Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ ജീവിച്ചാൽ സ്വർഗം ലഭിക്കില്ല; തിന്മയോട് പ്രതികരിക്കാനുള്ള നബിവചനം ഇന്ത്യക്കെതിരേ ദുർവ്യാഖ്യാനമാക്കി; ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദ ഗ്രൂപ്പിന്റെ കമാൻഡറായ സാക്കിർ മൂസയുടെ പ്രസംഗവും മലയാളികളെ ഐ.എസിലേക്ക് ആകർഷിപ്പിക്കാൻ കാരണമായി? എവിടെ തീവ്രവാദികളെ പിടിച്ചാലും അവിടെ സാക്കിർ നായിക്കിന്റെ സാന്നിധ്യം പ്രകടമാവുന്നത് എന്തുകൊണ്ട് ? ഖുർആനിനെയും ഹദീസിനേയും വളച്ചൊടിച്ച് ഇന്ത്യക്കും എതിരാക്കുന്നു; മറുനാടൻ പരമ്പര 'ഐഎസ് ഭീതിയുടെ അടിവേരുകൾ തേടി' മൂന്നാംഭാഗം

ഇന്ത്യയിൽ ജീവിച്ചാൽ സ്വർഗം ലഭിക്കില്ല; തിന്മയോട് പ്രതികരിക്കാനുള്ള നബിവചനം ഇന്ത്യക്കെതിരേ ദുർവ്യാഖ്യാനമാക്കി; ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദ ഗ്രൂപ്പിന്റെ കമാൻഡറായ സാക്കിർ മൂസയുടെ പ്രസംഗവും മലയാളികളെ ഐ.എസിലേക്ക് ആകർഷിപ്പിക്കാൻ കാരണമായി? എവിടെ തീവ്രവാദികളെ പിടിച്ചാലും അവിടെ സാക്കിർ നായിക്കിന്റെ സാന്നിധ്യം പ്രകടമാവുന്നത് എന്തുകൊണ്ട് ? ഖുർആനിനെയും ഹദീസിനേയും വളച്ചൊടിച്ച് ഇന്ത്യക്കും എതിരാക്കുന്നു; മറുനാടൻ പരമ്പര 'ഐഎസ് ഭീതിയുടെ അടിവേരുകൾ തേടി' മൂന്നാംഭാഗം

എം റിജു/ജംഷാദ് മലപ്പുറം

തിരുവനന്തപുരം: ഗസ്വായേ ഹിന്ദ് എന്നപേരിൽ ഇന്ത്യക്കാരോട് യുദ്ധംചെയ്യാൻ ആഹ്വാനംചെയ്യുന്ന ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദ ഗ്രൂപ്പിന്റെ കമാൻഡറായ സാക്കിർ മൂസയുടെ പ്രസംഗവും മലയാളികളെ ഐ.എസിലേക്ക് ആകർഷിപ്പിക്കാൻ കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തിന്മയോട് പ്രതികരിക്കാനുള്ള നബിവചനം ഇന്ത്യക്കെതിരേ ദുർവ്യാഖ്യാനം ചെയ്തുള്ള സാക്കിർ മൂസയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളിലൂടെ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യക്കെതിരേ യുദ്ധം നടത്തണമെന്നും ഇതിനായി ഇന്ത്യയിലെ മുസ്ലിംകൾ അഫ്ഗാനിസ്ഥാനിലെത്തണമെന്നും അല്ലെങ്കിൽ മറ്റ് ഇസ്ലാമിക രാജ്യങ്ങളിലേക്ക് കുടുംബത്തോടൊപ്പം പലായനം ചെയ്യണമെന്നുമാണ് ഇതിൽ ആഹ്വാനം ചെയ്യുന്നത്.

ഇത്തരത്തിലുള്ള നിരവധി ആഹ്വാനങ്ങൾ വെബ്‌സൈറ്റുകൾ വഴിയും പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ ജീവിച്ചാൽ സ്വർഗം ലഭിക്കില്ലെന്നും ഇസ്ലാമിക രാഷ്ട്രത്തിലേക്ക് പലായനം ചെയ്യണമെന്നും ഖുർആനിനേയും ഹദീസിനേയും വളച്ചൊടിച്ച് ഇത്തരക്കാർ സ്ഥാപിക്കുകയാണ്. ഖുർആൻ സ്വയം പരിഭാഷപ്പെടുത്തി പഠനംനടത്തുന്നവർ ഇത്തരം പ്രചാരണങ്ങളിൽ വേഗത്തിൽ വീഴാൻ സാധ്യതയുണ്ടെന്നു കേരളത്തിലെ മുസ്ലിംമത പണ്ഡിതർ പറയുന്നത്.

അതുപോലെ തന്നെ എവിടെ തീവ്രാവാദികളെ പിടിച്ചാലും അവിടെയാക്കെ പ്രകടമാണ് വിവാദ മതപ്രാംസംഗികൻ സാക്കിർ നായിക്കിന്റെ സാന്നിധ്യവും. ലങ്കയിൽ പൊട്ടിത്തെറിച്ചവരുടെ വീട് റെയ്ഡ് ചെയ്തപ്പോഴും കണ്ടെത്താനായത് സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളുടെ നീണ്ട ശേഖരമാണ്. മതപരിവർത്തനവും തീവ്രവാദ പ്രോൽസാഹനവും അടക്കമുള്ള നിരവധി വിവാദങ്ങളിൽപെട്ട് ഇന്ത്യയിൽ വിലക്കുള്ള സാക്കിർ നായിക്ക് പക്ഷേ പ്രഭാഷണങ്ങളിലൂടെ ഇപ്പോഴും മനുഷ്യരുടെ മനസ്സിൽ വിഷം കയറ്റുകയാണ്. സാക്കിർ നായിക്കിന് വിലക്ക് ഏർപ്പെടുത്തിയപ്പോഴും, കേസ് രജിസ്റ്റർ ചെയ്തപ്പോഴും എപിയും ഇകെയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള കേരളത്തിലെ പ്രമുഖ സംഘടനകൾ ഒക്കെ അതിനെ ഭരണകൂട ഭീകരതയായിട്ടാണ് വിലയിരുത്തിയത്. ഇതാണ് യഥാർഥ പ്രശ്നം. തൊലിപ്പുറമെ എന്തെല്ലാം പറഞ്ഞാലും കാര്യത്തോട് അടുക്കുമ്പോൾ ഭീകരതക്ക് കാരണക്കാരാവുന്നവരോട് മൃദുസമീപനം പുലർത്തുകയാണ് അവർ ചെയ്യുന്നത്. പകരം എല്ലാ കുറ്റവും സലഫികളിലാണ് അവർ ആരോപിക്കാറ്.

'സുന്നി കുടുംബങ്ങളിൽ ആയിരുന്നെങ്കിൽ ഞാൻ ഐ.എസിൽ എത്തുമായിരുന്നില്ല'

നേരത്തെ ഐ.എസ് സ്വാധീന മേഖലയിൽ എത്തപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്ന കേരളത്തിലെ അബ്ദുൾ റാഷിദ് അബ്ദുള്ള എന്നയാൾ തന്റെ മുജാഹിദ് ബന്ധങ്ങൾ തുറന്ന് പറഞ്ഞ് ശബ്ദരേഖ പുറത്തു വിട്ടതും ഏറെ ചർച്ചയായിരുന്നു. ഐഎസിലേക്ക് തന്നെ നയിച്ചത് കേരളത്തിലെ തീവ്ര സലഫി ചിന്താധാരകളുമായുള്ള അടുപ്പമാണെന്നായിരുന്നു ഇയാൾ തന്റെ ഓഡിയോ ക്ലിപ്പിൽ അവകാശപ്പെട്ടത്. കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഐഎസ് ക്യാംപിലെത്തിയെന്ന് കരുതപ്പെടുന്ന മലയാളികളെല്ലാം ഇത്തരത്തിൽ മുജാഹിദ് വിഭാഗം ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പലായനം ചെയ്തവരാണെന്നും ഇയാൾ പറയുന്നു. ഐ.എസ് ആശയങ്ങളെ കേരളത്തിലെ സലഫി ബുദ്ധിജീവകൾ തള്ളിപ്പറയുന്ന സാഹചര്യത്തിലും അവരെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു റാഷിദിന്റേതെന്നു പറയുന്നു ശബ്ദ സന്ദേശം.

കേരളത്തിലെ ഐ.എസിന്റെ ബേസ് ദമ്മാജ് സലഫിസമാണെന്ന ഊഹാപോഹങ്ങളും ചർച്ചകളും ശരിവെക്കുന്നതായിരുന്ന ഈ ശബ്ദരേഖ. കേരളത്തിലെ പരമ്പരാഗത സൂഫി, സുന്നി ചിന്താധാരകളിൽ പെട്ട മുസ്ലിം വിശ്വാസികൾ ഹൈന്ദവ ആചാരങ്ങളും സംസ്‌കാരങ്ങളും പിന്തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് കേരളത്തിൽ മുജാഹിദ് സംഘടനകൾ രൂപപ്പെടുന്നത്. നവോത്ഥാനവും, അനിസ്ലാമിക കർമ്മശാസ്ത്രങ്ങളിൽ നിന്നും ഇസ്ലാമിനെ തിരിച്ചു പിടിക്കുക എന്നതുമായിരുന്നു ഇവരുടെ ഉദ്ദേശം. 1980 മുതൽ കേരളത്തിലുണ്ടായ ഗൾഫ് സ്വാധീനം സംസ്ഥാനത്ത് പരമ്പരാഗത രീതിയിൽ തുടർന്നു പോന്ന ഇസ്ലാം മത വിശ്വാസത്തിൽ നിന്നും മാറിച്ചിന്തിക്കുന്നതിന് കാരണമായി.

പിന്നീട് 2002ൽ നജ് വത്തുൽ മുജാഹിദീനിൽ പിളർപ്പുണ്ടായി. മുജാഹിദ് സംഘടനകളിൽ തുടർന്നും പിളർപ്പുകളുണ്ടാവുകയും കേരളത്തിൽ അഞ്ചോളം വഹാബി സംഘടനകൾ രൂപപ്പെടുകയും ചെയ്തു. ഇതിലൊന്നാണ് ദമ്മാജ് സലഫികൾ. അതിനിടയ്ക്കാണ് കേരളത്തിൽ നിന്നും ആളുകൾ ഐഎസിലേക്ക് പോകുന്ന വാർത്തകളുണ്ടാവുന്നത്. എന്നാൽ കേരളത്തിലെ സുന്നി സംഘടനകളും മുജാഹിദ് സംഘടകളും ഐ.എസ് സ്വാധീനത്തിന്റെ വേര് പരസ്പരം ആരോപിക്കുകയുണ്ടായി. സലഫികളാണ് ഇത്തരം ആശയ പ്രചരണങ്ങൾക്ക് പിന്നിലെന്ന് സുന്നികളും എന്നാൽ സൂഫി ചിന്താധാരയാണ് കേരളത്തിൽ ഐഎസിനെ വേരുറപ്പിക്കുന്നതെന്ന് മുജാഹിദ് സംഘടനകളും പരസ്പരം ക്യാമ്പയിൻ നടത്തുകയുണ്ടായി. ഇതെല്ലാം പലതവണ ചർച്ചയായിരുന്നു.

കേരളത്തിലെ പ്രമുഖ സലഫി നേതാവായ കെ.കെ സകരിയ സലാഹിയുടെ 'ഐഎസ് തീവ്രവാദികളുടെ വിതണ്ഡ വാദങ്ങൾ, ഒരു പൊളിച്ചെഴുത്ത്' എന്ന പുസ്തകത്തിനുള്ള മറുപടിയാണ് അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം. ഐഎസുമായുള്ള സലഫി ബന്ധങ്ങളെ തള്ളിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ പുസ്തകം. ഐ.എസിനു പിന്നിൽ പ്രവർത്തിച്ചത് ഇസ്ലാമിക വിരുദ്ധരാണെന്നാണ് പുസ്തകം അവകാശപ്പെടുന്നത്. എന്നാൽ ഇകെ, എപി സുന്നി കുടുംബങ്ങളിൽ ആയിരുന്നെങ്കിൽ താൻ ഐ.എസിൽ എത്തുമായിരുന്നില്ലെന്നും മുജാഹിദ് സംഘടനകളുമായി പ്രവർത്തിച്ചതിനാലാണ് ഐ.എസിൽ എത്താൻ സാധിച്ചതെന്നുമാണ് റാഷിദിന്റെ വെളിപ്പെടുത്തൽ.

അതേസമയം, റാഷിദിന്റെ പുതിയ വാദങ്ങൾക്കുള്ള മറുപടിയും തന്റെ പുസ്തകത്തിൽ തന്നെയുണ്ടെന്ന് എന്നു മാത്രമായിരുന്നു സകരിയ സലാഹി വിഷയത്തിൽ പ്രതികരിച്ചിരുന്നത്. 2016ൽ മാത്രമായി കാസർഗോഡ്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ആറു സ്ത്രീകളും മൂന്നു കുട്ടികളുമടക്കം 21 പേരെയാണ് കാണാതായതെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. പിന്നീട് പുറത്തു വന്നത് അഫ്ഗാൻ നമ്പറിൽ നിന്നും ഇവരുടെ ശബ്ദരേഖയായിരുന്നു. ഞങ്ങൾ ലക്ഷ്യ സ്ഥാത്തെത്തി. പൊലീസിൽ പരാതി നൽകിയിട്ട് കാര്യമില്ല. അല്ലാഹുവിന്റെ സന്നിധിയിൽ നിന്ന് മടങ്ങി വരാൻ ഞങ്ങൾക്ക് ഉദ്ദേശമില്ല എന്ന ശബ്ദ സന്ദേശമായിരുന്നു വീട്ടുകാർക്ക് ലഭിച്ചത്. എന്നാൽ സംഘത്തിൽ പെട്ട മിക്കവരും തീവ്ര മത ചിന്ത ഇല്ലാതിരുന്നവരും, വിദ്യാസമ്പന്നരും ആയിരുന്നുവെന്ന് ഇവരുടെ ബന്ധുക്കൾ പറയുന്നു.

ദുർവ്യാഖ്യാനം ചെയ്യുന്നത് ഖുർആനിലെ മൂന്ന് സൂക്തങ്ങൾ

ഇന്ത്യയിൽനിന്ന് ഐ.എസിൽ ആകൃഷ്ടരാകുന്നവർ ഖുർആനും, ഹദീസും ദുർവ്യാഖ്യാനം ചെയ്യുന്നവരും ഇത്തരം ആശയങ്ങൾ വിശ്വസിക്കുന്നവരുമാണെന്ന് എൻ.ഐ.എ. റിപ്പോർട്ടിൽ പോലും പറയുന്നത്. ശ്രീലങ്കൻ അക്രമത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ളവരുടെ പങ്കും നിലവിൽ എൻ.ഐ.എ സംഘം അന്വേഷിച്ചുവരികയാണ്. നേരത്തെ ഐഎസ് ബന്ധം സംശയിച്ചു ചോദ്യംചെയ്തു വിട്ടയച്ച പത്തിലധികം പേരെ കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്ത് ചോദ്യംചെയ്തതിന് പിന്നാലെ സംശയം തോന്നിക്കുന്ന കാസർകോട് സ്വദേശിയുടെതുൾപ്പെടെയുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തുകയും ചെയ്തു.

മുസ്ലിംമത വിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർ ആനും മുഹമ്മദ് നബിയുടെ വചനങ്ങളും (ഹദീസ്) ദുർവ്യാഖ്യാനം ചെയ്യുന്നവരും ഇത്തരം ആശയങ്ങൾ വിശ്വസിക്കുന്നവരുമാണ് ഭീകര സംഘടനയായ ഐഎസിൽ ആകൃഷ്ടരാകുന്നവരും അതിൽ ചേരുന്നവരുമെന്ന റിപ്പോർട്ട് എൻ.ഐ.എയുടെ പക്കലുണ്ട്. ഖുർആനിലെ മൂന്ന് അധ്യായങ്ങളിലെ മൂന്ന് സൂക്തങ്ങളാണു പ്രധാനമായും ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത്. നാലാം അധ്യായമായ നിസാഇലെ 77-ാം സൂക്തം, 60-ാം അധ്യായമായ മുംമ്തഹനയിലെ നാലാം സൂക്തം, ഒൻപതാം അധ്യായമായ തൗബയിലെ 36-ാം സൂക്തം എന്നിവയാണ് കൂടുതലയും ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത്.

അവിശ്വാസികളെ കൊലപ്പെടുത്തണമെന്നു പറയുന്നതാണ് മുംമ്തഹനയിലെ നാലാം സൂക്തമെന്നുവരെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ഇത് യുദ്ധത്തോട് ഉപമിക്കുന്ന സൂക്തങ്ങളിലെ യുദ്ധക്കളത്തിലെ വിഷയവുമായി താരതമ്യപ്പെടുത്തുന്നതാണെന്ന് മതപണ്ഡിതർ വ്യക്തമാക്കുന്നു. മറ്റുമതസ്ഥരോട് സൗഹാർദപരമായി ഇടപെടണമെന്നുപറയുന്ന സൂക്തങ്ങൾ ഇതിന് ഉദാഹരണമായി മതപണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. മരണപ്പെട്ടുകഴിഞ്ഞ താങ്കൾ എന്തുകൊണ്ടാണ് അവിശ്വാസികൾക്കിടയിൽ ജീവിച്ചതെന്നു ദൈവദൂതൻ ചോദിക്കും, താൻ അടിച്ചൊതുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരുന്നുവെന്നാകും താങ്കൾ മറുപടി നൽകുക, അപ്പോൾ ദൈവദൂതൻ താങ്കളോട് ചോദിക്കും െദെവത്തിന്റെ ഭൂമി വിശാലമായിരുന്നില്ലേ, നിങ്ങൾക്ക് സ്വദേശംവിട്ടു പോകാമായിരുന്നല്ലോ, ഇത്തരക്കാരുടെ വാസസ്ഥലം നരകമാണെന്നും െദെവദൂതൻ പറയുമെന്നും വ്യക്തമാക്കുന്നതാണ് നിസാഇലെ 77-ാം സൂക്തം. ഇവയൊക്കെ തരം പോലെ ദുർവ്യാഖ്യാനം ചെയ്താണ് ഐഎസ്. അനുകൂല പ്രചാരണം നടക്കുന്നത്. ഇതിനുപുറമെ ഒമ്പതാം അധ്യായമായ തൗബയിലെ സൂക്തങ്ങളും ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട്.

ഐ.എസിലെത്തിയത് അമ്പതിലധികം മലയാളികൾ

കേരളത്തിൽനിന്നും അമ്പതിലധികംപേർ ഐ.എസ്‌കേന്ദ്രങ്ങളിലെത്തിയിട്ടുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ റിപ്പോർട്ടിലുള്ളത്. ഇരുനൂറിലധികം എന്നാണ് അനൗദ്യോഗിക വിവരം. അതോടൊപ്പം നിലവിൽ കേരളത്തിലെ ഐ.എസ് തിരോധാനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ അന്വേഷിക്കുന്നത് മൂന്നുകേസുകളുമാണ്. കാസർഗോഡും കാഞ്ഞാങ്ങാടുനിന്നുമായി 24പേർ ഐ.എസിൽ പോയ കേസ്, പാലക്കാട്ടുനിന്നും യുവാക്കളെ കാണാതായ കേസ്, കനകമല കേസ് എന്നിവയാണു നിലവിൽ എൻ.ഐ.എ അന്വേഷിക്കുന്ന കേരളത്തിലെ മൂന്ന് ഐ.എസ് തിരോധാന കേസുകൾ.

മലയാളികളിൽ പലരും ഗൾഫ് രാജ്യങ്ങൾ വഴിയും സിറിയയിലേക്ക് കടന്നതിനാലാണു കൃത്യമായ മലയാളികളുടെ കണക്ക് രേഖപ്പെടുത്താൻ എൻ.ഐ.എക്ക് സാധിക്കാത്തത്. നേരത്തെ ഐഎസ് കേന്ദ്രത്തിൽനിന്നും തിരിച്ചെത്തിയ ഉത്തരേന്ത്യക്കാരനെ ചോദ്യംചെയ്തതിൽ നിന്നാണ് കൂടുതൽ മലയാളികളുടെ ഐ.എസ് ബന്ധം എൻഐഎ സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഐ.എസ് ബന്ധം ആരോപിച്ചു തിരൂരിലേക്കു തിരിച്ചയച്ച ചില വ്യക്തികളുമായി ബന്ധപ്പെട്ടു എൻഐഎ പ്രാഥമികാന്വേഷണം നടത്തിയെങ്കിലും ഇവർ സോഷ്യൽമീഡിയ വഴി ചില പോസ്റ്റുകൾ ഷെയർചെയ്യുകമാത്രമാണുണ്ടായതെന്നും കണ്ടെത്തുകയായിരുന്നു. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന 14 മലയാളികൾ കൊല്ലപ്പെട്ടതായി നേരത്തെ രഹസ്യാന്വേഷണം വിഭാഗം സ്ഥിരീകരിച്ചിരുന്നു.

സിറിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോർട്ട്. ഐഎസിന്റെ കേരളാ തലവൻ എന്നറിയപ്പെടുന്ന ഷജീർ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകർഷിക്കാനുമായി മലയാളത്തിൽ രണ്ട് വെബ്‌സൈറ്റുകൾ നടത്തിയതും ഷജീറാണന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇയാൾ അഡ്‌മിനായ അൻഫാറുൽ ഖലീഫ, അൽ മുജാഹിദുൽ എന്നീ സൈറ്റുകൾ നിലവിൽ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്.

കാസർകോട് ഐ.എസ്. ഗ്രൂപ്പിലെ നാലുപേരാണ് കൊല്ലപ്പെട്ടത്. ഹഫീസുദ്ദീൻ, യഹിയ, മർവാൻ, മുർഷിദ് എന്നിവർ. ഐ.എസിൽ ചേർന്ന കണ്ണൂർ ജില്ലയിലെ വളപട്ടണംപാപ്പിനിശ്ശേരി ഗ്രൂപ്പിലെ ഷമീർ പഴഞ്ചിറപ്പള്ളി, മകൻ സലീം, കണ്ണൂർ ചാലാട്ടെ ഷഫ്‌നാദ്, വടകരയിലെ മൻസൂർ, മലപ്പുറം വാണിയമ്പലത്തെ മുഖദിൽ, പാലക്കാട്ടെ അബു താഹിർ, പാലക്കാട്ടെതന്നെ ഷിബി എന്നിവർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. വളപട്ടണത്തെ മുഹമ്മദ് റിഫാലും കൊല്ലപ്പെട്ടതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല. മറ്റുരണ്ടുപേർകൂടി മരിച്ചതായി ചിലരെ ചോദ്യംചെയ്തപ്പോൾ സൂചന ലഭിച്ചെങ്കിലും തുടരന്വേഷണം സാധ്യമായിട്ടില്ല.

സിറിയയിലും നംഗർഹാർ തുടങ്ങിയ മേഖലകളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ മലയാളികളുള്ളത്. വളപട്ടണം ഗ്രൂപ്പിൽ ഷമീറിന്റെ ഭാര്യ, രണ്ടുമക്കൾ, മുഹമ്മദ് റിഫാലിന്റെ മാഹി സ്വദേശിയായ ഭാര്യ ഹുദ, അബ്ദുൾ മനാഫ്, മൂന്നുമക്കൾ, വളപട്ടണത്തെ തന്നെ ഷബീർ, ഭാര്യ എന്നിവർ ഇതിലുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു. കണ്ണൂർ കൂടാളിയിലെ ഷാജഹാനെ കഴിഞ്ഞമാസം ഡൽഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെതുർക്കിയിൽ അറസ്റ്റിലായ ഷാജഹാനെ ഇന്ത്യയിലേക്ക് മടക്കിയയച്ചതാണ്. ഇന്ത്യയിലെത്തി വീണ്ടും സിറിയയിലേക്ക് മടങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുള്ള രണ്ടുപേർ ഐ.എസ്.ക്യാമ്പിലുണ്ടെന്നാണ് വിവരം.

ഐ.എസ്. ഭീകരനായ കണ്ണൂർ എടക്കാട്ടെ മുനീറിനെ സൗദി പൊലീസ് ജയിലിലടച്ചതായും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.അതേ സമയം ഐ.എസ് ബന്ധംസംശയിച്ച് രണ്ടുമാസം മുമ്പു രാജ്യംവിട്ട മലപ്പുറം പൊന്മള സ്വദേശിയായ നജീബിന്റെ(23) തിരോധാന കേസ് അവസാനിപ്പിക്കനുള്ള ഒരുക്കത്തിലാണ് ലോക്കൽ പൊലീസ്. യുവാവിന്റെ തിരോധനവും മാതാവിന് അയച്ച സന്ദേശങ്ങളും ലാപ്‌ടോപിൽനിന്നും ലഭിച്ച വിവരങ്ങളും ഇയാൾ ഐ.എസ് അനുഭാവിയാണെന്നും ഐ.എസിൽചേരാൻ തന്നെയാണു രാജ്യംവിട്ടതെന്നും തന്നെയാണു പൊലീസിന്റെ നിഗമനം. എന്നാൽ ഇത്തരം കേസുകൾ അന്വേഷിക്കാൻ ലോക്കൽപൊലീസിന് പരിമിധികളുള്ളതിനാലാണു അന്വേഷണം അവസാനിപ്പിച്ച് കേസ് ഐ.ഐ.എക്ക് വിടാൻ മലപ്പുറം പൊലീസ് അലോചിക്കുന്നത്.

നേരത്തെ വിദേശത്ത് പഠനം നടത്തിയിരുന്ന നജീബ് അവിടെയുണ്ടായിരുന്ന ചില സുഹൃത്തുക്കളുമൊത്താണു ഇറാനിലേക്കുപോയതെന്നും അവിടെ നിന്നാണു ഇവർ ഒരുമിച്ചാണു ഐ.എസിൽ എത്തിയതെന്നുമാണു പൊലീസ് സംശയിക്കുന്നത്.

(തുടരും )

നാളെ: മതപണ്ഡിതർക്ക് പറയാനുള്ളത്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP