Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂട്യൂബിൽ നിന്നും ലക്ഷങ്ങൾ കൊയ്യണോ? വീഡിയോ ഷെയറിങ് ഭീമനായ 'യൂട്യൂബ് ഗോദാ'യിലേക്ക് ഇറങ്ങുന്നതിന് മുൻപ് അറിയേണ്ടത് കോടികൾ വാരുന്നവരുടെ വിജയഗാഥകൾ; വെറും എട്ടാം വയസിൽ 79.72 കോടി രൂപ വാരിക്കൂട്ടിയ മിടുമിടുക്കനെയും പാചകത്തിലൂടെ ലക്ഷങ്ങൾ വാരുന്ന ഇന്ത്യൻ വനിതയേയും വരെ അറിയാം; യൂട്യൂബിനെ മുഴുവൻ അറിഞ്ഞാലും വരുമാനത്തിന്റെ 'സൂപ്പർതാരം' മികച്ച ആശയം തന്നെ; ഓൺലൈനിലൂടെ സമ്പാദിക്കാനിറങ്ങുന്നവർ ശ്രദ്ധിക്കൂ

യൂട്യൂബിൽ നിന്നും ലക്ഷങ്ങൾ കൊയ്യണോ? വീഡിയോ ഷെയറിങ് ഭീമനായ 'യൂട്യൂബ് ഗോദാ'യിലേക്ക് ഇറങ്ങുന്നതിന് മുൻപ് അറിയേണ്ടത് കോടികൾ വാരുന്നവരുടെ വിജയഗാഥകൾ; വെറും എട്ടാം വയസിൽ 79.72 കോടി രൂപ വാരിക്കൂട്ടിയ മിടുമിടുക്കനെയും പാചകത്തിലൂടെ ലക്ഷങ്ങൾ വാരുന്ന ഇന്ത്യൻ വനിതയേയും വരെ അറിയാം; യൂട്യൂബിനെ മുഴുവൻ അറിഞ്ഞാലും വരുമാനത്തിന്റെ 'സൂപ്പർതാരം' മികച്ച ആശയം തന്നെ; ഓൺലൈനിലൂടെ സമ്പാദിക്കാനിറങ്ങുന്നവർ ശ്രദ്ധിക്കൂ

തോമസ് ചെറിയാൻ കെ

സാങ്കേതിക വിദ്യ എന്നത് ശ്വാസം പോലെയാണ് ഇന്നിന്റെ ലോകം കൊണ്ടു നടക്കുന്നത്. റോഡിലൂടെ വെറുതേ നടന്ന് പോകുന്ന വ്യക്തിയെ ഒന്ന് പരിശോധിച്ചാൽ കുറഞ്ഞത് ഒരു കീപ്പാഡ് ടൈപ്പ് മൊബൈൽ ഫോണെങ്കിലും കണ്ടെത്താൻ സാധിക്കും. ഫോൺ ലൊക്കേറ്റ് ചെയ്യാവുന്ന വിദ്യ കൊണ്ട് ഈ മേൽപ്പറഞ്ഞ കാൽനടയാത്രക്കാരൻ മുതൽ ലോകത്തെ കോടിക്കണക്കിന് ആളുകൾ വരെ നെറ്റ് വർക്ക് എന്ന വലയിൽ ബന്ധിക്കപ്പെട്ടവരാണ്. സാങ്കേതിക വിദ്യ ഇത്രയധികം നമ്മെ സ്വാധീനിക്കുന്ന വേളയിൽ അതിന് ഊർജ്ജം നൽകിയ ഒന്നാണ് ഇന്റർനെറ്റ് എന്ന മായാജാലം.

എന്നാൽ ശരവേഗത്തിൽ ഓടുന്ന സാങ്കേതിക വിദ്യ എന്ന മാന്ത്രികൻ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചുമായൊക്കെ നമ്മുടെ മുന്നിൽ അവതരിച്ചിരിക്കുന്ന വേളയിൽ ഏവരും ഉറ്റു നോക്കുന്ന ഒന്നാണ് ഓൺലൈനിൽ നിന്നുള്ള വരുമാനം. അതിൽ ലോകം ഏറെ ചർച്ചയാക്കിയ ഒന്നാണ് യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം. പേപ്പാൽ ജീവനക്കാരായിരുന്ന ചാഡ് ഹർളി, സ്റ്റീവ് ചെൻ, ജാവേദ് കരിം എന്നിവർ 2005 ഫെബ്രുവരിയിൽ തുടങ്ങിയ ചെറിയ സംരംഭം.

അത് ഗൂഗിൾ വാങ്ങിയതോടെ ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായി അത് മാറി. ഇന്ന് കോടികളുടെ ബിസിനസ് നടക്കുന്ന യൂട്യൂബിലേക്ക് പണമുണ്ടാക്കണം എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്നവർ കുറവല്ല. യൂട്യബിന്റെ സാധ്യതകളെ പറ്റി അറിയുമ്പോൾ സാങ്കേതിക വശം പോലെ തന്നെ പ്രധാനമാണ് അതിലെ വിജയഗാഥകൾ അറിഞ്ഞിരിക്കുന്നത്. മികച്ച ആശയവുമായി മുന്നോട്ട് വരുന്നവർക്ക് മാത്രമാണ് യൂട്യൂബിൽ നിന്നും വിജയം കൊയ്യാൻ സാധിക്കുക. അത്തരം കഥകൾ തന്നെ ആദ്യം അറിയാം.

ഞൊടിയിടെ കൊയ്തത് കോടികൾ...ഈ യൂട്യൂബ് വിജയികളെ അറിഞ്ഞിരിക്കണേ

ലോകത്ത് യൂട്യൂബ് വരുമാനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അഞ്ച് പേരെയും ഇന്ത്യയിൽ യൂട്യൂബിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന ആളുകളേയും പരിചയപ്പെടാം. കഠിനാധ്വാനവും പ്രതിഭയും ഒത്തുചേർന്നാൽ മാത്രമേ യുട്യൂബിൽ വിജയം കൊയ്യാൻ സാധിക്കൂ എന്ന കാര്യം ഓർമ്മിക്കണേ. ഇത്തരത്തിൽ ലോകത്ത് മുൻപന്തിയിൽ നിൽക്കുന്നവരിൽ വെറും എട്ട് വയസ് മാത്രം പ്രായമുള്ള കുരുന്നുമുണ്ടെന്ന് ഓർക്കുക. വെറും ഒരു വർഷം കൊണ്ട് യൂട്യൂബിൽ നിന്നും 79  കോടി (ഇന്ത്യൻ രൂപ) വാരിയെന്ന് കേൾക്കുമ്പോൾ തന്നെ ആ പ്രതിഭയുടെ മികവ് നമുക്ക് മനസിലാകും.

1. ഡാനിയേൽ മിഡിൽടൺ 

ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട യൂട്യൂബറാണ് ഡാനിയൽ മിഡിൽടൺ. ഗെയിമിങ് വീഡിയോകൾക്കും അതിന്റെ സ്‌പോൺസർഷിപ്പ്, വ്യാപാരം എന്നിവയാണ് ഡാനിയൽ തന്റെ ഡാൻ ടിഡിഎം എന്ന യൂട്യൂബ് ചാനൽ വഴി നടത്തുന്നത്. 19 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സുമായി കുതിക്കുന്ന ചാനലിന് 16.5 മില്യൺ യുഎസ് ഡോളറാണ് 2017-2018 കാലയളവിൽ ലഭിച്ചത്. അതായത് 115.3 കോടി ഇന്ത്യൻ രൂപ. 28കാരനായ ബ്രിട്ടീഷ് യുവാവ് കോമിക്ക് ബുക്ക് രചയിതാവും ടിവി ഷോകളിലെ നിറസാന്നിധ്യവുമായിരുന്നു.

2. ഇവാൻ ഫോങ്ങ്

ഡാനിയേൽ കഴിഞാൽ യൂട്യൂബ് വരുമാനക്കാരിൽ രണ്ടാമൻ. വാനോസ് ഗെയിമിങ് എന്ന ചാനൽ വഴി ഗെയിമിങ്ങ് വീഡിയോകളിലാണ് ഇവാൻ പിടിച്ച് നിൽക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ വീഡിയോ എഡിറ്റിങ് സ്‌റ്റൈലാണ് ഏറെ ശ്രദ്ധേയമായ ഒന്ന്. 23 മില്യൺ സബ്‌സ്‌ക്രൈബൈഴ്‌സുമായി മുന്നേറുന്ന ചാനലിന് 15.5 മില്യൺ യുഎസ് ഡോളറാണ് വാർഷിക വരുമാനം.

അതായത് 108.3 കോടി രൂപയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവാൻ വാരിയത്. ഡെഡ് റിയൽ എന്ന ഗെയിമിന്റെ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു ഇവാൻ. പാരാ നോർമൽ ആക്ഷൻ സ്‌ക്വാഡ് എന്ന ആനിമേഷൻ വീഡിയോയുടെ സൃഷ്ടിയിലും കാനഡക്കാരനായ ഈ 27കാരന് വലിയ പങ്കാണുള്ളത്.

3.ഡ്യൂഡ് പെർഫെക്ട് ഗ്രൂപ്പ്

31 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സുമായി 14 മില്യൺ വാർഷിക വരുമാനത്തോടെ കുതിക്കുന്ന ചാനലാണ് ഡ്യൂഡ് പെർഫെക്ട്. 97.90 കോടി രൂപ വാർഷിക വരുമാനവുമായി കുതിക്കുന്ന ഡ്യൂഡ് പെർഫെക്ടിന്റെ നിർമ്മാതാക്കൾ കോറി-കോർബി സഹോദരങ്ങളാണ്. ഇവരും മൂന്ന് ഹൈസ്‌കൂൾ സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ ചാനലിൽ കായികവുമായി ബന്ധപ്പെട്ട വീഡിയോകളാണ് വരുന്നത്.

ഇവയ്‌ക്കൊപ്പം തന്നെ ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന വീഡിയോകളുമുണ്ട്. ചാനലിൽ പ്രഫഷണൽ അത്‌ലറ്റുകളും, ചാനൽ-സിനിമാ താരങ്ങളും പ്രത്യക്ഷപ്പെടുന്നതിനാൽ തന്നെ ഏറെ പ്രേക്ഷക പ്രീതിയാണ് ചാനലിനെ തേടിയെത്തിയത്.

4. മാർക്ക് എഡ് വാർഡ് ഫിഷ്‌ക്‌ബാക്ക്

ഗെയിമിങ് വീഡിയോകളിലെ മുൻനിരക്കാരിൽ ഒരാൾ. 20 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സുള്ള മാർക്കിപ്ലൈയർ എന്ന ചാനലിന് 12.5 മില്യൺ യുഎസ് ഡോളറാണ് വാർഷിക ശരാശരി വരുമാനം. അതായത് 87.41 കോടി ഇന്ത്യൻ രൂപ. ഹോറർ ഗെയിമിങ് വീഡിയോകളാണ് ചാനലിന്റെ പ്രത്യേകത. ലെറ്റ്‌സ് പ്ലേ വീഡിയോകളും കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വായനാ ശൈലിയുമാണ് മാർക്കിനെ യൂട്യൂബ് മുൻനിരക്കാരനാക്കിയത്. ഹൊറർ
ഗെയിമായ അംനേസ്യ ഡാർക്ക് ഡീസന്റ് അടക്കമുള്ള ഗെയിം വീഡിയോകൾ മാർക്കിന് രാശി തെളിയിച്ച് നൽകിയ ഒന്നാണ്. ടിവി ഷോകളിൽ ശബ്ദം നൽകിയാണ് മാർക്ക് വീഡിയോ രംഗത്തേക്ക് എത്തുന്നത്.

5.റയാൻ ടോയ്‌സ് റിവ്യൂ

വെറും എട്ട് വയസിനിടെ നേടിയത് 11.4 മില്യൺ യുഎസ് ഡോളർ. അതായത് ഒരു വർഷംകൊണ്ട് 79.72 കോടി ഇന്ത്യൻ രൂപ. പുത്തൻ കളിപ്പാട്ടങ്ങളുടെ വിവരണവും അതിന്റെ ഉപയോഗവുമാണ് റയാൻ ടോയ്‌സ് റിവ്യു എന്ന ചാനലിലൂടെ നൽകുന്നത്. റയാന്റെ കളിപ്പാട്ട പ്രേമത്തെ മാതാപിതാക്കൾ യുട്യൂബ് വീഡിയോയാക്കിയപ്പോൾ വൻ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്.

റയാന്റെ 'ഹ്യൂജ് എഗ്‌സ് സർപ്രൈസ് ടോയ്‌സ് ചാലഞ്ച്' എന്ന വീഡിയോയ്ക്ക് 1.3 ബില്യൺ കാഴ്‌ച്ചക്കാരാണുണ്ടായത്. ആഗോള തലത്തിൽ കളിപ്പാട്ട വിപണിയെ ഏറെ വളർത്തിയ യുട്യൂബ് ചാനലാണ് റയാൻ എന്ന കൊച്ചു മിടുക്കന്റേത്. ഫോർബ്‌സിന്റെ യൂട്യൂബ് സമ്പന്നരുടെ പട്ടികയിലും ഈ കൊച്ചു മിടുക്കൻ ഇടം നേടിയിരുന്നു.

ഇന്ത്യയിലുമുണ്ടേ യൂട്യൂബ് ലക്ഷപ്രഭുക്കൾ

1. ബുവനേശ്വർ ബാം

ഡൽഹി സ്വദേശിയായ ബുവനേശ്വർ ബാം ഇന്ത്യയിലെ മുൻനിര യൂട്യൂബറുമാരിൽ ഒരാളാണ്. ബിബി കി വൈൻസ് എന്ന് തന്റെ ചാനലിലൂടെ ഒരു കൗമാരക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. പാരഡിയും തമാശയും പ്രണയവും പാട്ടുമൊക്കെ ചാനലിന്റെ പ്രത്യേകതയാണ്. 2018 മാർച്ച് വരെയുള്ള കണക്ക് നോക്കിയാൽ 7.1 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സാണ് ചാനലിനുള്ളത്.

2.ഗൗരവ് ചൗധരി

ടെക്കിനിക്കൽ ഗുരുജി എന്ന 5.5 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനൽ ഗൗരവ് എന്ന ടെക്കിയുടെ തലച്ചോറാണ്. ഇപ്പോൾ ദുബായിൽ നിന്നും പ്രവർത്തനം നടത്തുകയാണ് ഗൗരവ്. ടെക്കിനിക്കലായുള്ള കാര്യങ്ങൾ വിവരിക്കുന്ന വീഡിയോകൾ ഹിന്ദിയിലും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു എന്നുള്ളതാണ് ചാനലിന്റെ പ്രത്യേകത. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഗൗരവ് മറുപടി നൽകുന്നുണ്ട്.

3. നിഷാ മധുലിക

ഇന്ത്യൻ വനിതാ യൂട്യൂബറുമാരിലെ 'പാചക റാണി'. വ്യത്യസ്ഥമായ ഇന്ത്യൻ വിഭവങ്ങളുടെ വീഡിയോ പങ്കുവയ്ക്കുന്നതിലൂടെ യൂട്യൂബിൽതരംഗം സൃഷ്ടിച്ചയാളാണ് നിഷ. രുചികരമായ വിഭവങ്ങൾ പരിചയപ്പെടുത്തുകയും വർഷങ്ങൾക്ക് മുൻപ് പൂർവികർ പറഞ്ഞു തന്ന രുചികൂട്ടുകൾ പങ്കുവെച്ചുമാണ് നിഷ പ്രേക്ഷക മനസ്‌കീഴടക്കിയത്. 3.9 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സുള്ള നിഷയുടെ ചാനൽ വീട്ടമ്മമാർക്ക് എന്നും ഒരു പ്രചോദനമാണ്.

യൂട്യൂബ് പരീക്ഷണത്തിന് മുൻപ് ഓർക്കാൻ

സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുന്നത് അടക്കമുള്ള കാര്യങ്ങൾ ഇന്ന് എങ്ങനെന്ന് പ്രത്യേകം പറഞ്ഞ് തരേണ്ടതില്ല. അതിന്റെ ബാലപാഠങ്ങൾ പറഞ്ഞ് തരാൻ ഗൂഗിൾ സെർച്ച് തന്നെ ധാരാളം. എന്നാൽ ഇതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ എങ്ങനെ വിജയിക്കണമെന്ന് അറിയുന്നതാണ് ഏറെ പ്രധാനം. യൂട്യൂബിൽ നിന്നും കാശുണ്ടാക്കാം എന്ന പറഞ്ഞ് എടുത്ത് ചാടി തോൽവി രുചിച്ച ശേഷം 'ആരംഭ ശൂരത്വം' കെട്ടടങ്ങുന്നവരാണ് ഏറെയും. എന്നാൽ യൂട്യൂബ് വിജയമെന്ന് പറയുന്നത് ദീർഘകാലത്തെതാണെന്നും അതിനാൽ തന്നെ കൃത്യമായ പ്ലാനിങ്ങും ഐഡിയയും ഇതിന് വേണമെന്ന് ഓർക്കുക.

ജോലി ഉപേക്ഷിച്ച് യൂട്ഊബർ ആകുക എന്നത് വലിയ വിഡ്ഢിത്തമാണ്. വ്യത്യസ്ഥമായ ആശയത്തിനാണ് എന്നും വലിയ പ്രതികരണം ലഭിക്കുന്നത് അതിനാൽ തന്നെ ഇന്ന് നമ്മൾ ഏത് മേഖല തിരഞ്ഞെടുത്താലും അത് യൂട്യൂബിൽ സജീവമാണെന്നും വ്യത്യസ്ഥതയ്ക്കാണ് മാർക്കറ്റെന്നും ഓർമ്മിക്കുക. ഇതിന് പുറമേയുള്ള കാര്യമാണ് വീഡിയോയുടെ ക്വാളിറ്റി. മികച്ച ശബ്ദവും ദൃശ്യവുമാണെങ്കിൽ വീഡിയോയ്ക്ക് പ്രേക്ഷകർ വരുമെന്ന് ഉറപ്പ്. 

ചാനൽ ആരംഭിക്കുമ്പോൾ......

ഗൂഗിൾ അക്കൗണ്ട് ഉള്ളവർക്കാണ് യുട്യൂബിലും അക്കൗണ്ട് സൃഷ്ടിക്കാൻ സാധിക്കുക. ചാനലിന് വേണ്ടി മികച്ച പേര്, ഇതിന്റെ മേഖല ഏത്, കവർ ചിത്രം , തമ്പ് നെയിൽ തുടങ്ങി പക്കാ പ്രഫഷണലാണെന്ന് പ്രേക്ഷകർക്ക് തോന്നിക്കും വിധം ചാനൽ ആരംഭിക്കുക. യൂട്യൂബിൽ ഇത് സംബന്ധിച്ച് വിദഗ്ധ നിർദ്ദേശങ്ങൾ കിട്ടും. ഇടയ്ക്ക് യൂട്യൂബ് പോളിസികളിൽ മാറ്റം വരാറുള്ളതിനാൽ ഇത് നോക്കി ചാനൽ തുടങ്ങുന്നതാകും ഉത്തമം.

പൈലറ്റ് വീഡിയോകൾ തയാറാക്കി വച്ചാൽ മികച്ച തുടക്കമാവും ലഭിക്കുക. പ്രേക്ഷകർ എങ്ങനെ വിലയിരുത്തുന്നു എന്ന് അറിയാനും സാധിക്കും. മികച്ച ക്യാമറയുള്ള സ്മാർട്ട്‌ഫോണുകൾ മുതൽ പ്രഫഷണ ക്യാമറകൾ വരെ ആകാം. എന്നാൽ തുടക്കമാണെങ്കിൽ സ്മാർട്ട് ഫോൺ ക്യാമറ തന്നെ ധാരാളം. ക്വാളിറ്റിയാണ് മുഖ്യമെന്ന് മാത്രം ഓർത്താൽ മതി. വീഡിയോ എഡിറ്റ് ചെയ്യുന്നതിൽ അറിവു കൂടി നേടിയാൽ ഒരാൾക്ക് ഒറ്റയ്ക്ക് തന്നെ ഒരു ചാനലിനെ മുന്നോട്ട് നയിക്കാം.

നിങ്ങൾ സൃഷ്ടിച്ച ചാനൽ 4000 വാച്ച് അവേഴ്സ് കടന്നോ എന്ന് നോക്കണം. ഒരു യൂട്യൂബ് ചാനലിൽ പ്രേക്ഷകർകണ്ട സമയമാണ് വാച്ച് ടൈം എന്ന് പറയുന്നത്. 12 മാസത്തിനുള്ളിൽ 1000 സബ്സ്‌ക്രൈബേർസും 4000 വാച്ച് അവേഴ്സും കടന്നാൽ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിൽ എന്റോൾ ചെയ്യണം. (കാലത്തിന് അനുസരിച്ച് ഈ കണക്കിൽ മാറ്റം വരാം). അതിന് ശേഷം, നിങ്ങളുടെ യൂട്യൂബ് ചാനൽ ഗൂഗിൾ ആഡ് സെൻസ് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ഇത്രയും ആയാൽ വരുമാനമായി എന്ന് കരുതേണ്ട.

ചാനൽ വരിക്കാർ നിങ്ങളുടെ വീഡിയോയിൽ വരുന്ന പരസ്യങ്ങളോട് പ്രതികരിക്കുന്നതിനനുസരിച്ചാണ് ഗൂഗിൾ ആഡ് പേയ്മെന്റ് കണക്കാക്കുന്നത്. കോസ്റ്റ് പെർ ഇമ്പ്രെഷൻ' എന്ന മെട്രിക് ഉപയോഗിച്ചാണ് യുട്യൂബ് വിവിധ ചാനലുകൾക്കുള്ള പേയ്‌മെന്റ് നിശ്ചയിക്കുക.നിങ്ങൾ സൃഷ്ടിച്ച ചാനലിലൂടെ പ്രേക്ഷകർ ഓരോ തവണയും പരസ്യങ്ങൾ പ്ലേ ചെയ്യുമ്പോൾ നമ്മുടെ ആഡ്സെൻസ് അക്കൗണ്ടിൽ ഓരോ നിശ്ചിത പോയിന്റ് കൂട്ടിച്ചേർക്കപ്പെടും. ഓരോ 1000 വ്യൂസിനും നമുക്ക് ലഭിക്കുന്ന പ്രതിഫലം വർധിച്ചുകൊണ്ടിരിക്കും.

ശരാശരി 'കോസ്റ്റ് പെർ ഇമ്പ്രെഷൻ' അഥവാ സിപിഐ രണ്ട് ഡോളർ ആണ്. പല മാനദണ്ഡങ്ങൾക്കനുസരിച്ച് ഇത് പത്തു ഡോളർ വരെയാകാം. അതുപോലെ തന്നെ യൂട്യൂബ് വീഡിയോയുടെ വരുമാനത്തെ ബാധിക്കുന്ന ഒന്നാണ് കോപ്പി റൈറ്റ്. പാട്ടുകൾ, ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുകൾ, തുടങ്ങിയ കാര്യങ്ങൾ വീഡിയോയിൽ കടന്നു കൂടിയാൽ കോപ്പി റൈറ്റ് ക്ലെയിം വരികയും വരുമാനം ഇല്ലാതാകുകയും ചെയ്യും. സ്വന്തം കൈയോപ്പ് പതിഞ്ഞ വ്യത്യസ്ഥവും പ്രേക്ഷക പ്രീതി നേടുന്നതുമായ ആശയമാണെങ്കിൽ നിങ്ങളുടെ വീഡിയോ യൂട്യൂബിൽ തകർത്തോടുമെന്ന് ഉറപ്പ്.

ഭാവി നോക്കിയാൽ....

ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമെന്ന് പറയുന്നത് യൂട്യൂബാണ്. എന്നാൽ ഇതിന് സമാന്തരമായി ഒരു പ്ലാറ്റ്‌ഫോം കൂടി ഉണ്ടാകും എന്നതിൽ സംശയമില്ല. യൂട്യൂബ് പോലെ പലതും പൊട്ടി മുളച്ചെങ്കിലും ഇത്രയധികം ക്ലച്ചുപിടിച്ച വീഡിയോ പ്ലാറ്റ്‌ഫോം ഇല്ല. പക്ഷേ ദിനം പ്രതി യൂട്ഊബർമാരുടെ എണ്ണം വർധിക്കുകയും വരുമാന വിതരണത്തിന്റെ കാര്യത്തിൽ യൂട്യൂബ് നിയമങ്ങൾ പുതുക്കുയും ചെയ്യുന്ന സാഹചര്യത്തിൽ നന്നായി പണിയറിയുന്ന യൂട്ഊബർമാർക്കേ ഭാവിയിൽ ഫീൽഡിൽ പിടിച്ച് നിൽക്കാൻ സാധിക്കൂ.

അങ്ങനെയൊരു സാധ്യതയിരിക്കേ രണ്ടാമതായി ഒരു വൻകിട വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോം ഉണ്ടായാൽ ആദ്യം ചാനൽ തുടങ്ങി ക്ലച്ച് പിടിക്കുന്നവർക്ക് വളരെ വേഗം തന്നെ സമ്പന്നരുടെ പട്ടികയിൽ ഇടം നേടാനുള്ള സാധ്യത ഏറെയാണ്. ബ്ലോഗിങ്, കണ്ടന്റ് റൈറ്റിങ്, ഓൺലൈൻ ഫോട്ടോ വിൽപന തുടങ്ങി ഓൺലൈൻ വഴി പണം നേടാവുന്ന ഒട്ടേറെ വിദ്യകളുണ്ടെങ്കിലും ഇവയെ മലർത്തിയടിച്ച് യൂട്യൂബ് നേടിയ വിജയം എന്ന് പറയുന്നത് അത്ഭുതാവഹമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP