Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലീഗ് നേതാവിന്റെ ദുബൈയിലുള്ള ഭാര്യയുടെ വോട്ട് ആര് ചെയ്തു; മക്കയിൽ ഉംറ തീർത്ഥാടനത്തിന് പോയവരുടെ വോട്ടുകൾ എങ്ങനെ ചെയ്തു; തളിപ്പറമ്പിൽ 27 പ്രവാസികളുടെയും പള്ളിക്കരയിൽ 17 പ്രവാസികളുടെയും വോട്ടുകൾ കൂട്ടത്തോടെ ലീഗുകാർ ചെയ്തെന്ന് സിപിഎം; കാസർഗോഡ് ലോകസഭാ മണ്ഡലത്തിലെ 156 ബൂത്തുകളിലും കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ 139 ബൂത്തുകളിലും കള്ളവോട്ട് നടന്നതായി കാണിച്ച് എൽ.ഡി.എഫിന്റെ പരാതി; കള്ളവോട്ടിൽ വെട്ടിലായി മുസ്ലിം ലീഗും

ലീഗ് നേതാവിന്റെ ദുബൈയിലുള്ള ഭാര്യയുടെ വോട്ട് ആര് ചെയ്തു; മക്കയിൽ ഉംറ തീർത്ഥാടനത്തിന് പോയവരുടെ വോട്ടുകൾ എങ്ങനെ ചെയ്തു;  തളിപ്പറമ്പിൽ 27 പ്രവാസികളുടെയും പള്ളിക്കരയിൽ 17 പ്രവാസികളുടെയും വോട്ടുകൾ കൂട്ടത്തോടെ ലീഗുകാർ ചെയ്തെന്ന് സിപിഎം; കാസർഗോഡ് ലോകസഭാ മണ്ഡലത്തിലെ 156 ബൂത്തുകളിലും കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ 139 ബൂത്തുകളിലും കള്ളവോട്ട് നടന്നതായി കാണിച്ച് എൽ.ഡി.എഫിന്റെ പരാതി; കള്ളവോട്ടിൽ വെട്ടിലായി മുസ്ലിം ലീഗും

രഞ്ജിത്ത് ബാബു

കണ്ണുർ: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് ശക്തികേന്ദ്രമായ കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്നത് ജില്ലാ കലക്ടർ അന്വേഷിക്കാൻ തീരുമാനിച്ചതോടെ മുസ്ലിം ലീഗും വെട്ടിൽ. ലീഗ് പ്രവർത്തകനായ മുഹമ്മദ് ഫായിസ് രണ്ടു ബൂത്തുകളിൽ വോട്ട് ചെയ്തുവെന്ന സിപിഎം ആരോപണത്തെ തുടർന്ന് ഫായിസിനോട് നേരിട്ട് ഹാജരാകാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ഫായിസ് 69-ാം നമ്പർ ബൂത്തിലും 70-ാം നമ്പർ ബൂത്തിലും വോട്ട് ചെയ്തതായാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടി തീരുമാനിക്കുമെന്നും കളക്ടർ വ്യക്തമാക്കി. എന്നാൽ ഇയാൾ മുസ്ലിംലീഗ് പ്രവർത്തകനല്ല സിപിഎം അനുഭാവികൾ ആണെന്നാണ് ലീഗ് ആരോപിക്കുന്നത്. കാസർഗോഡ് ലോകസഭാ മണ്ഡലത്തിലെ 156 ബൂത്തുകളിലും കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ 139 ബൂത്തുകളിലും കള്ളവോട്ട് നടന്നതായി കാണിച്ച് എൽ.ഡി.എഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

പുതിയങ്ങാടിയിലെ മറ്റൊരു ലീഗ് പ്രവർത്തകനായ ആഷിഖ് എന്നയാൾ 69-ാം നമ്പർ ബൂത്തിൽ രണ്ടു തവണ വോട്ടു ചെയ്തത ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. ഇയാളോടും നാളെ നേരിട്ട് ഹാജരാകാൻ കളക്ടർ നിർദ്ദേശം നൽകി. കള്ളവോട്ടിന്റെ ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതിയിൽ അന്വേഷണം നടത്താൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണയാണ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.

ലീഗ് നേതാവിന്റെ ഗൾഫിലുള്ള ഭാര്യയുടെ വോട്ട് ആര് ചെയ്തു?

മുസ്ലിംലീഗ് കേന്ദ്രങ്ങളിൽ നടന്ന വ്യാപക കള്ളവോട്ടുകൾ നടന്നുവെന്നാണ് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ അടക്കമുള്ള ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അജാനൂർ പഞ്ചായത്തിലെ ചിത്താരി ഹിമായത്തുൽ ഇസ്ലാം എയുപി സ്‌കൂലെ 12ാം നമ്പർ ബൂത്തിൽ മുസ്ലിംലീഗ് ദേശീയ സമിതി അംഗവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയുടെ വോട്ട് ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുകയായിരുന്നു. 54-ാം നമ്പർ വോട്ടറായ സുഹറ തെരഞ്ഞെടുപ്പ് സമയത്തും ഇപ്പോഴും ദുബായിലാണ്. വോട്ടുചെയ്ത സ്ത്രീ അവരുടെ ജോലിക്കാരിയാണെന്ന് എൽഡിഎഫ് ബൂത്ത് ഏജന്റുമാർ നേരത്തെ ആരോപിച്ചിരുന്നു.

വിദേശത്തുള്ള മക്കളുടെ പേരിലും കള്ളവോട്ട് ചെയ്തിട്ടുണ്ട്. 55, 56, 57 ക്രമനമ്പറുകളിലായി ഇതേ ബൂത്തിൽ യഥാക്രമം സി എം അബ്ദുൾ ജലീൽ, സി എം ഷമീം, ഖലീൽ എന്നിവരുടെ വോട്ടുകളാണ് എൽഡിഎഫ് ഏജന്റുമാരുടെ എതിർപ്പ് വകവയ്ക്കാതെ യുഡിഎഫുകാർ ചെയ്തത്. എൽഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയും ഉദ്യോഗസ്ഥരെ പേടിപ്പിച്ച് നിർത്തിയുമായിരുന്നു വോട്ടിങ് അട്ടിമറിച്ചത്. കള്ളവോട്ടുചെയ്ത ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ബൂത്തിൽ വിദേശത്തുള്ള നൂറിലധികംപേരുടെ വോട്ട് ലീഗുകാർ ചെയ്തു.

ഇതേ സ്‌കൂളിലെ 10, 11 നമ്പർ ബൂത്തിലും നൂറിലേറെ കള്ളവോട്ടുചെയ്തു. അജാനൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ലീഗിന്റെ പ്രഭാഷകനുമായ ബഷീർ വെള്ളിക്കോത്തിന്റെ മകൻ 997ാം നമ്പർ വോട്ടർ അലി ഹൈദർ ബഷീറും വിദേശത്താണ്. ഇദ്ദേഹത്തിന്റെ വോട്ടും ലീഗുകാർ പെട്ടിയിലാക്കി.

12ാം നമ്പർ ബൂത്തിലെ അബ്ദുൾ അസീസ് അലി (വോട്ടർ നമ്പർ 77) ,മുഹമ്മദ് റഫീക് ( 79), ജാവിദ് അലവി (171), ഇസ്ഹാഖ് (205), മൊയ്നുദ്ദീൻ(206), സാഹിദ് (208), മുഹമ്മദ് ഹനീഫ (270), അബ്ദുൾ മജീദ് (271), അബ്ദുൾനിസാർ(279), അബൂബക്കർ സിദ്ദിഖ് (390), അബ്ദുൾ ഖാദർ (396), മുഹമ്മദലി(457), നൂറുദ്ദീൻ(467), ഷഹീദ് (573), ഷബീർ(605),മിർഷാദ് ( 618), ഷുഹൈബ് (619), അഹമ്മദ്ദുൽഷാദ് (620), മുഹമ്മദ് റഹീഷ് (676), മുഹമ്മദ് ജാഫർ( 731), ഫൈസൽ(738), മുഹമ്മദ് ഷാജഹാൻ (744), അബ്ദുൾഹക്കീം (754), സുഹൈൽ(777) , അബ്ദുൾ നിസാർ(890), സലാം(891), സുഹൈർ അലി(831), ഷമിം(966), ഫാഷിഫ് (1050), ഇഷ്ഫാക് (1051) എന്നിവരെല്ലാം വിദേശത്താണ്. എന്നാൽ ഇവരുടെയെല്ലാം വോട്ട് ലീഗുകാർ അപരന്മാരെക്കൊണ്ട് ചെയ്യിച്ചു. മക്കയിൽ ഉംറ തീർത്ഥാടനത്തിന് പോയ 12ാം നമ്പർ ബൂത്തിലെ മറിയം അബ്ദുള്ള(614), പത്താം ബൂത്തിലെ അബ്ദുൾ അസീസ് (336) ,മൈമൂന (37)എന്നിവരുടെയും വോട്ട് ലീഗുകാർ ചെയ്തുവെന്നാണ് സിപിഎം ആരോപണം. ഇക്കാര്യത്തിൽ ദൃശ്യങ്ങൾ നോക്കിയുള്ള അന്വേഷണം പുരോഗമിക്കയാണ്.

28 പ്രവാസികളുടെ വോട്ടുകൾ ലീഗ് പ്രവർത്തകർ കൂട്ടത്തോടെ ചെയ്തു

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 166ാം ബൂത്തായ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിൽ യുഡിഎഫ് പ്രവർത്തകർ നാട്ടിലില്ലാത്ത പ്രവാസികളുടെ കള്ളവോട്ട് ചെയ്തു. 28 പ്രവാസികളുടെ വോട്ടുകളാണ് ലീഗ് പ്രവർത്തകർ കൂട്ടത്തോടെ വന്ന് ചെയ്തതെന്ന് എംവി ജയരാജൻ പറഞ്ഞു. ഇവിടെ ഇതിനകം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് 28 കള്ളവോട്ട് ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും പല വീടുകളിലും ഗൾഫിലടക്കമുള്ള സ്ത്രീകളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും എം വി ജയരാജൻ പറഞ്ഞു. അതുകൂടി കണ്ടെത്തിയാൽ നൂറുകണക്കിന് കള്ളവോട്ടാണ് പാമ്പുരുത്തി ബൂത്തിൽമാത്രം യുഡിഎഫ് പ്രവർത്തകർ ചെയ്തതെന്ന് വ്യക്തമാകും.

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 77ാം നമ്പർ അക്കിപ്പറമ്പ് യുപി സ്‌കൂൾ ബൂത്തിൽ നാട്ടിൽ ഇല്ലാത്ത പ്രവാസികളുടെ വോട്ടുകൾ യൂത്ത് ലീഗ് സംസ്ഥാന നേതാവടക്കമുള്ളവരാണ് ചെയ്തതെന്നാണ് സിപിഎം ആരോപണം. ഫൈസൽ എം, ഹാരീസ് എം, ഷംസുദ്ദീൻ, നസീർ എം, അർഷാദ് പി കെ എന്നിവരുടെ വോട്ടുകൾ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയും തളിപ്പറമ്പ് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി കെ സുബൈറും ലീഗ് പ്രവർത്തകരായ ഷാമിർ പി സി, മുഹമ്മദ് ഷബീർ, മുഹമ്മദ് ഇർഫാൻ, സഹദ് എം എന്നിവരും ചേർന്നാണ് ചെയ്തത്.

തളിപ്പറമ്പ് സീതിസാഹിബ് ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ട് ബൂത്തുകളിലും ടാഗോർ വിദ്യാനികേതനിലെ നാലു ബൂത്തുകളിലും തളിപ്പറമ്പ് ബിഇഎംപി സ്‌കൂളിലും ചപ്പാരപ്പടവ് സ്‌കൂളിലും യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. ഇരിക്കൂർ നിയമസഭാ മണ്ഡലത്തിലെ 71ാം നമ്പർ ബൂത്തായ ചെങ്ങളായി മാപ്പിള എൽ പി സ്‌കൂളിലും യുഡിഎഫ് വൻതോതിൽ കള്ളവോട്ട് ചെയ്താതയും സിപിഎം ആരോപിച്ചു.

പള്ളിക്കരയിൽ ചെയ്തത് 17 വോട്ടുകൾ

ഉദുമ നിയമസഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലും വ്യാപകമായി കള്ളവോട്ടു നടന്നതായി സിപിഎം ആരോപിക്കുന്നു. പള്ളിക്കര, പള്ളിപ്പുഴ, മേൽപ്പറമ്പ്, എന്നിവിടങ്ങളിൽ വിദേശത്തുള്ളവരുടേയും വോട്ടർ പട്ടികയിൽ ഡിലീറ്റ് ചെയ്യപ്പെട്ടവരുടേയും വോട്ടുകളാണ് മുസ്ലിം ലീഗുകാർ ചെയ്തതെന്ന് പരാതി ഉയർന്നിട്ടുണ്ട്. പള്ളിക്കര ജി.ഡബ്ലു. എൽ.പി. സ്‌ക്കൂളിലെ 124 ാം നമ്പർ ബൂത്തിൽ നാട്ടിലില്ലാത്ത 17 പേരുടെ കള്ളവോട്ടുകൾ ലീഗുകാർ ചെയ്തെന്നാണ് ആരോപണം. പള്ളിക്കര ജി.എം. യു.പി. സ്‌ക്കൂളിലെ 125 ാം ബൂത്തിൽ പ്രിസൈഡിങ് ഓഫീസറുടെ അനുവാദത്തോടെ മുസ്ലിം ലീഗുകാർ കള്ളവോട്ട് ചെയ്‌തെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. ലീഗ് കേന്ദ്രങ്ങളിൽ ബൂത്ത് ഏജന്റുമാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പട്ടികയില്ലാത്തവരുടെ വോട്ട് ചെയ്യാൻ അനുവദിക്കപ്പെട്ടത്.

മേൽപ്പറമ്പ് ചന്ദ്രഗിരി ഗവ.. എച്ച്. എസ്.എസിലെ 8, 10, 11 ബൂത്തുകളിലും മുസ്ലിം ലീഗുകാർ കള്ളവോട്ട് രേഖപ്പെടുത്തി. ഇവിടെ എൽ.ഡി.എഫ് ഏജന്റുമാരേയും പൊലീസിനേയും ഭീഷണിപ്പെടുത്തിയാണ് വോട്ടുകൾ ചെയ്തതെന്നാണ് ആരോപണം. പള്ളിക്കര എം.യു.പി. സ്‌ക്കൂളിൽ 126 ാം നമ്പർ ബൂത്തിൽ ലീഗ് പ്രവർത്തക കള്ളവോട്ട് ചെയ്തതായും ഇത് തടയാൻ ശ്രമിച്ച എൽ.ഡി.എഫ് ബൂത്ത് ഏജന്റിനേയും പോളിങ് ഉദ്യോഗസ്ഥരേയും ലീഗുകാർ ഭീഷണിപ്പെടുത്തുന്നതായുള്ള ദൃശ്യങ്ങളും എൽ.ഡി.എഫ് ഉയർത്തുന്നുണ്ട്. കല്ല്യാശ്ശേരിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്ന പരാതിയിൽ കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദലി ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും. ഇതേ സ്‌ക്കൂളിലെ ബൂത്തിൽ ഒരു യുവതി അഞ്ച് തവണ വോട്ട് ചെയ്തതായും എൽ.ഡി.എഫ് ആരോപണമുന്നയിക്കുന്നു. പോളിങ് ആരംഭിച്ച സമയം മുതൽ വൈകീട്ട് 6 മണിവരേയും തുടർന്ന് ക്യൂവിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ അനുവദിക്കപ്പെട്ട സമയത്തും കള്ളവോട്ടുകൾ ചെയ്തതായി യു.ഡി.എഫിനെതിരെ ആരോപണമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP