Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കർദിനാളിന്റെ പേരിൽ രഹസ്യ ബാങ്ക് അക്കൗണ്ടില്ല'; മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഹാജരാക്കിയ ബാങ്ക് അക്കൗണ്ട് രേഖകൾ വ്യാജമെന്ന് വ്യക്തമാക്കി പൊലീസ്; സഭയുടെ പ്രാദേശിക അധികാരത്തർക്കവും ഭൂമി വിവാദവും സംബന്ധിച്ചുള്ള വിഷയങ്ങളിൽ മാർ ആലഞ്ചേരിയോട് ഫാ.പോൾ തേലക്കാട്ടിലിന് ശത്രുതയുണ്ടെന്നും സഭാ വിശ്വാസിയുടെ മൊഴി; മാരിയറ്റ് ഹോട്ടൽ മെമ്പർഷിപ്പിന് വേണ്ടി യോഗം ചേർന്നുവെന്നത് വ്യാജമെന്നും വെളിപ്പെടുത്തൽ

'കർദിനാളിന്റെ പേരിൽ രഹസ്യ ബാങ്ക് അക്കൗണ്ടില്ല'; മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഹാജരാക്കിയ ബാങ്ക് അക്കൗണ്ട് രേഖകൾ വ്യാജമെന്ന് വ്യക്തമാക്കി പൊലീസ്; സഭയുടെ പ്രാദേശിക അധികാരത്തർക്കവും ഭൂമി വിവാദവും സംബന്ധിച്ചുള്ള വിഷയങ്ങളിൽ മാർ ആലഞ്ചേരിയോട് ഫാ.പോൾ തേലക്കാട്ടിലിന് ശത്രുതയുണ്ടെന്നും സഭാ വിശ്വാസിയുടെ മൊഴി; മാരിയറ്റ് ഹോട്ടൽ മെമ്പർഷിപ്പിന് വേണ്ടി യോഗം ചേർന്നുവെന്നത് വ്യാജമെന്നും വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ നടപടികൾ നേരിടുന്ന അവസരത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഐഎസിഐസിഐ ബാങ്കിൽ അക്കൗണ്ടുണ്ടായിരുന്നനെന്നും കൊച്ചി മാരിയറ്റ് ഹോട്ടലിൽ ക്ലബ് മെമ്പർഷിപ്പിന് വേണ്ടി യോഗം ചേർന്നുവെന്ന ആരോപണവും ഉയർന്നത്. എന്നാൽ ഇത്തരത്തിൽ ഒരു ബാങ്ക് അക്കൗണ്ട് മാർ ജോർജ് ആലഞ്ചേരിക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൊലീസ്.

സഭാ ഭൂമിയിടപാട് കേസിൽ ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരിക്കുന്ന വേളയിലാണ് ആലഞ്ചേരിക്കെതിരെയുള്ള രേഖകൾ വ്യാജമായി നിർമ്മിച്ചതാണെന്ന വിവരവും പുറത്ത് വരുന്നത്. ഫാ. പോൾ തേലക്കാട്ട് ആണ് സിനഡിൽ ആലഞ്ചേരിക്കെതിരെ രേഖകൾ ഹാജരാക്കിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സിനഡിന്റെ നിർദ്ദേശപ്രകാരം പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ അന്വേഷണത്തിലാണ് രേഖകൾ വ്യാജമാണെന്ന് വ്യക്തമായത്.

ഇതോടൊപ്പം തന്നെയാണ് സഭാ വിശ്വാസിയും ഇന്ത്യൻ കാത്തലിക്ക് ഫോറത്തിന്റെ പ്രസിഡന്റുമായ ബിനു ചാക്കോ പൊലീസിന് മൊഴി നൽകിയത്. സഭയുടെ പ്രാദേശികമായ അധികാരവും സഭാ ഭൂമി ഇചപാട് സംബന്ധിച്ചും മാർ ആലഞ്ചേരിയോട് ഫാ. പോൾ തേലക്കാടിന് ശത്രുതയുണ്ടെന്നും ആലഞ്ചേരി പിതാവും ലത്തീൻ സഭയിലെ മെത്രാന്മാരും മാരിയറ്റ് ഹോട്ടൽ ക്ലബിൽ അംഗത്വം നേടുന്നതിന് വേണ്ടി യോഗം ചേർന്നു എന്നുള്ളത് വ്യാജമായി സൃഷ്ടിച്ച ഒന്നാണെന്നും ബിനു മൊഴിയിൽ വ്യക്തമാക്കുന്നു.

സിനഡ് അംഗമായ മാർ ജേക്കബ് മനത്തോടത്തിനെ തെറ്റിധരിപ്പിച്ചാണ് സിനഡിൽ ഇക്കാര്യം അവതരിപ്പിച്ചതെന്നും സഭയിലെ ഒരു മുതിർന്ന വൈദികനും അഞ്ച് യുവ വൈദികരും ചേർന്നാണ് വ്യാജരേഖകൾ നിർമ്മിച്ചതായി തനിക്ക് അറിവുള്ളതെന്നും ബിനു മൊഴിയിൽ പറയുന്നു. ആലഞ്ചേരി പിതാവിനെ തേജോവധം ചെയ്ത് രാജിവയ്‌പ്പിക്കാൻ വേണ്ടിയാണ് ഫാ.പോൾ തേലക്കാടും സംഘവും ഇത്തരത്തിൽ വ്യാജ രേഖ സൃഷ്ടിച്ചതെന്നും ഇതിന് പിന്നിൽ സഭയിലെ ചില യുവ വൈദികരുണ്ടന്നും ബിനു വ്യക്തമാക്കി.

ആലുവ ഡിവൈഎസ്‌പിയാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തിരുന്നു. തുടർന്നാണ് ബാങ്ക് അക്കൗണ്ടുകൾ വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. കർദിനാളിന്റെ പേരിൽ പരാതിയിൽ പറയുന്ന ബാങ്ക് അക്കൗണ്ട് ഇല്ല എന്നും വ്യക്തമായിട്ടുണ്ട്.

ഭൂമിയിടപാട് കേസ് : പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി

സീറോ മലബാർ ഭൂമിയിടപാട് കേസിൽ പ്രഥമ ദൃഷ്യാകേസുണ്ടെന്ന് കോടതി നിരീക്ഷിച്ചു കഴിഞ്ഞു. ക്രിമിനൽ വിശ്വാസവഞ്ചന, ക്രമക്കേട്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്. കർദിനാളിനുപുറമേ, മുൻ പ്രൊക്യൂറേറ്റർ ഫാ. ജോഷി പുതുവ, ഇടനിലക്കാരനായ സാജു വർഗീസ് എന്നിവരുടെ പേരിൽ കേസെടുക്കാമെന്നാണ് കോടതി നിർദ്ദേശം.അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി (കൂരിയ). ഇത് വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നിരുന്നു.

മാർ ആലഞ്ചേരിക്കെതിരെ വൈദികരെ ഇളക്കി വിടുന്നത് സഹായമെത്രാൻ മാർ എടയന്ത്രത്ത് ആണെന്ന് വിമർശനം ഉണ്ടായിരുന്നു. എന്നാൽ കോടതി കേസെടുക്കാൻ തീരുമാനിച്ചതോടെ കർദിനാളും മറ്റ് വൈദികരും കുടുങ്ങുകയാണ്. കേസിൽ മേൽകോടതിയിൽ അപ്പീൽ നൽകാൻ സാധ്യതയുണ്ട്. 2016 ജൂൺ 15 ന് അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന ഭരണസമിതിയാണ് സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ള ഭൂമി അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത്. ഈ യോഗത്തിൽ ആലഞ്ചേരി പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമായിരുന്നു.

അതിനിടെ സിറോ മലബാർ സഭ ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ ഇന്നലെ കോടികളുടെ പിഴ ചുമത്തിയിരുന്നു. മൂന്ന് കോടി രൂപയാണ് എറണാകുളം - അങ്കമാലി അതിരൂപത പിഴയൊടുകേണ്ടത്. ആദ്യഘട്ടമായി 51 ലക്ഷം രൂപ ഇന്നലെ സഭ നേതൃത്വം ആദായ നികുതി വകുപ്പിൽ അടച്ചു. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാർക്കും പിഴ ചുമത്തിയിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാൻ തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തുള്ള 60 സെന്റ് ഭൂമി ഇടനിലക്കാർ വഴി വിറ്റതിൽ കോടികളുടെ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയാണ് മൂന്ന് കോടി രൂപ പിഴ ചുമത്തിയത്.

60 സെന്റ് ഭൂമി വിറ്റത് 3 കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തിൽ കാണിച്ചത്. എന്നാൽ ഇടനിലക്കാരനായ സാജു വർഗീസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമി വിൽപ്പന നടത്തിയത് 10 കോടി രൂപയ്ക്കാണെന്ന് തെളിയിക്കുന്ന രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇടനിലക്കാരനൊപ്പം രേഖകളിൽ ഒപ്പിട്ടത് എറണാകുളം- അങ്കമാലി അതിരൂപതയുടെ സഭയുടെ സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവയാണെന്നും രേഖകളിലുണ്ട്. കേസിൽ സാജു വർഗീസ് അടക്കമുള്ളവരെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടന്നാണ് സഭയ്ക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകിയത്.

ആദ്യ ഘട്ട പിഴ സഭ സാമ്പത്തിക ചുമതല വഹിക്കുന്ന ഫാദർ സെബാസ്റ്റ്യൻ മാണിക്കത്താൻ ഇന്നലെ ആദായ നികുതി വകുപ്പിൽ അടച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കർദിനാളിനെതിരെ കേസും വരുന്നത്. ഭൂമി ഇടപാടിനെക്കുറിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ലെന്നുകാണിച്ച് ചേർത്തല സ്വദേശി ഷൈൻ വർഗീസ് സമർപ്പിച്ച ഹർജിയാണ് കർദിനാളിനെ കേസിൽ പ്രതിയാക്കുന്നത്. ഭൂമിവിൽപ്പന 27 കോടി രൂപയുടേതാണെന്നാണ് പറയുന്നത്. എന്നാൽ, അതിരൂപതയുടെ അക്കൗണ്ടിൽ ഒമ്പതുകോടിയേ എത്തിയിട്ടുള്ളൂ എന്നാണ് ആക്ഷേപം. തുക മുഴുവൻ നൽകിയെന്നാണ് ഇടനിലക്കാരനായ സാജുവർഗീസിന്റെ നിലപാട്.

ഈ പൊരുത്തകേടുകളാണ് കേസിന് ആധാരം. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ തട്ടിപ്പു നടത്തിയെന്ന കുരുക്കാണ് കർദിനാളിനെ കേസിൽ പ്രതിയാക്കുന്നത്. ഇത് സീറോ മലബാർ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാകും. വൈദികർക്കെതിരേ ഒറ്റപ്പെട്ട പരാതികൾ പലകാലത്തും ഉണ്ടായിട്ടുണ്ട്. വത്തിക്കാനിലും മറ്റും കർദിനാൾമാർക്കെതിരേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, കേരളത്തിലെ കത്തോലിക്കാ സഭയിൽ ഒരു സഭാപിതാവിന്റെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമാവും. ഒരു സ്ഥലമിടപാടിൽ പാലിക്കേണ്ട മിനിമം യുക്തിപോലും ഉണ്ടാകാഞ്ഞതാണ് ഇത്തരമൊരു വലിയ പ്രതിസന്ധിയിലേക്ക് അതിരൂപതയെ നയിച്ചത്.

മെഡിക്കൽ കോളേജ് തുടങ്ങാൻ അങ്കമാലിക്ക് സമീപം മറ്റൂരിൽ സ്ഥലം വാങ്ങിയതാണ് തുടക്കം. പാരിസ്ഥിതിക പ്രശ്നങ്ങളുള്ള ഈ സ്ഥലത്തിൽ പുറമ്പോക്കും ഉൾപ്പെടുന്നു. ഈ സ്ഥലം വാങ്ങിയതിന്റെ കടംവീട്ടാനാണ് മറ്റ് ഏതാനും സ്ഥലങ്ങൾ വിൽക്കാൻ തീരുമാനിച്ചത്. ഒരു ചെറിയ പത്രപ്പരസ്യത്തിൽ തീരുമായിരുന്ന കാര്യമാണ് അതിനിഗൂഢമായ ഇടപാടുകളിലേക്ക് നയിച്ചത്. കേരളത്തിൽ ഭൂമിക്ക് മോഹവിലയുള്ള പ്രദേശങ്ങളിലെ സ്ഥലമാണ് അവിശ്വസനീയമാംവിധം കുറഞ്ഞ വിലയ്ക്ക് വിറ്റത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP