Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രംപിന് മുമ്പിൽ മോദി മുട്ടുമടക്കി; ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി വേണ്ടെന്ന് വച്ചത് അമേരിക്കൻ ഭീഷണി മൂലം; യു എസ് പ്രസിഡന്റിന്റെ ഉപരോധ വെല്ലുവിളിക്ക് മുമ്പിൽ വീഴുമ്പോൾ ഇനി രാജ്യത്ത് എണ്ണ വില കുതിച്ചുയരും; ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വ്യാഴാഴ്ചയോടെ നിർത്തുമെന്ന് റിപ്പോർട്ട്

ട്രംപിന് മുമ്പിൽ മോദി മുട്ടുമടക്കി; ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി വേണ്ടെന്ന് വച്ചത് അമേരിക്കൻ ഭീഷണി മൂലം; യു എസ് പ്രസിഡന്റിന്റെ ഉപരോധ വെല്ലുവിളിക്ക് മുമ്പിൽ വീഴുമ്പോൾ ഇനി രാജ്യത്ത് എണ്ണ വില കുതിച്ചുയരും; ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വ്യാഴാഴ്ചയോടെ നിർത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ വ്യാഴാഴ്ചയോടെ നിർത്തും. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ഇറക്കുമതി നിർത്താൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതോടെ പെട്രോളിനും ഡീസലിനും രാജ്യത്ത് ഇനിയും വില ഉയരും. ഇറാനിൽ നിന്നുള്ള എണ്ണയായിരുന്നു ഇന്ത്യയിലെ പെട്രോൾ വില 80 രൂപയിൽ താഴെ പിടിച്ചു നിർത്തിയിരുന്നു. ഇന്ത്യ ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാമതാണ് ഇറാൻ. ആഗോള തീവ്രവാദത്തെ നേരിടാനുള്ള ഇന്ത്യൻ നീക്കത്തിന് അമേരിക്കയുടെ പിന്തുണ അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം.

ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങൾക്ക് അമേരിക്ക നൽകിയ സമയപരിധി നാളെ അവസാനിക്കും. നവംബറിൽ ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറിയ അമേരിക്ക ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെ ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളിൽ നിന്നും പിന്മാറാൻ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇറാനിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി, എന്നാൽ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്.

കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇറക്കുമതി നിർത്തിയാൽ ഇന്ത്യയിൽ വിലവർധനവുണ്ടാകുമെന്ന ആശങ്ക വിദേശകാര്യ മന്ത്രാലയം അമേരിക്കയെ അറിയിച്ചുവെന്നാണ് വിവരം. ഇന്ത്യക്ക് പുറമെ ചൈനയും തുർക്കിയുമാണ് ഇറാനിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്ന മറ്റ് പ്രമുഖ രാജ്യങ്ങൾ. എന്നാൽ ഇരു രാജ്യങ്ങളും ഇറാനുമായുള്ള എണ്ണ വ്യാപാരം തുടരുമെന്നാണ് സൂചന.

തങ്ങളുടെ എണ്ണ കയറ്റുമതി തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് ഹസൻ റൂഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രസിഡന്റ് ഹസൻ റൂഹാനി പ്രതികരിച്ചത്. അമേരിക്കയുടേത് തെറ്റായ തീരുമാനമാണെന്നും റൂഹാനി വ്യക്തമാക്കി. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഇല്ലെങ്കിൽ ഉപരോധം നേരിടേണ്ടിവരുമെന്നും ഇന്ത്യയ്ക്ക് അമേരിക്ക 'അന്ത്യശാസനം' നൽകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ചൈനയും തുർക്കിയുമെല്ലാം അമേരിക്കൻ ഭീഷണിക്ക് പുല്ലുവില കൽപിക്കുമ്പോൾ മോദി സർക്കാർ ട്രംപിന് മുന്നിൽ മുട്ടുമടക്കുന്ന സാഹചര്യമാണെന്നും ഭീഷണിക്ക് വഴങ്ങി ഇന്ത്യ ഇറാനിൽ നിന്നുള്ള ഇറക്കുമതി അവസാനിപ്പിച്ചേക്കാം എന്നും റിപ്പോർട്ടുണ്ടായിരുന്നു.

അമേരിക്കൻ ഭീഷണിക്ക് ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഭൂരിപക്ഷം രാജ്യങ്ങളും പുല്ലുവില കൽപിക്കുമ്പോൾ ഇന്ത്യമാത്രം എന്തിന് വഴങ്ങുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നിലും ഇതുതന്നെ. എണ്ണ വില ഉയർത്തി നിർത്താനും ഡോളറിൽ തന്നെ എണ്ണയുടെ രാജ്യാന്തര കച്ചവടം നടത്താനുമാണ് അമേരിക്ക ഇത്തരമൊരു തന്ത്രം പയറ്റുന്നത്. എന്നാൽ ഇറാൻ ഇതിന് തടസ്സമാണ്. ഇന്ത്യക്കെതിരെ ഉപരോധം കൊണ്ടുവന്നാൽ അത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന സാഹചര്യമായിട്ടു പോലും മോദി ഭരണകൂടം ട്രംപിന് വഴങ്ങുന്ന സാഹചര്യം വരുന്നതോടെയാണ് ഇറാനിലും ഇറാനെ അനുകൂലിക്കുന്ന രാഷ്്ട്രങ്ങളിലും ഇന്ത്യൻ നിലപാടും നയതന്ത്രവും വിമർശനം നേരിടുന്നത്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്രംപ് ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്നു. ഇറാനെതിരെയുള്ള നീക്കങ്ങളോട് ഇന്ത്യക്ക് യോജിപ്പില്ലെന്ന് സുഷമ തുറന്നുപറഞ്ഞിരുന്നു. പക്ഷേ, ഇതിന് പിന്നാലെ ഇപ്പോൾ ഇന്ത്യയുടെ നിലപാടിലുണ്ടായ മാറ്റം വലിയ വിമർശനമാണ് നേരിടുന്നത്. ഇന്ത്യ ദേശീയ താൽപര്യങ്ങളെ ബലികഴിച്ച് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP