Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മധ്യകേരളത്തിൽ നിന്നും ആറുമണിക്കൂർ കൊണ്ട് ബംഗളൂരുവിലെത്താം; കേന്ദ്രത്തിന്റെയും റെയിൽവേയുടെയും അനുമതിയും ഫണ്ടുകളുമുണ്ട്; ഡിഎംആർസി പകുതി പണി പൂർത്തിയാക്കുകയും ചെയ്തു; നിലമ്പൂർ-നഞ്ചൻകോട് പാത അട്ടിമറി ഭീഷണിയുടെ നിഴലിൽ; തലശ്ശേരി-മൈസൂർ പാതയ്ക്കായി നിലമ്പൂരിനെ വെട്ടുന്നത് കണ്ണൂർ ലോബി; പണം നൽകാതെയും ബജറ്റിലെ പട്ടികയിൽ ഏഴാംസ്ഥാനത്തേക്ക് മാറ്റി നിർത്തിയും സംസ്ഥാന സർക്കാർ ഒത്താശയും; നിലമ്പൂർ പാതയ്ക്കായി പ്രക്ഷോഭത്തിന് അരങ്ങൊരുന്നു

മധ്യകേരളത്തിൽ നിന്നും ആറുമണിക്കൂർ കൊണ്ട് ബംഗളൂരുവിലെത്താം; കേന്ദ്രത്തിന്റെയും റെയിൽവേയുടെയും അനുമതിയും ഫണ്ടുകളുമുണ്ട്; ഡിഎംആർസി പകുതി പണി പൂർത്തിയാക്കുകയും ചെയ്തു; നിലമ്പൂർ-നഞ്ചൻകോട് പാത അട്ടിമറി ഭീഷണിയുടെ നിഴലിൽ; തലശ്ശേരി-മൈസൂർ പാതയ്ക്കായി നിലമ്പൂരിനെ വെട്ടുന്നത് കണ്ണൂർ ലോബി; പണം നൽകാതെയും ബജറ്റിലെ പട്ടികയിൽ ഏഴാംസ്ഥാനത്തേക്ക് മാറ്റി നിർത്തിയും സംസ്ഥാന സർക്കാർ ഒത്താശയും; നിലമ്പൂർ പാതയ്ക്കായി പ്രക്ഷോഭത്തിന് അരങ്ങൊരുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: റെയിൽവേയുടെ പിങ്ക് ബുക്കിൽ സ്ഥാനം പിടിച്ച നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത അട്ടിമറിക്കാനുള്ള നീക്കത്തിന് സംസ്ഥാന സർക്കാർ കുടപിടിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. കേന്ദ്രവുമായി സംസ്ഥാന സർക്കാർ സംയുക്ത കരാറിൽ ഒപ്പുവെച്ച പാതയാണ് സംസ്ഥാന സർക്കാർ ഇടപെട്ടു തന്നെ അട്ടിമറിക്കുന്നത്. പാതയുടെ നിർമ്മാണ ചുമതലയുള്ള ഡിഎംആർസിക്ക് അനുവദിച്ച തുക നൽകാതെയാണ് പാതയുടെ മുന്നോട്ടുള്ള പോക്കിന് സംസ്ഥാന സർക്കാർ കൂച്ചുവിലങ്ങിടുന്നത്. ഡിഎംആർസിക്ക് നിർമ്മാണ ചുമതലയുണ്ടായിരുന്ന ഈ പാത 2017-ൽ അവർ പകുതി പൂർത്തിയാക്കിയതുമാണ്. റെയിൽവേ അനുമതി നൽകിയതും പകുതി പൂർത്തിയാക്കിയതുമായ ഈ നിലമ്പൂർ-നഞ്ചൻകോട് പാതയാണ് തലശ്ശേരി-മൈസൂർ പാതയ്ക്ക് വേണ്ടി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

മധ്യ കേരളത്തിൽനിന്ന് 6 മണിക്കൂർ കൊണ്ടു ബെംഗളൂരുവിൽ എത്താൻ കഴിയുമായിരുന്ന ഈ പാതയാണ് അട്ടിമറിയുടെ നിഴലിൽ കുടുങ്ങി ഇല്ലാതെയാകുന്നത്. റെയിൽവേ അനുമതി നൽകിയ പ്രോജക്ട് എന്ന നിലയിൽ സംസ്ഥാന ബജറ്റിൽ ആദ്യ പരിഗണനയോടെ ഈ പാതയ്ക്ക് സംസ്ഥാന സർക്കാർ തുക വകയിരുത്തേണ്ടതായിരുന്നു. എന്നാൽ ബജറ്റിൽ തലശേരി മൈസൂർ പാതയ്ക്ക് ആണ് തുക വകയിരുത്തിയത്. ഈ പട്ടികയിൽ നിലമ്പൂർ നഞ്ചൻഗുഡ് ലിങ്ക് റെയിൽപാതയ്ക്ക് ഏഴാം സ്ഥാനം മാത്രമാണു നൽകിയത്.

റയിൽവേ അനുമതി നൽകിയ നിലമ്പൂർ പാത സംസ്ഥാന സർക്കാർ തലത്തിൽ തന്നെ അട്ടിമറിയുകയാണ് എന്ന് വ്യക്തമായത്. ഇതോടെയാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാതയ്ക്ക് വേണ്ടി നിലകൊള്ളുന്ന മലബാർ ഡെവലപ്പ്മെന്റ് ഫോറം കഴിഞ്ഞമാസം പ്രതിഷേധ തീവണ്ടിയാത്ര നടത്തിയത്. തലശ്ശേരി-മൈസൂർ പാതയ്ക്ക് വേണ്ടി നിലകൊള്ളുന്ന കണ്ണൂർ ലോബിയാണ് നിലമ്പൂർ പാത അട്ടിമറിക്കാൻ ശ്രമിക്കുന്നത് എന്നാണ് ആക്ഷേപം. അതേസമയം സ്വകാര്യ ബസ് ലോബിയും നിലമ്പൂർ പാതയ്ക്ക് എതിരാണ്. പാത അട്ടിമറിക്കാനുള്ള ശ്രമത്തിനു ഇവരും ആകുന്നത് ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

നിലമ്പൂർ-നഞ്ചൻകോട് പാതയെ തലശ്ശേരി-മൈസൂർ പാതയുമായി ബന്ധിപ്പിക്കാനാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ ശ്രമം നടക്കുന്നത്. ഈ ശ്രമത്തിനു റെയിൽവെ പച്ചക്കൊടി കാട്ടാനുള്ള സാധ്യതകൾ കുറവാണ്. സാമ്പത്തികമായി ലാഭമാണ് എന്ന് കണ്ടാണ് നിലമ്പൂർ പാതയ്ക്ക് റെയിൽവേ അനുമതി നൽകിയത്. എന്നാൽ സാമ്പത്തികമായി ലാഭകരമല്ലാത്ത പാതയെന്നാണ് തലശ്ശേരി-മൈസൂർ പാതയെ റെയിൽവേ കാണുന്നത്. ജനസാന്ദ്രത കുറഞ്ഞ റൂട്ടിലാണ് ഈ പാത പോകുന്നത്. അതുകൊണ്ട് തന്നെ നിലമ്പൂർ പാതയെ തലശ്ശേരി പാതയുടെ കൂട്ടിക്കെട്ടാൻ സംസ്ഥാന സർക്കാർ തലത്തിലുള്ള ശ്രമങ്ങൾ നടക്കുമ്പോൾ നിലമ്പൂർ-നഞ്ചൻകോട് പാതയുടെ സാധ്യതകൾ തന്നെ അടയുകയാണ്. കേന്ദ്ര അനുമതി ഇത് വരെ കിട്ടാത്ത തലശ്ശേരി -മൈസൂർ റെയിൽവേ പാതക്ക് രണ്ട് തവണ കൊങ്കൺ റെയിൽവേ കോർപറേഷനെ കൊണ്ട് കോടികൾ ചെലവിട്ട് പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കിയിരുന്നു. ലാഭകരമല്ലാത്ത പാത എന്ന് മനസിലായതിനാൽ ഈ പാതയ്ക്ക് റെയിൽവേ അനുമതി ലഭിക്കാതെ പോവുകയായിരുന്നു.

എന്നിട്ടും ഇതേ ഭൂമി ഏറ്റെടുക്കലിന് ഈ വർഷത്തെ കേരള ബഡ്ജറ്റിൽ 150 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ രണ്ടു കൊല്ലം മുൻപ് തന്നെ കേന്ദ്ര അനുമതി കിട്ടിയ, ലാഭകരമായ നിലമ്പൂർ-ബത്തേരി-നഞ്ചൻകോട് റെയിൽവേ പാതക്ക് ഈ ബഡ്ജറ്റിൽ വകയിരുത്തിയത് 10 കോടി മാത്രവും. ഇതുകൊണ്ട് തന്നെയാണ് സംസ്ഥാന സർക്കാർ ഈ പാത അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപണം വന്നത്. തലശ്ശേരി- മൈസൂർ പാതയെക്കാൾ കേരളത്തിന് ഗുണകരം നിലമ്പൂർ -നഞ്ചൻകോട് പാത ആണെന്ന് റിപ്പോർട്ട് നൽകിയത് ഡിഎംആർസി ആയിരുന്നു. ഈ ഡിഎംആർസിക്ക് ഈ പാതയ്ക്ക് വേണ്ടി പാസ്സാക്കിയ 2 കോടി പോലും പിടിച്ചു വെച്ച് സർക്കാർ പ്രതികാരം തീർക്കുകയും ചെയ്തു. മധ്യ കേരളത്തിന് ഗുണം ചെയ്യുന്ന നിലമ്പൂർ പാതയുടെ കാര്യത്തിൽ അധര വ്യായാമവും,തലശ്ശേരി -മൈസൂർ പാതയുടെ കാര്യത്തിൽ അക്ഷീണ പ്രയത്‌നവുമാണ് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് നടത്തുന്നത് എന്ന ആക്ഷേപം കോർപറേഷനെതിരെ നിലനിൽക്കുന്നുമുണ്ട്.

നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാതയ്ക്ക് ലഭിച്ച കേന്ദ്രത്തിന്റെയും റെയിൽവേയുടെയും അനുമതികളും ഫണ്ടും ഫണ്ടും തലശ്ശേരി - മൈസൂരു പാതയ്ക്കായി വകമാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ഈ രണ്ട് പാതകളെയും ഒരു പാതയാക്കി മാറ്റി കബളിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സാമ്പത്തികമായി ലാഭമുണ്ടാക്കുന്ന നിലമ്പൂർ-നഞ്ചൻകോട് പാതയെ തലശ്ശേരി-മൈസൂരു പാതയുമായി ബന്ധിപ്പിച്ചാൽ ഭാരിച്ച ചെലവും നഷ്ടവുമാണ് ഫലവും എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുമുണ്ട്. അസാധ്യമായ ഒരു നീക്കമാണ് ഇതെന്നും ഈ റൂട്ടിനെ അറിയുന്നവർ വിലയിരുത്തുന്നു. എന്തായാലും നിലമ്പൂർ-നഞ്ചൻകോട് റെയിൽവേയെ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തിന്നെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് കേരളത്തിൽ അരങ്ങൊരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP