Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

29 തവണ നോമിനേഷൻ.. 16 തവണ അവസാന രണ്ടു പേരിൽ എത്തി.. എന്നിട്ടും ബെസ്റ്റ് ആക്ടർ ആയതു മൂന്നു തവണ മാത്രം; പേരൻപ് അടക്കം പ്രധാന സിനിമകളുടെ പേരിൽ രണ്ടു ഭാഷകളിൽ നിന്നും ദേശീയ പുരസ്‌ക്കാരത്തിന് നോമിനേഷൻ ലഭിച്ച മമ്മൂട്ടി ഇക്കുറിയും തഴയപ്പെടുമോ? തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ ധൃതി പിടിച്ചു ദേശീയ സിനിമാ പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിന് പിന്നിൽ മമ്മൂട്ടി വിരോധവും ഉണ്ടെന്ന് വിശ്വസിച്ചു ആരാധകർ

29 തവണ നോമിനേഷൻ.. 16 തവണ അവസാന രണ്ടു പേരിൽ എത്തി.. എന്നിട്ടും ബെസ്റ്റ് ആക്ടർ ആയതു മൂന്നു തവണ മാത്രം; പേരൻപ് അടക്കം പ്രധാന സിനിമകളുടെ പേരിൽ രണ്ടു ഭാഷകളിൽ നിന്നും ദേശീയ പുരസ്‌ക്കാരത്തിന് നോമിനേഷൻ ലഭിച്ച മമ്മൂട്ടി ഇക്കുറിയും തഴയപ്പെടുമോ? തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ ധൃതി പിടിച്ചു ദേശീയ സിനിമാ പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിന് പിന്നിൽ മമ്മൂട്ടി വിരോധവും ഉണ്ടെന്ന് വിശ്വസിച്ചു ആരാധകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവ് ആരെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ദേശീയ സിനിമാക്കാർ പലപ്പോഴും കേരളത്തിലേക്ക് നോക്കും. ഒരുകാലത്ത് ഇന്ത്യൻ സിനിമക്ക് അന്താരാഷ്ട്ര വേദികളിൽ അഡ്രസ് ഉണ്ടാക്കി കൊടുത്തത് മലയാള സിനിമകൾ ആയിരുന്നു. ഇക്കൂട്ടത്തിൽ അഭിനയം കൊണ്ട് ലോക സിനിമയെ വിസ്മയിപ്പിച്ച താരമായിരുന്നു മമ്മൂട്ടിയുടേത്. മലയാള സിനിമയിൽ നിന്നും ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ താരമെന്ന റെക്കോർഡ് ഇപ്പോഴും മമ്മൂട്ടിക്കാണ്. മൂന്ന് തവണയാണ് അദ്ദേഹത്തെ തേടി ദേശീയ പുരസ്‌ക്കാരം എത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മറ്റൊരു പുരസ്‌ക്കാര നേട്ടത്തിന് അരികെയാണ്.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിലെ മികച്ച നടനുള്ള നോമിനേഷനിൽ ഇടം പിടിച്ചിരിക്കയാണ് മമ്മൂട്ടി. 12 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴിൽ മടങ്ങിയെത്തിയ പേരൻപിലെ പ്രശംസ നേടിയ കഥാപാത്രമാണ് അമുതവൻ. ഈ കഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് മമ്മൂട്ടിയെ പുരസ്‌ക്കാരത്തിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. അമുതവനെ അനശ്വരനാക്കി മമ്മൂട്ടിക്ക് തന്നെ പുരസ്‌ക്കാരം ലഭിക്കുമെന്നാണ് പൊതുവേയുള്ള സിനിമാ പ്രേമികളുടെ പ്രതീക്ഷ. എന്നാൽ, രാഷ്ട്രീയപരമായി ഡൽഹിയിൽ നടക്കുന്ന ചരടുവലികളിൽ അദ്ദേഹം തഴയപ്പെടുമോ എന്ന് ആശങ്കപ്പെടുന്ന ആരാധകരുമുണ്ട്.

മെയ് അവസാന വാരമാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്താണ് പുരസ്‌ക്കാരം ആർക്കു വേണമെന്ന വിധത്തിലുള്ള ചർച്ചകളും നടക്കുന്നത്. അതുകൊണ്ടു തന്നെയാണ് മമ്മൂട്ടി ആരാധകർക്ക് ആശങ്കയുള്ളതും. അമുതവൻ ഭാഗ്യം കൊണ്ടുവന്നാൽ നാലാമത് തവണയാവും മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുക. മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തന്മാട, വിധേയൻ (1993), ഡോ. ബാബസഹേബ് അംബേദ്കർ (1999) എന്നീ ചിത്രങ്ങൾക്കാണ് ഇതിനു മുൻപ് മമ്മൂട്ടി ദേശീയ പുരസ്‌കാര ജേതാവായത്.

തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരന്പ്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സാധനയാണ് ചിത്രത്തിൽ അമുതവന്റെ മകളായി പ്രത്യക്ഷപ്പെടുന്നത്. റോട്ടർഡാം, ഐഎഫ്എഫ്‌ഐ തുടങ്ങി നിരവധി ചലച്ചിത്രമേളകളിൽ സിനിമ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ തന്നെ മികച്ച നിരൂപക പ്രശംസയാണ് ചിത്രം നേടിയത്.

മമ്മൂട്ടിക്ക് പുമേ പേരൻപിൽ മമ്മൂട്ടിയുടെ മകളായി അസാധ്യപ്രകടനം കാഴ്ചവെച്ച സാധന, സംവിധായകൻ റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിൽ പേരൻപ് നോമിനേഷനിൽ കയറിയിട്ടുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മാനസിക വൈകല്യമുള്ള ഒരു മകളും അവളുടെ അച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരൻപ് പറഞ്ഞത്. തെലുങ്ക് ചിത്രം യാത്രയിലെ പ്രകടനവും ജൂറി പരിഗണിക്കാൻ സാധ്യതയുണ്ട്.

തങ്കമീൻകൾ എന്ന സിനിമയിലൂടെയാണ് റാമിന് ആദ്യത്തെ ദേശീയ അവാർഡ് ലഭിച്ചിരുന്നത്. ബധായി ഹോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഗജ്‌രാജ് റാവു, മന്റോയിലൂടെ നവാസുദ്ദീൻ സിദ്ദിഖി, മുൾക്കിലൂടെ റിഷി കപൂർ, ഒമെർട്ടയിലൂടെ രാജ്കുമാർ റാവു എന്നിവരും ഇക്കുറി മികച്ച നടനുള്ള ദേശീയ അവാർഡ് നോമിനേഷൻ ലഭിച്ചവരുടെ കൂട്ടത്തിലുൾപ്പെട്ടിട്ടുണ്ട്. ഇവരെ മറികടക്കുക എന്നതാണ് മമ്മൂട്ടിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിന് മുമ്പ് 29 തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌ക്കാരത്തിലേക്ക് നോമിനേഷൻ ലഭിച്ചത്. 16 തവണ അദ്ദേഹം അവസാന റൗണ്ടിൽ എത്തുകയും ചെയ്തു.

കുട്ടിസ്രാങ്കിലെ അഭിനയത്തിലൂടെ മമ്മൂട്ടി നാലാം തവണ പുരസ്‌ക്കാരം ലഭിക്കേണ്ടതായിരുന്നു. മുന്നറിയിപ്പിലെ അഭിനയത്തിലൂടെയും മമ്മൂട്ടി ദേശീയ പുരസ്‌ക്കാരത്തിന് അരികെ എത്തിയതാണ്. എന്നാൽ, അദ്ദേഹം അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. ഇപ്പോൾ വീണ്ടും ദേശീയ പുരസ്‌ക്കരത്തിന് അരികെ മമ്മൂട്ടി നിൽക്കുമ്പോൾ ആരാധകർ ട്രോളുകളുമായു രംഗത്തുണ്ട്. അവസാന നിമിഷം അദ്ദേഹം തഴയപ്പെടുമോ എന്ന ഭയമാണ് ആരാധകർക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP