Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദ്യം മടവൂർ പിന്നീട് കെ.എൻ.എം, അതിനുശേഷം വിസ്ഡം, ഒടുവിൽ ദമ്മാജ്; അങ്ങനെ സ്റ്റെപ് സ്റ്റെപ്പായാണ് ഐഎസിലെത്തുകയെന്ന് അബ്ദുൽ റാഷിദിന്റെ ശബ്ദ സന്ദേശത്തിൽ ഞെട്ടി അന്വേഷണ ഏജൻസികളും; യെമനിലെ ദമ്മാജിൽ പോയി കൃഷിയും ആടുവളർത്തലും നടത്തി ജീവിക്കുന്ന ഇതാണ് യാഥാർഥ ഇസ്ലാമെന്ന് വിശ്വസിക്കന്നവരാണോ കേരളത്തിൽനിന്നും ഐ.എസിലേക്ക് വാതിൽ തുറന്നത്; ദുരൂഹതകൾ തീരാതെ വീണ്ടും ദമ്മാജ് സലഫിസം; ഐഎസ് ഭീതിയുടെ അടിവേരുകളിലൂടെ; മറുനാടൻ പരമ്പര രണ്ടാം ഭാഗം

ആദ്യം മടവൂർ പിന്നീട് കെ.എൻ.എം, അതിനുശേഷം വിസ്ഡം, ഒടുവിൽ ദമ്മാജ്; അങ്ങനെ സ്റ്റെപ് സ്റ്റെപ്പായാണ് ഐഎസിലെത്തുകയെന്ന് അബ്ദുൽ റാഷിദിന്റെ ശബ്ദ സന്ദേശത്തിൽ ഞെട്ടി അന്വേഷണ ഏജൻസികളും; യെമനിലെ ദമ്മാജിൽ പോയി കൃഷിയും ആടുവളർത്തലും നടത്തി ജീവിക്കുന്ന ഇതാണ് യാഥാർഥ ഇസ്ലാമെന്ന് വിശ്വസിക്കന്നവരാണോ കേരളത്തിൽനിന്നും ഐ.എസിലേക്ക് വാതിൽ തുറന്നത്; ദുരൂഹതകൾ തീരാതെ വീണ്ടും ദമ്മാജ് സലഫിസം; ഐഎസ് ഭീതിയുടെ അടിവേരുകളിലൂടെ; മറുനാടൻ പരമ്പര രണ്ടാം ഭാഗം

എം.റിജു/ ജംഷാദ് മലപ്പുറം

 തിരുവനന്തപുരം: കേരളത്തിൽനിന്ന് ഐഎസിലേക്ക് വാതിൽ തുറക്കുന്നത് ദമ്മാജ് സലഫിസമാണെന്ന റിപ്പോർട്ടുകളാണ് കൂടുതലായും വരുന്നത്. മലയാളികളെ ഐഎസ് ക്യാമ്പിൽ എത്തിക്കുന്ന വ്യക്തി എന്നു അന്വേഷണ ഏജൻസികൾ കരുതുന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ ശബ്ദസന്ദേശം ഈ തരത്തിലുള്ള വെളിപ്പെടുത്തലുമായി വന്നിരുന്നു. ശ്രീലങ്കയിലെ സ്‌ഫോടനത്തിന് ശേഷം കേരളത്തിലെ ദമ്മാജ് സലഫിസത്തെ കുറിച്ചു കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഐഎസ് അനുഭാവമുള്ള ദമ്മാജ് സലഫിസത്തിൽ വിശ്വസിക്കുന്ന സംഘം ശ്രീലങ്കയിലും, കേരളത്തിലും സജീവമായിരുന്നതും, നേരത്തെ കണ്ണൂരിൽനിന്നും ഐ.എസിലേക്ക് പോയ സംഘം ദമ്മാജ് സലഫികളാണെന്നതിനാലും ഇവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളിൽ പലരും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.

യഥാർഥ ഇസ്ലാമിനെ തേടി യെമനിലെ ദമ്മാജിലേക്ക് പോകുന്നു എന്ന് അവകാശപ്പെടുന്നവരാണ് ദമ്മാജ് സലഫികൾ. നേരത്തെ കേരളത്തിൽനിന്ന് ഇവർ ശ്രീലങ്ക വഴി യെമനിലേക്കുപോയതായും എൻ.ഐ.എ സ്ഥിരീകരിച്ചിരുന്നു. ഇതാടെയാണ് നിലവിലെ കൊളംബോ അക്രണമത്തിന് പിന്നാലെ മലയാളി ബന്ധങ്ങളുണ്ടോയെന്ന് സംഘം പരിശോധിക്കുന്നത്. അതേ സമയം കൊളംബോയിൽ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തൗഹീദ് ജമാഅത്ത് എന്ന സംഘടനയുടെ പേരുവെച്ചു മറ്റൊരു സംഘടന കേരളത്തിലും, തമിഴ്‌നാട്ടിലും പ്രവർത്തിക്കുന്നുണ്ടെങ്കിലൂം, ഇത് ഒരേ സംഘടനകളുടെ വേരുകളാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടില്ല, തൗഹീദ് ജമാഅത്ത് എന്ന പേരിൽ വിവിധ സംഘടനകൾ രാജ്യവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെതിനാൽ യഥാർഥ സംഘടനയുടെ വേരുകൾ ആണോ കേരളത്തിലുള്ളതെന്ന് അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കാനായിട്ടില്ല,

ഐഎസ് റിക്രൂട്ട്‌മെന്റിന് വിവിധ സ്റ്റേജുകളുണ്ട്. ആദ്യം മടവൂർ പിന്നീട്, കെ.എൻ.എം, അതിനുശേഷം വിസ്ഡം, ഒടുവിൽ ദമ്മാജ്. അങ്ങിനെ സ്റ്റെപ് സ്റ്റെപ്പായാണ് ഐ.എസിലെത്തുകയെന്നും നേരത്തെ അബ്ദുൽ റാഷിദ് സന്ദേശത്തിൽ പറഞ്ഞിരുന്നു. കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഐഎസിൽ എത്തിയവരെല്ലാം ഇങ്ങനെയാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും റാഷിദ് അബ്ദുല്ല ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഏജൻസികൾപോലും ഞെട്ടിയ സംഭവമായിരുന്നു അത്. എന്നാൽ കേരളത്തിലെ മുജാഹിദ് നേതൃത്വം ഇത് ശകമായി നിഷേധിക്കുകയാണ്. തങ്ങൾക്ക് തീവ്ര ആശയക്കാരുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇവർ പറയുന്നത്.

ആരാണ് ദമ്മാജ് സലഫികൾ?

കേരളത്തിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ മുസ്ലിംകളിൽ ഭൂരിഭാഗവും ദമ്മാജ് സലഫികളാണ്. തീവ്ര ആത്മീയ അന്വേഷണത്തിന്റെ ഭാഗമായി യെമനിലെ ദമ്മാജിലേക്ക് കുടിയേറിയവരിൽ നിരവധി മലയാളികളുമുണ്ട്. ഇപ്പോൾ കാണാതായ ചിലരെങ്കിലും അക്കൂട്ടത്തിൽ പെട്ടവരാണെന്ന സംശയം പ്രബലവുമാണ്. പശ്ചിമേഷ്യൻ രാഷ്ട്രമായ യെമനിലെ ഒരു ചെറു പട്ടണമാണ് ദമ്മാജ്. ഇവിടെയാണ് തീവ്ര ആത്മീയ സലഫീ പ്രസ്ഥാനമായ ദമ്മാജുകളുടെ ആസ്ഥാനം. ദമ്മാജിലുള്ള ദാറുൽഹദീസ് എന്ന സ്ഥാപനത്തിൽ പഠിക്കാനും ജോലി ചെയ്യാനുമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തുന്നുണ്ട്.

കേരളത്തിലെ മുജാഹിദ് ഗ്രൂപ്പിൽ നിന്ന് പിളർന്നുണ്ടായ ഒരുവിഭാഗത്തിന്റെ പ്രവർത്തകർ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ദമ്മാജിലേക്ക് പോകുന്നുണ്ട്. ബഹുസ്വര സമൂഹത്തിൽ മതം പൂർണ്ണമായി പാലിച്ച് ജീവിക്കാനാകില്ലെന്നാണ് ഇവർ കരുതുന്നത്. തനിച്ചും കുടുംബവുമായുമെല്ലാം ഇവർ ദമ്മാജിൽ പോയി ആത്മീയ ജീവിതം നയിക്കുന്നുണ്ട്. ദമ്മാജിൽ കൃഷിയും ആടുവളർത്തലും നടത്തിയാണ് ജീവിതോപാധി കണ്ടെത്തുന്നത്. പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിലാണ് ഈ ഗ്രൂപ്പുകളിലെ അംഗങ്ങൾ കൂടുതലായുണ്ടായിരുന്നത്. നിരന്തരമുള്ള പിളർപ്പ് ഈ വിഭാഗത്തിൽ സംഭവിക്കുന്നതിനാൽ എത്ര വിഭാഗങ്ങളുണ്ട് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്.ഐഎസുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നതോടെ ദമ്മാജ് സലഫിസത്തിൽ ചേർന്ന് യെമനിൽ പോയവരുടെ കുടുംബങ്ങളും ഭീതിയിലാണ്. അതുകൊണ്ടു തന്നെയാണ് ഇവരിൽ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചതും.

യഥാർഥ ഇസ്ലാമിനെ തേടി യെമനിലെ ദമ്മാജിലേക്ക് ഹിജ്റ തിരിക്കണമെന്നാണ് ഇവർ വിശ്വസിക്കുന്നത്. ഒരു പ്രസ്ഥാനത്തിന്റെ യഥാർഥ ആശയതലങ്ങൾ തിരിച്ചറിയാൻ അതിലെ അനുയായികൾക്ക് നൂറോളം വർഷങ്ങളെങ്കിലും വേണ്ടിവന്നു എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നെന്നും പതിറ്റാണ്ടുകൾ അരയും തലയും മുറുക്കി കേരള മുസ്ലീങ്ങ
ൾക്കിടയിൽ പ്രവർത്തിച്ചിട്ടും ഖുർആൻ വെളിച്ചംകാട്ടുന്ന ബഹുസ്വരതയുടെ ഇസ്ലാമിക കാഴ്ചപ്പാട് അനുയായികൾക്ക് പകർന്നുനൽകുന്നതിൽ പ്രസ്ഥാനം പരാജയപ്പെട്ടുവെന്നത് മറ്റൊന്നുമെന്നാണ് ഇവർക്കെതിരെ സുന്നി മത പണ്ഡിതർ പറയുന്നത്.

പശ്ചിമേഷ്യൻ രാജ്യമായ യെമനിലെ ഒരു ചെറുപട്ടണമാണ് ദമ്മാജ്. ശിയാകളും സലഫികളും തിങ്ങിപ്പാർക്കുന്ന ഇടം. ഹൂഥികൾ എന്നാണ് ശീയാകൾ അറിയപ്പെട്ടിരുന്നത്. സലഫികളും ഇവിടെ ശക്തമാണ്. ഇസ്ലാമികപൈതൃകങ്ങളുടെ വിശുദ്ധ ഭൂമിയായതുകൊണ്ടുതന്നെ യമൻ മുസ്ലീങ്ങളുടെ മനസ്സിൽ വളരെ പ്രാധാന്യമർഹിക്കുന്നു. വിശ്വാസവും യുക്തിയും യമനിയ്യാണ് എന്ന പ്രവാചക പാഠവും ഈ നാടിന് ഒരു മേന്മകൂടി പതിച്ചുനൽകുന്നു. ഈ സാധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തി യമനിൽ ഇരു വിഭാഗങ്ങളും ശക്തി വളർത്താൻ ശ്രമിച്ചിട്ടുണ്ട്. മുഖ്ബിലു ബ്നു ഹാദി അൽ വാദിഈ എന്ന പണ്ഡിതന്റെ കീഴിൽ 1980 കളിൽ ഇവിടത്തെ സലഫികൾ സംഘടിക്കുകയും മത സ്ഥാപനങ്ങളും മത പ്രചാരണവുമായി ശക്തിപ്പെടുകയും ചെയ്തു.സലഫിസത്തിൽ ഊന്നിനിന്നുകൊണ്ടുതന്നെ അതിന്റെ തീവ്രമായൊരു രീതിയാണ് അവരവിടെ അനുശീലിച്ചിരുന്നത്.

ഇസ്ലാമിക പ്രമാണങ്ങളെ അക്ഷര വായന നടത്തിയ അവർ ഇസ്ലാമിന്റെ
ആദ്യ കാലത്തെ അതേപടി പുനരവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ദമ്മാജിൽ. ദാറുൽ ഹദീസ് എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് അവരുടെ അവിടത്തെ ജീവിതം. പ്രവാചകൻ ആടുമേച്ചിരുന്നതിനാൽ അവരവിടെ ആടു മേച്ചും കൃഷി ചെയ്തുമാണ് ജീവിക്കുന്നത്. ഇതാണ് യഥാർഥ മുസ്ലിമിന്റെ ജീവിതമെന്ന് അവർ വാദിക്കുന്നു. പൊതുജനങ്ങൾക്കിടയിൽ നിന്നും സാമൂഹിക ഉത്തരവാദിത്തങ്ങളിൽനിന്നും പറിച്ചുനടുന്ന ഈയൊരു തീവ്രസലഫി ജീവിതരീതി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആളുകളെ ഇങ്ങോട്ട് ആകർഷിക്കാൻ കാരണമായി. ഒരു പ്രമുഖ ഹദീസ് സ്ഥാപനമെന്ന നിലക്കും ആളുകൾ അവിടെക്ക് ഒഴുകിവന്നു. കൂട്ടത്തിൽ കേരളത്തിൽനിന്നുള്ള വഹാബി ചിന്താഗതിക്കാരും അതിലുണ്ടായിരുന്നു. പത്തു വർഷത്തോളമായി പലരും അവിടെ പോയി പഠിച്ചും ജീവിച്ചും വരുന്നുണ്ടെങ്കിലും ആരുമത് അറിഞ്ഞിരുന്നില്ല. ഹൂഥികളും സലഫികളും തമ്മിൽ സംഘർഷങ്ങളുണ്ടാവുകയും ചില മലയാളികൾ പിടിക്കപ്പെടുകയും ചെയ്തതോടെയാണ് കാര്യം പുറത്തുവന്നത്.

യമനിലെ ഒരു സ്ഥാപനമെന്ന നിലക്ക് അവിടെ ചിലയാളുകൾ പഠിക്കാൻ പോയത് ചർച്ച ചെയ്യപ്പെടാൻ മാത്രമുള്ള കാര്യമൊന്നുമല്ല. പക്ഷെ, അവിടെ പോയവരുടെ സാമൂഹിക-മാനസിക പശ്ചാത്തലവും ദമ്മാജ് സലഫികൾ വച്ചുപുലർത്തുന്ന തീവ്ര ആത്മീയ രീതികളും സംഘർഷവും കാലുഷ്യവും നിറഞ്ഞ കേരളത്തിലെ വഹാബി സംഘടനാ പശ്ചാത്തലവും എല്ലാംകൂടി ചേർത്തുവായിക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം കൂടുന്നത്.

( തുടരും)

നാളെ: ഇന്ത്യയിൽ ജീവിച്ചാൽ സ്വർഗം ലഭിക്കില്ലേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP