Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളവോട്ട്: കാസർകോട്ടെ പ്രശ്‌നബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ ഞായറാഴ്ച പരിശോധിക്കും; കളക്ടർ പരിശോധിക്കുക വെബ് സ്ട്രീമിങ് ദൃശ്യങ്ങൾ; കണ്ണൂരിൽ 200 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്‌തെന്ന് സിപിഎമ്മിനെതിരെ യുഡിഎഫിന്റെ പരാതി; ഇതിൽ നാൽപതുപേർ സ്ത്രീകൾ; മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് അച്ഛനുവേണ്ടി വോട്ടിട്ടത് മകൻ; ഒരുജനപ്രതിനിധിയുടെ കൊച്ചുമകളും പ്രായപൂർത്തിയാവാത്ത കൗമാരക്കാരും വോട്ട് ചെയ്‌തെന്ന് കോൺഗ്രസ്; പരാതി അന്വേഷിക്കാൻ കളക്ടർ

കള്ളവോട്ട്: കാസർകോട്ടെ പ്രശ്‌നബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ ഞായറാഴ്ച പരിശോധിക്കും; കളക്ടർ പരിശോധിക്കുക വെബ് സ്ട്രീമിങ് ദൃശ്യങ്ങൾ; കണ്ണൂരിൽ 200 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്‌തെന്ന് സിപിഎമ്മിനെതിരെ യുഡിഎഫിന്റെ പരാതി; ഇതിൽ നാൽപതുപേർ സ്ത്രീകൾ; മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് അച്ഛനുവേണ്ടി വോട്ടിട്ടത് മകൻ; ഒരുജനപ്രതിനിധിയുടെ കൊച്ചുമകളും പ്രായപൂർത്തിയാവാത്ത കൗമാരക്കാരും വോട്ട് ചെയ്‌തെന്ന് കോൺഗ്രസ്; പരാതി അന്വേഷിക്കാൻ കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ/ കാസർകോഡ: കാസർകോട്ടെ പ്രശ്‌ന ബാധിതബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്‌റുടെ തീരുമാനം. 45 പ്രശ്‌ന ബാധിത ബൂത്തുകളിലെ ദൃശ്യങ്ങളാണ് നാളെ പരിശോധിക്കുന്നത്. കള്ളവോട്ട് പരാതിയെ തുടർന്നാണ് നടപടി. വെബ് സ്ട്രീംമിങ് ദൃശ്യങ്ങളായിരിക്കും കളക്ടർ പരിശോധിക്കുക. അതേസമയം, കണ്ണൂർ മണ്ഡലത്തിലെ 200 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ചു സിപിഎമ്മിനെതിരെ യുഡിഎഫ് ജില്ലാ കലക്ടർക്കു പരാതി നൽകി. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടത്ത് 47ാം ബൂത്തിലെ വോട്ടറായ എ.കെ. സയൂജ് എന്നയാൾ 52, 53 ബൂത്തുകളിൽ വോട്ട് ചെയ്തതായി വിഡിയോ ഫുട്ടേജ് സഹിതമാണു പരാതി.

കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ പേരാവൂർ, മട്ടന്നൂർ, ധർമടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലേതാണ് മറ്റ് 199പരാതികൾ. സിപിഎം പ്രവർത്തകരായ സഹോദരനും സഹോദരിയും ചേർന്ന് 9 കള്ളവോട്ട് ചെയ്തതായി പരാതിയിൽ പറയുന്നു. വോട്ടവകാശമില്ലാത്ത, പ്രായപൂർത്തിയാകാത്തവരും കള്ളവോട്ട് ചെയ്തതായി പരാതിയിലുണ്ട്. കെ.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റ് കെ.സുരേന്ദ്രൻ കലക്ടർ മിർ മുഹമ്മദലിയെ നേരിൽ കണ്ടാണു പരാതി നൽകിയത്. അതേസമയം, കോൺഗ്രസ് നൽകിയ പരാതി വിശദമായി അന്വേഷിക്കുമെന്ന് ജില്ലാകലക്ടർ മിർ മുഹമ്മദലി പറഞ്ഞു. പട്ടികയിലുള്ളവരുടെ പേര് നോക്കി വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു.

കള്ളവോട്ട് ചെയ്തവരിൽ 40 പേർ സ്ത്രീകളാണെന്നും പരാതിയിൽ പറയുന്നു. അഞ്ച് വോട്ടുകൾ വരെ ചെയ്ത ആളുകളുടെ വിവരങ്ങൾ പരാതിയിലുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെക്കുറിച്ചും പരാതിയിലുണ്ട്. യഥാർത്ഥ വോട്ടറുടെ പേര്, കള്ളവോട്ട് ചെയ്ത ആളുടെ പേര്, വിവിധ ബൂത്തുകളിൽ വോട്ടു ചെയ്തവരുടെ പേരുകൾ എന്നിവ സഹിതമാണ് പട്ടിക നൽകിയത്. കള്ളവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിഞ്ഞ കോൺഗ്രസ് ബൂത്ത് ഏജന്റ് വിവരം നൽകിയിട്ടും അതിനെ അവഗണിച്ചും കള്ളവോട്ടിന് അവസരം നൽകിയ ഉദ്യോഗസ്ഥനെതിരേയും പരാതിയിൽ പരാമർശമുണ്ട്.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് അച്ഛന്റെ വോട്ട് മകൻ ചെയ്ത സംഭവവും ഇതേ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ കൊച്ചുമകൾ കള്ളവോട്ട് ചെയ്ത സംഭവവും പരാതിയായി വരണാധികാരി കൂടിയായ കളക്ടർക്ക് നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത കൗമാരക്കാർ വോട്ട് ചെയ്ത സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് 22 ഉം പേരാവൂരിൽ 35 പേർ കള്ളവോട്ട് ചെയ്തു തളിപ്പറമ്പിൽ 77 പേരാണ് കള്ളവോട്ട് ചെയ്തത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിൽ 11 സ്ത്രീകൾ അടക്കം 65 പേരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്.

കണ്ണൂർ ജില്ലയിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി ഹയർസെക്കന്ററി സ്‌ക്കൂൾ 69, 70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി ആരോപണം. ലീഗ് പ്രവർത്തകരായ എസ്. വി. മുഹമ്മദ് ഫായിസ്, കെ. എം അബ്ദുൾ സമദ്, കെ. എം മുഹമ്മദ്, എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ അബ്ദുൾ സമദ് വിദേശത്തേക്ക് കടന്നതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കയാണ്. ഇവർക്കെതിരെ ഐ.പി.സി. 171 സി.ഡി.എഫ് വ്യവസ്ഥ പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലുമാണ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ഫായിസും അബ്ദുൾ സമദും രണ്ട് തവണ വോട്ട് ചെയ്തതായും കെ. എം.മുഹമ്മദ് മൂന്ന് തവണ വോട്ട് രേഖപ്പെടുത്തിയതായും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സ് ബൂത്ത് ഏജന്റിന്റെ നിർദ്ദേശ പ്രകാരമാണ് കള്ളവോട്ട് ചെയ്തതെന്നാണ് കെ.എം. മുഹമ്മദ് മൊഴി നൽകിയതെന്നാണ് അറിയുന്നത്. മുഹമ്മദ് ഫായിസും കെ.എം. മുഹമ്മദും കലക്ടർ മുമ്പാകെ മൊഴി നൽകിയിരുന്നു. എന്നാൽ അബ്ദുൾ സമദ് ഗൾഫിലേക്ക് കടക്കുകയായിരുന്നു.

ഈ ബൂത്തുകൾ പ്രശ്ന ബാധിതമായതിനാൽ സി.സി. ടി.വി. സംവിധാനവും പ്രത്യേക നിരീക്ഷണവുമുണ്ടായിരുന്നു. അതിനാൽ കള്ളവോട്ട് സംബന്ധിച്ച് കൃത്യമായ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് കൃത്രിമം നടന്ന ബൂത്തുകളിലെ ചുമതലക്കാരായ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂളിയാട് ഗവ.ഹൈസ്‌ക്കൂളിലെ 48 ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ ചീമേനി കരക്കാട്ടെ സി.പി. പ്രവർത്തകൻ കെ. ശ്യാം കുമാറിനെതിരെ പൊലീസ് കേസെടുത്തു. കള്ളവോട്ട് നടന്നതായി ദൃശ്യങ്ങൾ പരിശോധിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കാസർഗോഡ് ജില്ലാ കലക്ടറോട് പരാതി അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതേ തുടർന്നാണ് ജില്ലാ കലക്ടർ ഡോ. ഡി. സജിത്ത് ബാബു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത്. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്ത നാല് സി.പി. എം. പ്രവർത്തകർക്കെതിരേയും മൂന്ന് ലീഗ് പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവരുടെ അറസ്റ്റ് പൊലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ നടക്കുകയുള്ളൂ.

ആദ്യം പ്രതികളുടെ മേൽവിലാസം ശരിയാണോ എന്ന് അന്വേഷിക്കണം. മാത്രമല്ല കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തണം. അതിനായി ഫോറൻസിക് പരിശോധനയും നടത്തേണ്ടി വരും. പൊലീസ് അന്വേഷണം നടത്തി പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താനാകൂ. കള്ളവോട്ട് സംഭവത്തിൽ പ്രിസൈഡിങ് ഓഫീസർ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെങ്കിൽ അവർക്കെതിരേയും ശക്തമായ നടപടി വരും. തങ്ങളുടെ വോട്ടുകൾ മറ്റാരെങ്കിലും ചെയ്യുകയും പകരം ടെൻഡർവോട്ടോ ചാലഞ്ച് വോട്ടോ നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അങ്ങിനെയുള്ളവർ പരാതി നൽകിയാൽ പോളിങ് ബൂത്തിന്റെ ചുമതലയുള്ള പ്രിസൈഡിങ് ഓഫീസർമാർ കുടുങ്ങും. അത്തരം പരാതി നിലവിൽ വന്നിട്ടില്ല. എന്നാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പല ബൂത്തുകളിലും വോട്ട് നിഷേധിക്കപ്പെട്ടവരുണ്ടെന്ന സൂചന പുറത്ത് വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP