഭം ഒരു പതിറ്റാണ്ടു കൊണ്ട് കൈവരിച്ച വളർച്ച വിസ്മയിപ്പിക്കുന്നതാണ്. ഷാജു തോമസ് എന്ന സംരംഭകന്റെ സംരംഭമാണ് ഇപ്പോഴുള്ള പോപ്പീസ് എന്ന ജനപ്രിയ ബ്രാൻഡ് ആയി മാറിയത്. 60 ശതമാനം വിപണിവിഹിതമുണ്ട് പോപ്പീസിന്. വിദേശവിപണിയിലും സജീവസാന്നിധ്യമാണ് പോപ്പീസ്.

ഇപ്പോൾ നൂറുകോടിരൂപയുടെ വിറ്റുവരവിലേക്ക് സ്ഥാപനം നീങ്ങുകയുമാണ്. യുഎസും യുകെയും അടക്കം 40 രാജ്യങ്ങളിലെ ഇഷ്ട ബ്രാൻഡ് എന്ന രീതിയിലാണ് പോപ്പീസ് മുന്നോട്ടു പോകുന്നത്. മലപ്പുറത്തുനിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനിയാകാനുള്ള നീക്കങ്ങളും പോപ്പീസിന്റെ ഭാഗത്ത് നിന്നും തുടങ്ങിയിട്ടുമുണ്ട്. ഇതേ ഘട്ടത്തിൽ തന്നെയാണ് പരിസ്ഥിതി സൗഹൃദ നയം സ്വീകരിക്കാതെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചും ഉള്ള വെള്ളം മലിനമാക്കിയും പ്രകൃതി ഭംഗിയാർന്ന ഗ്രാമത്തിലെ മലനിരകൾ വിലയ്ക്ക് വാങ്ങി കെട്ടിടം പണിഞ്ഞും ഗ്രാമ വാസികളെ കണ്ണീരു കുടിപ്പിക്കുന്നത്. ഇതേ കണ്ണീരു കുടിക്കൽ പോപ്പീസിനു തന്നെ വിനയായി മാറുമോ എന്നാണ് പോപ്പീസിനെ അറിയുന്നവർ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP