Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾക്ക് വേഷമെങ്കിലും മാറി വന്ന് വോട്ട് ചെയ്തുകൂടേ? കണ്ണൂരിലെ ബൂത്തിൽ ഒമ്പത് തവണ വോട്ടു ചെയ്ത സ്ത്രീയോട് പോളിങ് ഓഫീസർ ചോദിച്ചപ്പോൾ ഒട്ടും കൂസാതെ പത്താമത്തെ വോട്ടും; തലേദിവസം ബൂത്തിലെത്തുന്ന ഉദ്യോഗസ്ഥർക്ക് വൈകിട്ട് ബിരിയാണി നൽകിയ ശേഷം 'സ് മൂത്തായ' ഭീഷണിയും: 'ഇത് നമ്മുടെ ഏരിയ...പറയുന്ന പോലെ നിന്നില്ലെങ്കിൽ തിരിച്ചുപോക്ക് പ്രയാസമാകും'; കള്ളവോട്ട് ചെയ്യുന്നവർക്ക് സ്‌പെഷ്യൽ ബിരിയാണിയും വീരപരിവേഷവും; കണ്ണൂർ-കാസർകോഡ് ജില്ലകളിലെ കള്ളവോട്ട് സമ്പ്രദായം ഇങ്ങനെ

നിങ്ങൾക്ക് വേഷമെങ്കിലും മാറി വന്ന് വോട്ട് ചെയ്തുകൂടേ? കണ്ണൂരിലെ ബൂത്തിൽ ഒമ്പത് തവണ വോട്ടു ചെയ്ത സ്ത്രീയോട് പോളിങ് ഓഫീസർ ചോദിച്ചപ്പോൾ ഒട്ടും കൂസാതെ പത്താമത്തെ വോട്ടും; തലേദിവസം ബൂത്തിലെത്തുന്ന ഉദ്യോഗസ്ഥർക്ക് വൈകിട്ട് ബിരിയാണി നൽകിയ ശേഷം 'സ് മൂത്തായ' ഭീഷണിയും: 'ഇത് നമ്മുടെ ഏരിയ...പറയുന്ന പോലെ നിന്നില്ലെങ്കിൽ തിരിച്ചുപോക്ക് പ്രയാസമാകും'; കള്ളവോട്ട് ചെയ്യുന്നവർക്ക് സ്‌പെഷ്യൽ ബിരിയാണിയും വീരപരിവേഷവും; കണ്ണൂർ-കാസർകോഡ് ജില്ലകളിലെ കള്ളവോട്ട് സമ്പ്രദായം ഇങ്ങനെ

രഞ്ജിത്ത് ബാബു

 കണ്ണൂർ: പഞ്ചായത്തായാലും, ലോക്‌സഭാ തിരഞ്ഞെടുപ്പായാലും കണ്ണൂർ-കാസർകോഡ് ജില്ലകളിൽ കള്ളവോട്ട് പതിവാക്കിയത് കൈയൂക്കും സംഘടിതശക്തിയും ഭീഷണിയും മാർഗമാക്കി. ഇടതു പാർട്ടികളാണ് ഇതിൽ മുൻപന്തിയിലെങ്കിലും കഴിഞ്ഞ കാലങ്ങളിൽ ചില യുഡിഎഫ് കോട്ടകളിലും ഇത്തരം കള്ളവോട്ടുകൾ അരങ്ങേറിയിരുന്നു. എന്നാൽ പാർട്ടിയുടെ കേഡർ സംവിധാനത്തിന്റെ ബലത്തിൽ ഇടതു പക്ഷമാണ് ഇത് കൈകാര്യം ചെയ്യുന്നതിൽ പലപ്പോഴും ജയിച്ചുകയറുന്നത്

സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും സമാന രീതിയിൽ പിടിച്ചെടുത്ത നിരവധി സംഭവങ്ങൾ ഈ മേഖലയിലുണ്ട്. എന്നാൽ അതിനും എത്രയോ മുമ്പ് തന്നെ പഞ്ചായത്ത്തലം മുതൽ ലോക്‌സഭാ സ്ഥാനത്തേക്ക് വരെയുള്ള വോട്ടെടുപ്പുകളിൽ കള്ള വോട്ട് രേഖപ്പെടുത്തൽ ഇവിടെ പതിവാണ്. പാർട്ടി ഗ്രാമങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് ഇത്തരം പ്രവണത നിലനിന്നു പോന്നത്.

ബിരിയാണിക്കൊപ്പം ഭീഷണിയും

മുൻകാലങ്ങളിൽ കൈവിരലിലെ വോട്ട് രേഖപ്പെടുത്തിയ മഷി മായ്ച്ച് മറ്റൊരാളുടെ വോട്ട് ചെയ്യുന്ന പതിവുണ്ടായിരുന്നു. അതിനായി തലേ ദിവസം തന്നെ മഷി മായിക്കുന്ന രാസവസ്തുക്കൾ ബൂത്ത് തലങ്ങളിൽ എത്തിക്കും. അപരന്റെ വോട്ട് കൂടി ചെയ്യുന്നവർക്ക് രഹസ്യ കേന്ദ്രങ്ങളിൽ ഈ രാസവസ്തുക്കൾ സജ്ജീകരിച്ചു വെക്കും. ഇങ്ങിനെ കണ്ണൂരിലെ ഒരു ബൂത്തിൽ 9 തവണ വരെ വോട്ട് ചെയ്ത ഒരു സ്ത്രീയോട് പോളിങ് ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങിനെ. 'നിങ്ങൾക്ക് വേഷമെങ്കിലും മാറി വന്ന് വോട്ട് ചെയ്തു കൂടെ'. അതൊന്നും കൂസാതെ തന്നെ അവർ വീണ്ടും വോട്ട് ചെയ്തു.

പോളിങ് ഉദ്യോഗസ്ഥരെ നേരത്തെ തന്നെ വരുതിയിലാക്കിയാണ് കള്ള വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കുന്നത്. തലേ ദിവസം ബൂത്തുകളിലെത്തുന്ന ഉദ്യോഗസ്ഥർക്ക് വൈകിട്ട് ബിരിയാണി തന്നെ നൽകും. അതിനിടയിൽ ഇത് തങ്ങളുടെ ആധിപത്യ പ്രദേശമാണെന്ന് പറയുകയും അതനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ തിരിച്ച് പോക്ക് എളുപ്പമല്ലെന്നും അറിയിക്കും. ഇതോടെ ഭയപ്പെടുന്ന ഉദ്യോഗസ്ഥർ പോളിങ് ബൂത്തിലെത്തിയാൽ ഭൂരിപക്ഷ പാർട്ടിക്കാർ പറയുന്നത് അനുസരിക്കേണ്ടി വരും. ഇതാണ് കള്ള വോട്ടിനുള്ള പ്രധാന കാരണം.

മുതലെടുക്കുന്നത് വോട്ടർമാരുടെ നിസ്സംഗത

1970-77 കാലഘട്ടങ്ങളിൽ അവിഭക്ത കണ്ണൂർ ജില്ലയിൽ ഭീഷണിപ്പെടുത്തി എതിരാളികളെ വോട്ടു ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ശീലമായിരുന്നു തുടക്കം. അതെല്ലാം തരണം ചെയ്ത് ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയാൽ ഇറക്കി വിടുന്ന സംഭവങ്ങളും അക്കാലത്ത് അരങ്ങേറിയിരുന്നു. 78 മുതലാണ് വോട്ട് ചെയ്ത വിരലിലെ മഷി മായ്ച്ച് കള്ള വോട്ട് ചെയ്യുന്നത് വ്യാപകമായത്. ഒരു ബൂത്തിൽ അഞ്ച് മുതൽ 50 വോട്ടു വരെ ഇങ്ങിനെ ചെയ്യപ്പെടുന്നു. ഇരട്ട വോട്ടുള്ളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചു പോയവർ എന്നിവരുടെ വോട്ടുകളാണ് ഇങ്ങിനെ ചെയ്യപ്പെടുന്നത്. പോളിങ് ഉദ്യോഗസ്ഥർ ഇത്തരം നടപടിക്ക് അറിഞ്ഞു കൊണ്ടും ഭയത്താലും കൂട്ടു നിൽക്കുന്നു എന്നതും വസ്തുതയാണ്.

ഇതിന് വിധേയരാവാത്ത പോളിങ് ഉദ്യോഗസ്ഥർ അക്രമിക്കപ്പെട്ട സംഭവവും അക്കാലത്ത് ഉണ്ടായിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതു മുതൽ രാഷ്ട്രീയ പാർട്ടികൾ പരസ്പരം മത്സരിക്കുന്നു. നാട്ടിൽ ജീവിക്കുന്ന ഒരു വോട്ടർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേരുൾപ്പെടുത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾ കനിയണം. അല്ലാത്ത പക്ഷം തനിക്ക് വോട്ടുറപ്പിക്കാൻ താലൂക്കാഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ചെന്ന് പരിശോധിക്കണം. ഇതിനൊന്നും സാധാരണക്കാർ അവധിയെടുത്ത് പരിശോധിക്കാൻ പോകാറില്ല. തനിക്ക് അനുഭാവമുള്ള രാഷ്ട്രീയ പാർട്ടികൾ അത് ചെയ്തുകൊള്ളുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ. പാർട്ടിയുമായി നേരിയ അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അയാളുടെ വോട്ട് തള്ളാൻ അതേ പാർട്ടിയുണ്ടാകും.

കള്ളവോട്ട് ചെയ്യുന്നവർക്ക് വീരപരിവേഷം

ലോക്‌സഭയിലായാലും നിയമസഭയിലായാലും ഒരു സ്ഥാനാർത്ഥിക്ക് പോളിങ് ബൂത്തിൽ വോട്ടർമാരെ നിരീക്ഷിക്കാൻ ഒരു ഏജന്റിനെയാണ് അനുവദിക്കാറ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതനുവദിച്ചിട്ടുമുണ്ട്. എന്നാൽ കമ്മീഷനെ മറികടക്കാൻ മുന്നണികൾ ചെയ്യുന്നത് ഇങ്ങിനെ. ഒരു പാർട്ടിയുടെ രണ്ടും മൂന്നും പ്രതിനിധികൾ ബൂത്തിൽ ഇരിക്കുന്നു. ഇതിന്റെ പിന്നിലും അഴിമതിയുടെ കറയുണ്ട്. പാർട്ടികൾ എതിർ സ്ഥാനാർത്ഥിയുടെ വോട്ട് ചോർത്താൻ വേണ്ടി മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥികളുടെ പേരിൽ സ്വന്തം പാർട്ടിയുടെ ബൂത്ത് ഏജന്റുമാർ ബൂത്തിനകത്തെത്തും. അതോടെ ഒരു പാർട്ടിക്ക് മാത്രം മൂന്നും നാലും പ്രതിനിധികൾ ബൂത്തിലിരിക്കപ്പെടും.

മറ്റൊരു പാർട്ടിയുടെ ബൂത്തിലെ അംഗസംഖ്യ ഇവരോടൊപ്പം എത്തിയില്ലെങ്കിൽ കള്ള വോട്ട് ചെയ്യുന്നത് എളുപ്പമാകും. കള്ള വോട്ട് ചെയ്യാനെത്തുന്നവരെ ബൂത്ത് ഏജന്റുമാരിൽ അംഗസംഖ്യ കുറഞ്ഞവർ തടസ്സം പറഞ്ഞാൽ കൂടുതൽ ബൂത്ത് ഏജന്റുമാരുള്ള കക്ഷികൾ ചെറുത്തു നിൽക്കും. അങ്ങിനേയും കള്ള വോട്ട് ചെയ്യപ്പെടും. ബൂത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ തന്നെ വരുതിയിലാക്കിയാൽ പിന്നെ ഒന്നിനും തടസ്സമില്ല. ഇങ്ങിനെ നിരവധി കള്ള വോട്ടുകൾ ചെയ്യപ്പെടുന്നു. ഇതിന് പ്രത്യേകം പരിശീലിപ്പിച്ച ധൈര്യശാലികളെയാണ് പാർട്ടികൾ നിയോഗിക്കുക. അവർ വീര പുരുഷന്മാരാണ് പാർട്ടി അണികളിൽ.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ വ്യാപകമായി കള്ള വോട്ട് ചെയ്യപ്പെട്ടതായാണ് ആരോപണം. അക്കാലത്ത് ബി.എൽ. ഒ മാർ നൽകുന്ന സ്ലീപ്പ് മാത്രമേ വോട്ട് ചെയ്യാൻ വേണ്ടതുള്ളൂ. നാട്ടിലില്ലാത്തവരുടെ സ്ലിപ്പ് ഉപയോഗിച്ച് നിരവധി പേർ അന്ന് വോട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മുന്നണി വ്യത്യാസം ഇല്ല. ഏറ്റക്കുറച്ചിലുണ്ടാകാം. എന്നാൽ കള്ളവോട്ട് ചെയ്തവരെല്ലാം എൽ.ഡി.എഫ് കാരാണെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. അന്ന് കെ. സുധാകരനെതിരെ മത്സരിച്ച് പി.കെ ശ്രീമതിക്ക് 12,000 ലേറെ കള്ള വോട്ട് ലഭിച്ചെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

164 ബൂത്തുകളിൽ കള്ള വോട്ട് നടന്നുവെന്നാണ് യു.ഡി.എഫ് വെളിപ്പെടുത്തിയത്. ഈ സംഭവത്തോടെ സംസ്ഥാനത്ത് ആദ്യമായി കള്ള വോട്ട് കേസിൽ 11 പോളിങ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ഇത് ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് കള്ള വോട്ട് ആരോപണം എൽ.ഡി.എഫിനെതിരെ ഉയർത്തിയത്. എന്നാൽ പേരാവൂർ, ഇരിക്കൂർ, കണ്ണൂർ മണ്ഡലങ്ങളിലെ ചില കേന്ദ്രങ്ങളിൽ യു.ഡി.എഫും അക്കാലത്ത് കള്ള വോട്ട് ചെയ്തതായി ആരോപണമുണ്ട്.

ഓപ്പൺ വോട്ടിന്റെ പേരിൽ തട്ടിപ്പ്

ഓപ്പൺ വോട്ടും ആൾമാറാട്ടവും ഇപ്പോഴും തകൃതിയായി നടക്കുന്നു. മരിച്ചവരും ഗൾഫിലുള്ളവരും ഇങ്ങിനെ ജനാധിപത്യ സംവിധാനത്തിന്റെ വിധി കർത്താക്കളാകുന്നു. ഭൂരിപക്ഷ മേഖലയിൽ സംഘടനാ സംവിധാനം ശക്തമായ പാർട്ടി അവരുടെ ബൂത്തുകളിൽ യഥേഷ്ടം വോട്ട് രേഖപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ എല്ലാം യാന്ത്രികമായി അനുസരിക്കുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌ക്കൂളിലെ ബൂത്തിൽ ഒരാൾ കള്ള വോട്ട് ചെയ്തു.

എതിർ പാർട്ടിക്കാർ വിഷയം ഉന്നയിച്ചപ്പോഴേക്കും അയാൾ പുറത്തേക്ക് കടന്നു. പൊലീസ് പിടിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസർ രേഖാ മൂലം പരാതി നൽകിയിരുന്നില്ല. അത്തരം സംഭവങ്ങളും വ്യാപകമായി നടക്കുന്നു. ഓപ്പൺ വോട്ട് ചെയ്യാൻ ഇപ്പോൾ മുന്നണികൾ സജീവമാണ്. വോട്ടർ ഏത് രാഷ്ട്രീയ പാർട്ടി അനുഭാവിയായാലും കൊണ്ടു പോകുന്നവന്റെ ആശയമനുസരിച്ചായിരിക്കും വോട്ട് രേഖപ്പെടുത്തുക. ഓപ്പൺ വോട്ട് ചെയ്യാൻ ഭാര്യാ സമേതമോ മക്കൾക്കൊപ്പമോ വന്നാൽ രാഷ്ട്രീക്കാർ വോട്ടറെ കയ്യിലെടുക്കാൻ ചില തന്ത്രങ്ങൾ പയറ്റും. ഓപ്പൺ വോട്ടർക്ക് വേണ്ടി വോട്ട് ചെയ്യുന്നത് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരാകും. വോട്ടറുടെ ഇംഗിതം പ്രിസൈഡിങ് ഓഫീസർ പോലും ശ്രദ്ധിക്കാറില്ലെന്നതാണ് വസ്തുത.

സ്ഥാനാർത്ഥിയുടെ പോളിങ് ഏജന്റമാർക്ക് വോട്ടെടുപ്പ് സമയത്ത് ഓരോ ബൂത്തിലും ഇരിക്കാൻ അനുവാദമുണ്ട്. എന്നാൽ എതിർ പാർട്ടിക്കാർ കള്ള വോട്ട് ചെയ്യാൻ വന്നാൽ മിണ്ടാതിരുന്നു കൊള്ളണം. എതിർത്താൽ സംഘടനാ ശക്തി ഉപയോഗിച്ച് ബൂത്തിൽ നിന്നും പുറത്ത് ചാടിക്കും. പിലാത്തറ യു.പി. സ്‌ക്കൂളിലെ മൂന്ന് ബൂത്തുകളിൽ യു.ഡി.എഫിന്റെ ഏജന്റുമാരെ ഇരിക്കാൻ അനുവദിച്ചില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇത്തവണ ബി.എൽ. ഒ നൽകുന്ന സ്ലിപ്പിനു പുറമേ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ളൂ. അതിന് വിരുദ്ധമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചില സംഭവങ്ങൾ അരങ്ങേറുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP