Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദൃശ്യങ്ങളുടെ പ്രാഥമികപരിശോധനയിൽ യഥാർഥ വോട്ടർ ബൂത്തിലെത്തിയതായി കാണാനില്ലെന്ന് കണ്ടെത്തൽ; പിലാത്തറയിലേത് കള്ളവോട്ട് തന്നെന്ന് ആദ്യ വിലയിരുത്തൽ; എത്രപേർ കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തും; ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചോ എന്നും പരിശോധിക്കും; ബൂത്തിനകത്ത് ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എത്തി വോട്ടർമാരെ സ്വാധീനിച്ചോ എന്നും സംശയം; പിലാത്തറയിൽ ടിക്കാറാം മീണയുടെ മനസ്സിലുള്ളത് കടുത്ത നടപടി; കള്ളവോട്ട് ചെയ്തവർ കുടുങ്ങുമെന്ന് ഉറപ്പ്

ദൃശ്യങ്ങളുടെ പ്രാഥമികപരിശോധനയിൽ യഥാർഥ വോട്ടർ ബൂത്തിലെത്തിയതായി കാണാനില്ലെന്ന് കണ്ടെത്തൽ; പിലാത്തറയിലേത് കള്ളവോട്ട് തന്നെന്ന് ആദ്യ വിലയിരുത്തൽ; എത്രപേർ കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തും; ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചോ എന്നും പരിശോധിക്കും; ബൂത്തിനകത്ത് ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എത്തി വോട്ടർമാരെ സ്വാധീനിച്ചോ എന്നും സംശയം; പിലാത്തറയിൽ ടിക്കാറാം മീണയുടെ മനസ്സിലുള്ളത് കടുത്ത നടപടി; കള്ളവോട്ട് ചെയ്തവർ കുടുങ്ങുമെന്ന് ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്‌കൂളിൽ കള്ളവോട്ട് നടന്നതായി കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്. വീഡിയോ ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കള്ളവോട്ട് നടന്നുവെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് ജില്ലാകളക്ടർമാരും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് ആദ്യ വിശദീകരണം നൽകി. അന്തിമറിപ്പോർട്ട് ലഭിച്ച ശേഷം കേന്ദ്രകമ്മിഷന്റെ അനുമതിയോടെയാകും തുടർനടപടികൾ എടുക്കും.

ഓപ്പൺവോട്ട് സമ്പ്രദായം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു. ശാരീരിക വൈകല്യവും മറ്റും നിമിത്തം മറ്റൊരാളെ വോട്ടുചെയ്യാൻ ചുമതലപ്പെടുത്തുന്നത് കമ്പാനിയൻ വോട്ടിങ്ങാണ്. ഇതാണ് രാഷ്ട്രീയപ്പാർട്ടികൾ ഓപ്പൺ വോട്ടെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നത്. കമ്പാനിയൻ വോട്ടും പ്രോക്‌സി വോട്ടും ഓപ്പൺ (പരസ്യ) വോട്ടല്ല, രഹസ്യ വോട്ടാണ്. കമ്പാനിയൻ വോട്ടുചെയ്യുന്നവരുടെ വിവരങ്ങൾ പ്രിസൈഡിങ് ഓഫീസർ തയ്യാറാക്കിവെക്കേണ്ടതുമുണ്ട്. ഇതൊന്നും പിലാത്തറയിൽ നടന്നിട്ടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ കള്ളവോട്ട് എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്.

അതിനിടെ ആരോപണങ്ങൾക്ക് അവസരം ഉണ്ടാകാത്തവിധം വിശദാന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ കണ്ണൂർ, കാസർകോട് ജില്ലാകളക്ടർമാർക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകി. എത്രപേർ കള്ളവോട്ട് ചെയ്തു, അവരാരൊക്കെ, ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ, ബൂത്തിനകത്ത് ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എത്തി വോട്ടർമാരെ സ്വാധീനിച്ചോ, കള്ളവോട്ടിന് അവരുടെ പിന്തുണ ലഭിച്ചോ തുടങ്ങിയ വിഷയങ്ങളാണ് പരിശോധിക്കേണ്ടത്. ഈ റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കും. കള്ള വോട്ട് ചെയ്തവർക്കെതിരെ നടപടിയും ഉണ്ടാകും. പോളിങ് ഓഫിസർക്കെതിരേയും കേസ് വരും.

ദൃശ്യങ്ങളുടെ പ്രാഥമികപരിശോധനയിൽ യഥാർഥ വോട്ടർ ബൂത്തിലെത്തിയതായി കാണാനില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളിലെയും പ്രശ്‌നസാധ്യതയുള്ള ബൂത്തുകളിലെയും നടപടികൾ വെബ്ക്യാമറ വഴിയും സി.സി.ടി.വി. വഴിയും റെക്കോഡ് ചെയ്യാൻ കെൽട്രോണിനെയാണ് ഏല്പിച്ചിരുന്നത്. കൂടുതൽ പരാതികൾ ലഭിച്ചാൽ ആവശ്യമായ ദൃശ്യങ്ങൾ പരിശോധിക്കും. അതിന് ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഏതായാലും കളക്ടറുടെ പ്രാഥമിക വിലയിരുത്തൽ സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്. സിപിഎമ്മിന്റെ ജനപ്രതിനിധികൾ കേസിൽ പ്രതിയാകുന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ കുറ്റം തെളിഞ്ഞാൽ ഉത്തരവാദിത്തത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.

വിഷയത്തിൽ കാസർകോട്, കണ്ണൂർ കലക്ടർമാരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വരണാധികാരികളായ ജില്ലാ കലക്ടർമാരിൽനിന്ന് റിപോർട്ട് ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നാണ് കാസർകോട് ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ വാദം. കാസർകോട് മണ്ഡലത്തിൽപെട്ട കണ്ണൂർ ചെറുതാഴം ഗ്രാമപ്പഞ്ചായത്തിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പർ ബൂത്ത്, കാസർകോട് കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂളിയാട് ഗവ. ഹൈസ്‌കൂളിലെ 48ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിൽ കള്ളവോട്ട് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ച അറിയിച്ച കോൺഗ്രസ് സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ, കള്ളവോട്ടല്ലെന്നും ഓപൺവോട്ടാണ് ചെയ്തതെന്നുമുള്ള വാദത്തിലാണ് സിപിഎം.

കള്ളവോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തെത്തുകയും ചെയ്തു. ജില്ലയിൽ കള്ളവോട്ട് തടയുന്നതിലും നിർഭയമായി വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്നതിലും കമ്മീഷന് വീഴ്ച സംഭവിച്ചു എന്നാണ് ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ ആരോപണം. വടക്കൻ മലബാറിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന ആരോപണം ശക്തമാവുന്നതിനിടെയാണ് കണ്ണൂർ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളിൽ വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നാണ് മുഖ്യ ആരോപണം. തെരഞ്ഞെടുപ്പ് ജോലികൾക്ക് എൻജിഒ യൂണിയനിൽ പെട്ട ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചു. ബൂത്ത് പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അത് ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്. പോളിങ് ഏജന്റുമാർ കള്ളവോട്ടിനെ എതിർക്കാഞ്ഞതെന്തുകൊണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ചോദിക്കുന്നത് കണ്ണൂരിനെ കുറിച്ച് അറിയാത്തതുകൊണ്ടാണെന്ന് സതീശൻ പാച്ചേനി പറയുന്നു.

കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ കള്ളവോട്ട് നടക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസാണ് പുറത്തുവിട്ടിത്. ആളുമാറി വോട്ടു ചെയ്യുന്നതും ഒരാൾ തന്നെ രണ്ടു വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. സിപിഎം സ്ഥാനാർത്ഥിയായി വിജയിച്ച പഞ്ചായത്ത് വനിതാ അംഗവും മുൻ അംഗവും കള്ളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റുപാർട്ടിക്കാരുടെ ഏജന്റന്മാരെ ശബ്ദിക്കാൻ അനുവദിക്കില്ല. ഉദ്യോഗസ്ഥർ ഒന്നുകിൽ സഖാക്കൾ അല്ലെങ്കിൽ വരുതിയിൽ നിൽക്കുന്നവർ. കണ്ണൂർ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തിലെ 774-ാം വോട്ടറായ പത്മിനി രണ്ടു തവണ വോട്ടു ചെയ്തുവെന്നാണ് ആരോപണം.

ആദ്യം വോട്ടു ചെയ്ത ശേഷം വിരലിൽ പുരട്ടിയ മഷി ഉടൻ തലയിൽ തുടച്ചു മായ്ക്കാൻ ശ്രമിക്കുന്നതും ഈ സമയം പോളിങ് ബൂത്തിന്റെ വാതിൽ അടഞ്ഞു കിടക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. 17-ാം ബൂത്തിൽ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16-ാം വാർഡംഗം എംപി. സലീന 19-ാം ബൂത്തിൽ വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. തൃക്കരിപ്പൂർ 48-ാം ബൂത്തിലും പയ്യന്നൂർ 136-ാം ബൂത്തിലും സമാനസംഭവങ്ങൾ അരങ്ങേറിയതിന്റെ തെളിവുകളും പുറത്തുവന്നു. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പർ ബൂത്തിലെ വോട്ടർ 19-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ ബൂത്തുകളിൽ കയറിനിന്നതായി ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP